Thursday 27 March 2014

കർമയോഗം (ശ്രീമദ് ഭഗവദ്ഗീത മൂന്നാം അധ്യായം)

ശ്രീമദ് ഭഗവദ്ഗീത 

മൂന്നാം അധ്യായം

കർമയോഗം


ശ്രീമദ് ഭഗവദ്ഗീത സമ്പൂർണമായി മലയാളത്തിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നാം അദ്ധ്യായമായ കർമയോഗം പ്രസിദ്ധീകരിക്കുന്നു. 



(പരമാത്മാവ് അല്ലെങ്കിൽ ഈശ്വരൻ കർമങ്ങൾക്കതീതനാണ്‌, കർമരഹിതനാണ്‌. എങ്കിലും കർമങ്ങളുടെ അടിസ്ഥാനത്തിലുള്ള വർണവിവേചനത്തെ പരിപാവനമാക്കാൻ അദ്ദേഹത്തിന്റെ സഹായം ആവശ്യമായിരുന്നു. “എല്ലാ കർമങ്ങളും മൂലപ്രകൃതിയുടെ ഗുണങ്ങൾക്കനുസരിച്ചാണ്‌ നടക്കുന്നത്. മൂഢൻ അഹങ്കാരം കാരണം താനാണ്‌ കർമം ചെയ്യുന്നതെന്ന് കരുതുന്നു.” ആരംഭത്തിൽ ഗുണകർമങ്ങൾക്കനുസരിച്ച് വർണങ്ങൾ സൃഷ്റ്റിക്കപ്പെടുകയാണ്‌ ഉണ്ടായത്. പിന്നീട് ഓരോ വർണത്തിനും ഇന്നിന്ന ഗുണങ്ങൾ ഉണ്ടായിരിക്കണമെന്ന നിബന്ധന നിലവിൽ വന്നു. വ്യത്യസ്ഥവർണങ്ങൾക്ക് വ്യത്യസ്ഥ ധർമങ്ങൾ വിധിക്കപ്പെട്ടു. ക്ഷത്രിയന്റെ ധർമം യുദ്ധം ചെയ്യലാണ്‌. അതുകൊണ്ട് സ്വന്തം കുലത്തില്പ്പെട്ടവരാണെങ്കിലും ശത്രുക്കളായിത്തീർന്ന കൗരവന്മാർക്ക് എതിരായി യുദ്ധം ചെയ്യുന്നതിൽ നിന്ന് അർജ്ജുനൻ ഒരിക്കലും പിന്മാറാൻ പാടില്ല, യുദ്ധം ചെയ്തേ മതിയാവൂ.
ഏതാണ്‌ തള്ളേണ്ടതെന്നും ഏതാണ്‌ കൊള്ളേണ്ടതെന്നും സംശയരഹിതമായി തീരുമാനിക്കുന്നതിനാവശ്യമായ ഉപദേശം തേടുകയാണ്‌ കർമയോഗം എന്ന അദ്ധ്യായത്തിന്റെ തുടക്കത്തിൽ അർജ്ജുനൻ ചെയ്യുന്നത്. മാത്രമല്ല തനിക്ക് ശ്രേയസ്കരമായിട്ടുള്ളതെല്ലാം പറഞ്ഞുതരണമെന്നും അപേക്ഷിക്കുന്നു)

അർജ്ജുനൻ ഉവാചഃ :

ജ്യായസീ ചേത് കർമണസ്തേ
മതാ ബുദ്ധിർ ജനാർദ്ദന!
തത് കിം കർമാണി ഘോരേ മാം
നിയോജയസി കേശവ!                                                              (1)

വ്യാമിശ്രേണേവ വാക്യേന
ബുദ്ധിം മോഹയസീവ മേ
തദേകം വദ നിശ്ചിത്യ
യേന ശ്രേയൊfഹമാപ്നുയാം                                                       (2)

അല്ലയോ ജനാർദ്ദന, കർമ്മത്തേക്കാൾ ശ്രേഷ്തമാണ്‌ ജ്ഞാനം എന്നാണ്‌ അങ്ങയുടെ അഭിപ്രായമെങ്കിൽ ആ ഘോരമായ കർമ്മത്തിൽ (ബന്ധുജനങ്ങളോടും, ഗുരുക്കന്മാരോടും യുദ്ധം ചെയ്യുന്നതിനെയാണ്‌ ഇവിടെ ഘോരകർമ്മമെന്ന് അർജ്ജുനൻ വിശേഷിപ്പിക്കുന്നത്) ഹേ കേശവ, എന്തിനാണ്‌ എന്നെ നിയോഗിക്കുന്നത്. കുഴഞ്ഞുമറിഞ്ഞത് പോലെയുള്ള വാക്യങ്ങളെക്കൊണ്ട് അങ്ങ് എന്റെ ബുദ്ധിയെ മോഹിപ്പിക്കുന്നത് പോലെ തോന്നുന്നു. എനിക്ക് ശ്രേയസ്കരമായിട്ടുള്ളത് എന്താണ്‌ എന്ന് നിശ്ചയിച് അത് മാത്രം എനിക്ക് പറഞ്ഞ് തരിക.

