Showing posts with label മതപരം. Show all posts
Showing posts with label മതപരം. Show all posts

Friday 17 November 2023

ക്ഷേത്രങ്ങളിലെ ബലിക്കല്ലും അഷ്ടദിക്പാലകരും.


ബലിക്കല്ല്
ക്ഷേത്രം എന്നുള്ളത് ദേവീദേവന്മാരുടെ വാസസ്ഥലമായി ആണ് കരുതി പോരുന്നത്. ക്ഷേത്രം ഒരു രാജകൊട്ടാരത്തിന്റെ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്. അതിൽ പ്രധാന ദേവീദേവന്മാർ ക്ഷേത്രം ആകുന്നു രാജകൊട്ടാരത്തിലെ രാജാവിൻറെ സ്ഥാനം അലങ്കരിക്കുന്നു.
ഈ രാജാവിന് ഒരുപാട് ദൃശ്യവും അദൃശ്യവുമായ [പ്രതിഷ്ഠ രൂപത്തിൽ] 
ദേവഗണങ്ങളുടെയും ഭൂതഗണങ്ങളുടെ അകമ്പടിയും പരിചരണവും കാവലും ഉണ്ട്. ഇവയ്ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള വരാണ് ബലിക്കല്ലിന്റെ രൂപത്തിൽ നാം കാണുന്നു ദേവതാസങ്കല്പങ്ങൾ.
ദേവഗണങ്ങൾക്ക് ശ്രീകോവിലിന്റെ ചുറ്റുമുള്ള അകത്തെ ബലിവട്ടത്തിലും ഭൂതഗണങ്ങൾക്ക് പുറത്തെ ബലിവട്ടത്തിലും, വലിയ ബലികല്ലിലും ആ വലിയ ബലിക്കല്ലിന്റെ അഷ്ടദിക്കുകളിൽ പ്രതിഷ്ഠിച്ചിട്ടുള്ള  ബലിക്കല്ലിലുമാണ് സ്ഥാനം. ഇവർ ഓരോരുത്തർക്കും ചുറ്റിലുമായി മറ്റനേകം ദേവ /ഭൂതഗണങ്ങളും വസിക്കുന്നുണ്ട്. 
പല ക്ഷേത്രങ്ങളിലും ദൃശ്യമായ  ബലിക്കല്ലുകൾ കാണണമെന്നില്ല  അതിനർത്ഥം അവിടെ അത്തരം ചൈതന്യങ്ങൾ ഇല്ല എന്നല്ല മറിച്ച് അവരുടെ അദൃശ്യസാന്നിദ്ധ്യം എപ്പോഴും  ആ ക്ഷേത്രത്തിൽ ചുറ്റിലും ഉണ്ടാവും.
ഈ ഒരു കാരണങ്ങൾ കൊണ്ടുതന്നെയാണ് ക്ഷേത്രത്തിനകത്ത് തുപ്പുകയോ ഉപയോഗിച്ച ശേഷം പ്രസാദങ്ങളും മറ്റും അലക്ഷ്യമായി വലിച്ചെറിയുകയോ ക്ഷേത്രവും പരിസരവും മലിനമാക്കുന്ന പ്രവർത്തികൾ ചെയ്യുകയോ അരുത് എന്നും പറയുന്നത്. 
ക്ഷേത്രത്തിനു ചുറ്റിലും അനേകായിരം ഭൂത /ദേവസങ്കൽപങ്ങൾ ഉള്ളതിനാലാകണം ക്ഷേത്ര പ്രദക്ഷിണത്തിനും ഒരു നിയമം നിശ്ചയിച്ചിരിക്കുന്നത്. നമ്മളിൽ പലരുടെയും ക്ഷേത്രദർശന സമയത്തെ ചവിട്ടി തേച്ചുള്ള പ്രദക്ഷിണം കണ്ടാൽ തന്നെ മനസ്സിലാക്കാം ഇതൊരു കടമ നിർവ്വഹിക്കൽ മാത്രമാണെന്ന്. മേൽപ്പറഞ്ഞ അനേകായിരം ഭൂത ദേവസങ്കൽപങ്ങളുടെ സ്വൈര്യവിഹാരം  തടസ്സപ്പെടുത്താത്ത വിധത്തിൽ ആയിരിക്കണം ക്ഷേത്ര പ്രദക്ഷിണം. 
ക്ഷേത്രത്തിലെ ബലിക്കല്ലുകൾ സൂചിപ്പിക്കുന്നത് അഷ്ടദിക്കുകളെയും അവയുടെ അധിപന്മാരായ അഷ്ടദിക്ക്പാലരേയുമാണ്. അതിനാൽ എട്ടുദിക്കുകളേയും അവയുടെ അധികാരികളേയും ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിക്കാറുണ്ട്. ശ്രീകോവിലിനു ചുറ്റും നാലമ്പലത്തിനകത്തായി അന്തർമണ്ഡപത്തിലാണ് ബലിക്കല്ലുകളുടെ സ്ഥാനം. ഓരോ ദിക്കിൻറെയും അധിപന്മാരെ ആ ദിക്കുകളിൽ സ്ഥാപിക്കുന്നു.
അഷ്ടദിക്പാലകർ
