Friday, 9 October 2026

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

നവരാത്രി
ഒൻപത് പുണ്യ രാത്രികൾ — ഒൻപത് ദേവീ സ്വരൂപങ്ങൾ 
അമ്മയുടെ അനുഗ്രഹത്തിനായി നമ്മൾ കാത്തിരുന്ന ആ ഒൻപത് പുണ്യ രാത്രികൾ വരവായി! 

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?
നവമീ തിഥി പര്യന്തം
തപഃ പൂജാ, ജപാദികം
ഏകാഹാരം വ്രതീ കുര്യാത്‌,
സത്യാദി നിയമൈര്‍യുതഃ

കേരളത്തില്‍ കന്നി മാസത്തിലെ  വെളുത്ത പക്ഷ പ്രഥമ ദിവസം  മുതല്‍ ഒമ്പത് ദിവസങ്ങളിലാ യിട്ടാണ് നവരാത്രി വ്രതം അനുഷ്ടിക്കുന്നത്. ഉത്തര ഭാരതത്തില്‍ മേടമാസ  പ്രഥമ മുതല്‍ ശ്രീരാമനവമി വരെയുള്ള നവരാത്രിയും പ്രധാനമാണ്. നവരാത്രിയില്‍  ദുര്‍ഗാ പൂജയും കന്യാപൂജയും (കുമാരീ പൂജ) നടത്തുന്നു. രണ്ടു മുതല്‍ പത്തു വയസ്സ് വരെയുള്ള ബാലികമാരെ ദിവസക്രമത്തില്‍ ദേവിയായി സങ്കല്‍പ്പിച്ച് പൂജിക്കുന്നു. രണ്ടു വയസ്സുള്ള കന്യയെ ആദ്യ ദിനം കുമാരി എന്ന സങ്കല്‍പ്പത്തില്‍ പൂജിക്കുന്നു. തുടര്‍ന്ന് ത്രിമൂര്‍ത്തി, കല്യാണി, രോഹിണി, കാളിക, ചണ്ടിക, ശാംഭവി, ദുര്‍ഗ, സുഭദ്ര എന്ന ക്രമത്തില്‍ മൂപ്പുമുറ അനുസരിച്ച് ബാലികമാരെ ദേവിയായി സങ്കല്‍പ്പിച്ച് ആരാധിക്കണം.

നവരാത്രിയില്‍ അമാവാസി മുതല്‍ വ്രതം ആരംഭിക്കണം. വ്രത ദിവസങ്ങളില്‍ ബ്രാഹ്മ മുഹൂര്‍ത്ത ത്തില്‍ ഉറക്കമുണര്‍ന്നു കുളിച്ച് ശുദ്ധ ശുഭ്ര വസ്ത്രം ധരിച്ച് ദേവീക്ഷേത്ര ദര്‍ശനനം നടത്തുകയോ ദേവീ കീര്‍ത്തനങ്ങള്‍ പാരായണം ചെയ്യുകയോ ചെയ്ത ശേഷം മാത്രമേ ജലപാനം പാടുള്ളൂ. വ്രതാനുഷ്ഠാന വേളയില്‍ അരിയാഹാരം ഒരു നേരം മാത്രമാക്കി ചുരുക്കണം. ഒരുനേരം പാല്‍, ഫലവര്‍ഗങ്ങള്‍ എന്നിവ മാത്രം മറ്റു നേരങ്ങളില്‍ കഴിക്കാവുന്നതാണ്. മത്സ്യ മാംസാദികളും ലഹരി വസ്തുക്കളും നിര്‍ബന്ധമായും വര്‍ജിക്കണം. വാക്കും ശരീരവും മനസ്സും പ്രവൃത്തിയും ശുദ്ധമായിരിക്കണം. ബ്രഹ്മചര്യം നിര്‍ബന്ധമാണ്‌. എല്ലാദിവസവും ക്ഷേത്രദര്‍ശനം നടത്താന്‍ ആകുമെങ്കില്‍ വളരെ ഉത്തമമാണ്. എല്ലാ കര്‍മങ്ങളും ദേവീ സ്മരണയോടെ ആകണം.

ഒമ്പത് ദിവസങ്ങളിലായി ഒമ്പത് വ്യത്യസ്ത ഭാവങ്ങളില്‍ ആണ് ദേവിയെ ആരാധിക്കേണ്ടത്. ആദ്യത്തെ മൂന്നു ദിവസം പാര്‍വതിയായും അടുത്ത മൂന്നു ദിവസം ലക്ഷ്മി ആയും അവസാന മൂന്നു ദിവസം സരസ്വതിയായും ആരാധിക്കുന്നു. കേരളത്തില്‍ ഒടുവിലത്തെ മൂന്നു ദിവസമാണ് ഏറ്റവും പ്രാധാനം. കൂടുതല്‍ ആളുകളും അഷ്ടമി, നവമി, ദശമി  എന്നീ മൂന്നു ദിവസങ്ങളില്‍ മാത്രം വ്രതമനുഷ്ഠിക്കുകയും ചെയ്യാറുണ്ട്. അഷ്ടമി ദിവസമാണ് പൂജ വയ്ക്കേണ്ടത്. നവമിയില്‍ അധ്യയനം നിഷിദ്ധമാണ്. വിജയദശമി ദിവസം വിദ്യാരംഭദിനമാണ്.  ഒന്‍പതു  ദിവസങ്ങള്‍ തുടര്‍ച്ചയായി  വ്രതമനുഷ്ഠിക്കാന്‍ കഴിയാത്തവര്‍ക്ക് അവസാന മൂന്നു ദിവസം മാത്രമായും വ്രതം അനുഷ്ടിക്കാം.

ദേവീ മാഹാത്മ്യം, ലളിതാ സഹസ്രനാമം, ലളിതാ ത്രിശതീ സ്തോത്രം,സൌന്ദര്യ ലഹരി മുതലായവാ പാരായണം ചെയ്യുന്നത് വളരെ ഉത്തമമാണ്.

എല്ലാ വ്രത ദിവസങ്ങളിലും ദുര്‍ഗാ ഭഗവതിയുടെ ഈ ധ്യാന ശ്ലോകം ഭക്തിപൂര്‍വ്വം  ജപിക്കാം. സര്‍വ ദുഖങ്ങളും ദേവി അകറ്റും. സര്‍വാഭീഷ്ടങ്ങളും ദേവി നടത്തും.

ദുര്‍ഗാം ധ്യായതു ദുര്‍ഗതി പ്രശമനിം ദൂര്‍വാദള ശ്യാമളാം
ചന്ദ്രാര്‍ധോജ്വല ശേഖരാം ത്രിനയനാം അപീത വാസോവസം
ചക്രം ശംഘ ധനുശ്ച ധതതിം കോദണ്ഡ ബാണാംശയോര്‍
മുദ്രേവാ അഭയകാമദേ സകടിബന്ധാഭീഷ്ടദാം വാനയോ:

ആയുസ്സ്, ദാരിദ്ര്യശമനം, വിദ്യാഗുണം, ആഗ്രഹസാധ്യം, ശത്രുദോഷ നിവാരണം, ധനലാഭം, കുടുംബൈശ്വര്യം തുടങ്ങിയവയാണ് നവരാത്രി വ്രതത്തിന്റെയും പൂജയുടെയും ഫല ശ്രുതി.

ദേവിയെ ഓരോ ദിവസവും ഓരോ രൂപത്തില്‍ സങ്കല്‍പ്പിച്ച് ആരാധിക്കുന്നു. ഓരോ ദിവസവും ദേവിയെ ഓരോ വ്യത്യസ്ത മന്ത്രം കൊണ്ട് ആരാധിക്കുന്നു. ഓരോ ദിവസത്തെയും ആരാധാനാ ഭാവവും മന്ത്രങ്ങളും തലേ ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

നവരാത്രി വ്രതം ഒന്നാം ദിവസം
നവരാത്രിയുടെ ഒന്നാം ദിവസം ബാലസ്വരൂപണീ ഭാവത്തില്‍, ശൈലപുത്രിയായി പാര്‍വ്വതിദേവിയെ സങ്കല്‍പ്പിച്ച് ആരാധിക്കുകയാണ് ചെയ്യേണ്ടത്. പൂര്‍വ്വജന്മത്തിലെ സതീദേവിയെപ്പോലെ ദേവി ഈ ജന്മത്തിലും പരമശിവന്റെ അര്‍ദ്ധാംഗിനിയാണ്. വൃഷഭസ്ഥിതയായി ത്രിശൂലവും താമരപ്പൂവും ധരിച്ച് മരുവുന്നു. നന്തിയാണ് ദേവിയുടെ വാഹനം. സതി, ഭവാനി, പാർവതി, ഹൈമവതി എന്നീ നാമങ്ങളും ശൈലപുത്രിക്കുണ്ട്. ദേവിയുടെ ഈ രൂപം മനസ്സില്‍ സ്മരിച്ചുകൊണ്ട് നവരാത്രിയുടെ ഒന്നാം ദിവസത്തില്‍ ദേവീ പൂജയ്ക്ക് ജപിക്കേണ്ട മന്ത്രം 

വന്ദേ വാഞ്ഛിതലാഭായ 
ചന്ദ്രാര്‍ധാകൃതശേഖരാം
വൃഷാരൂഢാം ശൂലധരാം 
ശൈലപുത്രീം യശസ്വിനീം 

ഈ മന്ത്രം ഭക്തിപൂര്‍വ്വം ശൈലപുത്രിയായ ദേവിയെ സങ്കല്‍പ്പിച്ചു ജപിക്കുക. സര്‍വ അഭീഷ്ടങ്ങളും സാധിക്കും.

നവരാത്രിയുടെ രണ്ടാം ദിവസം
നവരാത്രിയുടെ രണ്ടാം ദിവസത്തില്‍ ബ്രഹ്മചാരിണി സങ്കല്‍പ്പത്തില്‍ പൂജിക്കുന്നു. ബ്രഹ്മശബ്ദത്തിന് തപസ്സ്  എന്നും അര്‍ത്ഥമുണ്ട്. ശിവന്റെ പത്നിയായ് തീരുവാൻ നാരദമുനിയുടെ നിർദ്ദേശപ്രകാരം കഠിനതപസ്സ്‌ അനുഷ്ഠിച്ചതിനാൽ ദേവിയ്ക്ക് ബ്രഹ്മചാരിണി എന്ന നാമം ലഭിച്ചു. 

കയ്യിൽ ജപമാലയും കമണ്ഡലുവും ഏന്തി തപസ്സു ചെയ്യുന്ന രൂപത്തിലുള്ള ദുർഗ്ഗയാണ് ബ്രഹ്മചാരിണീ. ഇലഭക്ഷണം പോലും ത്യജിച്ചു കൊണ്ടാണ് തപസ്സ് ചെയ്യുന്നതെന്നാണ് വിശ്വാസം. അതു കൊണ്ട് ദേവിക്ക് അപര്‍ണ്ണ എന്ന പേരുണ്ടായി. രണ്ടാം രാത്രി ബ്രഹ്മചാരിണിയുടെ ആരാധനയ്ക്കായ് നീക്കി 
വയ്ക്കപ്പെട്ടിരിക്കുന്നു

നവരാത്രിയുടെ രണ്ടാം ദിവസത്തില്‍ ദേവീ പൂജയ്ക്ക് ജപിക്കേണ്ട മന്ത്രം 

“ദധാനാ കരപദ്മാഭ്യാമക്ഷമാലാ കമണ്ഡലൂ 
ദേവീ പ്രസീദതു മയി ബ്രഹ്മചാരിണ്യനുത്തമാ:” 

ഈ മന്ത്രം ഭക്തിപൂര്‍വ്വം ബ്രഹ്മചാരിണീരൂപിയായ ദേവിയെ 
സങ്കല്‍പ്പിച്ചു ജപിക്കുക. സര്‍വ ഐശ്വര്യങ്ങളും സാധിക്കുകയും മന:ശാന്തി ലഭിക്കുകയും ചെയ്യും.

നവരാത്രിയുടെ മൂന്നാം ദിവസം
നവരാത്രിയുടെ മൂന്നാം ദിനത്തില്‍ ആരാധിക്കേണ്ട ദേവീ ഭാവം ചന്ദ്രഘണ്ഡ എന്ന് അറിയപ്പെടുന്നു. ദേവിയുടെ തിരുനെറ്റിയില്‍  അര്‍ദ്ധചന്ദ്രരൂപത്തില്‍ ഒരു മണിയുണ്ട്. ആ മണിയാണ് ചന്ദ്രഘണ്ഡ രൂപിണിയായ ദേവീ സങ്കല്‍പ്പത്തിനാധാരം. സ്വര്‍ണ്ണവര്‍ണ്ണമുള്ള ശരീരവും പത്തു കൈകളുമുണ്ട്. എല്ലാകൈകളിലും ദിവ്യായുധങ്ങള്‍  ധരിച്ചിരിക്കുന്നു. സിംഹവാഹനസ്ഥയായ ദേവിയുടെ മണിനാദം കേട്ടാല്‍ തന്നെ ദുഷ്ടന്മാര്‍ക്ക് ഭയവും ശിഷ്ടജനങ്ങള്‍ക്ക് ശാന്തിയും ലഭിക്കും.

യുദ്ധ സന്നദ്ധയായി നില്‍ക്കുന്ന ദേവീഭാവമാണ് മൂന്നാം നവരാത്രിയിലേത്. ഈ രൂപത്തില്‍ ദേവിയെ ഭജിക്കുന്നവര്‍ക്ക്  ശത്രു വിജയം, കാര്യ സിദ്ധി, ഐശ്വര്യം എന്നിവ കരഗതമാകുന്നതാണ്.