ശ്രീ ഭഗവാൻ ഉവാച:

ലോകേ𝑓സ്മിൻ ദ്വിവിധാ നിഷ്താ
പുരാപ്രോക്താ മയാനഘ
ജ്ഞാനയോഗേന സാംഖ്യാനാം
കർമയൊഗേന യോഗിനാം                                                       (3)

ന കർമണാമനാരംഭാത്
നൈഷ്കർമ്യം പുരുഷോതശ്നുതേ 
ന ച സന്യസനാദേവ
സിദ്ധിം സമധിഗച്ഛതി                                                               (4)

ഈ ലോകത്തിൽ സാംഖ്യന്മാർക്ക് ജ്ഞാനയോഗത്താലും യോഗികൾക്ക് കർമയോഗത്താലും രണ്ടുവിധമായ നിഷ്ഠ മുൻപ് എന്നാൽ പറയപ്പെട്ടിട്ടുണ്ട്. കർമങ്ങളൊന്നും ചെയ്യുന്നില്ല എന്നത് കൊണ്ട് ആരും നൈഷ്കർമ്യത്തെ(നൈഷ്കർമ്യം സന്യാസ ലക്ഷണമാണ്‌ ) പ്രാപിക്കുന്നില്ല. സന്യാസം കൊണ്ടുമാത്രം പൂർണത പ്രാപിക്കാവുന്നതുമല്ല. ( യുദ്ധരംഗത്തുനിന്നും ഓടിപ്പോയി സന്യാസം സ്വീകരിക്കുന്നതല്ലേ നല്ലതെന്ന് അർജ്ജുനൻ സംശയിച്ചതുകൂടി കണക്കിലെടുത്താണ്‌ ഭഗവാൻ ഇങ്ങനെ പറഞ്ഞത് )

നഹി കശ്ചിത് ക്ഷണമപി 
ജാതു തിഷ്ഠത്യകർമകൃത്
കാര്യതേഹ്യവശഃ കർമ
സർവഃ പ്രകൃതിജൈർ ഗുണൈഃ                                             (5)

ഒരുവനും ഒരുനിമിഷം പോലും ഒരു കർമവും ചെയ്യാതിരിക്കുന്നില്ല.എന്തുകൊണ്ടെന്നാൽ പ്രകൃതിയിൽ നിന്നും ഉണ്ടായ ഗുണങ്ങളാൽ (സത്വരജസ്തമോ ഗുണങ്ങളാൽ ) പ്രേരിതരായി എല്ലാവരും കർമം ചെയ്തുകൊണ്ടേയിരിക്കുന്നു.( ശരീരം നിഷ്ക്രിയമായിരിക്കുമ്പോഴും മനസ്സും, ബുദ്ധിയും കർമനിരതരായിരിക്കും. 

കർമേന്ദ്രിയാണി സംയമ്യ
യ ആസ്തേ മനസാ സ്മരൻ
ഇന്ദ്രിയാർത്ഥാൻ വിമൂഢാത്മാ
മിഥ്യാചാരഃ സ ഉച്യതേ                                                          (6)

കർമേന്ദ്രിയങ്ങളെ അടക്കിപ്പിടിച്ചിട്ട് ആരാണോ മനസ്സുകൊണ്ട് ഇന്ദ്രിയാർഥങ്ങളായ വിഷയങ്ങളെ ചിന്തിച്ചുകൊണ്ടിരിക്കുന്നത് മൂഢനായ അവൻ മിഥ്യാചാരൻ(പാപമാചരിക്കുന്നവൻ) എന്നു പറയപ്പെടുന്നു.( കർമങ്ങളിൽ മനസ്സുകൊണ്ട് ചെയ്യുന്നവയും ഉൾപ്പെടുമെന്ന് ഇത് വ്യക്തമാക്കുന്നു )

യസ്ത്വിന്ദ്രിയാണി മനസാ
നിയമ്യാരഭതേ𝑓ർജുന
കർമേന്ദ്രിയൈഃ കർമയോഗം
അസക്തഃ സ വിശിഷ്യതേ                                                    (7)

അല്ലയോ അർജ്ജുന! എന്നാൽ ആരാണോ ഇന്ദ്രിയങ്ങളെ മനസ്സുകൊണ്ട് നിയന്ത്രിച്ച്, ഇന്ദ്രിയവിഷയങ്ങളിൽ ആസക്തി ഇല്ലാത്തവനായി കർമേന്ദ്രിയങ്ങളെക്കൊണ്ട് കർമയോഗം അനുഷ്ഠിക്കുന്നുവോ അയാൾ വിശിഷ്ഠനാകുന്നു.

നിയതം കുരു കർമ ത്വം
കർമ ജ്യായോഹ്യകർമണഃ
ശരീരയാത്രാപി ച തേ
ന പ്രസിദ്ധ്യേദകർമണഃ                                                        (8)

വിധിക്കപ്പെട്ട കർമം എന്താണോ അത് നീ ചെയ്യുക. എന്തെന്നാൽ കർമം ചെയ്യാതിരിക്കുന്നതിനേക്കാൾ കർമം ചെയ്യുന്നതാണ്‌ കൂടുതൽ ശ്രേയസ്കരം. കർമം ചെയ്യാതിരുന്നാൽ നിനക്ക് ശരീര സംരക്ഷണം പോലും അസാദ്ധ്യമാകും.