കിഴക്കിൻറെ ദേവനായ ഇന്ദ്രനാണ് കിഴക്കുവശത്ത്. തെക്ക് കിഴക്ക് അഗ്നിദേവൻറെ ബലിക്കല്ലാണ് വേണ്ടത്. യമദേവനാണ് തെക്ക്വശത്തിൻറെ അധിപൻ. തെക്കു പടിഞ്ഞാറ് ബലിക്കല്ലിൽ ആവേശിക്കേണ്ടത് ആ ദിക്കിൻറെ ദേവനായ നിരൃതിയെയാണ്. വരുണൻ പടിഞ്ഞാറുദിക്കിലും, വായുദേവൻ വടക്കുപടിഞ്ഞാറും സ്ഥാനം അലങ്കരിക്കും. വടക്ക്ദിശയുടെ അധിപൻ കുബേരനാണെങ്കിലും ക്ഷേത്രങ്ങളിൽ വടക്കുഭാഗത്ത് ബലിക്കല്ലിൻറെ അധിപൻ സോമനാണ്. അതിനാൽ വടക്കുദിക്കിലെ ബലിക്കല്ല് മാത്രം അഷ്ടദിക്പാലകരിൽ നിന്നും വേറിട്ട് സോമിനു കൊടുത്തിരിക്കുന്നു. വടക്ക് കിഴക്ക് ഈശാനനാണ്.
ഇതുകൂടാതെ മുകളിലും താഴെയുമായി ഒരോ ദിക്കുകൾ കൂടിയുണ്ട്. മുകളിലെ ദിക്കിൻറെ അധിപൻ ബ്രഹ്മാവാണ്. അതിനാൽ ബ്രഹ്മാവിന് വേണ്ടി ബലിക്കല്ല് കിഴക്കിനും-വടക്ക്കിഴക്കിനും ഇടയിൽ സ്ഥാപിക്കുന്നു. കീഴ്ഭാഗത്തുള്ള ദിക്കിൻറെ അധിപൻ അനന്തനാണ്. നിരൃതിയുടേയും (തെക്ക്-പടിഞ്ഞാറ്) വരുണന്റേയും (പടിഞ്ഞാറ്) ബലിക്കല്ലുകൾകിടയിലാണ് അനന്തൻറെ ബലിക്കല്ലിൻറെ സ്ഥാനം. ക്ഷേതങ്ങളിലെ ബലിക്കല്ലുകളിൽ ചവിട്ടാനോ മറികടക്കാനോ പാടില്ല എന്നാണ് വിശ്വാസം.
പ്രദക്ഷിണവും ബലിക്കല്ലും
ക്ഷേത്രത്തിനുളളിൽ പ്രവേശിച്ച് ദേവവാഹനത്തെ വണങ്ങി ഭഗവാനെ ദർശിച്ച ശേഷം പ്രദക്ഷിണം ആരംഭിക്കാം. പ്രദക്ഷിണം ചെയ്യുമ്പോൾ എപ്പോഴും ബലിക്കല്ലുകൾ പ്രദക്ഷിണം ചെയ്യുന്ന വ്യക്തിയുടെ വലതുഭാഗത്തായിരിക്കണം. ബലിക്കല്ലുകൾ അഷ്ടദിക്പാലകരെ പ്രതിനിധീകരിക്കുന്നു. നാലമ്പലത്തിനകത്ത് ശ്രീകോവിലിന് ചുറ്റുമായാണ് ബലിക്കല്ലുകളുടെ സ്ഥാനം. ദേവനു പ്രദക്ഷിണം വയ്ക്കുന്ന സമയത്ത് അറിയാതെ ബലിക്കല്ലുകളിൽ തട്ടുകയോ മറികടക്കുകയോ ചവിട്ടുകയോ ചെയ്താൽ ബലിക്കല്ലിൽ തൊട്ടു തൊഴരുത്. അറിയാതെ ചവിട്ടുന്നതിലും വലിയ തെറ്റാണ് തൊട്ടു തലയിൽ വയ്ക്കുന്നത്. ഒരു ബലിക്കല്ലിൽ നിന്നും മറ്റൊരു ബലിക്കല്ലിലേക്ക് നിരന്തരമായി ഊർജ പ്രവാഹമുണ്ടാകും. ഈ ഊർജ പ്രവാഹത്തിന് തടസ്സമുണ്ടാവാൻ പാടില്ല എന്നതാണു തത്വം.
തൊട്ടുതൊഴുമ്പോൾ നമ്മൾ വീണ്ടും ഈ ഊർജ പ്രവാഹത്തിനു തടസ്സം വരുത്തുന്നു. അതുപോലെ ശ്രീകോവിലിൽ നിന്നുള്ള നടയിലും ഓവിലും ദേവവാഹനത്തെയും തൊട്ടുതൊഴാൻ പാടില്ല. ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന പ്രസാദം ക്ഷേത്രമതിലിൽ തേച്ചു വയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യരുത്. പ്രസാദം പിന്നീട് തൊടുവാൻ പാകത്തിൽ വീട്ടിൽ സൂക്ഷിക്കുക. പൂജാപുഷ്പങ്ങൾ മറ്റുള്ളവർ ചവിട്ടാതെ മുറ്റത്തിൻറെ ഒരു ഭാഗത്തോ ചെടിച്ചുവട്ടിലോ മറ്റും ഇടുകയും ആവാം.
ബലിക്കല്ലിൽ അറിയാതെ തട്ടുകയോ ചവിട്ടുകയോ മറികടക്കുകയോ ചെയ്താൽ പ്രായശ്ചിത്തമായി മൂന്നു തവണ ക്ഷമാപണമന്ത്രം ജപിച്ചാൽ മതിയാവും.
‘‘ഓം കരചരണകൃതം വാ കായജം കർമജം വാ
ശ്രവണനയനജം വാ മാനസം വാപരാധം
വിഹിതമവിഹിതം വാ സർവമേതത് ക്ഷമസ്വ
ശിവശിവ കരുണാബ്ധേ ശ്രീമഹാദേവ ശംഭോ’’ എന്നതാണു ക്ഷമാപണമന്ത്രം.