“പിണ്ഡജ പ്രവരാരൂഢാ ചന്ദകോപാസ്ത്രകൈര്യുതാ 
പ്രസാദം തനുതേ മഹ്യം ചന്ദ്രഘണ്ടേതി വിശ്രുതാ”

എന്ന മന്ത്രം കൊണ്ടാണ് ഈ ദിവസം ദേവീ ഉപാസന ചെയ്യേണ്ടത്.

നവരാത്രി മൂന്നാം ദിവസത്തില്‍ കന്യാപൂജയ്ക്കായി ദേവിയെ കല്യാണിയായി ആരാധിക്കണം.

കല്യാണീആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം.

കലാത്മികാ കലാതീതാം
കാരുണ്യ ഹൃദയാം ശിവാം
കല്ല്യാണ ജനനീ നിത്യാം
കല്ല്യാണീം പൂജ്യയാമ്യഹം

നവരാത്രി വ്രതം നാലാം ദിവസം
നവദുര്‍ഗാ ആരാധനാ പദ്ധതി അനുസരിച്ച്  നവരാത്രിയുടെ നാലാമത്തെ ദിവസത്തില്‍ ആരാധിക്കേണ്ട  ദേവീ സ്വരൂപം ‘കൂഷ്മാണ്ഡ’ എന്ന പേരില്‍ അറിയപ്പെടുന്നു. പ്രപഞ്ച ഉത്ഭവത്തിന്റെ ആദിസ്വരൂപവും കാരണ ശക്തിയും ദേവിയാണല്ലോ.  ആ സൃഷ്ടിക്ക് മുമ്പ് ദേവിയില്‍നിന്നും ഉദ്ഭവിച്ചതായ ദിവ്യമായ പ്രകാശം സര്‍വ്വ ലോകങ്ങളിലും  വ്യാപിച്ചു. പിന്നീട് ആ പ്രകാശം സര്‍വ്വ ചരാചരങ്ങളിലും  പ്രവേശിച്ച് ശോഭിച്ച്  തിളങ്ങി. മഹാ തേജസ്വിനിയായ  ദേവിക്ക് അഷ്ടഭുജങ്ങളുണ്ട്. കമണ്ഡലു, ധനുസ്സ്, ബാണം, പുഷ്പം, അമൃതകലശം, ചക്രം, ഗദ, ജപമാല എന്നിവ ധരിച്ച് സിംഹവാഹിനിയായി ദേവി പരിലസിക്കുന്നു.

നാലാം ദിവസം ദേവീ ഉപസനയ്ക്കായി ഉപയോഗിക്കേണ്ട മന്ത്രം 

“സുരാസമ്പൂര്‍ണ കലശം  രുധിരാപ്ലുതമേവ  ച
ദധാനാ ഹസ്തപദ്മാഭ്യാം കൂഷ്മാണ്ഡാ ശുഭദാസ്തു മേ”

നവരാത്രി നാലാം ദിവസം  കന്യാപൂജയ്ക്കായി ദേവിയെ രോഹിണിയായി ആരാധിക്കണം.

രോഹിണീ ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം.

“അണിമാദി ഗുണാധാരാ
മകരാദ്യക്ഷരാത് മികാം
അനന്തശക്തി ഭേദാതാം
രോഹിണീം പൂജ്യയാമ്യഹം”

നവരാത്രി വ്രതം അഞ്ചാം ദിവസം 
നവദുര്‍ഗാ  ആരാധനാ പദ്ധതി അനുസരിച്ച് നവരാത്രി വൃതാനുഷ്ടാനത്തിന്റെ അഞ്ചാം ദിവസത്തില്‍ ദേവിയെ  അഞ്ചാമത്തെ ഭാവമായ  സ്കന്ദമാതാവാ യാണ് സങ്കല്‍പ്പപൂജ ചെയ്യേണ്ടത് .

ജഗത് മാതാവായ ദേവിയുടെ മടിത്തട്ടില്‍ പുത്രന്‍ സുബ്രഹ്മണ്യന്‍ സാന്നിദ്ധ്യമരുളുന്നു. 
സ്കന്ദമാതാവായ പരാശക്തിയുടെ സങ്കല്പം ചതുര്‍ഭുജയാണ്. 

രണ്ടു കൈകളിലും താമരപ്പൂവും താഴത്തെ ഒരു കൈ പുത്രനെ വാത്സല്യപൂര്‍വ്വം തഴുകുന്ന തരത്തിലും, മറ്റേ കൈയില്‍ വരദമുദ്രയും ധരിച്ചിരിക്കുന്നു. സത്യത്തില്‍ സ്കന്ദമാതാവിനെ ആരാധിക്കുന്നതിലൂടെ സ്കന്ദനെ പൂജിക്കുന്ന ഫലം കൂടി ലഭിക്കുന്നു. സുബ്രഹ്മണ്യപ്രീതിക്കും സ്കന്ദമാതാരാധന ഫലപ്രദമാകുന്നു.

അഞ്ചാം ദിവസം ദേവീ ഉപാസനയ്ക്ക് ഉപയോഗിക്കേണ്ട മന്ത്രം

“സിംഹാസനഗതാ നിത്യം പദ്മാശ്രിതകരദ്വയാ
ശുഭദാസ്തു സദാ ദേവീ സ്കന്ദമാതാ യശസ്വിനീ “

എന്നതാണ്. ഈ മന്ത്രം കൊണ്ട് ദേവീ ഉപാസന നടത്തുന്നവര്‍ ദേവിയുടെയും ശ്രീ മുരുകന്റെയും അനുഗ്രഹത്തിന് പാത്രീഭൂതരാകും എന്നതില്‍ തര്‍ക്കമില്ല.

നവരാത്രി അഞ്ചാം  ദിവസത്തില്‍  കന്യാപൂജയ്ക്കായി ദേവിയെ കാളികയായി ആരാധിക്കണം.

കാളികാ  ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം.

“കാമചാരീം ശുഭാം കാന്താം
കാല ചക്ര സ്വരൂപിണീം
കാമദാം കരുണോദാരാം
കാളികാം പൂജ്യയാമ്യഹം”

നവരാത്രി വ്രതം ആറാം ദിവസം
നവരാത്രിയുടെ ആറാമത്തെ ദിവസത്തില്‍  ദേവിയെ ആരാധിക്കേണ്ട സ്വരൂപം ‘കാത്യായനി’ യുടെതാണ്. കാത്യായന മഹര്‍ഷി ദേവിയെ തപസ്സുചെയ്ത് ദേവി തന്‍റെ ഗൃഹത്തില്‍ പിറക്കണമെന്നു പ്രാര്‍ഥിച്ചു. ദേവി മഹര്‍ഷിയുടെ ആഗ്രഹം സ്വീകരിച്ച് മഹര്‍ഷിയുടെ ഗൃഹത്തില്‍ അവതാരം ചെയ്തു. അതിനുശേഷം മഹിഷാസുരനെ വധിച്ച് ദേവന്മാര്‍ക്ക് ആശ്വാസമരുളിയെന്നാണ് പുരാണങ്ങള്‍ ഉദ്ഘോഷിക്കുന്നത് . 

ചതുര്‍ഭുജയായ ദേവി പുഷ്പവും വാളും അഭയമുദ്രകളും ധരിച്ച് സിഹവാഹിനിയായി സര്‍വ്വര്‍ക്കും അനുഗ്രഹാശിസ്സുകളേകി മരുവുന്നു.

ആറാം ദിവസം ദേവീ ഉപസനയ്ക്കായി ഉപയോഗിക്കേണ്ട മന്ത്രം 

ചന്ദ്രഹാസോജ്ജ്വലകരാ ശാര്‍ദ്ദൂലവരവാഹനാ 
കാത്യായനീ ശുഭം ദദ്യാ ദേവീ ദാനവഘാതിനീ

നവരാത്രി ആറാം  ദിവസത്തില്‍  കന്യാപൂജയ്ക്കായി ദേവിയെ ചണ്ഡികയായി ആരാധിക്കണം.

ചണ്ഡികാ  ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം.

ചണ്ഡവീരാം ചണ്ഡമായാം
ചണ്ഡ മുണ്ഡ പ്രഭംജനീം
പൂജയാമി സദാ ദേവീം
ചണ്ഡീകാം ചണ്ഡവിക്രമാം

നവരാത്രി വ്രതം ഏഴാം ദിവസം
നവദുര്‍ഗാഭാവങ്ങളില്‍ ഈ രൂപമാണ് ഏറ്റവും ഭയാനകം. ദേവി ശക്തിരൂപം പൂണ്ട് കാളരാത്രിയായി ശോഭിക്കുന്നു. ദേവിയുടെ ഈ രൂപം ശരീരത്തിലേക്ക് പ്രതിഫലിക്കുമ്പോള്‍ മനുഷ്യന്‍ ഭയത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുമെന്നാണ് വിശ്വാസം. ദേവിയുടെ ഭയാനകരൂപം മനോ ദൌര്‍ബല്യം പരിഹരിച്ച് മനുഷ്യനെ കര്‍മ്മനിരതനാക്കാന്‍ വഴി തെളിയിക്കുന്നു. കറുത്ത നിറവും ചിന്നി ചിതറിയ മുടിയും തൃക്കണ്ണുകളില്‍ നിന്നു പ്രവഹിക്കുന്ന അഗ്നിയും ആരെയും ഭയപ്പെടുത്തും. ബ്രഹ്മാണ്ഡത്തെ ഭസ്മമാക്കാന്‍ പോലും ആ ജ്വാലകള്‍ക്ക് ശക്തിയുണ്ട്. കഴുതയാണ്‌ വാഹനം. വരദമുദ്രയും അഭയമുദ്രയും വാളും മറ്റും  ധരിച്ച് ചതുര്‍ഭുജയായി ‘ശുഭങ്കരി’ എന്ന പേരില്‍ അറിയപ്പെടുന്നു.

ഏഴാം ദിവസം ദേവീ ഉപസനയ്ക്കായി ഉപയോഗിക്കേണ്ട മന്ത്രം 

“ഏകവേണീ ജപാകര്‍ണപൂര നഗ്നാ ഖരാസ്ഥിതാ 

ലംബോഷ്ടീ കര്‍ണികാകര്‍ണീ തൈലാഭ്യക്തശരീരിണീ
വാമപാദോല്ലസല്ലോഹലതാകണ്ടകഭൂഷണാ 

വര്ധനമൂര്‍ധ്വജാ  കൃഷ്ണാ കാളരാത്രിര്‍ഭയംകരീ”  

നവരാത്രി ഏഴാം  ദിവസത്തില്‍ കന്യാപൂജയ്ക്കായി ദേവിയെ ശാംഭവിയായി ആരാധിക്കണം.

ശാംഭവീ  ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം.

സദാനന്ദകരീം ശാന്താം
സര്‍വ്വദേവ നമസ്കൃതാം
സര്‍വ്വ ഭൂതാത്മികാം ലക്ഷ്മീം
ശാംഭവീം പൂജ്യയാമ്യഹം

നവരാത്രി എട്ടാം ദിവസം
നവരാത്രി വ്രതത്തിന്റെ എട്ടാമത്തെ ദിനത്തിലെ ദേവീ ഭാവം ‘മഹാഗൗരി’ യാണ്. ദേവി ശാന്തസ്വരൂപിണിയും ശുഭ്രവര്‍ണ സ്വരൂപിണിയുമാണ്. പരമശിവനെ ആഗ്രഹിച്ച് കഠിനതപസ്സു ചെയ്ത് ദേവിയുടെ ശരീരം കറുത്തു. സൗന്ദര്യം നശിച്ചു. പക്ഷേ, അത് കണ്ടുനില്‍ക്കാന്‍ ശിവന് കഴിഞ്ഞില്ല. ദേവന്‍ പ്രത്യക്ഷപ്പെട്ട് ദേവിയെ ഗംഗാസ്നാനം കഴിപ്പിച്ച് ശുഭ്രവര്‍ണയാക്കി തീര്‍ത്തു.  ദേവിയുടെ വസ്ത്രങ്ങളും ആഭരണങ്ങളും വെളുത്തതായിരുന്നു. വെള്ളക്കാളയുടെ പുറത്ത് കയറി ദേവി സര്‍വ്വര്‍ക്കും ദര്‍ശനം നല്‍കി. ചതുര്‍ഭുജങ്ങളില്‍ ത്രിശൂലം, അഭയമുദ്ര, ഡമരു, വരദമുദ്ര എന്നിവ ധരിച്ച് ഭക്തന്മാര്‍ക്ക് ദര്‍ശനപുണ്യം നല്‍കി പരിലസിച്ചു.

എട്ടാം ദിവസത്തില്‍  ദേവീ ഉപാസനയ്ക്കുള്ള മന്ത്രം

“ശ്വേതേ വൃഷേ സമാരൂഢാ ശ്വേതാംബരധരാ ശുചിഃ 
മഹാഗൗരീ ശുഭം ദദ്യാന്മഹാദേവപ്രമോദദാ”

നവരാത്രി എട്ടാം ദിവസം  കന്യാപൂജയ്ക്കായി ദേവിയെ ദുര്‍ഗയായി ആരാധിക്കണം.

ദുര്‍ഗാ ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം.