യജ്ഞാർത്ഥാത് കർമണോ𝑓ന്യത്ര
ലോകോfയം കർമ ബന്ധനഃ
തദർഥം കർമ കൗന്തേയ 
മുക്തസംഗഃ സമാചര                                                           (9)

യജ്ഞം എന്ന നിലയിൽ അനുഷ്ഠിക്കപ്പെടുന്ന കർമത്തിൽ നിന്ന് അന്യമായവയാൽ ഈ ലോകം കർമബന്ധിതമാകുന്നു. അതിനാൽ ഹേ അർജ്ജുന! നീ സംഗരഹിതനായിട്ട് യജ്ഞാർഥമായി കർമം നന്നായി നീ ചെയ്താലും. ( യജ്ഞാർഥമല്ലാത്ത കർമങ്ങൾ ബന്ധകരങ്ങളാണ്‌. അവ ഫലത്തെ കാംക്ഷിച്ചുകൊണ്ട് ചെയ്യുന്നവയാണ്‌. ഈശ്വരാർപ്പണ ബുദ്ധിയോടെ ഫലാപേക്ഷകൂടാതെ ചെയ്യുന്ന ഏതുകർമവും യജ്ഞമാകുന്നു. അതിനാൽ ഫലം കാംക്ഷിക്കാതെ യജ്ഞാർഥമായി കർമം ചെയ്യാനാണിവിടെ പറയുന്നത്)

സഹയജ്ഞാഃ പ്രജാഃ സൃഷ്ട്വാ
പുരോവാച പ്രജാപതിഃ
അനേന പ്രസവിഷ്യധ്വം
ഏഷവോ𝑓സ്ത്വിഷ്ടകാമധൂക്                                               (10)

സൃഷ്ടിയുടെ തുടക്കത്തിൽ സ്രഷ്ടാവ് യജ്ഞഭാവത്തോട്കൂടി സൃഷ്ടി നടത്തിയിട്ട് (പ്രജകളെ സൃഷ്ടിച്ചിട്ട് ) ; ഈ യജ്ഞഭാവനകൊണ്ട് നിങ്ങൾ അഭിവൃദ്ധിപ്പെടുക എന്നും , ഇത് നിങ്ങൾക്ക് ഇഷ്ടങ്ങളെ തരുന്ന കാമധേനുവാകട്ടെ എന്നും പറഞ്ഞു. (അർപ്പണ ബോധവും ത്യാഗ മനോഭാവവും ചേർന്നതാണ്‌ യജ്ഞഭാവന. പ്രപഞ്ചത്തിലെവിടേയും ഇതുകാണാവുന്നതാണ്‌, ജീവിതത്തെ വികസ്വരമാക്കുന്നത് ഈ യജ്ഞഭാവനയാണ്‌.)

ദേവാൻ ഭാവയതാനേന
തേ ദേവാ ഭാവയന്തു വഃ
പരസ്പരം ഭാവയന്തഃ
ശ്രേയഃ പരമവാപ്‌സ്യഥ                                                          (11)

ഇഷ്ടാൻ ഭോഗാൻ ഹി വോ ദേവാ
ദാസ്യന്തേ യജ്ഞ ഭാവിതാഃ
തൈർദത്താനപ്രദായൈഭ്യോ
യോ ഭുങ്ങ്തേ സ്തേന ഏവ സഃ                                              (12)


ഈ യജ്ഞം കൊണ്ട് നിങ്ങൾ ദേവന്മാരെ പോഷിപ്പിച്ചാലും. ദേവന്മാർ നിങ്ങളേയും പോഷിപ്പിക്കട്ടെ. അങ്ങനെ പരസ്പരം പോഷിപ്പിച്ച് കൊണ്ട് പരമമായ ശ്രേയസിനെ പ്രാപിക്കുക.
യജ്ഞത്താൽ പോഷിപ്പിക്കപ്പെട്ട ദേവന്മാർ നിങ്ങൾക്ക് ഇഷ്ടമുള്ള ഭോഗങ്ങളെ തരും. അതുകൊണ്ട് അവരാൽ ദാനം ദാനം ചെയ്യപ്പെട്ടവ അവർക്ക് കൊടുക്കാതെ, ഏതൊരാൾ അനുഭവിക്കുന്നുവോ അവൻ കള്ളൻ തന്നെയാകുന്നു.

യജ്ഞശിഷ്ടാശിനഃ സന്തോ
മുച്യന്തേ സർവ കില്ബിഷൈഃ
ഭുഞ്ജതേ തേ ത്വഘം പാപാ
യേ പചന്ത്യാത്മ കാരണാത്                                                     (13)

യജ്ഞശിഷ്ടത്തെ ഭുജിക്കുന്ന സജ്ജനങ്ങൾ, സകല പാപങ്ങളിൽ നിന്നും മുക്തി നേടുന്നു. യാതൊരുവർ തങ്ങൾക്ക് വേണ്ടി മാത്രം പാകം ചെയ്യുന്നുവോ, ആ പാപികൾ പാപത്തെ തന്നെയാണ്‌ ഭക്ഷിക്കുന്നത്. ( സൽക്കർമങ്ങളിലൂടെ അന്യർക്കുകൂടി പ്രയോജനപ്രദമായ വിധത്തിൽ പ്രവർത്തിക്കുമ്പോൾ, അതിലുണ്ടാകുന്ന സല്ഫലങ്ങൾ മറ്റുള്ളവരോടൊപ്പം തനിക്കും അനുഭവിക്കാവുന്നതാണ്‌. അതല്ലാതെ ത്യാഗസന്നദ്ധതയും , ദാനശീലവും , സൽക്കർമ്മങ്ങളുമനുഷ്ടിക്കാതെ സ്വാർഥതയോടെ ജീവിക്കുന്നവൻ പാപത്തെ തന്നെയാണ്‌ ഭുജിക്കുന്നതെന്ന് ഇവിടെ വ്യക്തമാക്കുന്നു.) 