ഉത്സവബലി
ഉത്സവബലിപൂജയിൽ
ക്ഷേത്ര നാലമ്പലത്തിനകത്തും പുറത്തുമുള്ള ബലിക്കല്ലുകളിലും, ദേവൻറെ പരിവാരങ്ങൾക്കും മറ്റു ഭൂതഗണങ്ങൾക്കും നിവേദ്യം അർപ്പിക്കുന്നതാണ് ഉത്സവബലി. തന്ത്രിക്കും, കഴകം, വാദ്യക്കാർ, കൈസ്ഥാനീയർ എന്നിവർക്കും വസ്ത്രവും ദക്ഷിണയും നൽകുന്നതാണ് ഉത്സവബലിയുടെ ആദ്യ ചടങ്ങ്. ബലി തൂകുന്നതിലുള്ള ചോറ് (ഹവിസ്സ്) തൂശനിലയിൽ നിരത്തിവയ്ക്കും. തുടർന്ന് ഇത് മൂന്നായി പകുത്ത്, ഓരോന്നിലും ഉണക്കലരി, എള്ള്, മഞ്ഞൾ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്സ് സത്വരജിസ്തമോഗുണങ്ങളുടെ സൂചകങ്ങളാണ്. പിന്നീട് ഹവിസ്സ് പൂജ നടത്തുന്നു, അതിന് മരം എന്ന വാദ്യവും ശംഖ്, ചേങ്ങില എന്നിവയും ചേർത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണർത്തും.
ക്ഷേത്രത്തിനുള്ളിലുള്ള ദ്വാസ്ഥന്മാർ, മണ്ഡപത്തിലെ ദേവവാഹനം, അഷ്ടദിക്പാലകർ, ബ്രഹ്മാവ്, അനന്തൻ, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ എന്നീ ദേവതകൾക്കും അനുചരന്മാർക്കും ആദ്യഘട്ടത്തിൽ ബലി തൂകും. രണ്ടാമത്തെ പ്രദക്ഷിണത്തിൽ ശ്രീകോവിലിൻറെ തെക്കുള്ള സപ്ത മാതൃക്കൾക്ക് ബലി തൂകുന്നു. വളരെ സമയമെടുത്താണ് രണ്ടാമത്തെ ഈ ബലിതൂവൽ. ഈ സമയത്തുമാത്രമാണ് ഭക്തർക്ക് ദർശനം നൽകാറുള്ളത്. കാണിക്ക അർപ്പിച്ച് ഉത്സവബലിപൂജ തൊഴുതാൽ അഷ്ടൈശ്വര്യങ്ങൾ സിദ്ധിക്കുമെന്നാണ് വിശ്വാസം. ഇതിനുശേഷം മാത്രമാണ് നാലമ്പലത്തിന് പുറത്തുള്ള ബലിപീഠങ്ങളിൽ ബലിതൂകുന്നത്. ക്ഷേത്രേശനെ എഴുന്നള്ളിച്ച് പുറത്തെ ബലി സമർപ്പണം വടക്കു ഭാഗത്ത് എത്തുമ്പോൾ ക്ഷേത്രപാലന് പാത്രത്തോടെ ബലി സമർപ്പിക്കുന്നതും വിചിത്രമായ കാഴ്ചയാണ്. തുടർന്ന് ദേവനെ അകത്ത് എഴുന്നള്ളിച്ച് പൂജ നടത്തുന്നതോടെയാണ് ഉത്സവബലി പൂർണമാകുന്നു.