ദുര്‍ഗ്ഗേമേ ദുസ്തരേ കാര്യേ
ഭവ ദു:ഖ വിനാശിനീം
പുജ്യയാമീ സദാ ഭക്ത്യാ
ദുര്‍ഗ്ഗാം ദുര്‍ഗതിനാശിനീം

നവരാത്രിയുടെ  ഒന്‍പതാം ദിവസം
നവരാത്രിയുടെ ഒന്‍പതാം ദിവസം ആരാധിക്കേണ്ടത് സിദ്ധിധാത്രീ രൂപമാണ്. അന്ന് ദേവി സര്‍വ്വാഭീഷ്ട സിദ്ധികളോടെ എല്ലാവര്‍ക്കും ദര്‍ശനം നല്‍കുന്നു. അണിമ, മഹിമ, ഗരിമ, ലഘിമ, പ്രാപ്തി, പ്രാകാവ്യം, ഈശിത്വം, വശിത്വം എന്നീ  അഷ്ടസിദ്ധികള്‍ ഈ സങ്കല്‍പ്പത്തിലൂടെ ആരാധിച്ചാല്‍ കൈവരുമെന്നാണ് വിശ്വാസം. പങ്കജ സംഭവനാദി തൃണാന്തം സര്‍വ ചരാചരങ്ങള്‍ക്കും  സിദ്ധികള്‍ നല്‍കുന്നത് ദേവിയാണ്. ചതുര്‍ഭുജങ്ങളില്‍ ഗദാ ചക്രങ്ങളും ശംഖും താമരയും ധരിച്ച് ദേവി സര്‍വാഭീഷ്ട വരദായിനിയായി ദേവി പരിലസിക്കുന്നു.

മഹാ നവമിയില്‍ സിദ്ധിദാത്രിയായി ദേവിയെ ഉപാസിക്കേണ്ട സ്തോത്ര ഭാഗം 

“സിദ്ധഗന്ധര്വയക്ഷാദ്യൈരസുരൈരമരൈരപി 

സേവ്യമാനാ സദാ ഭൂയാത് സിദ്ധിദാ സിദ്ധിദായിനീ “

എന്ന സ്തുതിയാല്‍ ദേവ്യുപാസന ചെയ്യുന്നവര്‍ക്ക്  സകല അഭീഷ്ടങ്ങളും കരഗതമാകുന്നതാണ്.

നവരാത്രി ഒന്‍പതാം ദിവസം കന്യാപൂജയ്ക്കായി ദേവിയെ സുഭദ്രയായി ആരാധിക്കണം.

സുഭദ്രാ  ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം.

സുന്ദരീം സ്വര്‍ണ്ണ വര്‍ണ്ണാഭാം
സുഖ സൌഭാഗ്യ ദായിനീം
സുഭദ്ര ജനനീം ദേവീം
സുഭദ്രാം പൂജ്യയാമ്യഹം

നവരാത്രി 2026
ആരംഭം: ഒക്ടോബർ 11, ഞായർ — ഘടസ്ഥാപനം
ദുർഗാഷ്ടമി: ഒക്ടോബർ 19, തിങ്കൾ
മഹാനവമി: ഒക്ടോബർ 20, ചൊവ്വ
വിജയദശമി / വിദ്യാരംഭം: ഒക്ടോബർ 21, ബുധൻ
കേരളത്തിലെ നവരാത്രി ആചാരങ്ങളിൽ അവസാന ദിവസങ്ങളായ അഷ്ടമി, നവമി, വിജയദശമി എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. 
9 ദിവസത്തെ ദേവീ പൂജ 

• ദിവസം 1 — ഒക്ടോബർ 11 | ഞായർ
ശൈലപുത്രി ദേവി
നിറം: ഓറഞ്ച്
പുഷ്പം: ചെമ്പരത്തി
ഘടസ്ഥാപനം, കലശപൂജ
വിശ്വാസപ്രകാരം: ധൈര്യവും കുടുംബക്ഷേമവും

• ദിവസം 2 — ഒക്ടോബർ 12 | തിങ്കൾ
ബ്രഹ്മചാരിണി ദേവി
നിറം: വെള്ള
പുഷ്പം: മുല്ല
ദീപപൂജ, ദേവീ ജപം
വിശ്വാസപ്രകാരം: ഏകാഗ്രതയും ആത്മവിശ്വാസവും

• ദിവസം 3 — ഒക്ടോബർ 13 | ചൊവ്വ
ചന്ദ്രഘണ്ടാ ദേവി
നിറം: ചുവപ്പ്
പുഷ്പം: റോസ്
ദുർഗാപൂജ, ദീപാരാധന
വിശ്വാസപ്രകാരം: ധൈര്യവും സംരക്ഷണവും

• ദിവസം 4 — ഒക്ടോബർ 14 | ബുധൻ
കൂഷ്മാണ്ഡാ ദേവി
നിറം: റോയൽ നീല
പുഷ്പം: താമര
ദേവീ അർച്ചന
വിശ്വാസപ്രകാരം: ആരോഗ്യവും ഐശ്വര്യവും

• ദിവസം 5 — ഒക്ടോബർ 15 | വ്യാഴം
സ്കന്ദമാതാ
നിറം: മഞ്ഞ
പുഷ്പം: ചെണ്ടുമല്ലി
ദേവീ പൂജ, സന്താനക്ഷേമ പ്രാർത്ഥന
വിശ്വാസപ്രകാരം: സന്താനസൗഭാഗ്യവും കുടുംബസന്തോഷവും

• ദിവസം 6 — ഒക്ടോബർ 16 | വെള്ളി
കാത്യായനി ദേവി
നിറം: പച്ച
പുഷ്പം: കനകാംബരം
ദേവീ അർച്ചന, ദീപാരാധന
വിശ്വാസപ്രകാരം: ഐശ്വര്യവും മനഃശാന്തിയും

• ദിവസം 7 — ഒക്ടോബർ 17 | ശനി
കാളരാത്രി ദേവി
നിറം: ചാരനിറം
പുഷ്പം: ചുവപ്പ് പൂക്കൾ
ദേവീ പൂജ, സരസ്വതി പൂജ
വിശ്വാസപ്രകാരം: ഭയനിവാരണവും ധൈര്യവും

• ദിവസം 8 — ഒക്ടോബർ 18 | ഞായർ
മഹാഗൗരി ദേവി
നിറം: പർപ്പിൾ
പുഷ്പം: വെള്ളപ്പൂക്കൾ
പൂജവെപ്പ് / ദേവീ ആരാധന
വിശ്വാസപ്രകാരം: ശുദ്ധിയും സമാധാനവും

• ദിവസം 9 — ഒക്ടോബർ 19 | തിങ്കൾ
സിദ്ധിദാത്രി ദേവി
നിറം: പീക്കോക്ക് ഗ്രീൻ
പുഷ്പം: താമര
ദുർഗാഷ്ടമി — സന്ധിപൂജ
വിശ്വാസപ്രകാരം: ജ്ഞാനവും ആത്മീയ പുരോഗതിയും

 • ഒക്ടോബർ 20 — മഹാനവമി 
ആയുധപൂജ • സരസ്വതീപൂജ • മഹാനവമി ആരാധന

• ഒക്ടോബർ 21 — വിജയദശമി 🏹
വിദ്യാരംഭം • പൂജയെടുപ്പ് • വിജയദശമി

ഈ നവരാത്രിയിൽ ദേവീമാതാവിന്റെ അനുഗ്രഹം ഏവരിലും നിറയട്ടെ.

കുറിപ്പ്:- നിറങ്ങളുടെ ക്രമം പൊതുവായി പ്രചാരത്തിലുള്ള Navratri color sequence അനുസരിച്ചാണ്; പൂജാ രീതികളും ചില ആചാരങ്ങളും ക്ഷേത്രം/പ്രദേശം അനുസരിച്ച് വ്യത്യാസപ്പെടാം.

കടപ്പാട്

Friday, 17 November 2023

ക്ഷേത്രങ്ങളിലെ ബലിക്കല്ലും അഷ്ടദിക്പാലകരും.


ബലിക്കല്ല്
ക്ഷേത്രം എന്നുള്ളത് ദേവീദേവന്മാരുടെ വാസസ്ഥലമായി ആണ് കരുതി പോരുന്നത്. ക്ഷേത്രം ഒരു രാജകൊട്ടാരത്തിന്റെ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്. അതിൽ പ്രധാന ദേവീദേവന്മാർ ക്ഷേത്രം ആകുന്നു രാജകൊട്ടാരത്തിലെ രാജാവിൻറെ സ്ഥാനം അലങ്കരിക്കുന്നു.
ഈ രാജാവിന് ഒരുപാട് ദൃശ്യവും അദൃശ്യവുമായ [പ്രതിഷ്ഠ രൂപത്തിൽ] 
ദേവഗണങ്ങളുടെയും ഭൂതഗണങ്ങളുടെ അകമ്പടിയും പരിചരണവും കാവലും ഉണ്ട്. ഇവയ്ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള വരാണ് ബലിക്കല്ലിന്റെ രൂപത്തിൽ നാം കാണുന്നു ദേവതാസങ്കല്പങ്ങൾ.
ദേവഗണങ്ങൾക്ക് ശ്രീകോവിലിന്റെ ചുറ്റുമുള്ള അകത്തെ ബലിവട്ടത്തിലും ഭൂതഗണങ്ങൾക്ക് പുറത്തെ ബലിവട്ടത്തിലും, വലിയ ബലികല്ലിലും ആ വലിയ ബലിക്കല്ലിന്റെ അഷ്ടദിക്കുകളിൽ പ്രതിഷ്ഠിച്ചിട്ടുള്ള  ബലിക്കല്ലിലുമാണ് സ്ഥാനം. ഇവർ ഓരോരുത്തർക്കും ചുറ്റിലുമായി മറ്റനേകം ദേവ /ഭൂതഗണങ്ങളും വസിക്കുന്നുണ്ട്. 
പല ക്ഷേത്രങ്ങളിലും ദൃശ്യമായ  ബലിക്കല്ലുകൾ കാണണമെന്നില്ല  അതിനർത്ഥം അവിടെ അത്തരം ചൈതന്യങ്ങൾ ഇല്ല എന്നല്ല മറിച്ച് അവരുടെ അദൃശ്യസാന്നിദ്ധ്യം എപ്പോഴും  ആ ക്ഷേത്രത്തിൽ ചുറ്റിലും ഉണ്ടാവും.
ഈ ഒരു കാരണങ്ങൾ കൊണ്ടുതന്നെയാണ് ക്ഷേത്രത്തിനകത്ത് തുപ്പുകയോ ഉപയോഗിച്ച ശേഷം പ്രസാദങ്ങളും മറ്റും അലക്ഷ്യമായി വലിച്ചെറിയുകയോ ക്ഷേത്രവും പരിസരവും മലിനമാക്കുന്ന പ്രവർത്തികൾ ചെയ്യുകയോ അരുത് എന്നും പറയുന്നത്. 
ക്ഷേത്രത്തിനു ചുറ്റിലും അനേകായിരം ഭൂത /ദേവസങ്കൽപങ്ങൾ ഉള്ളതിനാലാകണം ക്ഷേത്ര പ്രദക്ഷിണത്തിനും ഒരു നിയമം നിശ്ചയിച്ചിരിക്കുന്നത്. നമ്മളിൽ പലരുടെയും ക്ഷേത്രദർശന സമയത്തെ ചവിട്ടി തേച്ചുള്ള പ്രദക്ഷിണം കണ്ടാൽ തന്നെ മനസ്സിലാക്കാം ഇതൊരു കടമ നിർവ്വഹിക്കൽ മാത്രമാണെന്ന്. മേൽപ്പറഞ്ഞ അനേകായിരം ഭൂത ദേവസങ്കൽപങ്ങളുടെ സ്വൈര്യവിഹാരം  തടസ്സപ്പെടുത്താത്ത വിധത്തിൽ ആയിരിക്കണം ക്ഷേത്ര പ്രദക്ഷിണം. 
ക്ഷേത്രത്തിലെ ബലിക്കല്ലുകൾ സൂചിപ്പിക്കുന്നത് അഷ്ടദിക്കുകളെയും അവയുടെ അധിപന്മാരായ അഷ്ടദിക്ക്പാലരേയുമാണ്. അതിനാൽ എട്ടുദിക്കുകളേയും അവയുടെ അധികാരികളേയും ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിക്കാറുണ്ട്. ശ്രീകോവിലിനു ചുറ്റും നാലമ്പലത്തിനകത്തായി അന്തർമണ്ഡപത്തിലാണ് ബലിക്കല്ലുകളുടെ സ്ഥാനം. ഓരോ ദിക്കിൻറെയും അധിപന്മാരെ ആ ദിക്കുകളിൽ സ്ഥാപിക്കുന്നു.
അഷ്ടദിക്പാലകർ
കിഴക്കിൻറെ ദേവനായ ഇന്ദ്രനാണ് കിഴക്കുവശത്ത്. തെക്ക് കിഴക്ക് അഗ്നിദേവൻറെ ബലിക്കല്ലാണ് വേണ്ടത്. യമദേവനാണ് തെക്ക്വശത്തിൻറെ അധിപൻ. തെക്കു പടിഞ്ഞാറ് ബലിക്കല്ലിൽ ആവേശിക്കേണ്ടത് ആ ദിക്കിൻറെ ദേവനായ നിരൃതിയെയാണ്. വരുണൻ പടിഞ്ഞാറുദിക്കിലും, വായുദേവൻ വടക്കുപടിഞ്ഞാറും സ്ഥാനം അലങ്കരിക്കും. വടക്ക്ദിശയുടെ അധിപൻ കുബേരനാണെങ്കിലും ക്ഷേത്രങ്ങളിൽ വടക്കുഭാഗത്ത് ബലിക്കല്ലിൻറെ അധിപൻ സോമനാണ്. അതിനാൽ വടക്കുദിക്കിലെ ബലിക്കല്ല് മാത്രം അഷ്ടദിക്പാലകരിൽ നിന്നും വേറിട്ട് സോമിനു കൊടുത്തിരിക്കുന്നു. വടക്ക് കിഴക്ക് ഈശാനനാണ്.
ഇതുകൂടാതെ മുകളിലും താഴെയുമായി ഒരോ ദിക്കുകൾ കൂടിയുണ്ട്. മുകളിലെ ദിക്കിൻറെ അധിപൻ ബ്രഹ്മാവാണ്. അതിനാൽ ബ്രഹ്മാവിന് വേണ്ടി ബലിക്കല്ല് കിഴക്കിനും-വടക്ക്കിഴക്കിനും ഇടയിൽ സ്ഥാപിക്കുന്നു. കീഴ്ഭാഗത്തുള്ള ദിക്കിൻറെ അധിപൻ അനന്തനാണ്. നിരൃതിയുടേയും (തെക്ക്-പടിഞ്ഞാറ്) വരുണന്റേയും (പടിഞ്ഞാറ്) ബലിക്കല്ലുകൾകിടയിലാണ് അനന്തൻറെ ബലിക്കല്ലിൻറെ സ്ഥാനം. ക്ഷേതങ്ങളിലെ ബലിക്കല്ലുകളിൽ ചവിട്ടാനോ മറികടക്കാനോ പാടില്ല എന്നാണ് വിശ്വാസം.
പ്രദക്ഷിണവും ബലിക്കല്ലും
ക്ഷേത്രത്തിനുളളിൽ പ്രവേശിച്ച് ദേവവാഹനത്തെ വണങ്ങി ഭഗവാനെ ദർശിച്ച ശേഷം പ്രദക്ഷിണം ആരംഭിക്കാം. പ്രദക്ഷിണം ചെയ്യുമ്പോൾ എപ്പോഴും ബലിക്കല്ലുകൾ പ്രദക്ഷിണം ചെയ്യുന്ന വ്യക്തിയുടെ വലതുഭാഗത്തായിരിക്കണം. ബലിക്കല്ലുകൾ അഷ്ടദിക്പാലകരെ പ്രതിനിധീകരിക്കുന്നു. നാലമ്പലത്തിനകത്ത് ശ്രീകോവിലിന് ചുറ്റുമായാണ് ബലിക്കല്ലുകളുടെ സ്ഥാനം. ദേവനു പ്രദക്ഷിണം വയ്ക്കുന്ന സമയത്ത് അറിയാതെ ബലിക്കല്ലുകളിൽ തട്ടുകയോ മറികടക്കുകയോ ചവിട്ടുകയോ ചെയ്താൽ ബലിക്കല്ലിൽ തൊട്ടു തൊഴരുത്. അറിയാതെ ചവിട്ടുന്നതിലും വലിയ തെറ്റാണ് തൊട്ടു തലയിൽ വയ്ക്കുന്നത്. ഒരു ബലിക്കല്ലിൽ നിന്നും മറ്റൊരു ബലിക്കല്ലിലേക്ക് നിരന്തരമായി ഊർജ പ്രവാഹമുണ്ടാകും. ഈ ഊർജ പ്രവാഹത്തിന് തടസ്സമുണ്ടാവാൻ പാടില്ല എന്നതാണു തത്വം.
തൊട്ടുതൊഴുമ്പോൾ നമ്മൾ വീണ്ടും ഈ ഊർജ പ്രവാഹത്തിനു തടസ്സം വരുത്തുന്നു. അതുപോലെ ശ്രീകോവിലിൽ നിന്നുള്ള നടയിലും ഓവിലും ദേവവാഹനത്തെയും തൊട്ടുതൊഴാൻ പാടില്ല. ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന പ്രസാദം ക്ഷേത്രമതിലിൽ തേച്ചു വയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യരുത്. പ്രസാദം പിന്നീട് തൊടുവാൻ പാകത്തിൽ വീട്ടിൽ സൂക്ഷിക്കുക. പൂജാപുഷ്പങ്ങൾ മറ്റുള്ളവർ ചവിട്ടാതെ മുറ്റത്തിൻറെ ഒരു ഭാഗത്തോ ചെടിച്ചുവട്ടിലോ മറ്റും ഇടുകയും ആവാം.
ബലിക്കല്ലിൽ അറിയാതെ തട്ടുകയോ ചവിട്ടുകയോ മറികടക്കുകയോ ചെയ്താൽ പ്രായശ്ചിത്തമായി മൂന്നു തവണ ക്ഷമാപണമന്ത്രം ജപിച്ചാൽ മതിയാവും.
‘‘ഓം കരചരണകൃതം വാ കായജം കർമജം വാ
ശ്രവണനയനജം വാ മാനസം വാപരാധം
വിഹിതമവിഹിതം വാ സർവമേതത് ക്ഷമസ്വ
ശിവശിവ കരുണാബ്ധേ ശ്രീമഹാദേവ ശംഭോ’’ എന്നതാണു ക്ഷമാപണമന്ത്രം.