അന്നാദ് ഭവന്തി ഭൂതാനി
പർജന്യാദന്നസംഭവഃ
യജ്ഞാദ് ഭവതി പർജന്യഃ
യജ്ഞഃ കർമ സമുദ്ഭവഃ                                                           (14)

കർമ ബ്രഹ്മോദ്ഭവം വിദ്ധി
ബ്രഹ്മാക്ഷര സമുദ്ഭവം
തസ്മാത് സർവഗതം ബ്രഹ്മ
നിത്യം യജ്ഞേ പ്രതിഷ്ഠിതം                                                        (15)

അന്നത്തിൽ നിന്ന് ജീവികളും, മഴയിൽ നിന്ന് അന്നവും, യജ്ഞത്തിൽ നിന്ന് മഴയും, കർമത്തിൽ നിന്ന് യജ്ഞവും ഉണ്ടാകുന്നു. കർമം ബ്രഹ്മാവിൽ നിന്നുമുണ്ടാകുന്നു. ബ്രഹ്മാവ് അക്ഷരത്തിൽ നിന്നുമുണ്ടാവുന്നു എന്നറിഞ്ഞാലും. (ബ്രഹ്മാവ് സഗുണ ബ്രഹ്മവും അക്ഷരം നിർഗുണ ബ്രഹ്മവുമാണ്‌ ). അതിനാൽ എല്ലായിടവും നിറഞ്ഞിരിക്കുന്ന ബ്രഹ്മം എല്ലായിപ്പോഴും യജ്ഞത്തിൽ നിലകൊള്ളുന്നു.

ഏവം പ്രവർത്തിതം ചക്രം
നാനുവർത്തയതീഹ യഃ
അഘായുരിന്ദ്രിയാരാമോ
മോഘം പാർഥ സ ജീവതി                                                          (16)

അല്ലയോ അർജ്ജുന! ഇങ്ങനെ പ്രവർത്തിക്കുന്ന യജ്ഞ-കർമ-ചക്രത്തെ ഏതൊരുവൻ അനുവർത്തിക്കുന്നില്ലയോ, പാപ രൂപമായ ആയുസ്സോടൂകൂടിയവനും ,ഇന്ദ്രീയവിഷയങ്ങളിൽ രമിക്കുന്നവനുമായ അവൻ ജീവിതം വ്യർഥമാക്കുന്നു.

യസ്ത്വാത്മരതിരേവ സ്യാത്
ആത്മതൃപ്തശ്ച മാനവഃ
ആത്മന്യേവ ച സന്തുഷ്ടഃ
തസ്യ കാര്യം ന വിദ്യതേ                                                               (17)

എന്നാൽ ഏതൊരുമനുഷ്യൻ ആത്മാവിൽത്തന്നെ രതിയുള്ളവനായും, ആത്മതൃപ്തനും, ആത്മസന്തുഷ്ടനുമായിരിക്കുന്നുവോ, അവന്‌ ചെയ്യേണ്ടതായി പിന്നെ യാതൊന്നുമില്ല.( അദ്വൈതാനുഭൂതിയിൽ ശാശ്വതമായ സുഖവും പൂർണ തൃപ്തിയും അനുഭവിക്കുന്നവനും, അത്യുച്ഛമായ അദ്ധ്യാത്മാവസ്ഥയിലെത്തിയവനുമായ ബ്രഹ്മനിഷ്ഠന്‌  ചെയ്യേണ്ടതായിട്ടൊന്നുമില്ല. അയാൾ സ്വതന്ത്രനാണ്‌. കർമം ചെയ്യാം;ചെയ്യാതിരിക്കാം. ഈ നിലയിലെത്തിയ ആളിന്‌ കർത്തവ്യകർമമായി ഒന്നും ചെയ്യാനുണ്ടാവില്ല.)

നൈവ തസ്യ കൃതേനാർത്ഥോ
നാകൃതേനേഹ കശ്ചന
ന ചാസ്യ സർവ ഭൂതേഷു
കശ്ചിദർഥവ്യപാശ്രയഃ                                                                    (18)

അവന്‌ (ആത്മാരാമനും, ആത്മതൃപ്തനുമായവന്‌ ) ഈ ലോകത്തിൽ കർമംകൊണ്ട് പ്രയോജനമൊന്നുമില്ല, കർമം ചെയ്യാതിരുന്നാലും ഒന്നുമില്ല ( അതായത് അവന്‌ ഒന്നും നേടാനും നഷ്ടപ്പെടാനുമില്ല). അവന്‌ ഒരു ജീവിയേയും ഒരു കാര്യത്തിനും ആശ്രയിക്കേണ്ടതില്ല.