Friday 25 April 2014

ധ്യാനമന്ത്രങ്ങൾ


മന്ത്രങ്ങൾ വെറും അന്ധവിശ്വാസമാണെന്ന് കരുതുന്നവരുണ്ട്, എന്നാൽ വിവിധ ദേവതകളെ സ്തുതിക്കുന്ന ധ്യാനമന്ത്രങ്ങൾ ശക്തിയുള്ളവയാണെന്ന് ശാസ്ത്രീയമായിത്തന്നെ തെളിയിക്കപ്പെട്ടവയാണ്‌.

അനേകലക്ഷം ധ്യാനമന്ത്രങ്ങൾ ഋഷിമാരാൽ രചിക്കപ്പെട്ടിട്ടുണ്ട്, അവ ഫലപ്രദമായി ഇന്നും ആചരിക്കുന്നവരുണ്ട്.

ജീവിതത്തിന്റെ ദുരിതപൂർണമായ കെട്ടുപാടുകളിൽ നിന്ന് മനസ്സിനെ സമാശ്വസിപ്പിക്കാൻ കഴിയുന്ന അത്തരം ചില ധ്യാനമന്ത്രങ്ങൾ ഇതാ....












ഗണപതി ധ്യാനമന്ത്രം

ഏകദന്തം മഹാകായം തപ്തകാഞ്ചനസന്നിഭം
ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം

ചിത്രരത്നവിചിത്രാംഗം ചിത്രമാലാവിഭൂഷിതം
കാമരൂപധരം ദേവം വന്ദേഹം ഗണനായകം

അംബികാഹൃദയാനന്ദം മാതൃഭിഃ പരിവേഷ്ഠിതം
ഭക്തപ്രിയം മദോന്മത്തം വന്ദേഹം ഗണനായകം

സർവ്വവിഘ്നഹരം ദേവം സർവ്വവിഘ്ന വിവർജ്ജിതം
സർവ്വസിദ്ധിപ്രദാതാരം വന്ദേഹം ഗണനായകം

ഗജാനനം ഭൂതഗണാദിസേവിതം
കപിത്ഥജംബൂഫലസാര ഭക്ഷിതം

ഉമാസുതം ശോകവിനാശകാരണം
നമാമി വിഘ്നേശ്വര പാദപങ്കജം

ശുക്ളാംബരധരം വിഷ്ണും
ശശിവർണ്ണം ചതുർഭുജം
പ്രസന്നവദനം ധ്യായേത്
സർവ്വവിഘ്നപ്രശാന്തയേ








ഗായത്രിമന്ത്രം

ഓം ഭുർഭുവഃ സ്വഃ
തത്സവിതുർ വരേണ്യം
ഭർഗ്ഗോ ദേവസ്യ ധീമഹീ
ധിയോ യോനഃ പ്രചോദയാത്







മുറ്റത്തുനില്ക്കുന്ന തുളസിച്ചെടിയുടെ മഹത്വം മറക്കാൻ പാടില്ല, തുളസിയെ വലം വയ്ക്കുമ്പോൾ ചൊല്ലേണ്ട മന്ത്രം.

പ്രസീദ തുളസീ ദേവീ
പ്രസീദ ഹരിവല്ലഭേ
ക്ഷീരോദമഥനോദ്ഭുതേ
തുളസീ ത്വാം നമാമ്യഹം







ആൽ മരത്തിന്റെ മഹത്വം ശാസ്ത്രീയമായിത്തന്നെ തെളിയിക്കപ്പെട്ടതാണ്‌, ആലിനെ വലം വയ്ക്കുമ്പോൾ ചൊല്ലേണ്ട മന്ത്രം.