ഉത്സവബലി
ഉത്സവബലിപൂജയിൽ
ക്ഷേത്ര നാലമ്പലത്തിനകത്തും പുറത്തുമുള്ള ബലിക്കല്ലുകളിലും, ദേവൻറെ പരിവാരങ്ങൾക്കും മറ്റു ഭൂതഗണങ്ങൾക്കും നിവേദ്യം അർപ്പിക്കുന്നതാണ് ഉത്സവബലി. തന്ത്രിക്കും, കഴകം, വാദ്യക്കാർ, കൈസ്ഥാനീയർ എന്നിവർക്കും വസ്ത്രവും ദക്ഷിണയും നൽകുന്നതാണ് ഉത്സവബലിയുടെ ആദ്യ ചടങ്ങ്. ബലി തൂകുന്നതിലുള്ള ചോറ് (ഹവിസ്സ്) തൂശനിലയിൽ നിരത്തിവയ്ക്കും. തുടർന്ന് ഇത് മൂന്നായി പകുത്ത്, ഓരോന്നിലും ഉണക്കലരി, എള്ള്, മഞ്ഞൾ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്സ് സത്വരജിസ്തമോഗുണങ്ങളുടെ സൂചകങ്ങളാണ്. പിന്നീട് ഹവിസ്സ് പൂജ നടത്തുന്നു, അതിന് മരം എന്ന വാദ്യവും ശംഖ്, ചേങ്ങില എന്നിവയും ചേർത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണർത്തും.
ക്ഷേത്രത്തിനുള്ളിലുള്ള ദ്വാസ്ഥന്മാർ, മണ്ഡപത്തിലെ ദേവവാഹനം, അഷ്ടദിക്പാലകർ, ബ്രഹ്മാവ്, അനന്തൻ, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ എന്നീ ദേവതകൾക്കും അനുചരന്മാർക്കും ആദ്യഘട്ടത്തിൽ ബലി തൂകും. രണ്ടാമത്തെ പ്രദക്ഷിണത്തിൽ ശ്രീകോവിലിൻറെ തെക്കുള്ള സപ്ത മാതൃക്കൾക്ക് ബലി തൂകുന്നു. വളരെ സമയമെടുത്താണ് രണ്ടാമത്തെ ഈ ബലിതൂവൽ. ഈ സമയത്തുമാത്രമാണ് ഭക്തർക്ക് ദർശനം നൽകാറുള്ളത്. കാണിക്ക അർപ്പിച്ച് ഉത്സവബലിപൂജ തൊഴുതാൽ അഷ്ടൈശ്വര്യങ്ങൾ സിദ്ധിക്കുമെന്നാണ് വിശ്വാസം. ഇതിനുശേഷം മാത്രമാണ് നാലമ്പലത്തിന് പുറത്തുള്ള ബലിപീഠങ്ങളിൽ ബലിതൂകുന്നത്. ക്ഷേത്രേശനെ എഴുന്നള്ളിച്ച് പുറത്തെ ബലി സമർപ്പണം വടക്കു ഭാഗത്ത് എത്തുമ്പോൾ ക്ഷേത്രപാലന് പാത്രത്തോടെ ബലി സമർപ്പിക്കുന്നതും വിചിത്രമായ കാഴ്ചയാണ്. തുടർന്ന് ദേവനെ അകത്ത് എഴുന്നള്ളിച്ച് പൂജ നടത്തുന്നതോടെയാണ് ഉത്സവബലി പൂർണമാകുന്നു.

Monday, 4 May 2015


ഭഗവദ്ഗീത മലയാളവ്യാഖ്യാനത്തോടൊപ്പം അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ സപര്യയുടെ ഭാഗമായി എട്ട്  അദ്ധ്യായങ്ങൾ ഇതുവരെ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതാ ഒൻപതാം  അദ്ധ്യായവും എല്ലാ മലയാളികൾക്കുമായി സമർപ്പിക്കുന്നു.


മഹാഭാരതത്തിന്റെ ആത്മാവാണ് ഭീഷ്മപർവത്തിന്റെ ഭാഗമായ ഭഗവദ്ഗീത, അത് ഈ ഭാരത ഭൂവിന്റെ ആത്മാവുകൂടിയാണ്. 

ശ്രീമദ് ഭഗവദ്ഗീത
(ഒൻപതാം അദ്ധ്യായം)
രാജവിദ്യാരാജഗുഹ്യയോഗം 
SREEMAD BHAGAVAD GITA
                        (Chapter 9)
(RAJAVIDYARAJAGUHYAYOGAM)

(വിദ്യകളിൽ വച്ച് രാജാവും രഹസ്യങ്ങളിൽവച്ച് രാജാവുമായ അതായത് അത്യുൽക്കൃഷ്ടവും അതിരഹസ്യവുമായ , ജ്ഞാനത്തെ വിജ്ഞാനത്തോടുകൂടി പറഞ്ഞുതരാമെന്ന വാക്കുകളോടെയാണ്‌ ഭഗവാൻ ആരംഭിക്കുന്നത്)

ശ്രീ ഭഗവാൻ ഉവാച:
ഇദം തു തേ ഗുഹ്യതമം
പ്രവഖ്യാമ്യനസൂയവേ
ജ്ഞാനം വിജ്ഞാനസഹിതം
യജ്ഞാത്വാ മോക്ഷ്യസേƒശുഭാത്                         (1)

യാതൊന്നിനെ അറിഞ്ഞാലാണോ നീ അശുഭത്തിൽ നിന്ന് - സംസാര ദുഃഖത്തിൽ നിന്ന്- മുക്തനാകുന്നത്, ആ ജ്ഞാനത്തെ വിജ്ഞാനസഹിതമായി അസൂയാരഹിതനായ നിനക്ക് പറഞ്ഞുതരാം.

രാജവിദ്യാരാജഗുഹ്യം
പവിത്രമിദമുത്തമം
പ്രത്യക്ഷാവഗമം ധർമ്യം
സുസുഖം കർത്തുമവ്യയം                                       (2)

വിദ്യകളിൽ വച്ച് ശ്രേഷ്ഠമായതിനാൽ രാജവിദ്യയായ ഈ ജ്ഞാനം അതിരഹസ്യവും, പരിശുദ്ധവും, ഉത്തമവും, സ്പഷ്ടമായി അറിയാവുന്നതും, ധർമാനുസാരമായിട്ടുള്ളതും അനുഷ്ടിക്കാൻ സുഖമുള്ളതും നശിക്കാത്ത ഫലമുളവാക്കുന്നതുമാകുന്നു,

അശ്രദ്ദധാനാഃ പുരുഷാ
ധർമസ്യാസ്യ പരന്തപ
അപ്രാപ്യമാം നിവർത്തന്തേ
മൃത്യുസംസാരവർത്മനി                                           (3)

അല്ലയോ അർജുന! ഈ ധർമമാർഗത്തെ ശ്രദ്ധിക്കാത്ത ജനങ്ങൾ എന്നെ പ്രാപിക്കാനിടയാകാതെ ജനനമരണ രൂപമായ സംസാരത്തിൽ തന്നെ വർത്തിക്കുന്നു. ( അവർക്ക് സംസാരദുഃഖങ്ങളിൽ നിന്ന് മോചനം സാദ്ധ്യമാകുന്നില്ല)

മയാ തതമിദം സർവം
ജഗദവ്യക്ത മൂർത്തിനാ
മത് സ്ഥാനി സർവഭൂതാനി 
ന ചാഹം തേഷ്വവസ്ഥിതഃ                                    (4)

വ്യക്തമല്ലാത്ത സ്വരൂപത്തോടുകൂടിയ, എന്നാൽ ഈ സർവലോകവും വ്യാപിക്കപ്പെട്ടിരിക്കുന്നു. സകലചരാചരങ്ങളും എന്നിൽ സ്ഥിതിചെയ്യുന്നു. എന്നാൽ ഞാൻ അവയിൽ സ്ഥിതി ചെയ്യുന്നില്ല. ( താൻ സകല ചരാചരങ്ങൾക്കും ആധാരമാണെന്നും അതേസമയം തന്നെ -പരമാത്മാവ്- പരിപൂർണമായും നിസംഗനുമാണെന്ന് ഇവിടെ വ്യക്തമാക്കുന്നു.) 

ന ച മത്സ്ഥാനി ഭൂതാനി 
പശ്യ മേ യോഗമൈശ്വരം
ഭൂതഭ്യന്ന ച ഭൂതസ്ഥോ
മമാത്മാ ഭൂതഭാവനഃ                                                (5)
SREEMAD BHAGAVAD GITA

എന്നാൽ ഭൂതങ്ങൾ യഥാർത്ഥത്തിൽ എന്നിൽ ഇരിക്കുന്നുമില്ല. എന്റെ ഈശ്വരീയമായ യോഗശക്തിയെ കണ്ടാലും. എന്റെ പരമമായ സ്വരൂപം (പരമാത്മാവ്) ഭൂതങ്ങളെ ഉണ്ടാക്കുന്നതും പാലിക്കുന്നതുമാണ്‌. എന്നാൽ ഞാൻ ഭൂതങ്ങളിൽ സ്ഥിതി ചെയ്യുന്നുമില്ല.