തസ്മാദസക്തഃ സതതം 
കാര്യം കർമ സമാചര
അസക്തോ ഹ്യാചരൺ കർമ
പരമാപ്നോതി പുരുഷഃ                                                                   (19)

അതുകൊണ്ട് ആസക്തിയില്ലാതെ കർത്തവ്യമായ കർമത്തെ നീ നന്നായി ചെയ്യുക. എന്തെന്നാൽ അസക്തമായി ( ആസക്തിയില്ലാതെ ) കർമം ചെയ്യുന്ന പുരുഷൻ പരമപദത്തെ പ്രാപിക്കുന്നു.

കർമണൈവ ഹി സംസിദ്ധിം
ആസ്ഥിതാ ജനകാദയഃ
ലോക സംഗ്രഹമേവാപി
സംപശ്യൻ കർത്തുമർഹസി                                                           (20)

ജനകൻ തുടങ്ങിയ രാജർഷികൾ കർമം ചെയ്തുകൊണ്ട് തന്നെ പരമപദത്തെ പ്രാപിച്ചു, അതിനാൽ ലോകനന്മയെ കരുതിയെങ്കിലും നീ കർമം അനുഷ്ഠിക്കേണ്ടതാണ്‌.

യദ്യദാചരതി ശ്രേഷ്ഠഃ
തത്തദേവേതരോ ജനഃ
സ യത് പ്രമാണം കുരുതേ
ലോകസ്തദനുവർത്തതേ                                                              (21)

ശ്രേഷ്ഠൻ ഏതാണോ ആചരിക്കുന്നത്‌, അതിനെത്തന്നെ മറ്റുള്ളവരും ആചരിക്കുന്നു. അയാൾ എന്തിനെയാണോ പ്രമാണമാക്കുന്നത്‌ ലോകരും അതിനെത്തന്നെ അനുസരിക്കുന്നു.( ശ്രേഷ്ഠപുരുഷന്മാരെ എക്കാലത്തും മറ്റുള്ളവർ ആദരിക്കും, അതുകൊണ്ട് മറ്റുള്ളവർക്ക് മാതൃക കാണിച്ച് കൊടുക്കേണ്ടത് അവരുടെ കർത്തവ്യമാണ്‌)

നമേ പാർഥാസ്തി കർത്തവ്യം
ത്രിഷു ലോകേഷു കിഞ്ചന
നാനവാപ്തമവാപ്തവ്യം
വർത്ത ഏവ ച കർമണി                                                              ( 22)

അല്ലയോ പാർഥ! എനിക്ക് ചെയ്യേണ്ടതായി ഒന്നുമില്ല. മൂന്നുലോകങ്ങളിലും കിട്ടാത്തതായും, കിട്ടേണ്ടതായും ഒന്നുമില്ല. എങ്കിലും ഞാൻ എല്ലായിപ്പോഴും കർമങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നു.

യദി ഹ്യഹം ന വർത്തേയം 
ജാതു കർമണ്യതന്ദ്രിതഃ
മമ വർത്ഥമാനുവർത്തന്തേ
മനുഷ്യാഃ പാർഥ സർവശഃ                                                              (23)

എന്തെന്നാൽ അർജ്ജുന! ഞാൻ ഒരിക്കലെങ്കിലും അലസനായി കർമത്തിൽ ഏർപ്പെടാതിരുന്നാൽ മനുഷ്യരും എല്ലാവിധത്തിലും എന്റെ വഴി തന്നെ പിന്തുടരും. ( അവരും മടിയന്മാരായി തീരും).

ഉത്സീദേയൂരിമേ ലോകാ
ന കുര്യാം കർമ ചേദഹം
സംകരസ്യ ച കർത്താ സ്യാം
ഉപഹന്യാമിമാഃ പ്രജാഃ                                                                    (24)

ഞാൻ കർമവിമുഖനായിരുന്നാൽ ( കർമം ചെയ്യാതിരുന്നാൽ ) ഈ ലോകം നശിക്കും, ഞാൻ സങ്കരത്തിന്റെ ( സമ്മിശ്രാവസ്ഥ ) കർത്താവായിത്തീരും. ഈ പ്രജകളെ നശിപ്പിക്കുന്നവനുമാകുന്നതാണ്‌. ( ജീവചൈതന്യമാണല്ലോ ഭഗവാൻ , ആ ചൈതന്യം ജീവന്റെ തുടർച്ചയായി വർത്തിക്കുന്നില്ലെങ്കിൽ ഈ പ്രപഞ്ച സംവിധാനം തന്നെ താറുമാറിലാകുകയും, നശിക്കുകയും ചെയ്യും)

സക്താഃ കർമണ്യവിദ്വാംസഃ
യഥാ കുർവന്തി ഭാരത
കുര്യാദ്വിദ്വാംസ്തഥാസക്തഃ
ചികീർഷുർ ലോകസംഗ്രഹം                                                           (25)

അല്ലയോ അർജ്ജുന! അജ്ഞാനികൾ എപ്രകാരം കർമത്തിൽ ആസക്തരായി പ്രവർത്തിക്കുന്നുവോ, അപ്രകാരം വിദ്വാനായവൻ ആസക്തി കൂടാതെ ലോകനന്മയ്ക്കായി കർമം അനുഷ്ഠിക്കണം.