മൂലതോഃ ബ്രഹ്മരൂപായ
മദ്ധ്യതോഃ വിഷ്ണുരൂപീണേ
അഗ്രത്ഃ ശിവരൂപായ
വൃക്ഷരാജായ തേ നമഃ







സന്ധ്യാദീപം കാണിക്കുമ്പോൾ ചൊല്ലേണ്ട മന്ത്രം


ശുഭംഭവതു കല്ല്യാണം ആയുരാരോഗ്യവർദ്ധനം
സർവ്വശത്രുവിനാശായ സന്ധ്യാദീപം നമോനമഃ







ഉറങ്ങാൻ കിടക്കുമ്പോഴും മന്ത്രജപമുണ്ട് കേട്ടോളൂ

അച്യുതായ നമഃ
അനന്തായ നമഃ
വാസുകയേ നമഃ
ചിത്രഗുപ്തായ നമഃ
വിഷ്ണവേ ഹരയേ നമഃ








കർപ്പൂരാരാധനാമന്ത്രം

നീരാജനം ദർശയാമി
ദേവ ദേവ നമോസ്തു തേ
പ്രസന്നോ വരദോ ഭൂയാഃ
വിശ്വമംഗലകാരക









ഗുരുശിഷ്യ ബന്ധത്തിന്റെ പാവനതയൊക്കെ പുതുതലമുറയ്ക്ക് അന്യമായെങ്കിലും, ദൈവം കഴിഞ്ഞാൽ തൊട്ടടുത്ത സ്ഥാനമുള്ള ആചാര്യനെ(ഗുരു) നമിക്കുന്നതിനുള്ള മന്ത്രത്തിന്റെ പ്രസക്തി മറക്കാൻ പാടില്ല, ഇതാ ഗുരുധ്യാനമന്ത്രം

ഗുരുർ ബ്രഹ്മാഃ ഗുരുർ വിഷ്ണുഃ
ഗുരുർ ദേവോ മഹേശ്വരഃ
ഗുരു സാക്ഷാത്പരംബ്രഹ്മഃ
തസ്മൈ ശ്രീഗുരവേ നമഃ

അജ്ഞാനതിമിരാന്ധസ്യ
ജ്ഞാനാജ്ഞനശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീഗുരവേ നമഃ

അഖണ്ഡമണ്ഡലാകാരാം
വ്യാപ്തം യേന ചരാചരം
തല്പദം ദർശിതം യേന
തസ്മൈ ശ്രീഗുരവേ നമഃ

ബ്രഹ്മാനന്ദം പരമസുഖദം
കേവലം ജ്ഞാനമൂർത്തിം
ദ്വന്ദ്വാതീതം ഗഗനസദൃശം
തത്ത്വമസ്യാദി ലക്ഷ്യം

ഏകം നിത്യം വിമലമചലം
സർവ്വധീ സാക്ഷിഭൂതം
ഭാവാതീതം ത്രിഗുണരഹിതം
സദ്ഗുരും തം നമാമി







സരസ്വതിധ്യാനമന്ത്രം

വാണീദേവി സുനീലവേണീ സുഭഗേ
വീണാരവം കൈതൊഴാം
വാണീ വൈഭവമോഹിനീ ത്രിജഗതാം
നാഥേ വിരിഞ്ചപ്രിയേ
വാണീദോഷമശേഷമാശു കളവാ-
നെന്നാവിലാത്താദരം
വാണീടേണമതിന്നു നിന്നടിയിൽ ഞാൻ
വീഴുന്നു മൂകാംബികേ

യാ കുന്ദേന്ദുതുഷാരഹാരധവളാ
യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാവരദണ്ഡമണ്ഡിതകരാ
യാ ശ്വേതപദ്മാസനാ

യാ ബ്രഹ്മാച്യുതശങ്കരപ്രഭൃതിഭിർ
ദേവൈഃ സദാ പൂജിതാ
സാ മാം പാതു സരസ്വതീ ഭഗവതീ
നിശ്ശേഷജാഡ്യാപഹാ

മുദ്രാപുസ്തക ഹസ്താഭ്യാം
ഭദ്രാസന കൃതിസ്ഥിതേ
പുരസ്സരേ സദാദേവി
സരസ്വതി നമോസ്തുതേ







ഹനുമാൻ ധ്യാനമന്ത്രം

യത്ര യത്ര രഘുനാഥ കീർത്തനം
തത്ര തത്ര കൃതമസ്തകാജ്ഞലിം
ബാഷ്പവാരി പരിപൂർണ്ണലോചനം
മാരുതിം നമത രാക്ഷസാന്തകം







വിഷ്ണുധ്യാനമന്ത്രം

ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം മേഘവർണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഭിർദ്ധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സരലോകൈകനാഥം







മഹാദേവധ്യാനമന്ത്രം

സംഹാരമൂർത്തിം ഹരമന്തകാരീം
വൃഷധ്വജം ഭൂതഗണാദിസേവ്യം
കൈലാസവാസം പരമേശ്വരം തം
നിത്യം നമാമി പ്രണവസ്വരൂപം

ഓം ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാർഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം








സുബ്രഹ്മണ്യധ്യാനമന്ത്രം

ആശ്ചര്യവീര്യം സുകുമാരരൂപം
തേജസ്വിനം ദേവഗണാഭിവന്ദ്യം
ഏണാങ്കഗൗരീതനയം കുമാരം
സ്കന്ദം വിശാഖം സതതം നമാമി

സ്കന്ദായ കാർത്തികേയായ
പാർവ്വതീനന്ദനനായ ച
മഹാദേവകുമാരായ
സുബ്രഹ്മണ്യയായ തേ നമഃ








ഭുവനേശ്വരിധ്യാനമന്ത്രം

നമസ്തേ ദേവി നീ വിശ്വ
ധാത്രി, നീ പ്രകൃതീശ്വരീ
കല്യാണി കാമദേ നീതാൻ
സിദ്ധിയും വൃദ്ധിയും ശിവേ

സംസാരയോനേ! കൂപ്പുന്നേൻ
സച്ചിദാനന്ദരൂപിണി
നമസ്തേ ഭുവനേശ്വരി
പഞ്ചകൃത്യവിധായികേ

സർവ്വാധാരേ! നമിക്കുന്നേൻ
കൂടസ്ഥേ! കൈതൊഴാം തൊഴാം
അർദ്ധമാത്രാർത്ഥഭൂതേ ഹ്രീ-
ങ്കാരരൂപേ തൊഴാം തൊഴാം

ഉദ്യദ്ദിനദ്യുതിമിന്ദുകിരീടാം
തുംഗകുചാം നയനത്രയയുക്താം
സ്മേരമുഖീം വരദാങ്കുശപാശാ-
ഭീതികരാം ഭജേദ്ഭുവനേശീം

ഭാസ്വത് ഭാസ്വത് സമാഭാം
വിജിതനവജുഷാ മിന്ദുഖണ്ഡാവനദ്ധ-
ദ്യോതന്മൗലിം ത്രിനേത്രാം
വിവിധ മണിലസത്കുണ്ഡലാം പത്മിനീ ച

ഹാരഗ്രൈവേയ കാഞ്ചീഗുണമണിവലയാ-
ദൈർവ്വിചിത്രാംബരാഢ്യാം
അംബാം പാശാങ്കുശേഷ്ടാ-
ഭയകരകമലാമംബികാം താം നമാമി







ധനല്ക്ഷ്മി ധ്യാനമന്ത്രം

ധിമി ധിമി ധിന്ധിമി ധിന്ധിമി ധിന്ധിമി
ദുന്ദുഭിനാദ സുപൂർണ്ണമയേ
ഘുമഘുമു ഘുംഘുമ ഘുംഘുമ ഘുംഘുമ
ശംഖനിനാദ സുവാദ്യാനുതേ
വേദപുരാണേതിഹാസ സുപുജിത-
വൈദികമാർഗ്ഗ പ്രദർശയുതേ
ജയ ജയ ഹേ! മധുസൂദനകാമിനി
ധനലക്ഷ്മി രൂപിണി പാലയ മാം







ആദിലക്ഷ്മിധ്യാനമന്ത്രം

സുമനസ വന്ദിത സുന്ദരി! മാധവി!
ചന്ദ്രസഹോദരി! ഹേമമയേ
മുനിഗണ മണ്ഡിത മോക്ഷപ്രദായിനി
മജ്ഞുളഭാഷിണി വേദനുതേ
പങ്കജവാസിനി ദേവസുപൂജിത
സദ്ഗുണവർഷിണി ശാന്തിയുതേ
ജയ ജയ ഹേ! മധുസൂദന കാമിനി
ആദിലക്ഷ്മി! സദാ പാലയ മാം


( തുടരും)

ഈ ശ്രമം നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ തീർച്ചയായും ലൈക്ക് ചെയ്യൂ, അതെനിക്ക് കൂടുതൽ പ്രചോദനമാകുമെന്നറിയിക്കട്ടെ.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ചുവടെ comments എന്ന ഭാഗത്ത് രേഖപ്പെടുത്തൂ.

ഭഗവത്ഗീത നാലാം അദ്ധ്യായം ജ്ഞാനകർമസംന്യാസ യോഗം ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്‌.

ഗീതാരഹസ്യത്തിലെ മറ്റ് പ്രധാന പോസ്റ്റുകൾ ചുവടെ നല്കിയിരിക്കുന്ന ലിങ്കുകളിൽ ക്ളിക്ക് ചെയ്ത് വായിക്കുക.