യഥാകാശസ്ഥിതോ നിത്യം
വായുഃ സർവത്രഗോ മഹാൻ
തഥാ സർവാണി ഭൂതാനി
മത്സ്ഥാനീത്യുപധാരയ                                            (6)

എല്ലായിടത്തും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മഹത്തായ വായു ആകാശത്തിൽ സ്ഥിതിചെയ്യുന്നത് എപ്രകാരമാണോ അപ്രകാരം തന്നെയാണ്‌ എല്ലാ ചരാചരങ്ങളും(ഭൂതങ്ങളും) എന്നിൽ സ്ഥിതി ചെയ്യുന്നതെന്ന് അറിഞ്ഞാലും.
( ആകാശത്തിൽ സദാ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വായു മൂലം ആകാശത്തിന്‌ യാതൊരു മാറ്റവും സംഭവിക്കുന്നില്ല. അതുപോലെ സകലചരാചരങ്ങളും പരമാത്മാവിൽ സ്ഥിതിചെയ്യുമ്പോഴും പരമാത്മാവ് നിസ്സംഗമായിത്തന്നെ ഇരിക്കുന്നു.)

സർവഭൂതാനി കൗന്തേയ 
പ്രകൃതിം യാന്തി മാമികാം
കല്പക്ഷയേ പുനസ്താനി
കല്പാദൗ വിസ്യജാമ്യഹം                                         (7)

അല്ലയോ അർജുന! കല്പാവസാനത്തിൽ -മഹാപ്രളയകാലത്തിൽ- എല്ലാ ചരാചരങ്ങളും എന്റെ പ്രകൃതിയിൽ ലയിക്കുന്നു. വീണ്ടും കല്പാരംഭത്തിൽ അവയെ ഞാൻ പുനഃസൃഷ്ടിക്കുന്നു.

പ്രകൃതിം സ്വാമവഷ്ടഭ്യ
വിസ്യജാമി പുനഃ പുനഃ
ഭൂതഗ്രാമമിമം കൃത്സ്നം
അവശം പ്രകൃതേർവശാത്                                      (8)

സ്വന്തമായ പ്രകൃതിയെ സ്വീകരിച്ചുകൊണ്ട് സ്വഭാവമനുസരിച്ച് അസ്വതന്ത്രമായ ഈ മുഴുവൻ ഭൂതസമൂഹത്തേയും വീണ്ടും വീണ്ടും ഞാൻ സൃഷ്ടിക്കുന്നു.

ന ച മാം താനി കർമാണി
നിബദ്ധ്നന്തി ധനജ്ഞയ!
ഉദാസീനവദാസീന-
മസക്തം തേഷു കർമസു                                         (9)

അല്ലയോ പാർഥ! ആ കർമങ്ങളിൽ ആസക്തിയില്ലാത്തവനായി, ഉദാസീനനായി വർത്തിക്കുന്ന എന്നെ  ആ കർമങ്ങൾ ബന്ധിക്കുന്നില്ല.

മയാധ്യക്ഷേണ പ്രകൃതിഃ
സൂയതേ സചരാചരം
ഹേതുനാനേന കൗന്തേയ
ജഗദ്വിപരിവർത്തതേ                                             (10)
SREEMAD BHAGAVAD GITA

അല്ലയോ അർജുന! എന്റെ സാനിധ്യമാത്രത്താൽ മൂലപ്രകൃതി ചരാചരത്മകമായ പ്രപഞ്ചത്തെ സൃഷ്ടിക്കുന്നു. അതു ഹേതുവായിട്ട് പ്രപഞ്ചം ഉണ്ടാവുകയും നശിക്കുകയും വീണ്ടും ഉണ്ടാവുകയും ചെയ്തുകൊണ്ട് പരിവർത്തനം ചെയ്യുന്നു.

അവജാനന്തി മാം മൂഢാഃ
മാനുഷിം തനുമാശ്രിതം
പരം ഭാവമജാനന്തോ
മമ ഭൂതമഹേശ്വരം                                                    (11)

സകലഭൂതങ്ങളുടേയും (ചരാചരങ്ങളുടേയും) മഹേശ്വരനായ എന്റെ യഥാർഥ സ്വരൂപം മനസ്സിലാക്കാൻ കഴിയാത്ത മൂഢന്മാർ മനുഷ്യദേഹത്തെ ആശ്രയിച്ചിരിക്കുന്നവനാണ്‌ ഞാനെന്ന് കരുതി എന്നെ നിന്ദിക്കുന്നു.

മോഘാശാ മോഘകർമാണോ
മോഘജ്ഞാനാ വിചേതസഃ
രാക്ഷസീമാസുരീം ചൈ വ
പ്രകൃതിം മോഹിനീം ശ്രിതാഃ                                       (12)

വ്യർഥമായ ആശയുള്ളവരും പാഴ്വേല ചെയ്യുന്നവരും നിഷ്ഫലമായ അറിവുള്ളവള്ളവരുമായ അവിവേകികൾ രാക്ഷസർക്കും അസുരർക്കും ചേരുന്നതും മോഹകരവുമായ സ്വഭാവത്തെത്തന്നെ ആശ്രയിച്ചവരത്രേ.

മഹാത്മാനസ്തു മാം പാർഥ
ദൈവീം പ്രകൃതിമാശ്രിതാഃ
ഭജന്ത്യനന്യമനസോ
ജ്ഞാത്വാ ഭൂതാദിമവ്യയം                                             (13)

അല്ലയോ അർജുന! രാഗദ്വേഷാദികൾ വെടിഞ്ഞ് അന്തഃകരണശുദ്ധി നേടീയിട്ടുള്ള മഹാത്മാക്കൾ, ദൈവികമായ സ്വഭാവത്തെ ആശ്രയിച്ച് സർവഭൂതങ്ങൾക്കും ആദികാരണമാണ്‌ ഞാനെന്നറിഞ്ഞിട്ട് എന്നെ അന്യചിന്തകൂടാതെ (ഏകാഗ്രതയോടെ) ഭജിക്കുന്നു.

സതതം കീർത്തയന്തോ മാം
യതന്തശ്ച ദൃഢവ്രതാഃ
നമസ്യന്തശ്ച മാം ഭക്ത്യാ
നിത്യയുക്താ ഉപാസതേ                                                (14)

(മുൻ പറഞ്ഞ മഹാത്മാക്കൾ) എപ്പോഴും എന്നെ കീർത്തിക്കുന്നവരായും ഉറച്ച നിഷ്ഠയുള്ളവരായും പ്രയത്നശാലികളായും നമസ്കരിക്കുന്നവരായും സദാ പരമാത്മചിന്തയുള്ളവരായും  എന്നെ ഭക്തിയോടെ ഉപാസിക്കുന്നു.

ജ്ഞാനയജ്ഞേന ചാപ്യന്യേ
യജന്തോ മാമുപാസതേ
ഏകത്വേന പൃഥക്ത്വേന
ബഹുധാ വിശ്വതോമുഖം                                                (15)
SREEMAD BHAGAVAD GITA

മാത്രമല്ല, മറ്റുചിലർ ഏകഭാവത്തിലും ഭേദഭാവനയോടെ അനേക ഭാവത്തിലും ജ്ഞാനയജ്ഞത്താൽ പൂജിക്കുന്നവരായിട്ട് സർവാത്മകനായിരിക്കുന്ന എന്നെ ഉപാസിക്കുന്നു.

അഹം ക്രതുരഹം യജ്ഞഃ
സ്വധാഹമഹമൗഷധം
മന്ത്രോƒഹമഹമേവാജ്യ-
മഹമഗ്നിരഹം ഹുതം                                                       (16)

വേദോക്തമായ യാഗം ഞാനാകുന്നു. സ്മൃതിപ്രോക്തമായ യജ്ഞവും പിതൃക്കൾക്കായുള്ള (അന്നവും) ശ്രാദ്ധാദി കർമങ്ങളും ഞാനാകുന്നു. ഔഷധവും, മന്ത്രങ്ങളും, ഹോമദ്രവ്യങ്ങളും, അഗ്നിയും, ആഹുതിയും(ഹോമക്രിയ) ഞാനാകുന്നു.

പിതാമഹസ്യ ജഗതഃ
മാതാ ധാതാ പിതാമഹഃ
വേദ്യം പവിത്രമോങ്കാര
ഋക് സാമ യജുരേവ ച                                                     (17)

ഈ ജഗത്തിന്റെ പിതാവും, മാതാവും, പിതാമഹനും കർമഫലദാതാവും ഞാനാകുന്നു. അറിയപ്പെടേണ്ടതും പരിശുദ്ധവുമായ വസ്തുവും, ഓംകാരവും ഋക് സാമ യജുസ്സ് എന്നീ വേദങ്ങളും ഞാൻ തന്നെയാകുന്നു.( ‘ച’ ശബ്ദം കൊണ്ട് അഥർവവേദത്തേയും ഗ്രഹിക്കേണ്ടതാണെന്ന് ശങ്കരാചാര്യർ)

ഗതിർഭർത്താ പ്രഭുഃ സാക്ഷീ
നിവാസഃ ശരണം സുഹൃത്
പ്രഭവഃ പ്രലയഃ സ്ഥാനം
നിധാനം ബീജമവ്യയം                                                      (18)

പ്രാപ്യസ്ഥാനവും, ഭരിക്കുന്നവനും, സർവത്തേയും നിയന്ത്രിക്കുന്നവനും, സകലതിനും സാക്ഷിയായി വർത്തിക്കുന്നവനും, എല്ലാറ്റിന്റേയും ഇരിപ്പിടവും ആശ്രയവും ഹിതത്തെ ചെയ്യുന്നവനും, ഉത്ഭവസ്ഥാനവും ലയസ്ഥാനവും ആധാരവും സകലജഗത്തിന്റേയും നിക്ഷേപ സ്ഥാനവും, ഒരിക്കലും നശിക്കാത്ത ബീജവും(കാരണവസ്തു) ഞാൻ തന്നെയാകുന്നു.

തപാമ്യഹമഹം വർഷം
നിഗൃഹ്ണാമ്യുത്സ്യജാമി ച
അമൃതം ചൈവ മൃത്യുശ്ച
സദസച്ചാഹമർജുന                                                          (19)

അല്ലയോ അർജുന! ഞാൻ ഈ ലോകത്തിന്‌ ചൂടു നല്കുന്നു, മഴയെ തടഞ്ഞു നിർത്തുകയും പെയ്യിക്കുകയും ചെയ്യുന്നു. മരണമില്ലായ്മയും മരണവും (അനശ്വരതയും നശ്വരതയും) സത്തും അസത്തും ( ഉണ്മയും ഇല്ലായ്മയും) ഞാൻ തന്നെയാകുന്നു.

ത്രൈവിദ്യാ മാം സോമപാഃ പൂതപാപാ
യജ്ഞൈരിഷ്ട്വാ സ്വർഗതിം പ്രാർഥയന്തേ
തേ പുണ്യമാസാദ്യ സുരേന്ദ്രലോക-
മശ്നന്തി ദിവ്യാൻ ദിവി ദേവഭോഗാൻ                                    (20)
SREEMAD BHAGAVAD GITA

ഋക്, യജുസ്സ്, സാമം എന്നീ മൂന്നു വേദങ്ങളിൽ പറയുന്ന കർമങ്ങൾ അനുശ്ഷ്ഠിക്കുന്നവർ യാഗങ്ങളെക്കൊണ്ട് എന്നെ പൂജിച്ചിട്ട് (യജ്ഞശിഷ്ടമായ) സോമപാനം ചെയ്ത് പാപരഹിതരായി സ്വർഗപ്രാപ്തിക്കായി പ്രാർഥിക്കുന്നു. അവർ പുണ്യഫലമായ സ്വർഗത്തെ പ്രാപിച്ചിട്ട് അവിടെ ദിവ്യങ്ങളായ ദേവഭോഗങ്ങളെ അനുഭവിക്കുന്നു.

തേ തം ഭുക്ത്വാ സ്വർഗലോകം വിശാലം
ക്ഷീണേ പുണ്യേ മർത്ത്യലോകം വിശന്തി
ഏവം ത്രയീധർമമനുപ്രപന്നാഃ
ഗതാഗതം കാമകാമാ ലഭന്തേ                                             (21)

അവർ വിശാലമായ ആ സ്വർലോകത്തിലെ സുഖങ്ങൾ അനുഭവിച്ചിട്ട് പുണ്യം ക്ഷയിക്കുമ്പോൾ മനുഷ്യലോകത്തിലേക്ക് തിരിച്ചുവരുന്നു. ഇപ്രകാരം വേദധർമത്തെ സ്വീകരിക്കുന്ന വിഷയേച്ഛുക്കൾ(ജനനമരണരൂപമായവർ) വരവും പോക്കുമായി കഴിയുന്നു.

അനന്യാശ്ചിന്തയന്തോ മാം
യേ ജനാഃ പര്യുപാസയതേ
തേഷാം നിത്യാഭിയുക്താനാം
യോഗക്ഷേമം വഹാമ്യഹം                                                  (22)

യാതൊരു ജനങ്ങൾ അന്യചിന്തയില്ലാതെ എന്നെ ധ്യാനിച്ച് എന്നെത്തന്നെ ഉപാസിക്കുന്നുവോ സദാ മനസ്സ് എന്നിലുറപ്പിച്ചവരായ അവരുടെ യോഗക്ഷേമങ്ങളെ ഞാൻ വഹിക്കുന്നു.

യേƒപ്യന്യ ദേവതാ ഭക്താ
യജന്തേ ശ്രദ്ധയാന്വിതാഃ
തേƒപി മാമേവ കൗന്തേയ
യജന്ത്യ വിധിപൂർവകം                                                           (23)

അല്ലയോ അർജുന! യാതൊരു ഭക്തന്മാർ ശ്രദ്ധയോടുകൂടി അന്യദേവതകളെ ഉപാസിക്കുന്നുവോ അവരും വിധിപ്രകാരമല്ലാതെയാണെങ്കിലും എന്നെത്തന്നെയാണ്‌ പൂജിക്കുന്നത്.