ന ബുദ്ധിഭേദം ജനയേത്
അജ്ഞാനാം കർമസംഗിനാം
ജോഷയേത് സർവ കർമാണി 
വിദ്വാൻ യുക്തഃ സമാചരൻ                                                                 (26)

തത്ത്വജ്ഞനായവൻ (വിദ്വാൻ) കർമസക്തരായ അജ്ഞാനികൾക്ക് ആശയക്കുഴപ്പം ഉണ്ടാക്കരുത് ( ഉപദേശങ്ങളാലും മറ്റും). സമചിത്തതയോടെ കർമങ്ങൾ നല്ലവണ്ണം പ്രവർത്തിച്ച് കാണിച്ച് , സർവകർമങ്ങളേയും അവരെക്കൊണ്ട് ചെയ്യിക്കണം ( അവർക്ക് മാതൃക കാട്ടണം ).

പ്രകൃതേഃ ക്രിയമാണാനി
ഗുണൈഃ കർമാണി സർവശഃ
അഹങ്കാരവിമൂഢാത്മാ
കർത്താഹമിതി മന്യതേ                                                                     (27)

പ്രകൃതിയുടെ ഗുണങ്ങളാലാണ്‌ എല്ലാവിധത്തിലുമുള്ള കർമങ്ങൾ ചെയ്യുന്നത്‌. അഹങ്കാരം മൂലം വിവേകം നശിച്ചവൻ ‘ഞാൻ ചെയ്യുന്നു’ എന്നുവിചാരിക്കുന്നു.

തത്ത്വവിത്തു മഹാബാഹോ
ഗുണകർമ വിഭാഗയോഃ
ഗുണാ ഗുണേഷു വർത്തന്തേ
ഇതി മത്വാ ന സജ്ജതേ                                                                      (28)

മഹാബാഹുവായ അർജ്ജുന! ഗുണങ്ങളുടേയും, കർമങ്ങളുടേയും തത്ത്വമറിയുന്നവൻ, ഇന്ദ്രീയങ്ങൾ സത്വരജസ്തമസ്സുകളായ ഗുണങ്ങളിൽ വ്യാപരിക്കുകയാണ്‌ എന്നറിഞ്ഞിട്ട്, കർമങ്ങളിൽ സക്തനാകുന്നില്ല.

പ്രകൃതേർ ഗുണ സമ്മൂഢാഃ
സജ്ജന്തേ ഗുണകർമസു
താനകൃത്സ്ന വിദോ മന്ദാൻ
കൃത്സ്നവിന്ന വിചാലയേത്                                                                (29)

പ്രകൃതിയുടെ ഗുണങ്ങളെക്കുറിച്ചറിയാത്ത മൂഢന്മാർ ഗുണാനുസൃത കർമങ്ങളിൽ ആസക്തിയുള്ളവരായിത്തീരുന്നു. അല്പജ്ഞരായ അവരെ തത്ത്വജ്ഞരായവർ ചഞ്ചലചിത്തരാക്കരുത്.

മയി സർവാണി കർമാണി
സംന്യസ്യാധ്യാതമ ചേതസാ
നിരാശീർ നിർമമോ, ഭൂത്വാ
യുദ്ധ്യസ്വ വിഗതജ്വരഃ                                                                           (30)

സകല കർമങ്ങളും എന്നിൽ സമർപ്പിച്ചിട്ട് ആത്മബോധത്തോടെ ഒന്നിലും ആശയില്ലാതെയും, എന്റേതെന്ന ഭാവം ഇല്ലാത്തവനായും, ദുഃഖം വെടിഞ്ഞ് നീ യുദ്ധം ചെയ്യുക. (അഹങ്കാരവും, സ്വാർഥതയും വെടിഞ്ഞ് , ഈശ്വരാർപ്പണമായി ചെയ്യുമ്പോൾ ഏതുകർമവും പവിത്രമായി തീരും).

യേ മേ മതമിദം നിത്യം
അനുതിഷ്ഠന്തി മാനവാഃ
ശ്രദ്ധാവന്തോ𝑓നസൂയന്തോ
മുച്യന്തേ തേ𝑓പി കർമഭിഃ                                                                         (31)

ഏതുമനുഷ്യൻ എന്റെ ഈ അഭിപ്രായത്തെ ശ്രദ്ധയോടും, അസൂയയില്ലാതെയും അനുസരിക്കുന്നുവോ അവരും കർമബന്ധങ്ങളിൽ നിന്നു മോചിതരാകുന്നു.

യേ ത്വേതദഭ്യസൂയന്തഃ
നാനുതിഷ്ഠന്തി മേ മതം
സർവജ്ഞാനവിമൂഢാംസ്താൻ
വിദ്ധി നഷ്ടാനചേതസഃ                                                                         (32)

എന്നാൽ ഏതൊരുവൻ എന്റെ ഈ അഭിപ്രായത്തെ , അസൂയാലുവായിട്ട് അനുസരിക്കാതിരിക്കുന്നുവോ, അറിവില്ലാത്തവരും , വിവേകശൂന്യരുമായ അവർ നശിച്ചവരാണെന്ന് അറിഞ്ഞുകൊള്ളണം.