Wednesday 5 February 2014

സാംഖ്യദർശനത്തിന്റെ പ്രാധാന്യം




ഇന്ത്യയിലെ പ്രാചീനദർശനഗ്രന്ഥങ്ങളിൽ വച്ച്‌ ഏറ്റവുമധികം ജനപ്രീതി നേടിയതും ഇന്നും ജനങ്ങളെ സ്വാധീനിച്ച്‌ കൊണ്ടിരിക്കുന്നതുമായ ഒരു പുണ്യഗ്രന്ഥമാണ്‌ ശ്രീമദ്‌ ഭഗവദ്ഗീത. പതിനെട്ട്‌ അധ്യായങ്ങളിലായി എഴുന്നൂറോളം ശ്ലോകങ്ങൾ ശ്ലോകങ്ങളുള്ള ഈ മഹദ്ഗ്രന്ഥത്തിന്‌ ഉണ്ടായിട്ടുള്ളത്‌ പോലെ അത്രയധികം വ്യാഖ്യാനങ്ങൾ മറ്റൊരു ഗ്രന്ഥത്തിനും ഉണ്ടായിട്ടില്ല.
ഭഗവദ്ഗീത ഒരു സ്വതന്ത്ര ദാർശനിക ഗ്രന്ഥമാണെങ്കിലും , അത്‌ മഹാഭാരതത്തിന്റെ ഒരു ഭാഗമാണ്‌.
കുരുക്ഷേത്രയുദ്ധമാണ്‌ ഗീതയുടെ പശ്ചാത്തലം. രക്തബന്ധമുള്ളവരാണെങ്കിലും തങ്ങളുടെ ശത്രുക്കളായി മാറിയ കൗരവന്മാരെ കൊല്ലേണ്ടിവരിക എന്ന കടമ നിർവ്വ്വ്വഹിക്കേണ്ടി വന്നപ്പോൾ അർജ്ജുനൻ ധർമ്മസങ്കടത്തിലാകുന്നു. സ്വന്തം കുലത്തിൽ പെട്ടവരെ കൊല്ലുന്നത്‌ പാപമാണെന്നും അതുകൊണ്ട്‌ താൻ യുദ്ധം ചെയ്യില്ലെന്നും പറയുന്ന അർജ്ജുനന്‌ ശ്രീകൃഷ്ണൻ നൽകുന്ന ധർമ്മോപദേശമാണ്‌ ഗീത.
കുലധർമ്മം പാലിക്കണോ അതോ കുലധർമ്മം ലംഘിച്ചുകൊണ്ട്‌ വർഗധർമ്മം പാലിക്കണോ, ഇതായിരുന്നു അർജ്ജുനനുണ്ടായ മനോവിഷമത്തിനടിസ്ഥാനം. കുലധർമ്മത്തെ വകവയ്ക്കാതെ സ്വധർമ്മം നിറവേറ്റേണ്ടതിന്റെ പ്രാധാന്യം വിവിധ ദർശങ്ങളുടെ സാരാംശം വിവരിച്ചുകൊടുത്തുകൊണ്ട്‌ ശ്രീകൃഷ്ണൻ അർജ്ജുനനെ കർമ്മനിരതനാക്കുന്നു.
അർജ്ജുനന്‌ നേരിട്ട ധർമസങ്കടം തീർക്കാൻ വേണ്ടി വേദാന്തം, സാംഖ്യം, യോഗം, തുടങ്ങിയ ദാർശനിക സിദ്ധാന്തങ്ങളെക്കുറിച്ചും ഭക്തി, ജ്ഞാനം, കർമ്മം, എന്നീ മാർഗങ്ങളെക്കുറിച്ചും ശ്രീകൃഷ്ണൻ വളരെ ലളിതമായി പ്രതിപാദിച്ച്‌ കൊടുക്കുന്നു. സാംഖ്യത്തിന്‌ വളരെ പ്രമുഖമായ സ്ഥാനമാണ്‌ നൽകപ്പെട്ടിട്ടുള്ളത്‌.
സാംഖ്യ ദർശനം അനുസരിച്ച്‌ സത്വരജസ്തമോഗുണങ്ങൾ ചേർന്നതാണ്‌ പ്രകൃതി. ഈ ഗുണങ്ങൾ പ്രകൃതിയിൽ നിന്നും വേറിട്ട്‌ സ്വതന്ത്രമായി നിലനിൽക്കുന്നതല്ല. കാര്യകാരണ ബന്ധങ്ങളുടെ തുടക്കം പ്രകൃതിയിൽ നിന്നാണ്‌.