അഹം ഹി സർവ യജ്ഞാനാം
ഭോക്താ ച പ്രഭുരേവ ച 
ന തു മാമഭിജാനന്തി
തത്ത്വേനാതശ്ച്യവന്തിതേ                                                       (24)

എന്തെന്നാൽ ഞാൻ തന്നെയാണ്‌ സകലയജ്ഞങ്ങളുടേയും ഭോക്താവും പ്രഭുവും(ഭുജിക്കുന്നവനും ഫലദാതാവും). എന്നാൽ അവർ എന്നെ അപ്രകാരം പരമാർഥമായി അറിയുന്നില്ല. അതിനാൽ അവർ (ഫലേച്ഛുക്കളും ക്ഷണിക സുഖാന്വേഷികളുമായി) വഴുതിപ്പോകുന്നു. ( അതായത് വീണ്ടും വീണ്ടും ജനനമരണരൂപമായ പുനരാവൃത്തിയെ പ്രാപിക്കുന്നു).

യാന്തി ദേവവ്രതാ ദേവാൻ
പിത്യൂൻ യാന്തി പിതൃവ്രതാഃ
ഭൂതാനി യാന്തി ഭൂതേജ്യാ
യാന്തി മദ്യാജിനോƒപി മാം                                                     (25)
SREEMAD BHAGAVAD GITA

ദേവാരാധകന്മാർ ദേവകളേയും, പിതൃക്കളെ ആരാധിക്കുന്നവർ പിതൃക്കളേയും, ഭൂതങ്ങളെ ആരാധിക്കുന്നവർ ഭൂതങ്ങളേയും പ്രാപിക്കുന്നു. എന്നെ ആരാധിക്കുന്നവർ എന്നേയും പ്രാപിക്കുന്നു.( ഭഗവാനെ ഏകാഗ്രതയോടെ ഭജിക്കുന്നവർ ഭഗവാനെ പ്രാപിക്കുന്നു. ഡെവന്മാർ ഇന്ദ്രിയാനുഭവങ്ങളേയും പിതൃക്കൾ പൂർവിക സംസ്കാരാചാരങ്ങളുടേയും ഭൂതങ്ങൾ ഭൗതിക നേട്ടങ്ങളൂടേയും പ്രതീകങ്ങളാണ്‌).

പത്രം പുഷ്പം ഫലം തോയം
യോ മേ ഭക്ത്യാ പ്രയച്ഛതി
തദഹം ഭക്ത്യുപഹൃത-
മശ്നാമി പ്രയതാത്മനഃ                                                           (26)

യാതൊരാൾ ഇലയോ പഴമോ പൂവോ ജലമോ എനിക്ക് ഭക്തിയോടെ സമർപ്പിക്കുന്നുവോ, ശുദ്ധാത്മാവായ അവന്റെ ആ ഭക്തിപൂർവമുള്ള സമർപ്പണത്തെ ഞാൻ സ്വീകരിക്കുന്നു. ( ശുദ്ധാത്മായ ഭക്തൻ എന്തു നല്കിയാലും അതു ഭഗവാനു സ്വീകാര്യമാണ്‌, അയാൾ ശുദ്ധാത്മാവായിരിക്കണമെന്നതും, സമർപ്പണം ഭക്തിയോടെ ആയിരിക്കണമെന്നതും പ്രധാനമാണ്‌).

യത്കരോഷി യദശ്നാസി
യജ്ജുഹോഷി ദദാസിയത്
യത് തപസ്യസി കൗന്തേയ
തത് കുരുഷ്വ മദർപ്പണം                                                      (27)

അല്ലയോ അർജുന! നീ എന്തു ചെയ്താലും എന്തു ഭുജിച്ചാലും എന്തു ഹോമിച്ചാലും എന്തു ദാനം ചെയ്താലും എന്തു തപസ്സു ചെയ്താലും അതെല്ലാം എനിക്കുള്ള അർപ്പണമായി ചെയ്യുക.

ശുഭാശുഭഫലൈരേവം
മോക്ഷ്യസേ കർമബന്ധനൈഃ
സംന്യാസ യോഗയുക്താത്മാ
വിമുക്തോ മാമുപൈഷ്യസി                                                 (28)

ഇപ്രകാരം (സകല കർമങ്ങളും എനിക്കുള്ള അർപ്പണമായി ചെയ്താൽ) ശുഭവും അശുഭവുമായ ഫലങ്ങൾക്കു കാരണമായ കർമങ്ങളുടെ ബന്ധനങ്ങളിൽ നിന്ന് നീ മുക്തനായിത്തീരും. ഇങ്ങനെ സംന്യാസയോഗത്തോടുകൂടിയ അന്തഃകരണമുള്ളവനാകുകയും തല്ഫലമായി നീ എന്നെ പ്രാപിക്കുകയും ചെയ്യും.

സമോഹം സർവഭൂതേഷു
ന മേ ദ്വേഷ്യോƒസ്തി ന പ്രിയഃ
യേ ഭജന്തി തു മാം ഭക്ത്യാ
മയി തേ തേഷു ചാപ്യഹം                                                    (29)

ഞാൻ സകല ജീവരാശികളിലും തുല്യനാകുന്നു. എനിക്ക് ശത്രുവില്ല; മിത്രവുമില്ല. എന്നാൽ യാതൊരുവർ ഭക്തിപൂർവം എന്നെ ഭജിക്കുന്നുവോ, അവർ എന്നിലും ഞാൻ അവരിലും സ്ഥിതിചെയ്യുന്നു.

അപി ചേത് സുദുരാചാരോ
ഭജതേ മാമനന്യഭാക്
സാധുരേവ സ മന്തവ്യഃ
സംമ്യഗ് വ്യവസിതോ ഹി സഃ                                              (30)
SREEMAD BHAGAVAD GITA

അത്യന്തം ദുരാചാരിയാണെങ്കിൽ പോലും അന്യശരണമില്ലെന്നുറപ്പിച്ച് എന്നെ ഭജിക്കുന്നുവെങ്കിൽ അവൻ നല്ലവനെന്നു കരുതപ്പെടേണ്ടവനാണ്‌. എന്തെന്നാൽ സാധുവായ(ശരിയായ) നിശ്ചയം അവൻ ചെയ്തുകഴിഞ്ഞിരിക്കുന്നു.

ക്ഷിപ്രം ഭവതി ധർമാത്മാ
ശശ്വച്ഛാന്തിം നിഗച്ഛതി
കൗന്തേയ പ്രതിജാനീഹി
ന മേ ഭക്തഃ പ്രണശ്യതി                                                       (31)

അവൻ വേഗം തന്നെ ധർമാത്മാവായി ഭവിക്കുന്നു. ശാശ്വത ശാന്തിയെ അവൻ പ്രാപിക്കുകയും ചെയ്യുന്നു. അല്ലയോ  അർജുന! എന്റെ ഭക്തൻ നശിക്കില്ല എന്ന് തീർച്ചപ്പെടുത്തിക്കൊള്ളുക.

മാം ഹി പാർഥ വ്യപാശ്രിത്യ
യേƒപി സ്യുഃ പാപയോനയഃ
സ്ത്രിയോ വൈശ്യാസ്തഥാ ശൂദ്രാ-
സ്തേƒപി യാന്തി പരാംഗതിം                                             (32)

അല്ലയോ അർജുന! സ്ത്രീകളായും വൈശ്യരായും ശൂദ്രരായും ഉള്ളവരും അപ്രകാരം തന്നെ പാപിയോനികളിൽ ജനിച്ചവരും കൂടി എന്നെ ആശ്രയിച്ച് പരമഗതിയെ പ്രാപിക്കുന്നു.( ഗീത ഒരു തരത്തില്പ്പെട്ടവരേയും അകറ്റിനിർത്തുന്നില്ല. ഏതുതരത്തില്പ്പെട്ടവരായാലും അവർക്കെല്ലാം അധ്യാത്മികമായ പുരോഗതിക്കും ആത്യന്തികമായ പരമഗതിപ്രാപ്തിക്കും അർഹതയുണ്ടെന്ന് വെളിപ്പെടുത്തുന്നു.)

കിം പുനർ ബ്രാഹ്മണാഹ് പുണ്യാ
ഭക്താ രാജർഷയസ്തഥാ
അനിത്യമസുഖം ലോകം
ഇമം പ്രാപ്യ ഭജസ്വ മാം                                                       (33)

പുണ്യമുള്ള ബ്രാഹ്മണരും അതുപോലെ ഭക്തരായ രാജർഷികളും പരമഗതി പ്രാപിക്കുമെന്ന് പ്രത്യേകം പറയണമെന്നില്ലല്ലോ. നശ്വരവും ദുഃഖകരവുമായ ഈ ലോകത്തിൽ വന്നുകൂടിയ സ്ഥിതിക്ക് എന്നെ ഭജിച്ചു കൊള്ളുക.

മന്മനാ ഭവ മദ്ഭക്തോ
മദ്യാജീ മാം നമസ്കുരു
മാമേവൈഷ്യസി യുക്ത്വൈവം
ആത്മാനം മത്പരായണഃ                                                    (34)

എന്നിൽ മനസ്സുറപ്പിച്ചവനും എന്റെ ഭക്തനും എനിക്കു വേണ്ടി സർവവും സമർപ്പിക്കുന്നവനുമായി നീ ഭവൈക്കുക. എന്നെ നമസ്കരിക്കുക. ഇപ്രകാരം എന്നെ പരമാശ്രയമായി കരുതി മനസ്സിനെ എന്നിൽ യോജിപ്പിച്ചാൽ എന്നെത്തന്നെ നീ പ്രാപിക്കും.

ഇതി ശ്രീമദ് ഭഗവദ്ഗീതാസു ഉപനിഷത്സു
ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ
ശ്രീകൃഷ്ണാർജുന സംവാദേ
രാജവിദ്യാരാജഗുഹ്യോനാമ
നവമോƒധ്യായഃ

ഒൻപതാം അധ്യായം കഴിഞ്ഞു.



ഈ ബ്ലോഗിനെക്കുറിച്ച് നിങ്ങളുടെ സുഹൃത്തുക്കളോട് പറയൂ, ഓരോ മലയാളിയുടേയും ആത്മാവിലേയ്ക്ക് എത്തട്ടെ ഭാരതത്തിന്റെ ഈ പുണ്യഗ്രന്ഥം , കാരണം സാർവലൗകികമായ സത്യങ്ങളുടെ കാതലാണ് ഭഗവദ്ഗീത.
ഇത് നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ദയവായി ലൈക്ക് ചെയ്യൂ, ഒപ്പം ഷെയർ ചെയ്യൂ. എത്തട്ടെ അത് ലോകം മുഴുവനും.

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ചുവടെയുള്ള Comments എന്ന ഭാഗത്ത് ക്ലിക്ക് ചെയ്താൽ തുറന്ന് വരുന്ന ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഈ സപര്യയയ്ക്ക് ഒരു പ്രചോദനമായിരിക്കും.

മറ്റ്  അദ്ധ്യായങ്ങൾക്കായി ചുവടെയുള്ള ലിങ്കുകൾ ഉപയോഗിക്കുക.
SREEMAD BHAGAVAD GITA

അർജ്ജുനവിഷാദയോഗം ( ഒന്നാം അദ്ധ്യായം )    

സാംഖ്യയോഗം ( രണ്ടാം അദ്ധ്യായം )

കർമയോഗം ( മൂന്നാം അധ്യായം)

ജ്ഞാനകർമ സംന്യാസയോഗം ( നാലാം അദ്ധ്യായം )

സംന്യാസയോഗം ( അഞ്ചാം അദ്ധ്യായം )

ധ്യാനയോഗം (  ആറാം അധ്യായം )

ജ്ഞാനവിജ്ഞാന യോഗം (ശ്രീമദ് ഭഗവദ്ഗീത ഏഴാം അദ്ധ്യായം)

അക്ഷരബ്രഹ്മയോഗം ( (ശ്രീമദ് ഭഗവദ്ഗീത  എട്ടാം അദ്ധ്യായം) 

രാജവിദ്യാരാജഗുഹ്യയോഗം (ശ്രീമദ് ഭഗവദ്ഗീത- ഒൻപതാം അദ്ധ്യായം)


മറ്റ്  വിഷയങ്ങൾ 

1. ഭഗവദ്ഗീത ശ്ലോകങ്ങളും മലയാള വ്യാഖ്യാനവും  ( പൂമുഖം )

2. ഗീത അതിവിശിഷ്ടമായ പൂച്ചെണ്ട് (ആമുഖം)   

3. സാംഖ്യദർശനത്തിന്റെ പ്രാധാന്യം ( പഠനം)

4. ശ്രീ ശങ്കരാചാര്യർ (ലേഖനം )

5. ധ്യാനമന്ത്രങ്ങൾ (ഉപാസനാ  മന്ത്രങ്ങൾ )

 SREEMAD BHAGAVAD GITA

ഭക്തി വീഡിയോകൾ 
1. പഴനിമല മുരുകൻ 
2. തൈപ്പൂയകാഴ്ചകൾ 


പത്താം അദ്ധ്യായം വിഭൂതിയോഗം ഉടൻ പ്രസിദ്ധീകരിക്കുന്നു 




Wednesday, 18 February 2015

ശ്രീമദ് ഭഗവദ്ഗീത (എട്ടാം അദ്ധ്യായം )
അക്ഷരബ്രഹ്മയോഗം (AKSHARABRAHMAYOGAM)



ഭഗവദ്ഗീത മലയാളവ്യാഖ്യാനത്തോടൊപ്പം അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ സപര്യയുടെ ഭാഗമായി ഏഴ്  അദ്ധ്യായങ്ങൾ ഇതുവരെ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതാ എട്ടാം അദ്ധ്യായവും എല്ലാ മലയാളികൾക്കുമായി സമർപ്പിക്കുന്നു.
മഹാഭാരതത്തിന്റെ ആത്മാവാണ് ഭീഷ്മപർവത്തിന്റെ ഭാഗമായ ഭഗവദ്ഗീത, അത് ഈ ഭാരത ഭൂവിന്റെ ആത്മാവുകൂടിയാണ്. 

ശ്രീമദ് ഭഗവദ്ഗീത
എട്ടാം അദ്ധ്യായം
അക്ഷരബ്രഹ്മയോഗം
SREEMAD BHAGAVAD GITA
                        (Chapter 8)
AKSHARABRAHMAYOGAM

(ഈ അദ്ധ്യായത്തിന്‌ ‘താരകബ്രഹ്മയോഗം’ എന്നും പേരുണ്ട്.ബ്രഹ്മം, അദ്ധ്യാത്മം, കർമം, അധിഭൂതം, അധിദൈവം, അധിയജ്ഞൻ എന്നിവയെക്കുറിച്ച് അർജ്ജുനൻ ഉന്നയിക്കുന്ന ചോദ്യങ്ങളോടെയാണ്‌ ഈ അദ്ധ്യായം ആരംഭിക്കുന്നത്)

അർജുന ഉവാച:
കിം തത് ബ്രഹ്മ കിമധ്യാത്മം
കിം കർമ പുരുഷോത്തമ
അധിഭൂതം ച കിം പ്രോക്തം
അധിദൈവം കിമുച്യതേ                                             (1)


അധിയജ്ഞ കഥം കോƒത്ര
ദേഹേസ്മിൻ മധുസൂദന
പ്രയാണകാലേ ച കഥം
ജ്ഞേയോƒസി നിയതാതമഭിഃ                                    (2)

അർജ്ജുനൻ ചോദിച്ചു:
ഹേ പുരുഷോത്തമ! ആ ബ്രഹ്മം എന്നു പറഞ്ഞത് എന്താണ്‌? അധ്യാത്മം എന്താണ്‌? കർമം എന്താണ്‌? അധിഭൂതം എന്നുപറയപ്പെട്ടതും എന്താണ്‌? അധിദൈവം എന്നു പറയുന്നത് എന്തിനെയാണ്‌? ഈ ദേഹത്തിൽ അധിയജ്ഞൻ ആരാണ്‌? എങ്ങനെ വർത്തിക്കുന്നു? അല്ലയോ മധുസൂദന! മനസ്സിനെ അടക്കിയവർ മരണസമയത്തും അങ്ങയെ എപ്രകാരം അറിയുന്നു?

ശ്രീ ഭഗവാൻ ഉവാച:
അക്ഷരം ബ്രഹ്മ പരമം
സ്വഭാവോƒധ്യാത്മമുച്യതേ
ഭൂതഭാവോദ്ഭവകരോ
വിസർഗഃ കർമസംജ്ഞിതഃ                                        (3) 

SREEMAD BHAGAVAD GITA

ഏറ്റവും ഉത്കൃഷ്ടവും നാശരഹിതവുമായത് ബ്രഹ്മം. ബ്രഹ്മത്തിന്റെ ജീവാത്മഭാവത്തെ അധ്യാത്മം എന്നു പറയുന്നു. സകല ജീവരാശികളുടേയും ഉല്പത്തിക്ക് കാരണമായ സൃഷ്ടിവ്യാപാരത്തിന്‌ കർമം എന്നു പറയുന്നു.

അധിഭൂതം ക്ഷരോ ഭാവഃ
പുരുഷശ്ചാധിദൈവതം
അധിയജ്ഞോƒഹമേവാത്ര
ദേഹേ ദേഹഭൃതാംവര                                                (4)

നാശമുള്ളതെല്ലാം (നശ്വരമായത്) അധിഭൂതമാകുന്നു. ശരീരമനോബുദ്ധികളിൽ വർത്തിക്കുന്ന ശക്തിവിശേഷമാണ്‌ അധിദൈവതം. ഈ ദേഹത്തിൽ ഞാൻ തന്നെ അധിയജ്ഞൻ.(ശരീരത്തിൽ അന്തര്യാമിയായി വർത്തിക്കുന്ന പരമാത്മാവ് തന്നെയാണ്‌ അധിയജ്ഞൻ)

അന്തകാലേ ച മാമേവ
സ്മരൻ മുക്ത്വാ കളേബരം
യഃ പ്രയാതി സ മദ്ഭാവം
യാതി നാസ്ത്യത്ര സംശയഃ                                       (5)  

യാതൊരാൾ മരണസമയത്തും എന്നെത്തന്നെ സ്മരിച്ച്കൊണ്ട് ശരീരം വിട്ടുപോകുന്നുവോ അയാൾ എന്നിൽ ലയിക്കുന്നു. ഇക്കാര്യത്തിൽ സംശയമില്ല.

യം യം വാപി സ്മരൻ ഭാവം
ത്യജത്യന്തേ കളേബരം
തം തമേവൈതി കൗന്തേയ
സദാ തദ്ഭാവ ഭാവിതം                                              (6)    

SREEMAD BHAGAVAD GITA

അല്ലയോ അർജ്ജുന! മരണസമയത്ത് ഏതേതു ഭാവത്തെ(രൂപത്തെ) സ്മരിച്ചുകൊണ്ടാണോ ശരീരത്തെ ത്യജിക്കുന്നത്, എപ്പോഴും ആ രൂപത്തെക്കുറിച്ചുള്ള ചിന്ത ഹേതുവായിട്ട് ജീവൻ അതാതു രൂപത്തെത്തന്നെ പ്രാപിക്കുന്നു.

തസ്മാത് സർവേഷു കാലേഷു
മാമനുസ്മര യുദ്ധ്യ ച
മയ്യർപ്പിതമനോബുദ്ധിർ
മമേവൈഷസ്യസംശയഃ                                           (7)

അതുകൊണ്ട് എല്ലാക്കാലത്തും എന്നെ സ്മരിക്കുക. യുദ്ധവും ചെയ്യുക (സ്വധർമം അനുഷ്ടിക്കുക). എന്നിൽ അർപ്പിതമായ മനസ്സും ബുദ്ധിയോടും കൂടിയവനാകയാൽ നീ എന്നെത്തന്നെ പ്രാപിക്കും. സംശയം വേണ്ട.

അഭ്യാസ യോഗ യുക്തേന
ചേതസാ നാന്യഗാമിനാ
പരമം പുരുഷം ദിവ്യം
യാതി പാർത്ഥാനുചിന്തയൻ                                     (8)

അല്ലയോ അർജ്ജുന! പരിശീലനത്താൽ നേടിയ ഏകാഗ്രതയോടെ മറ്റുവിഷയങ്ങളിലേക്ക് പോകാത്ത മനസ്സുകൊണ്ട് നിരന്തരമായി ധ്യാനിക്കുന്നവൻ പ്രകാശ സ്വരൂപനായ പരമപുരുഷനെ പ്രാപിക്കുന്നു.

കവിം പുരാണമനുശാസിതാരം
അണോരണീയാം സമനുസ്മരേദ്യഃ
സർവസ്യ ധാതാരമചിന്ത്യരൂപം
ആദിത്യവർണം തമസഃ പരസ്താത്                       (9)     

SREEMAD BHAGAVAD GITA

പ്രയാണകാലേ മനസാƒചലേന
ഭക്ത്യാ യുക്തോ യോഗബലേന ചൈവ
ഭ്രുവോർമധ്യേ പ്രാണമാവേശ്യ സമ്യക്
സ തം പരം പുരുഷമുപൈതി ദിവ്യം                       (10)

യോഗബലത്താൽ ഏകാഗ്രത കൈവരിച്ച മനസ്സോടെ ഭക്തിപൂർവം ഏതൊരാൾ മരണസമയത്ത് പ്രാണനെ ഭ്രൂമദ്ധ്യത്തിൽ (പുരികങ്ങളുടെ നടുവിൽ) നിർത്തിയിട്ട് സർവജ്ഞനും കാലാതീതതനും സകലത്തിന്റേയും നിയന്താവുമായി നിലകൊള്ളുന്നവനും, അണുവിനേക്കാൾ അതി സൂക്ഷ്മമായവനും സർവചരാചരങ്ങളുടേയും പരമാശ്രയമായവനും ചിന്തിച്ചറിയാനാവാത്ത രൂപത്തോടുകൂടിയവനും സൂര്യനെപ്പോലെ തേജസ്വിയും തമസ്സിന്‌ അതീതനുമായ പരാമാത്മാവിനെ ഇടവിടാതെ ധ്യാനിക്കുന്നുവോ അവൻ ആ പ്രകാശമായ പരമാത്മാവിനെത്തന്നെ പ്രാപിക്കുന്നു.

യദക്ഷരം വേദവിദോ വദന്തി
വിശന്തി യദ്യതയോ വീതരാഗാഃ
യദിച്ഛന്തോ ബ്രഹ്മചര്യം ചരന്തി
തത്തേ പദം സംഗ്രഹേണ പ്രവക്ഷ്യേ                    (11)

വേദജ്ഞന്മാർ ഏതൊന്നിനെയാണോ അക്ഷരമെന്ന് ( നാശമില്ലാത്തതെന്ന് ) പറയുന്നത്, എല്ലാ ആസക്തികളും ഉപേക്ഷിച്ച യോഗികൾ പ്രവേശിക്കുന്നതും, ബ്രഹ്മചര്യം അനുഷ്ഠിക്കുന്നവർ ഇച്ഛിക്കുന്നതുമായ ആ പദത്തെ (സ്ഥാനത്തെ) ഞാൻ നിനക്ക് ചുരുക്കമായി പറഞ്ഞുതരാം.

സർവദ്വാരാണി സംയമ്യ
മനോ ഹൃദി നിരുധ്യ ച
മൂർധ്ന്യാധായാത്മനഃ പ്രാണം
ആസ്ഥിതോ യോഗധാരണാം                                 (12)    

SREEMAD BHAGAVAD GITA

ഓമിത്യേകാക്ഷരം ബ്രഹ്മ
വ്യാഹരൻ മമനുസ്മരൻ
യഃ പ്രയാതി ത്യജൻ ദേഹം
സ യാതി പരമാം ഗതിം                                          (13)

യാതൊരുവൻ എല്ലാ ഇന്ദ്രിയങ്ങളേയും അടക്കിയിട്ട്, മനസിനെ ഹൃദയത്തിൽ അടക്കിനിർത്തി, പ്രാണനെ മൂർധാവിൽ ഉറപ്പിച്ച് യോഗനിലയെ പ്രാപിച്ച് ബ്രഹ്മവാചകമായ ഓം എന്ന ഏകാക്ഷരത്തെ ഉച്ചരിച്ചുകൊണ്ടും, എന്നെ ധ്യാനിച്ചുകൊണ്ടും ദേഹം വിട്ടുപോകുന്നുവോ അവൻ പരമപദത്തിൽ എത്തുന്നു.( ഓം കാരം ബ്രഹ്മവാചകവും, ഉപാസനയ്ക്കും ധ്യാനത്തിനുമുള്ള ബ്രഹ്മപ്രതീകവുമാകുന്നു.)

അനന്യചേതാഃ സതതം
യോ മാം സ്മരതി നിത്യശഃ
തസ്യാഹം സുലഭഃ പാർഥ
നിത്യയുക്തസ്യ യോഗിനഃ                                       (14)

ഹേ അർജുന! അന്യചിന്തയില്ലാതെ എന്നും എപ്പോഴും എന്നെ യാതൊരുവൻ സ്മരിക്കുന്നുവോ സ്ഥിരചിത്തനായ ആ യോഗിക്ക് ഞാൻ പ്രയാസം കൂടാതെ പ്രാപിക്കാൻ കഴിയുന്നവനാകുന്നു.( വല്ലപ്പോഴുമൊരിക്കൽ ഒരുചടങ്ങെന്ന നിലയിൽ പ്രദർശിപ്പിക്കേണ്ട ഒന്നല്ല ഈശ്വര സ്മരണ, എല്ലായ്പ്പോഴും ഈശ്വര സ്മരണയോടെ വർത്തിക്കുന്നവൻ യോഗിതന്നെയാണ്‌)

മാമുപേത്യ പുനർജന്മ
ദുഃഖാലയമശാശ്വതം
നാപ്നുവന്തി മഹാത്മാനഃ
സംസിദ്ധിം പരമാം ഗതാഃ                                       (15)     

SREEMAD BHAGAVAD GITA

എന്നെ പ്രാപിച്ചിട്ട് പരമമായ സിദ്ധിയെ നേടിയ പരമാത്മാക്കൾ പിന്നെ ദുഃഖങ്ങളുടെ ഇരിപ്പിടവും, നശ്വരവുമായ ജന്മത്തെ പ്രാപിക്കുന്നില്ല.

ആബ്രഹ്മ ഭുവനാല്ലോകഃ
പുനരാവർത്തിനോതർജുന
മാമുപേത്യ തു കൗന്തേയ
പുനർജന്മ ന വിദ്യതേ                                             (16)

ഹേ അർജുന! കുന്തീപുത്ര! ബ്രഹ്മലോകം വരെയുള്ള ലോകങ്ങൾ പുനർജന്മമുള്ളവയാണ്‌. എന്നെ പ്രാപിച്ചാലാകട്ടെ , പിന്നെ ജനിക്കുക എന്നത് ഉണ്ടാവുകയില്ല.

സഹസ്രയുഗപര്യന്തം
അഹർ യദ് ബ്രഹ്മണോ വിദുഃ
രാത്രിം യുഗ സഹസ്രാന്താം
തേƒഹോരാത്രവിദോ ജനാഃ                                     (17)

ആയിരം യുഗങ്ങൾ കൂടിയതാണ്‌ ബ്രഹ്മാവിന്റെ പകലെന്നും, അത്രയും കാലയളവുള്ളതാണ്‌ ബ്രഹ്മാവിന്റെ രാത്രിയെന്നും അറിയുന്ന ജനങ്ങൾ പകലും രാത്രിയും അറിയുന്നവരാകുന്നു.

അവ്യക്താദ് വ്യക്തയഃ സർവാഃ
പ്രഭവന്ത്യഹരാഗമേ
രാത്ര്യാഗമേ പ്രലീയന്തേ
തത്രൈവാവ്യക്ത സംജ്ഞകേ                                (18)     

SREEMAD BHAGAVAD GITA

ബ്രഹ്മാവിന്റെ പകൽ ആരംഭിക്കുമ്പോൾ അവ്യക്തത്തിൽ (മൂലപ്രകൃതിയിൽ) നിന്ന് സർവചരചരങ്ങളും വ്യക്തമായി ഭവിക്കുന്നു. ബ്രഹ്മാവിന്റെ രാത്രി തുടങ്ങുമ്പോൾ അവയെല്ലാം ആ അവ്യക്തത്തിൽ (മൂലപ്രകൃതിയിൽ) തന്നെ ലയിക്കുകയും ചെയ്യുന്നു.( അവ്യക്തം എന്നതിനെ പ്രകൃതി, പ്രധാനം, മുതലായ പേരുകളിലും വിവരിക്കാറുണ്ട്).

ഭൂതഗ്രാമഃ സ ഏവായം
ഭൂത്വാ ഭൂത്വാ പ്രലീയതേ
രാത്ര്യാഗമേƒവശഃ പാർഥ
പ്രഭവത്യഹരാഗമേ                                                  (19)

അല്ലയോ അർജുന! മുൻപുണ്ടായിരുന്ന അതേ പ്രാണിസമൂഹം തന്നെയാണ്‌ വീണ്ടും വീണ്ടും ജനിച്ച് ലയത്തെ പ്രാപിക്കുന്നത്. പകൽ തുടങ്ങുമ്പോൾ അവ പൂർവകർമവാസനകൾക്ക് വിധേയരായി ജനിക്കുകയും ചെയ്യുന്നു.

പരസ്തസ്മാത്തു ഭവോƒന്യോƒ-
വ്യക്തോƒവ്യക്താത് സനാതനഃ
യഃ സ സർവേഷു ഭൂതേഷു
നശ്യത്സു ന വിനശ്യതി                                            (20)

എന്നാൽ ആ അവ്യക്തത്തിൽ (മൂലപ്രകൃതിയിൽ) നിന്ന് അന്യമായി ശ്രേഷ്ഠവും ശാശ്വതവുമായി യാതൊന്ന് അവ്യക്തഭാവമായിട്ടുണ്ടോ അത് സർവഭൂതങ്ങളും നശിക്കുമ്പോഴും നശിക്കുന്നില്ല.( ആ അവ്യക്തം ബ്രഹ്മം തന്നെയാണ്‌. അത് ഒരിക്കലും നശിക്കുന്നില്ല)

അവ്യക്തോƒക്ഷര ഇത്യുക്ത-
സ്തമാഹുഃ പരമാം ഗതിം
യം പ്രാപ്യ ന നിവർത്തന്തേ
തദ്ധാമ പരമം മമ                                                    (21)     

SREEMAD BHAGAVAD GITA

അവ്യക്തമെന്നും അക്ഷരമെന്നും പറയപ്പെടുന്ന അതിനെ പരമലക്ഷ്യമെന്നും പറയുന്നു. യാതൊന്നിനെ പ്രാപിച്ചാൽ പിന്നെ ജനന മരണ രൂപമായ ജീവിതത്തിലേയ്ക്ക് വരുന്നില്ലയോ അതുതന്നെയാണ്‌ എന്റെ ഉത്തമമായ സ്ഥാനം.

പുരുഷഃ സ പരഃ പാർഥ
ഭക്ത്യാ ലഭ്യസ്ത്വനന്യയാ
യസ്യാന്തഃ സ്ഥാനി ഭൂതാനി
യേന സർവമിദം തതം                                           (22)

അല്ലയോ പാർഥ! സർവചരാചരങ്ങളും ആരുടെ ഉള്ളിൽ സ്ഥിതിചെയ്യുന്നുവോ, യാതൊരുവനാൽ ഈ പ്രപഞ്ചം മുഴുവൻ വ്യാപിക്കപ്പെട്ടിരിക്കുന്നുവോ, ആ പരമ പുരുഷൻ അനന്യഭക്തികൊണ്ട് പ്രാപിക്കപ്പെടാവുന്നവനാണ്‌.

യത്ര കാലേത്വനാവൃത്തിം
ആവൃത്തിം ചൈവ യോഗിനഃ
പ്രയാതാ യാന്തി തം കാലം
വക്ഷ്യാമി ഭരതർഷഭ                                                 (23)

അല്ലയോ അർജുന! ഏതു കാലത്തു പ്രയാണം ചെയ്യുന്ന ( ദേഹം ഉപേക്ഷിച്ച് പോകുന്ന) യോഗികൾ പുനർജന്മമില്ലാത്ത പരമപദം പ്രാപിക്കുന്നുവോ, ഏതുകാലത്ത് പോകുന്നവർ പുനർജന്മത്തെ പ്രാപിക്കുന്നുവോ ആ കാലത്തെ ഞാൻ പറഞ്ഞുതരാം.

അഗ്നിർ ജ്യോതിരഹഃ ശുക്ളഃ
ഷണ്മാസാ ഉത്തരായണം
തത്ര പ്രയാതാ ഗച്ഛന്തി
ബ്രഹ്മ ബ്രഹ്മവിദോ ജനാഃ                                         (24)

അഗ്നി ജ്വലിക്കുമ്പോഴും, പ്രകാശം വ്യാപിച്ചിരിക്കുമ്പോഴും, പകൽ സമയത്തും, വെളുത്ത പക്ഷത്തിലും, ഉത്തരായണകാലത്തും ശരീരം വിട്ടുപോകുന്ന ബ്രഹ്മജ്ഞാനികൾ ബ്രഹ്മത്തെത്തന്നെ പ്രാപിക്കുന്നു.

ധൂമോ രാത്രിസ്തഥാ കൃഷ്ണഃ
ഷണ്മാസാ ദക്ഷിണായനം
തത്ര ചാന്ദ്രമസം ജ്യോതിഃ
യോഗീ പ്രാപ്യ നിവർത്തതേ                                    (25)      

SREEMAD BHAGAVAD GITA

പുക പരക്കുമ്പോഴും, രാത്രിയിലും, കറുത്ത പക്ഷത്തിലും, ദക്ഷിണായനത്തിലും, ദേഹം വിട്ടുപോകുന്ന യോഗി ചന്ദ്ര ജ്യോതിസിനെ അഥവാ ചന്ദ്രലോകത്തെ പ്രാപിച്ചിട്ട് പുനർജന്മമെടുത്ത് തിരിച്ചുവരുന്നു.
(പരമപദം പ്രാപിക്കുന്ന ഈ രണ്ടു രീതികളിൽ ആദ്യത്തേത് ദേവയാനം അഥവാ അർച്ചിരാദി എന്നും രണ്ടാമത്തേത് പിതൃയാനം അഥവാ ധൂമാദിമാർഗം എന്നും പറയപ്പെടുന്നു).

ശുക്ലകൃഷ്ണേ ഗതീ ഹ്യേതേ
ജഗതഃ ശാശ്വതേ മതേ
ഏകയാ യാത്യനാവൃത്തിം
അന്യയാƒവർത്തതേ പുനഃ                                     (26)

ശുക്ലം കൃഷ്ണം (ശുക്ലഗതി - കൃഷ്ണഗതി ) എന്നീ രണ്ട് മാർഗങ്ങൾ ലോകത്തിൽ എല്ലാക്കാലത്തും നിലവിലുള്ളതായി കണക്കാക്കപ്പെടുന്നു. ആദ്യത്തെ മാർഗത്തിൽ കൂടി പുനരാവൃത്തിയില്ലാത്ത (പുനർജന്മം) പരമപദത്തെ പ്രാപിക്കുന്നു. രണ്ടാമത്തേതിൽ കൂടി പോകുന്നവർ വീണ്ടും ജന്മമെടുത്ത് സംസാരലോകത്തിലേയ്ക്ക് തിരിച്ചുവരികയും ചെയ്യുന്നു.

നൈതേ സൃതീ പാർഥ ജാനൻ
യോഗീ മുഹ്യതി കശ്ചന
തസ്മാത് സർവേഷു കാലേഷു
യോഗയുക്തോ ഭവാർജുന                                         (27)

അല്ലയോ അർജുന! ഈ രണ്ടുമാർഗങ്ങളും (ശുക്ലഗതി - കൃഷ്ണഗതി ) അരിയുന്ന ഒരു യോഗിയും മോഹവശഗനായിത്തീരുന്നില്ല. അതുകൊണ്ട് എല്ലാ കാലങ്ങളിലും (സദാസമയവും) നീ യോഗത്തോറ്റുകൂടിയവനായിരിക്കുക.

വേദേഷു യജ്ഞേഷു തപസ്സു ചൈവ
ദാനേഷു യത് പുണ്യഫലം പ്രദിഷ്ടം
അത്യേതി തത് സർവമിദം വിദിത്വാ
യോഗീ പരം സ്ഥാനമുപൈതി ചാദ്യം                        (28)     

SREEMAD BHAGAVAD GITA

ഈ രണ്ടു മാർഗങ്ങളും അറിഞ്ഞിട്ട് യോഗിയായവൻ വേദങ്ങളിലും യജ്ഞങ്ങളിലും തപസ്സുകളിലും ദാനങ്ങളിലും പറയപ്പെട്ടിട്ടുള്ള പുണ്യഫലങ്ങളെ എല്ലാം അതിക്രമിക്കുകയും ആദികാരണമായ പരമപദത്തെ (മോക്ഷത്തെ) പ്രാപിക്കുകയും ചെയ്യുന്നു.

ഇതി ശ്രീമദ് ഭഗവദ്ഗീതാസു ഉപനിഷത്സു
ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ
ശ്രീകൃഷ്ണാർജുന സംവാദേ
അക്ഷര ബ്രഹ്മ യോഗോനാമ
അഷ്ടമോƒധ്യായഃ

എട്ടാം അദ്ധ്യായം കഴിഞ്ഞു.


ഈ ബ്ലോഗിനെക്കുറിച്ച് നിങ്ങളുടെ സുഹൃത്തുക്കളോട് പറയൂ, ഓരോ മലയാളിയുടേയും ആത്മാവിലേയ്ക്ക് എത്തട്ടെ ഭാരതത്തിന്റെ ഈ പുണ്യഗ്രന്ഥം , കാരണം സാർവലൗകികമായ സത്യങ്ങളുടെ കാതലാണ് ഭഗവദ്ഗീത.
ഇത് നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ദയവായി ലൈക്ക് ചെയ്യൂ, ഒപ്പം ഷെയർ ചെയ്യൂ. എത്തട്ടെ അത് ലോകം മുഴുവനും.

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ചുവടെയുള്ള Comments എന്ന ഭാഗത്ത് ക്ലിക്ക് ചെയ്താൽ തുറന്ന് വരുന്ന ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഈ സപര്യയയ്ക്ക് ഒരു പ്രചോദനമായിരിക്കും.

മറ്റ്  അദ്ധ്യായങ്ങൾക്കായി ചുവടെയുള്ള ലിങ്കുകൾ ഉപയോഗിക്കുക.

SREEMAD BHAGAVAD GITA

അർജ്ജുനവിഷാദയോഗം ( ഒന്നാം അദ്ധ്യായം )    

സാംഖ്യയോഗം ( രണ്ടാം അദ്ധ്യായം )

കർമയോഗം ( മൂന്നാം അധ്യായം)

ജ്ഞാനകർമ സംന്യാസയോഗം ( നാലാം അദ്ധ്യായം )

സംന്യാസയോഗം ( അഞ്ചാം അദ്ധ്യായം )

ധ്യാനയോഗം (  ആറാം അധ്യായം )

ജ്ഞാനവിജ്ഞാന യോഗം (ശ്രീമദ് ഭഗവദ്ഗീത ഏഴാം അദ്ധ്യായം)

അക്ഷരബ്രഹ്മയോഗം ( (ശ്രീമദ് ഭഗവദ്ഗീത  എട്ടാം അദ്ധ്യായം) 

മറ്റ്  വിഷയങ്ങൾ 

1. ഭഗവദ്ഗീത ശ്ലോകങ്ങളും മലയാള വ്യാഖ്യാനവും  ( പൂമുഖം )

2. ഗീത അതിവിശിഷ്ടമായ പൂച്ചെണ്ട് (ആമുഖം)   

3. സാംഖ്യദർശനത്തിന്റെ പ്രാധാന്യം ( പഠനം)

4. ശ്രീ ശങ്കരാചാര്യർ (ലേഖനം )

5. ധ്യാനമന്ത്രങ്ങൾ (ഉപാസനാ  മന്ത്രങ്ങൾ )

 SREEMAD BHAGAVAD GITA

ഭക്തി വീഡിയോകൾ 
1. പഴനിമല മുരുകൻ 
2. തൈപ്പൂയകാഴ്ചകൾ