സദൃശം ചേഷ്ടതേ സ്വസ്യാഃ
പ്രകൃതേർ ജ്ഞാനവാനപി
പ്രകൃതിം യാന്തി ഭൂതാനി
നിഗ്രഹഃ കിം കരിഷ്യതി                                                                          (33)

ജ്ഞാനസമ്പന്നൻ ( അറിവുള്ളവൻ) പോലും, തന്റെ പ്രകൃതിക്ക് ( ജന്മവാസന) അനുസൃതമായി പ്രവർത്തിക്കുന്നു. എന്തെന്നാൽ ജീവികൾ അവയുടെ പ്രകൃതിയെ പ്രാപിക്കുന്നു ( കർമവാസനയനുസരിച്ചുള്ള സ്വഭാവം കാണിക്കുന്നു). വാസനയെ അടക്കിവച്ചത്കൊണ്ട് എന്തുഫലം?

ഇന്ദ്രിയസ്യേന്ദ്രിയസ്യാർഥേ
രാഗദ്വേഷൗ വ്യവസ്ഥിതൗ
തയോർന്ന വശനാഗച്ഛേത്
തൗ ഹ്യസ്യ പരിപന്ഥിനൗ                                                                           (34)

ഇന്ദ്രിയങ്ങൾക്ക് ശബ്ദാദികളായ ഇന്ദ്രിയവിഷയങ്ങളിൽ രാഗവും ദ്വേഷവും സ്വതേ ഉള്ളതാണ്‌. ആ രാഗദ്വേഷങ്ങൾക്ക് അധീനനകരുത്. എന്തെന്നാൽ അവ മനുഷ്യന്റെ ശത്രുക്കളാകുന്നു.

ശ്രേയാൻ സ്വധർമോ വിഗുണഃ
പരധർമാത് സ്വനുഷ്ഠിതാത്
സ്വധർമേ നിധനം ശ്രേയഃ
പരധർമോ ഭയാവഹഃ                                                                                 (35)

നന്നായി അനുഷ്ഠിക്കപ്പെട്ട പരധർമത്തെക്കാൾ, ഗുണമില്ലാത്തതായാലും സ്വധർമം ശ്രേഷ്ഠമാകുന്നു. സ്വധർമം അനുഷ്ഠിച്ചുകൊണ്ടുള്ള മരണം പോലും ശ്രേയസ്കരമാണ്‌. എന്നാൽ പരധർമമാകട്ടെ, ഭയത്തെ ഉണ്ടാക്കുന്നതാണ്‌.

അർജ്ജുനൻ ഉവാച:

അഥ കേന പ്രയുക്തോ𝑓യം
പാപം ചരതി പുരുഷഃ
അനിച്ഛന്നപി വാർഷ്ണേയ
ബലാദിവ നിയോജിതഃ                                                                              (36)

അർജ്ജുനൻ പറഞ്ഞു ( ചോദിച്ചു ):
ഹേ വൃഷ്ണിവംശജനായ കൃഷ്ണ! എന്നാൽ ഒരുവൻ ഇച്ഛിക്കാതിരുന്നിട്ടുകൂടി, ആരാൽ പ്രേരിതനായിട്ടാണ്‌ ബലാല്കാരമായി നിയോഗിക്കപ്പെട്ടവനെപ്പോലെ പാപം ചെയ്യുന്നത്?

ശ്രീഭഗവാൻ ഉവാച:

കാമ ഏഷ ക്രോധ ഏഷ 
രജോഗുണ സമുദ്ഭവഃ
മഹാശനോ മഹാപാപ്മാ
വിദ്ധ്യേനമിഹ വൈരിണം                                                                            (37)

ശ്രീ ഭഗവാൻ പറഞ്ഞു:
ഇത് രജോഗുണത്തിൽ നിന്നുണ്ടായതും അനുഭവിച്ചിട്ടു മതിവരാത്തതും, മഹാപാപിയുമായ കാമമാകുന്നു. ക്രോധവും ഇതുതന്നെ. ഇതിനെ ഇവിടെ ശത്രുവെന്നറിഞ്ഞാലും. ( ആരാൽ പ്രേരിതനായി മനുഷ്യൻ പാപം ചെയ്യുന്നു, എന്ന അർജ്ജുനന്റെ ചോദ്യത്തിനു മറുപടിയായി, ആ ശത്രു കാമമാകുന്നു: അതുതന്നെ ക്രോധവും. എങ്ങനെയെന്നാൽ കാമത്തിനു തടസ്സം നേരിടുമ്പോൾ അതു ക്രോധത്തിന്റെ രൂപം സ്വീകരിക്കുന്നു, അതിനാൽ കാമം തന്നെയാണ്‌ പാപകർമത്തിന്‌ പ്രേരിപ്പിക്കുന്നത്‌ എന്ന് പറയുന്നു.)

ധൂമേനാവ്രിയതേ വഹ്നിഃ
യഥാദർശോ മലേന ച
യഥോല്ബേനാവൃതോ ഗർഭഃ
തഥാ തേനേദമാവൃതം                                                                                 (38)

അഗ്നി പുകയാലും , കണ്ണാടി അഴുക്കിനാലും എങ്ങനെ മൂടപ്പെട്ടിരിക്കുന്നുവോ, ഗർഭസ്ഥശിശു മറുപിള്ളയാൽ എങ്ങനെ ആവരണം ചെയ്യപ്പെട്ടിരിക്കുന്നുവോ, അപ്രകാരം ഈ ജ്ഞാനം ആ കാമം കൊണ്ട് മറയ്ക്കപ്പെട്ടിരിക്കുന്നു.