ഒന്നാം അധ്യായമായ അർജ്ജുന വിഷാദയോഗം, രണ്ടാം അധ്യായമായ സാംഖ്യയോഗം എന്നിവ ഇപ്പോൾ വായിക്കാം

ഇതുമായി ബന്ധപ്പെട്ട മറ്റ്‌ പോസ്റ്റുകൾ



3. അർജ്ജുന വിഷാദയോഗം (ഒന്നാം അദ്‌ധ്യായം)








Friday 22 February 2013

ഗീത അതിവിശിഷ്ടമായ പൂച്ചെണ്ട്  ( ആമുഖം )

 

''അതിവിശിഷ്ടമായ പൂക്കളെക്കൊണ്ട് നിര്‍മ്മിച്ച ഒരു മാലയോ 
പൂച്ചെണ്ടോ പോലെയാണ് ഭഗവദ്ഗീത. ഉപനിഷത്തുകള്‍ ശ്രദ്ധയെപ്പറ്റി 
പലയിടത്തും സവിസ്തരം പ്രതിപാദിക്കുന്നുണ്ടെങ്കിലും ഭക്തിയെപ്പറ്റി 
പ്രസ്താവിക്കുന്നില്ലെന്നു പറയാം. എന്നാല്‍ ഗീതയില്‍ ഭക്തിവിഷയം 
വീണ്ടും വീണ്ടും പരാമര്‍ശിക്കപ്പെടുന്നു എന്ന് മാത്രമല്ല, അവിടെ ഭക്തിയുടെ 
നിസര്‍ഗ്ഗജ സ്വഭാവം അതിന്‍റെ പരമോച്ചാവസ്ഥയെ പ്രാപിച്ചിട്ടുണ്ട്. 
                                                        - സ്വാമി വിവേകാനന്ദന്‍ 

ശ്രീമദ്  ഭഗവദ്ഗീത 

മഹാഭാരതത്തിലെ ഭീഷ്മ പര്‍വ്വത്തിലെ ഇരുപത്തഞ്ചു മുതല്‍ നാല്പത്തിരണ്ട് വരെയുള്ള 18 അദ്ധ്യായങ്ങള്‍ ഉള്‍പ്പെട്ടതാണ് ഭഗവദ്ഗീത. 
മഹാഭാരത യുദ്ധം ആരംഭിക്കുന്നതിന് മുന്‍പ്, അന്ധനായ ധൃതരാഷ്ട്രനോട് 
യുദ്ധം കാണാന്‍ ആഗ്രഹമുണ്ടെങ്കില്‍ യോഗശക്തിയാല്‍ കാഴ്ച്ച 
തരാമെന്ന് വ്യാസമഹര്‍ഷി പറയുന്നു, എന്നാല്‍ യുദ്ധം കാണാന്‍ 
താല്‍പ്പര്യമില്ലെന്നും സംഭവങ്ങള്‍ വിവരിച്ചു കേട്ടാല്‍ മതിയെന്നും 
അദ്ദേഹം പറയുന്നു. തുടര്‍ന്ന് യുദ്ധക്കളത്തില്‍ നടക്കുന്നതെല്ലാം 
കാണാനും കേള്‍ക്കാനുമുള്ള കഴിവ് ധൃതരാഷ്ട്രരുടെ മന്ത്രിയായ 
സഞ്ജയന് വ്യാസന്‍ നല്‍കി.
യുദ്ധം ആരംഭിച്ച് പത്താം ദിനം ഭീഷ്മപിതാമഹന്‍ നിലംപതിച്ചു.
സഞ്ജയന്‍ ധൃതരാഷ്ട്രരുടെ അടുത്ത് പാഞ്ഞെത്തി ഈ വിവരം
പറഞ്ഞതോടെ അദ്ദേഹം മോഹാലസ്യപ്പെട്ടു. ബോധം തെളിഞ്ഞപ്പോള്‍
കുരുക്ഷേത്രത്തില്‍ നടന്നതെല്ലാം അറിയാന്‍ ആഗ്രഹം പ്രകടിപ്പിച്ചു.
ഈ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് ധൃതരാഷ്ട്രര്‍ ചോദിക്കുന്ന ഒരു
ചോദ്യവും അതിന് സഞ്ജയന്‍ നല്‍കുന്ന വിവരണവുമാണ് ഗീത.
എന്നാല്‍ ശ്രീകൃഷ്ണന്‍ അര്‍ജുനന് ഗീത ഉപദേശിച്ചത് കുരുക്ഷേത്ര
യുദ്ധം ആരംഭിക്കുന്ന ഘട്ടത്തിലാണ്, എന്നാല്‍ സഞ്ജയന്‍ അക്കാര്യങ്ങള്‍
ധൃതരാഷ്ട്രരോട് പറയുന്നത് പത്തുദിവസത്തെ യുദ്ധത്തിന് ശേഷമാണ്
എന്നകാര്യം ശ്രദ്ധിക്കുക.

(ഒന്നാം അദ്ധ്യായം അർജ്ജുന വിഷാദയോഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ )                           അർജ്ജുന വിഷാദയോഗം








ഇതുമായി ബന്ധപ്പെട്ട മറ്റ്‌ പോസ്റ്റുകൾ





3. അർജ്ജുന വിഷാദയോഗം (ഒന്നാം അദ്‌ധ്യായം)