ആവൃതം ജ്ഞാനമേതേന
ജ്ഞാനിനോ നിത്യവൈരിണാ
കാമരൂപേണ കൗന്തേയ 
ദുഷ്പൂരേണാനലേന ച                                                                                ( 39)

അല്ലയോ അർജ്ജുന! ജ്ഞാനിക്ക് നിത്യശത്രുവായിരിക്കുന്നതും, തൃപ്തിപ്പെടുത്താനാവാത്തതും അഗ്നിപോലെയുള്ളതും കാമരൂപവുമായ ഇതിനെക്കൊണ്ട് ജ്ഞാനം (വിവേകം ) മൂടപ്പെട്ടിരിക്കുന്നു.

ഇന്ദ്രിയാണി മനോബുദ്ധിഃ
അസ്യാധിഷ്ഠാനമുച്യതേ
ഏതൈർ വിമോഹയത്യേഷഃ
ജ്ഞാനമാവൃത്യ ദേഹിനം                                                                          (40)

ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയുമാണ്‌ കാമത്തിന്റെ ഇരിപ്പിടമെന്ന് പറയപ്പെടുന്നു. ഈ കാമം ഇവയെക്കൊണ്ട് (ഇന്ദ്രീയമോഹങ്ങളെക്കൊണ്ട്) ജ്ഞാനത്തെ മറച്ചിട്ട് ജീവനെ മോഹിപ്പിക്കുന്നു.

തസ്മാദ് ത്വമിന്ദ്രിയാണ്യാദൗ
നിയമ്യ ഭരതർഷ!
പാപ്മാനം പ്രജഹി ഹ്യേനം
ജ്ഞാനവിജ്ഞാനനാശനം                                                                        (41)

അല്ലയോ അർജ്ജുന! അതുകൊണ്ട് നീ ആദ്യം തന്നെ ഇന്ദ്രിയങ്ങളെ അടക്കിയിട്ട് ജ്ഞാനവിജ്ഞാനങ്ങളെ നശിപ്പിക്കുന്ന പാപാത്മാവായ ഈ കാമത്തെ നശിപ്പിക്കുക.( ആത്മവിഷയകമായ അറിവ് ജ്ഞാനം; അപ്രകാരം സിദ്ധമായ ജ്ഞാനത്തിന്റെ സവിശേഷമായ സ്വാനുഭവം വിജ്ഞാനം എന്ന് ശങ്കരഭാഷ്യം).

ഇന്ദ്രിയാണി പരാണ്യാഹുഃ
ഇന്ദ്രിയേഭ്യഃ പരം മനഃ
മനസസ്തു പരാ ബുദ്ധിഃ
യോ ബുദ്ധേഃ പരതസ്തു സഃ                                                                        (42)

ഇന്ദ്രിയങ്ങൾ ശ്രേഷ്ഠങ്ങളാണെന്ന് പറയപ്പെടുന്നു. എന്നാൽ ഇന്ദ്രീയങ്ങളെക്കാൾ ശ്രേഷ്ഠം മനസ്സും, മനസ്സിനേക്കാൾ ശ്രേഷ്ഠം ബുദ്ധിയുമാകുന്നു. ആത്മാവാകട്ടെ , ബുദ്ധിയേക്കാൾ ശ്രേഷ്ഠമാണ്‌.( കഠോപനിഷത്തിലെ ഒരു മന്ത്രത്തിന്റെ ആശയം ഈ ശ്ളോകം ഉൾക്കൊള്ളുന്നു.)

ഏവം ബുദ്ധേ പരം ബുദ്ധ്വാ
സംസ്തഭ്യാത്മാനമാത്മനാ
ജഹി ശത്രും മഹാബാഹോ
കാമരൂപം ദുരാസദം                                                                                      (43)

വീരനായ അർജ്ജുന! ഇപ്രകാരം ബുദ്ധിയേക്കാൾ ശ്രേഷ്ഠമായ ആത്മാവിനെ അറിഞ്ഞിട്ട് നിശ്ചയാത്മികമായ ബുദ്ധിയെക്കൊണ്ട് മനസ്സിനെ  വിഷയങ്ങളിൽ പ്രവർത്തിക്കാതാക്കി (ബുദ്ധിയാൽ മനസ്സിനെ ആത്മാവിൽ ഉറപ്പിച്ച്) കാമരൂപിയായ ശത്രുവിനെ ഹനിച്ചാലും.

ഇതി ശ്രീമദ് ഭഗവദ്ഗീതാസു ഉപനിഷത്സു
ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ
ശ്രീകൃഷ്ണാർജ്ജുന സംവാദേ
കർമയോഗോ നാമ
തൃതീയോതധ്യായഃ


കർമയോഗം എന്ന മൂന്നാമധ്യായം കഴിഞ്ഞു.

നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ താഴെ comments എന്നിടത്ത് രേഖപ്പെടുത്തുക.

ലൈക്ക്‌ ചെയ്ത്കൊണ്ട്‌ നിങ്ങളും ചേരൂ ഭഗവദ്ഗീതയ്ക്കൊപ്പം.

മുൻ അധ്യായങ്ങൾ കാണാൻ ചുവടെയുള്ള ലിങ്കുകളിൽ ക്ലിക്ക്‌ ചെയ്യൂ. 




No comments: