Saturday 18 January 2014

ഭഗവദ്ഗീത മലയാളത്തിൽ, രണ്ടാം അദ്ധ്യായം - സാംഖ്യയോഗം

ഭഗവദ്ഗീത മലയാളത്തിൽ
രണ്ടാം അധ്യായമായ സാംഖ്യയോഗം ഇപ്പോൾ വായിക്കാം
രണ്ടാം അദ്ധ്യായം

സാംഖ്യയോഗം  







ശോകപരവശനായി തേർത്തട്ടിൽ തളർന്നിരിക്കുന്ന അർജ്ജുനന്റെ ദയനീയരൂപത്തെ കാണിച്ചുതരുന്ന സഞ്ജയന്റെ വാക്കുകളോടെ രണ്ടാം അദ്ധ്യായം ആരംഭിക്കുന്നു.

സഞ്ജയഃ ഉവാചഃ

തം തഥാ കൃപയാവിഷ്ടം
അശ്രുപൂർണാകുലേക്ഷണം
വിഷീദന്തമിദം വാക്യം
ഉവാച മധുസൂദനഃ                                   (1)

സഞ്ജയൻ പറഞ്ഞു:
(അനവസരത്തിലുള്ള) കൃപയാൽ ആവിഷ്ടനായി കണ്ണീർ നിറഞ്ഞ്‌ കലങ്ങിയ കണ്ണുകളുമായി ദുഃഖിച്ചിരിക്കുന്ന അർജ്ജുനനോട്‌ ശ്രീകൃഷ്ണൻ ഇപ്രകാരം പറഞ്ഞു;

ശ്രീ ഭഗവാനുവാചഃ

കുതസ്ത്വാ കശ്മലമിദം
വിഷമേ സമുപസ്ഥിതം
അനാര്യജുഷ്ടമസ്വർഗ്യം
അകീർത്തികരമർജ്ജുന!                         (2)

ശ്രീ ഭഗവാൻ പറഞ്ഞു;
ഹേ അർജ്ജുന! ശ്രേഷ്ഠന്മാർക്ക്‌ യോജിക്കാത്തതും സ്വർഗ്ഗപ്രാപ്തിക്ക്‌ ഉതകാത്തതും, ദുഷ്കീർത്തിയുണ്ടാക്കുന്നതുമായ ഈ മൗഢ്യം, ഈ വിഷമഘട്ടത്തിൽ നിനക്ക്‌ എവിടെനിന്നാണ്‌ വന്നുകൂടിയത്‌?

ക്ലൈബ്യം മാസ്മ ഗമഃ പാർത്ഥ!
നൈതത്ത്വയ്യുപപദ്യതേ
ക്ഷുദ്രം ഹൃദയ ദൗർബല്യം
ത്യക്ത്വോത്തിഷ്ഠ പരന്തപ!                       (3)

അർജ്ജുന! നീ ആണും പെണ്ണുമല്ലാത്ത അവസ്ഥയെ പ്രാപിക്കരുത്‌, അത്‌ നിനക്ക്‌ ചേർന്നതല്ല. ശത്രുക്കളെ തപിപ്പിക്കുന്നവനായ നീ മനസ്സിന്റെ തുശ്ചമായ അധൈര്യത്തെ വെടിഞ്ഞ്‌ എഴുന്നേൽക്കുക.

അർജ്ജുന ഉവാച:

കഥം ഭീഷ്മമഹം സംഖ്യേ
ദ്രോണം ച മധുസൂദന!
ഇഷുഭിഃ പ്രതിയോത്സ്യാമി
പൂജാർഹാവരിസൂദന                                 (4)

ശത്രുനാശകനായ കൃഷ്ണ, ഞാൻ പൂജിക്കപ്പെടേണ്ടവരായ ഭീഷ്മരേയും, ദ്രോണരേയും യുദ്ധത്തിൽ അസ്ത്രങ്ങളുപയോഗിച്ച്‌ എങ്ങനെയാണ്‌ എതിർക്കുക.( പൂജിക്കപ്പെടേണ്ടവരെ ഉപദ്രവിക്കുന്നത്‌ മഹാപാപമാണെന്നാണ്‌ ഇവിടെ സൂചിപ്പിക്കുന്നത്‌.)

ഗുരുനഹത്വാ ഹി മഹാനുഭാവാൻ
ശ്രേയോഭോക്‌തൂം ഭൈക്ഷ്യമപീഹ ലോകേ
ഹത്വാർഥ കാമാംസ്തു ഗുരുനിഹൈവ
ഭുഞ്ജീയ ഭോഗാൻ രുധിര പ്രദിഗ്ധാൻ                         (5)

മഹാനുഭാവന്മാരായ ഗുരുജനങ്ങളെ കൊല്ലുന്നതിനേക്കാൾ ഈ ലോകത്ത്‌ ഭിക്ഷയെടുത്ത്‌ കഴിയേണ്ടിവരുന്നതാണ്‌ ശ്രേയ്സ്കരം. ഗുരുക്കന്മാരെ കൊല്ലുകയാണെങ്കിൽ, രക്തം പുരണ്ട അർത്ഥകാമങ്ങളാകുന്ന ഭോഗങ്ങളെയാണ്‌ ഞാൻ ഭുജിക്കേണ്ടിവരിക.

ന ചൈതദ്വിദ്‌മഃ കതരന്നോ ഗരീയോ
യദ്വാ ജയേമ യദി വാ നോ ജയേയുഃ
യാനേവ ഹത്വാ ന ജിജീവിഷാമഃ
തേfവസ്ഥിതാഃ പ്രമുഖേ ധാർത്തരാഷ്ട്രാഃ               (6)

യുദ്ധം ചെയ്താൽ ഞങ്ങൾ ഒരുപക്ഷേ ജയിച്ചെന്ന് വരാം, അല്ലെങ്കിൽ അവർ ഞങ്ങളെ ജയിച്ചെന്ന് വരാം. ഇതിൽ ഏതാണ്‌ അധികം ശ്രേഷ്ഠ്മെന്ന് ഞങ്ങൾക്ക്‌ അറിയില്ല. ആരെ കൊന്നിട്ട്‌ ഞങ്ങൾ ജീവിച്ചിരിക്കാൻ ആഗ്രഹിക്കുന്നില്ലയോ ആ ദുര്യോധനാദികൾ ഇതാ മുമ്പിൽ നിൽക്കുന്നു.

കാർപണ്യദോഷോപഹതസ്വഭാവഃ
പൃച്ഛാമി ത്വാം ധർമസമ്മൂഢചേതാഃ
യത്‌ ശ്രേയഃ സ്യാന്നിശ്ചിതം ബ്രൂഹിതന്മേ
ശിഷ്യസ്തേfഹം ശാധിമാം ത്വാം പ്രപന്നം              (7)

കാർപണ്യദോഷം ബാധിച്ച്‌ (അസ്ഥാനത്തിലും അപാത്രത്തിലുമുള്ള ദയ) സ്വഭാവത്തിന്‌ തന്നെ മാറ്റം വന്നുപോയവനും ധർമമെന്തന്നറിയാതെ കുഴങ്ങുന്നവനുമായ ഞാൻ അങ്ങയോട്‌ ചോദിക്കുന്നു, എന്താണ്‌ എനിക്ക്‌ ശ്രേയ്സ്കരമായിട്ടുള്ളത്‌. അത്‌ നിശ്ചയിച്ച്‌ എനിക്ക്‌ പറഞ്ഞ്‌ തന്നാലും. അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്ന ഈ ശിഷ്യനെ അങ്ങ്‌ ശാസിച്ചാലും.

നഹി പ്രപശ്യാമി മമാപനുദ്യാത്‌
യച്ഛോകമുച്ഛോഷണമിന്ദ്രിയാണാം
അവാപ്യ ഭുമാവസപത്നമൃദ്ധം
രാജ്യം സുരാണാമപി ചാധിപത്യം                           (8)

ഭൂമിയിൽ ശത്രുക്കളില്ലാത്തതും സമ്പൽ സമൃദ്ധവുമായ രാജ്യമോ ഇന്ദ്രന്റെ പദവി തന്നെയുമോ ലഭിക്കുമെന്നിരിക്കട്ടെ, എന്നാലും എന്റെ ഇന്ദ്രിയങ്ങളെ തപിപ്പിക്കുന്ന ദുഃഖത്തിന്‌ അറുതിവരുത്തുന്ന യാതൊന്നിനെയും ഞാൻ കാണുന്നില്ല.

സഞ്ജയ ഉവാചഃ
ഏവമുക്ത്വാ ഹൃഷീകേശം
ഗുഡാകേശഃ പരന്തപഃ
ന യോത്സ്യ ഇതി ഗോവിന്ദം
ഉക്ത്വാ തുഷ്ണീം ബഭുവ ഹ                             (9)

സഞ്ജയൻ പറഞ്ഞു:
ശത്രുക്കളെ തപിപ്പിക്കുന്നവനും, നിദ്രയെ ജയിച്ചവനുമായ അർജ്ജുനൻ ഭഗവാനോട്‌ ഇങ്ങനെയെല്ലാം പറഞ്ഞിട്ട്‌ , ഇനി ഞാൻ യുദ്ധം ചെയ്യില്ല എന്ന വാക്കുകളോടെ മിണ്ടാതിരുന്നു.

തമുവാച ഹൃഷീകേശഃ
പ്രഹസന്നിവ ഭാരത!
സേനയോരുഭയോർ മധ്യേ
വിഷീദന്തമിദം വചഃ                                   (10)

അല്ലയോ ധൃതരാഷ്ട്ര മഹാരാജാവേ, രണ്ടു സൈന്യങ്ങളുടേയും നടുവിലായി വിഷാദവാനായിരിക്കുന്ന അർജ്ജുനനോട്‌ ഭഗവാൻ ശ്രീകൃഷ്ണൻ മന്ദഹസിച്ചുകൊണ്ടെന്ന് തോന്നുന്നവണ്ണം ഇങ്ങനെ പറഞ്ഞു.

ശ്രീഭഗവാനുവാചഃ

അശോച്യാനന്വശോചസ്ത്വം
പ്രഞ്ജാവാദാംശ്ച ഭാഷസേ
ഗതാസുനഗതാസൂംശ്ച
നാനുശോചന്തി പണ്ഡിതാഃ                          (11)

ശ്രീഭഗവാൻ പറഞ്ഞുഃ
നീ ദുഃഖിക്കാനവകാശമില്ലാത്തവരെക്കുറിച്ച്‌ ദുഃഖിക്കുന്നു. ഞ്ജാനികളുടെ മട്ടിൽ സംസാരിക്കുകയും ചെയ്യുന്നു. യഥാർത്ഥ ഞ്ജാനികൾ പ്രാണൻ പോയവരെ ഓർത്തോ, പ്രാണൻ പോകാത്തവരെ ഓർത്തോ ദുഃഖിക്കുന്നില്ല.

ന ത്വേവാഹം ജാതു നാസം
ന ത്വം നേമേ ജനാധിപാഃ
ന ചൈവ ന ഭവിഷ്യാമഃ
സർവേ വയമതഃ പരം                                 (12)

ഞാനും നീയും ഇവിടെയുള്ള രാജാക്കന്മാരുമെല്ലാം ഒരിക്കലും ഇല്ലാതിരുന്നിട്ടില്ല, മേലിലും നാമാരും ഇല്ലാതാവുകയുമില്ല. (ശരീരം നശിക്കുമ്പോഴും ആത്മാവിന്‌ നാശമില്ല. ശരീരത്തിന്‌ മാത്രമേ നാശമുള്ളൂ, ആത്മാവ്‌ നിത്യവും ഒരിക്കലും നശിക്കാത്തതുമാണ്‌.)

ദേഹിനോfസ്മിൻ യഥാ ദേഹേ
കൗമാരം യൗവനം ജരാ
തഥാ ദേഹാന്തര പ്രാപ്തിഃ
ധീരസ്തത്ര ന മുഹ്യതി                                   (13)

ദേഹാഭിമാനിയായ ജീവന്‌ ഈ ദേഹത്തിൽ എങ്ങനെയാണോ കൗമാരവും, യൗവനവും, വാർദ്ധക്യവും ഉണ്ടാകുന്നത്‌ അപ്രകാരം തന്നെയാണ്‌ അന്യശരീരപ്രാപ്തിയും(അതായത്‌ മരണവും). വിവേകി അതിൽ പരിഭ്രമിക്കുകയില്ല.

മാത്രാസ്പർശാസ്തു കൗന്തേയ!
ശീതോഷ്ണസുഖദുഃഖദാഃ
ആഗമാപായിനോfനിത്യാഃ
താംസ്തിതിക്ഷസ്വ ഭാരത!                               (14)

അല്ലയോ അർജ്ജുന! ഇന്ദ്രിയങ്ങൾക്ക്‌ ബാഹ്യ വിഷയങ്ങളുമായുള്ള ബന്ധങ്ങൾ, തണുപ്പ്‌, ചൂട്‌, സുഖം, ദുഃഖം മുതലായവ ഉണ്ടാക്കുന്നവയും വരികയും പോവുകയും ചെയ്യുന്നവയും നിത്യമല്ലാത്തവയും(സ്ഥിരത ഇല്ലാത്തത്‌) ആകുന്നു. അവയെ നീ സഹിക്കുക തന്നെ വേണം.

യം ഹി ന വ്യഥയന്ത്യേതേ
പുരുഷം പുരുഷർഷഭ!
സമദുഃഖസുഖം ധീരം
സോfമൃതത്വായ കൽപതേ                               (15)

അല്ലയോ പുരുഷ ശ്രേഷ്ഠനായ അർജ്ജുന! സുഖ ദുഃഖങ്ങളെ സമഭാവത്തോട്‌ കൂടി കരുതുന്ന ഏതൊരു ധീരനായ പുരുഷനെ ഇന്ദ്രിയസുഖങ്ങൾ ദുഃഖിപ്പിക്കുന്നില്ലയോ, അവൻ അമൃതത്വത്തിന്‌ യോഗ്യനായിത്തീരുന്നു.(അമൃതത്വം പരമസിദ്ധിയായ ആത്മാനുഭൂതിയെ സൂചിപ്പിക്കുന്നു)

നാസ തോവിദ്യതേ ഭാവോ
നാഭാവോ വിദ്യതേ സതഃ
ഉഭയോരപി ദൃഷ്ടോfന്തഃ
ത്വനയോസ്തത്ത്വദർശിഭിഃ                               (16)

അസത്തിന്‌(ഇല്ലത്തതിന്‌) ഉണ്ടെന്നുള്ള അവസ്ഥയില്ല. സത്തിന്‌(ഉള്ളതിന്‌) ഇല്ലായ്മ എന്ന അവസ്ഥയുമില്ല. സത്തിന്റെയും അസത്തിന്റെയും പരമാർത്ഥ സ്ഥിതിയാകട്ടെ തത്ത്വദർശികളാൽ അറിയപ്പെട്ടതുമാണ്‌.(മൂന്ന് കാലങ്ങളിലും മാറ്റമില്ലാതെ വർത്തിക്കുന്ന സത്യവസ്തു- സത്ത്‌. അനിത്യവും മാറിക്കൊണ്ടിരിക്കുന്നതുമാണ്‌ അസത്ത്‌`.)

അവിനാശി തു തദ്വിദ്ധി
യേന സർവ്വമിദം തതം
വിനാശമവ്യയസ്യാസ്യ
ന കശ്‌ചിത്‌ കർത്തുമർഹതി                              (17)

യാതൊന്നിനാൽ ഈ പ്രപഞ്ചമെല്ലാം(ഈ കാണുന്നതെല്ലാം) വ്യാപിക്കപ്പെട്ടിരിക്കുന്നുവോ അത്‌ നാശമില്ലാത്തത്‌ ആണെന്ന് നീ അറിയണം. നാശരഹിതമായ അതിനെ നശിപ്പിക്കാൻ ഒന്നിനുമാവില്ല.( പ്രപഞ്ചം മുഴുവനും വ്യാപിച്ചിരിക്കുന്ന ആത്മാവിനെ പരമാത്മാവ്‌ അധവാ ബ്രഹ്മം എന്ന് പറയുന്നു.)

അന്തവന്ത ഇമേ ദേഹാഃ
നിത്യസ്യോക്താഃ ശരീരിണഃ
അനാശിനോfപ്രമേയസ്യ
തസ്മാദ്യുദ്ധ്യസ്വ ഭാരത!                                   (18)

നിത്യനും നാശമില്ലാത്തവനും അറിയപ്പെടാൻ കഴിയാത്തവനുമായ ആത്മാവ്‌ കുടികൊള്ളുന്ന ശരീരങ്ങൾ നാശമുള്ളവയാണ്‌. അതിനാൽ അർജ്ജുന! നീ യുദ്ധം ചെയ്തുകൊള്ളുക.

യ ഏനം വേത്തി ഹന്താരം
യശ്‌ചൈനം മന്യതേ ഹതം
ഉഭൗ തൗ ന വിജാനീതോ
നായം ഹന്തി ന ഹന്യതേ                                 (19)

ഏതൊരുവൻ ഈ ആത്മാവിനെ കൊല്ലുന്നവനായി കരുതുന്നുവോ, ഏതൊരുവൻ ആത്മാവിനെ കൊല്ലപ്പെട്ടവനായി കരുതുന്നുവോ, അവർ രണ്ടുപേരും വാസ്തവം എന്താണെന്ന് അറിയുന്നവരല്ല. ആത്മാവ്‌ ആരെയും കൊല്ലുന്നില്ല, ആരാലും കൊല്ലപ്പെടുന്നുമില്ല.

ന ജായതേ മ്രിയതേ വാ കദാചിത്‌
നായം ഭുത്വാ ഭവിതാ വാ ന ഭൂയഃ
അജോ നിത്യഃ ശാശ്വതോതയം പുരാണഃ
ന ഹന്യതേ ഹന്യമാനേ ശരീരേ                            (20)

ആത്മാവ്‌ ഒരിക്കലും ജനിക്കുന്നില്ല, മരിക്കുന്നുമില്ല. ഒരിക്കൽ ഉണ്ടായിട്ട്‌ പിന്നെ ഇല്ലാതാവുകയോ, ഇല്ലാതിരുന്നിട്ട്‌ പിന്നെ ഉണ്ടാവുകയോ ചെയ്യുന്നുമില്ല. ജന്മ രഹിതനും എന്നും ഒരേരൂപത്തിലുള്ളവനും, ശാശ്വതമായിട്ടുള്ളവനും, പണ്ട്‌ പണ്ടേ ഉള്ളവനുമായ ഈ ആത്മാവ്‌ ശരീരം നശിക്കുമ്പോഴും നശിക്കുന്നുമില്ല.

വേദാന്തവിനാശിനം നിത്യം
യ ഏനമജമവ്യയം
കഥം സ പുരുഷഃ പാർത്ഥ!
കം ഘാതയതി ഹന്തി കം?                                (21)

അല്ലയോ പാർത്ഥ! ഏതൊരാളാണോ ഈ ആത്മാവിനെ നാശമില്ലാത്തവനായും എന്നുമുള്ളവനായും ജനനമില്ലാത്തവനായും ക്ഷയമില്ലാത്തവനായും അറിയുന്നുവോ അയാൾ ആരെ എങ്ങനെ കൊല്ലിക്കും, എങ്ങനെ കൊല്ലും?

വാസാംസി ജീർണാനി യഥാ വിഹായ
നവാനി ഗൃഹ്ണാതി നരോfപരാണി
തഥാ ശരീരാണി വിഹായ ജീർണാ-
ന്യന്യാനി സംയാതി നവാനി ദേഹി                     (22)

മനുഷ്യൻ എങ്ങനെയാണോ പഴയ വസ്ത്രങ്ങൾ ഉപേക്ഷിച്ച്‌ പുതിയവ ധരിക്കുന്നത്‌, അതുപോലെ തന്നെ ആത്മാവ്‌ ജീർണിച്ച ശരീരത്തെ ഉപേക്ഷിച്ച്‌, പുതിയ ശരീരത്തെ സ്വീകരിക്കുന്നു.(ഒരു ജന്മത്തിൽ അനുഭവിക്കേണ്ടത്‌ മുഴുവൻ അനുഭവിച്ച്‌ കഴിയുകയും, പിന്നീടുള്ള അനുഭവങ്ങൾക്ക്‌ ആ ശരീരം പറ്റാതെ വരുകയും ചെയ്യുന്നതാണ്‌ ശരീരത്തിന്റെ ജീർണ്ണത. അതോടെ ആത്മാവ്‌ ആ ശരീരത്തെ ഉപേക്ഷിച്ച്‌ മറ്റൊന്ന് സ്വീകരിക്കുന്നു: മനുഷ്യൻ പഴയ വസ്ത്രങ്ങൾ ഉപേക്ഷിച്ച്‌ പുതിയവ ധരിക്കുന്നത്‌ പോലെ.)

നൈനം ഛിന്ദന്തി ശസ്ത്രാണി
നൈനം ദഹതി പാവകഃ
ന ചൈനം ക്ലേദയന്ത്യാപോ
ന ശോഷയത്തി മാരുതഃ                                               (23)

ആത്മാവിനെ അസ്ത്രങ്ങൾ മുറിക്കുന്നില്ല, അഗ്നി ദഹിപ്പിക്കുന്നില്ല, ജലം നനയ്ക്കുന്നില്ല, വായു ഉണക്കുന്നുമില്ല.

അച്ഛേദ്യോfയമദാഹ്യോതയം
അക്ലേദ്യോfശോഷ്യ ഏവ ച
നിത്യഃ സർവഗതഃ സ്ഥാണുഃ
അചലോfയം സനാതനഃ                                               (24)

ഈ അത്മാവ്‌ മുറിപ്പെടുത്താനോ, ദഹിപ്പിക്കാനോ, നനയ്ക്കാനോ, ഉണക്കാനോ കഴിയാത്തവനാണ്‌.ഈ ആത്മാവ്‌ നിത്യനും സർവ വ്യാപിയും ഇളക്കമില്ലാത്തവനും കാലാതീതനുമാണ്‌.

അവ്യക്തോfയമചിന്ത്യോfയം
അവികാര്യോfയമുച്യതേ
തസ്മാദേവം വിദിത്വൈനം
നാനുശോചിതുമർഹസി                                                  (25)

ആത്മാവ്‌ അവ്യക്തനെന്നും(ഇന്ദ്രിയങ്ങൾക്ക്‌ ഗോചരമല്ലാത്തതിനാൽ), അചിന്ത്യനെന്നും(മനസ്സിനും ബുദ്ധിക്കും വിഷയീഭവിക്കാത്തതിനാൽ), അവികാര്യനെന്നും(മാറ്റങ്ങൾക്ക്‌ അധീനനല്ലാത്തതിനാൽ) പറയപ്പെടുന്നു. ഇപ്രകാരം ആത്മാവിനെ അറിഞ്ഞിട്ട്‌ നിനക്ക്‌ ദുഃഖിക്കാനവകാശമില്ല.

അഥ ചൈനം നിത്യജാതം
നിത്യം വാ മന്യസേ മൃതം
തഥാപി ത്വം മഹാബാഹോ
നൈവം ശോചിതുമർഹസി                                             (26)

അല്ലെങ്കിൽ മഹാബാഹുവായ അർജ്ജുന, ആത്മാവ്‌ ജനിക്കുകയും മരിക്കുകയും ചെയ്യുന്നു എന്നാണ്‌ നീ കരുതുന്നതെങ്കിൽ പോലും, ഇപ്രകാരം ദുഃഖിക്കുവാൻ നിനക്ക്‌ അവകാശമില്ല.

ജാതസ്യ ഹി ധ്രുവോ മൃത്യുഃ
ധ്രുവം ജന്മമൃതസ്യ ച
തസ്മാദപരിഹാര്യേfർഥേ
ന ത്വം ശോചിതുമർഹസി                                               (27)

എന്തെന്നാൽ ജനിച്ചവനു മരണം നിശ്ചയം: മരിച്ചവന്‌ ജനനവും നിശ്ചയം തന്നെ. അതിനാൽ പരിഹാരമില്ലാത്ത ഈ കാര്യത്തിൽ നീ ദുഃഖിച്ചിട്ട്‌ കാര്യമില്ല.

അവ്യക്താദീനി ഭൂതാനി
വ്യക്തമധ്യാനി ഭാരത!
അവ്യക്തനിധനാന്യേവ
തത്ര കാ പരിദേവനാ?                                                      (28)

ഹേ അർജ്ജുന! ജീവികളുടെ ആദി അവ്യക്തമാണ്‌. മധ്യാവസ്ഥ (ഇടക്കുള്ള അവസ്ഥ) മാത്രമാണ്‌ വ്യക്തമായിട്ടുള്ളത്‌. അവസാനത്തിൽ അവ അവ്യക്തത്തിൽ ലയിക്കുന്നു, അതിൽ വിലപിക്കാനെന്തിരിക്കുന്നു.( ജീവികളുടെ ജനനത്തിനുമുമ്പുള്ള അവസ്ഥ പോലെ തന്നെയാണ്‌ മരണത്തിന്‌ ശേഷവും രണ്ടിനെക്കുറിച്ചും യാതൊന്നും അറിയാൻ കഴിയില്ലെന്നും ഇടയ്ക്കുള്ള ജീവിതാവസ്ഥ മാത്രമാണ്‌ നമുക്ക്‌ അറിയാൻ കഴിയുന്നതെന്നും ഇവിടെ വ്യക്തമാക്കുന്നു)

ആശ്ചര്യവത്‌ പശ്യതി കശ്‌ചിദേനം
ആശ്ചര്യവദ്‌വദതി തഥൈവ ചാന്യഃ
ആശ്ചര്യവച്ചൈനമന്യഃ ശൃണോതി
ശ്രുത്വാപ്യേനം വേദ ന ചൈവ കശ്‌ചിത്‌                             (29)

ഒരാൾ ആത്മാവിനെ അത്ഭുതവസ്തുവിനെപ്പോലെ കരുതുന്നു, അതേസമയം മറ്റൊരാൾ ആത്മാവിനെക്കുറിച്ച്‌ അത്ഭുതമെന്നപോലെ പറയുന്നു. മറ്റ്‌ ചിലർ ആത്മാവിനെക്കുറിച്ച്‌ അത്ഭുതമെന്നപോലെ കേൾക്കുകയും ചെയ്യുന്നു. പറഞ്ഞിട്ടും കേട്ടിട്ടും ആരും ആത്മാവിനെ അറിയുന്നില്ല.

ദേഹീ നിത്യമവധ്യോfയം
ദേഹേ സർവസ്യ ഭാരത!
തസ്മാത്‌ സർവാണി ഭൂതാനി
ന ത്വം ശോചിതുമർഹസി                                                  (30)

അല്ലയോ അർജ്ജുന! എല്ലാവരുടേയും ശരീരത്തിൽ കുടികൊള്ളുന്ന ആത്മാവ്‌ ഒരിക്കലും വധിക്കപ്പെടുന്നില്ല. അതിനാൽ ഒരു ജീവിയെക്കരുതിയും നീ ദുഃഖിക്കേണ്ട കാര്യമില്ല.

സ്വധർമമപി ചാവേക്ഷ്യ
ന വികമ്പിതുമർഹസി
ധർമ്യാദ്ധി യുദ്ധാത്‌ ശ്രേയോfന്യത്‌
ക്ഷത്രിയസ്യ ന വിദ്യതേ                                                     (31)

സ്വധർമ്മത്തെ ഓർത്തിട്ടാലും നീ പതറേണ്ട കാര്യമില്ല. എന്തെന്നാൽ ധർമ്മയുദ്ധത്തേക്കാൾ ശ്രേയസ്കരമായി, ക്ഷത്രിയന്‌ മറ്റൊന്നും തന്നെയില്ല.

യദൃച്‌ഛയാ ചോപപന്നം
സ്വർഗദ്വാരമപാവൃതം
സുഖിനഃ ക്ഷത്രിയാഃ പാർത്ഥ
ലഭന്തേ യുദ്ധമീദൃശം                                                      (32)

അല്ലയോ പാർത്ഥ! നിനച്ചിരിക്കാതെ വന്നുചേർന്നതും സ്വർഗപ്രാപ്തിക്ക്‌ ഹേതുവുമായ ഇത്തരം ധർമ്മയുദ്ധം ഭാഗ്യവാന്മാരായ ക്ഷത്രിയന്മാർക്ക്‌ മാത്രമേ ലഭിക്കുകയുള്ളൂ. ( സ്വധർമ്മം അനുഷ്ഠിക്കുന്നതിൽ ശ്രദ്ധാലുക്കളായ ക്ഷത്രിയന്മാർക്ക്‌ ധർമയുദ്ധം തുറന്ന സ്വർഗവാതിലാണെന്ന് സാരം)

അഥചേത്‌ ത്വമിമം ധർമ്യം
സംഗ്രാമം ന കരിഷ്യസി
തതഃ സ്വധർമം കീർത്തിം ച
ഹിത്വാ പാപമവാപ്‌സ്യസി                                             (33)

ധർമയുദ്ധമായ ഈ യുദ്ധത്തിൽ നിന്ന് ഇനി നീ പിന്മാറുകയാണെങ്കിൽ , അതുമൂലം സ്വധർമത്തെയും, കീർത്തിയേയും നഷ്ടമാക്കി നീ പ്രാപിക്കുന്നത്‌ പാപത്തെയായിരിക്കും.

അകീർത്തീം ചാപിf ഭൂതാനി
കഥയിഷ്യന്തി തേവ്യയാം
സംഭാവിതസ്യ ചാകീർത്തിഃ
മരണാദതിരിച്യതേ                                                          (34)

മാത്രമല്ല, നിന്റെ എന്നെന്നും നിലനിൽക്കുന്ന ദുഷ്കീർത്തി ജനങ്ങൾ പറഞ്ഞുപരത്തും. ബഹുമാനിതനായവന്‌ അപകീർത്തി മരണത്തേക്കാൾ ഭയാനകമാണല്ലോ.

ഭയാദ്‌ രണാദുപരതം
മംസ്യന്തേ ത്വാം മഹാരഥാഃ
യേഷാം ച ത്വം ബഹുമതോ
ഭൂത്വാ യാസ്യസി ലാഘവം                                                 (35)

നീ യുദ്ധത്തിൽ നിന്ന് പിന്മാറുകയാണെങ്കിൽ അത്‌ ഭയം കൊണ്ടാണെന്ന് മഹാരഥന്മാർ കരുതും. ആർക്കൊക്കെ നീ ബഹുമാനിതനായിരുന്നോ അവരുടെയെല്ലാം മുൻപിൽ നീ നിസ്സാരനായിത്തീരും.

അവാച്യവാദാംശ്ച ബഹൂൻ
വദിഷ്യന്തി തവാഹിതാഃ
നിന്ദന്തസ്തവ സാമർത്ഥ്യം
തതോ ദുഃഖതരം നു കിം?                                                     (36)

നിന്റെ ശത്രുക്കൾ നിന്റെ സാമർത്ഥ്യത്തെ നിന്ദിച്ചുകൊണ്ട്‌ പറയാൻ കൊള്ളരുതാത്ത പലതും പറയുകയും ചെയ്യും. അതിലേറെ ദുഃഖം മറ്റെന്താണുള്ളത്‌.

ഹതോ വാ പ്രാപ്‌സ്യസി സ്വർഗം
ജിത്വാ വാ ഭോക്ഷ്യസേ മഹീം
തസ്മാദുത്തിഷ്ഠ കൗന്തേയ
യുദ്ധായ കൃത നിശ്ചയഃ                                                           (37)

 യുദ്ധത്തിൽ നീ കൊല്ലപ്പെടുകയാണെങ്കിൽ നിനക്ക്‌ സ്വർഗം പ്രാപിക്കാം. നീ ജയിക്കുകയാണെങ്കിൽ രാജ്യാധിപത്യം ലഭിക്കും. അല്ലയോ അർജ്ജുന, ആയതിനാൽ യുദ്ധം ചെയ്യാൻ തയ്യാറുള്ളവനായിട്ട്‌  നീ എഴുന്നേൽക്കുക.

സുഖദുഃഖേ സമേകൃത്വാ
ലാഭാലാഭൗ ജയാജയൗ
തതോ യുദ്ധായ യുജ്യസ്വ
നൈവം പാപമവാപ്‌സ്യസി                                                    (38)

സുഖദുഃഖങ്ങളേയും, ജയപരാജയങ്ങളേയും ഒരേനിലയിൽ കണക്കാക്കിക്കൊണ്ട്‌ യുദ്ധം ചെയ്യാനൊരുങ്ങുക. അങ്ങനെ ചെയ്താൽ നീ പാപത്തെ പ്രാപിക്കുകയില്ല.

ഏഷാ തേfഭിഹിതാ സാംഖ്യേ
ബുദ്ധിർ യോഗേ ത്വിമാം ശൃണു
ബുദ്ധ്യാ യുക്തോ യയാ പാർത്ഥ!
കർമ്മബന്ധം പ്രഹാസ്യസി                                                       (39)

അല്ലയോ അർജ്ജുന! നിനക്ക്‌ ഇതുവരെ ഉപദേശിച്ചത്‌ സാംഖ്യവിഷയത്തിലുള്ള ഞ്ജാനമാകുന്നു. ഇനി കർമ്മയോഗമനുസരിച്ചുള്ള ഞ്ജാനത്തെ നീ കേട്ടുകൊൾക, കർമ്മയോഗമാകുന്ന ഞ്ജാനം നിന്നെ കർമ്മബന്ധത്തിൽ നിന്നും മുക്തനാക്കും.

നേഹാഭിക്രമനാശോfസ്തി
പ്രത്യവായോ ന വിദ്യതേ
സ്വൽപമപ്യസ്യ ധർമസ്യ
ത്രായതേ മഹതോ ഭയാത്‌                                                           (40)

ഇവിടെ, കർമ്മയോഗത്തിൽ ചെയ്ത പ്രവർത്തി നിഷ്ഫലമായി ഭവിക്കുകയില്ല, അനിഷ്ടകരമായ വിപരീതഫലവും ഉണ്ടാവുകയില്ല. കർമ്മയോഗതിന്റെ അൽപമാത്രമായ ആചരണം പോലും വലിയ ഭയത്തിൽ നിന്ന് രക്ഷിക്കുന്നു.
( കർമ്മയോഗം അനുഷ്ഠിക്കുന്നവർക്ക്‌ , കർമ്മം പൂർത്തിയാകാതെ വന്നാലും ചെയ്ത പ്രവർത്തി നിഷ്ഫലമാവുകയില്ല, വിപരീത ഫലവും ഉണ്ടാവുകയില്ല. അത്‌ മഹത്തായ ഫലമുളവാക്കുകയും, നന്മയിലേക്ക്‌ നയിക്കുകയും ചെയ്യും)

വ്യവസായാത്മികാ ബുദ്ധിഃ
ഏകേഹ കുരുനന്ദന
ബഹുശാഖാ ഹ്യനന്താശ്ച
ബുദ്ധയോfവ്യവസായിനാം                                                          (41)

അല്ലയോ അർജ്ജുന! കർമ്മയോഗത്തിൽ നിശ്ചയദാർഢ്യമുള്ള ബുദ്ധി ഒന്നേയുള്ളൂ(അതായത്‌ ബുദ്ധി ഏക ലക്ഷ്യത്തിൽ ഉറച്ച്‌ നിൽക്കണം). നിശ്ചയ ദാർഢ്യമില്ലാത്തവരുടെ  ബുദ്ധികൾ പലശാഖകളോട്‌ കൂടിയതും അവസാനമില്ലാത്തതുമാണ്‌.

യാമിമാം പുഷ്പിതാം വാചം
പ്രവദന്ത്യവിപശ്ചിതഃ
വേദവാദരതാഃ പാർത്ഥ
നാന്യദസ്തീതി വാദിനഃ                                                        (42)

കാമാത്മാനഃ സ്വർഗപരാ
ജന്മകർമ ഫലപ്രദാം
ക്രിയാവിശേഷ ബഹുലാം
ഭോഗൈശ്വര്യ ഗതീം പ്രതി                                                        (43)

ഭോഗൈശ്വര്യ പ്രസക്താനാം
തയാപഹൃത ചേതസാം
വ്യവസായാത്മികാ ബുദ്ധിഃ
സമാധൗ ന വിധീയതേ                                                           (44)

അല്ലയോ പാർത്ഥ! വേദത്തിന്റെ അർത്ഥവാദത്തിൽ തൽപരരായിട്ടുള്ളവരും അതിനപ്പുറം മറ്റൊന്നുമില്ലെന്ന് വാദിക്കുന്നവരും, വേദത്തിൽപ്പറയുന്ന സ്വർഗപ്രാപ്തിയാണ്‌ പരമലക്ഷ്യമെന്ന്‌ കരുതുന്നവരും, കാമികളുമായിട്ടുള്ള മൂഢന്മാർ ഭോഗൈശ്വര്യങ്ങൾ നേടുവാൻ പലതരം ക്രിയാവിശേഷങ്ങളെപ്പറ്റി നിഷ്ഫലമായ പല സുന്ദരവാക്കുകളും പറയുന്നു. ഭോഗൈശ്വര്യങ്ങളിൽ അമിതാസക്തിയുള്ള അവർക്ക്‌ ഏകാഗ്ര ബുദ്ധിയോ നിശ്ചയദാർഢ്യമോ ഉണ്ടാവില്ല.( ഭോഗൈശ്വര്യ ലബ്ധിക്കും സ്വർഗപ്രാപ്തിക്കുമായുള്ള യോഗ-ഹോമാദികർമങ്ങൾ പരമലക്ഷ്യമായ ആത്മസാക്ഷാത്കാരത്തിന്‌ ഉതകുന്നവയല്ല. അതറിയാതെ അവയിൽ കുടുങ്ങി ആ കർമ്മങ്ങൾക്ക്‌ മീതേ ഒന്നുമില്ലെന്ന് കരുതുന്ന മൂഢന്മാരെയാണ്‌ ഇവിടെ പരാമർശിക്കുന്നത്‌)

ത്രൈഗുണ്യ വിഷയാ വേദാഃ
നിസ്ത്രൈഗുണ്യോ ഭവാർജ്ജുന
നിർദ്വന്ദ്വോ നിത്യ സത്വസ്ഥഃ
നിര്യോഗ ക്ഷേമ ആത്മവാൻ                                                         (45)

അല്ലയോ അർജ്ജുന! വേദങ്ങൾ സ്വത്വം, രജസ്‌, തമസ്‌ എന്നീ ത്രിഗുണങ്ങളെ സംബന്ധിച്ചതാണ്‌, നീയാണെങ്കിൽ ത്രിഗുണങ്ങൾക്ക്‌ അതീതനും നിത്യ സ്വത്വത്തിൽ സ്ഥിതിചെയ്യുന്നവനും, യോഗക്ഷേമങ്ങൾ ഗണിക്കാത്തവനും ആത്മനിഷ്ഠനുമായിരിക്കുക.

യാവാനർത്ഥ ഉദപാനേ
സർവതഃ സംപ്ലുതോദകേ
താവാൻ സർവേഷു വേദേഷു
ബ്രാഹ്മണസ്യ വിജാനതഃ                                                                 (46)

എങ്ങും ജലം നിറഞ്ഞിരിക്കുമ്പോൾ കിണർ, കുളം എന്നിവകൊണ്ട്‌ എന്തു പ്രയോജനമാണുള്ളത്‌, അത്രമാത്രമേ ബ്രഹ്മജ്ഞാനിക്ക്‌ വേദങ്ങളെക്കൊണ്ടും ഉള്ളൂ.( അതായത്‌ കാമ്യകർമങ്ങളുടെ ഫലം താൽക്കാലികവും അപൂർണ്ണവുമാണ്‌, ആത്മാനുഭൂതിയാകട്ടെ ശാശ്വതവും പൂർണ്ണവുമായ സുഖം നൽകുന്നു.)

കർമണ്യേവാധികാരസ്തേ
മാ ഫലേഷു കദാചന
മാ കർമഫലഹേതുർ ഭൂഃ
മാ തേ സംഗോfസ്ത്വകർമണി                                                            (47)

ഫലം കിട്ടണമെന്ന ആഗ്രഹത്തോടെ കർമ്മം ചെയ്യരുത്‌. കർമ്മം ചെയ്യുന്നതിന്‌ മാത്രമാണ്‌ നിനക്ക്‌ അധികാരം , കർമഫലത്തിൽ അത്‌ ഒരിക്കലും അധിഷ്ഠിതമാവരുത്‌. എന്നാൽ കർമ്മം ചെയ്യാതിരിക്കുന്നതിലും നിനക്ക്‌ താൽപര്യമുണ്ടാവരുത്‌.

യോഗസ്ഥഃ കുരുകർമാണി
സംഗം ത്യക്ത്വാ ധനഞ്ജയ
സിദ്ധ്യസിദ്ധ്യോഃ സമോ ഭൂത്വാ
സമത്വം യോഗ ഉച്യതേ                                                                    (48)

അല്ലയോ അർജ്ജുന! യോഗസ്ഥനായിട്ട്‌ ആസക്തി വെടിഞ്ഞ്‌ ലാഭലോഭങ്ങളിൽ സമഭാവനയോടെ കർമങ്ങൾ അനുഷ്ഠിക്കുക. മനസ്സിന്റെ ഈ സമഭാവത്തെയാണ്‌ യോഗം എന്ന് പറയുന്നത്‌.

ദൂരേണ ഹ്യവരം കർമ
ബുദ്ധിയോഗാത്‌ ധനഞ്ജയ!
ബുദ്ധൗ ശരണമന്വിച്ഛ
കൃപണാഃ ഫലഹേതവഃ                                                                     (49)

അല്ലയോ അർജ്ജുന! ഫലം ആഗ്രഹിച്ച്‌ കൊണ്ട്‌ ചെയ്യുന്ന കർമങ്ങൾ സമത്വബുദ്ധിയോടെ ചെയ്യുന്ന കർമങ്ങളേക്കാൾ നികൃഷ്ടങ്ങളാണ്‌. അതിനാൽ സമത്വബുദ്ധിയെ ആശ്രയിക്കുക. ഫലത്തെ ആഗ്രഹിച്ച്‌ കർമ്മം ചെയ്യുന്നവർ ശോച്യന്മാരാകുന്നു.

ബുദ്ധിയുക്തോ ജഹാതീഹ
ഉഭേ സുകൃത ദുഷ്കൃതേ
തസ്മാദ്‌ യോഗായ യുജ്യസ്വ
യോഗഃ കർമ്മസു കൗശലം                                                               (50)

സമബുദ്ധിയുള്ളവൻ (യോഗി) പുണ്യപാപങ്ങളെ രണ്ടിനേയും ഉപേക്ഷിക്കുന്നു. അതുകൊണ്ട്‌ യോഗത്തിനായി പ്രയത്നിക്കുക. യോഗം കർമകുശലതയാകുന്നു.( യോഗം സമത്വബുദ്ധിയാണെന്ന് നേരത്തേ പറഞ്ഞതും, കർമകുശലതയാണെന്ന് ഇപ്പോൾ പറയുന്നതും തമ്മിൽ വൈരുധ്യമൊന്നുമില്ലെന്ന് അൽപം ചിന്തിച്ചാൽ മനസ്സിലാകും. അതായത്‌ രണ്ടും പരസ്പരപൂരകങ്ങളാണ്‌)

കർമജം ബുദ്ധിയുക്താ ഹി
ഫലം ത്യക്ത്വാ മനീഷിണഃ
ജന്മബന്ധവിനിർമുക്താഃ
പദം ഗച്‌ഛന്ത്യനാമയം                                                             (51)

എന്തുകൊണ്ടെന്നാൽ ജ്ഞാനികൾ യോഗയുക്തമായ ബുദ്ധിയുള്ളവരായി കർമഫലം ത്യജിച്ചിട്ട്‌ ജന്മബന്ധത്തിൽ നിന്നും മുക്തി നേടുകയും, ദുഃഖരഹിതമായ പരമപദത്തെ പ്രാപിക്കുകയും ചെയ്യുന്നു.

യദാ തേ മോഹകലിലം
ബുദ്ധിർ വ്യതിതരിഷ്യതി
തദാ ഗന്താസി നിർവേദം
ശ്രോതവ്യസ്യ ശ്രുതസ്യ ച                                                           (52)

നിന്റെ ബുദ്ധി എപ്പോഴാണോ മോഹമാകുന്ന കാലൂഷ്യത്തെ തരണം ചെയ്യുന്നത്‌, അപ്പോൾ നീ കേൾക്കാനിരിക്കുന്നതിലും, കേട്ടതിലും നീ വിരക്തിയെ പ്രാപിക്കും.

ശ്രുതി വിപ്രതിപന്നാ തേ
യദാസ്ഥാശ്യത്തി നിശ്ചലാ
സമാധാവചലാ ബുദ്ധിഃ
തദാ യോഗമവാപ്‌സ്യസി                                                             (53)

വിവിധങ്ങളായ കാമ്യ കർമോപദേശങ്ങളിൽ ഭ്രമിച്ചിരിക്കുന്ന നിന്റെ ബുദ്ധി എപ്പോഴാണോ ഏകലക്ഷ്യത്തിൽ ഉറച്ച്‌ നിൽക്കുന്നത്‌ അപ്പോൾ നീ യോഗത്തെ പ്രാപിക്കും.

അർജ്ജുന ഉവാച:

സ്ഥിതപ്രജ്ഞസ്യ കാ ഭാഷാ
സമാധിസ്ഥസ്യ കേശവ!
സ്ഥിതധീഃ കിം പ്രഭാഷേത
കിമാസീത വ്രജേത കിം?                                                                 (54)

അർജ്ജുനൻ പറഞ്ഞു(ചോദിച്ചു):
അല്ലയോ കേശവ! സമാധിയിൽ സ്ഥിതിചെയ്യുന്ന സ്ഥിരബുദ്ധിയോടുകൂടിയവന്റെ ലക്ഷണമെന്താണ്‌? സ്ഥിതപ്രജ്ഞൻ എങ്ങനെ സംസാരിക്കുന്നു? എങ്ങനെ സ്ഥിതി ചെയ്യുന്നു? എങ്ങനെ സഞ്ചരിക്കുന്നു?

ശ്രീ ഭഗവാൻ ഉവാച:
  പ്രജഹാതി യദാ കാമാൻ
സർവ്വാൻ പാർത്ഥ മനോഗതാൻ
ആത്മന്യേവാത്മനാ തുഷ്ടഃ
സ്ഥിതപ്രജ്ഞസ്തദോച്യതേ                                                             (55)

ശ്രീ ഭഗവാൻ പറഞ്ഞു:
ഹേ പാർത്ഥ! മനസ്സിലുള്ള എല്ലാ കാമനകളേയും നിശേഷം ഉപേക്ഷിച്ച്‌ ആത്മാവിൽ ആത്മാവിനാൽ തന്നെ സന്തുഷ്ടനായിത്തീരുന്നതെപ്പോഴാണോ അപ്പോൾ അവൻ സ്ഥിതപ്രയജ്ഞൻ ( ബ്രഹ്മനിഷ്ഠ കൈവരിച്ച സിദ്ധപുരുഷനെയാണ്‌ സ്ഥിതപ്രജ്ഞൻ എന്നുപറയുന്നത്‌) എന്ന് പറയപ്പെടുന്നു.

ദുഃഖേഷ്വനുദ്വിഗ്നമനാഃ
സുഖേഷു വിഗതസ്പൃഹഃ
വീതരാഗഭയ ക്രോധഃ
സ്ഥിതധീർ മുനിരുച്യതേ                                                   (56)

ദുഃഖങ്ങളിൽ ഇളകാത്ത മനസ്സോടുകൂടിയവനും സുഖങ്ങളിൽ ആഗ്രഹമില്ലാത്തവനും രാഗമോ, ഭയമോ, ക്രോധമോ ഇല്ലാത്തവനുമായ മുനി(യോഗി) സ്ഥിതപ്രജ്ഞൻ എന്ന് പറയപ്പെടുന്നു.

യഃ സർവ്വത്രാനഭിസ്നേഹഃ
തത്തത്‌ പ്രാപ്യ ശുഭാശുഭം
നാഭിനന്ദതി ന ദ്വേഷ്ടി
തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ                                                    (57)

ഏതൊരുവൻ ഒന്നിലും വിശേഷ സ്നേഹമില്ലാത്തവനായി ശുഭമോ, അശുഭമോ എന്തുവന്നാലും സന്തോഷിക്കുകയോ വെറുപ്പുകാട്ടുകയോ ചെയ്യുന്നില്ലയോ അവന്റെ ബുദ്ധി ഉറച്ചതാകുന്നു.

യദാ സംഹരതേ ചായം
കൂർമോfങ്ഗാനീവ സർവശഃ
ഇന്ദ്രിയാണീന്ദ്രിയാർഥേഭ്യഃ
തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ                                                 (58)

എല്ലാ വിഷയങ്ങളിൽ നിന്ന് യാതൊരാൾ, ആമ തന്റെ അവയവങ്ങളെ എന്നപോലെ ,തന്റെ ഇന്ദ്രിയങ്ങളെ പിൻവലിക്കുന്നുവോ അപ്പോൾ അവന്റെ ബുദ്ധി ഉറച്ചതാകുന്നു.

വിഷയാ വിനിവർത്തന്തേ
നിരാഹാരസ്യ ദേഹിനഃ
രസവർജം രസോപ്യസ്യ
പരം ദൃഷ്ട്വാ നിവർത്തതേ                                                   (59)

ഇന്ദ്രിയങ്ങളിൽക്കൂടി വിഷയഗ്രഹണരൂപത്തിലുള്ള ആഹാരം വർജ്ജിച്ചിരിക്കുന്ന ദേഹാഭിമാനിക്ക്‌ വിഷയബന്ധങ്ങൾ വിട്ടുമാറിയാലും വാസനാരൂപത്തിലുള്ള അഭിലാഷം നിലനിൽക്കും. പരമാത്മാദർശനത്തോടെ സ്ഥിതപ്രജ്ഞന്റെ അഭിലാഷം നിലനിൽക്കും. പരമാത്മാദർശനത്തോടെ സ്ഥിതപ്രജ്ഞന്റെ വിഷയവാസനയും നീങ്ങിപ്പോകുന്നു.

യതോഹ്യപി കൗന്തേയ
പുരുഷസ്യ വിപശ്‌ചിതഃ
ഇന്ദ്രിയാണി പ്രമാഥീനി
ഹരന്തി പ്രസഭം മനഃ                                                                 (60)

അല്ലയോ അർജ്ജുന! ഇന്ദ്രീയങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന വിവേകശാലിയായ മനുഷ്യന്റെ മനസ്സിനെപ്പോലും ക്ഷോഭിപ്പിക്കുന്ന ഇന്ദ്രീയങ്ങൾ ബലമായി വലിച്ചുകൊണ്ട്‌ പോകുന്നു.

താനി സർവാണി സംയമ്യ
യുക്ത ആസീത മത്പരഃ
വശേഹി യസ്യേന്ദ്രിയാണി
തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ                                                          (61)

അവയെ എല്ലാം (ഇന്ദ്രിയങ്ങളെ) അടക്കിയിട്ട്‌ യോഗയുക്തനായും, എന്നിൽത്തന്നെ മനസ്സിനെ ഏകാഗ്രമാക്കി നിർത്തുന്നവനായും ഇരിക്കണം. എന്തെന്നാൽ ആർക്ക്‌ ഇന്ദ്രീയങ്ങളെ നിയന്ത്രിച്ച്‌ നിർത്താൻ സാധിക്കുന്നുവോ അവന്റെ ബുദ്ധി ഉറച്ചതാകുന്നു.    

ധ്യായതോ വിഷയാൻ പുംസഃ
സംഗസ്തേഷൂപജായതേ
സംഗാത്‌ സംജായതേ കാമഃ
കാമാത്‌ ക്രോധോfഭിജായതേ                                                      (62)

വിഷയങ്ങളെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുന്നവന്‌ അവയിൽ ആസക്തി ഉണ്ടാകുന്നു. ആസക്തിയിൽ നിന്ന് കാമം ജനിക്കുന്നു, കാമത്തിൽ നിന്ന് ക്രോധവും ജനിക്കുന്നു.

ക്രോധാത്‌ ഭവതി സമ്മോഹഃ
സമ്മോഹാത്‌ സ്മൃതി വിഭ്രമഃ
സ്മൃതിഭ്രംശാത്‌ ബുദ്ധിനാശോ
ബുദ്ധിനാശാത്‌ പ്രണശ്യതി                                                              (63)

ക്രോധത്തിൽ നിന്ന് ബുദ്ധിഭ്രമവും, ബുദ്ധിഭ്രമത്തിൽ നിന്ന് ഓർമക്കേടും ഉണ്ടാകുന്നു. ഓർമക്കേടുകാരണം ബുദ്ധി( വിവേകം) നശിക്കുന്നു. ബുദ്ധിനാശം സമ്പൂർണ്ണനാശത്തിന്‌ കാരണമാവുന്നു.

രാഗദ്വേഷവിയുക്തൈസ്തു
വിഷയാനിന്ദ്രിയൈശ്‌ചരൻ
ആത്മവശൈർ വിധേയാത്മാ
പ്രസാദമധിഗച്‌ഛതി                                                                 (64)

മനസ്സിനെ കീഴടക്കിയവൻ രാഗദ്വേഷങ്ങളില്ലാത്തവയും, തനിക്കധീനവുമായ ഇന്ദ്രിയങ്ങളെക്കൊണ്ട്‌ വിഷയങ്ങളെ അനുഭവിക്കുന്നവനായാലും ശാന്തിയെ പ്രാപിക്കുന്നു.

പ്രസാദേസർവദുഃഖാനാം
ഹാനിരസ്യോപജായതേ
പ്രസന്ന ചേതസോഹ്യാശു
ബുദ്ധിഃപര്യവതിഷ്ഠതേ                                                                 (65)

ശാന്തി കൈവരുമ്പോൾ അവന്റെ അവന്റെ എല്ലാദുഃഖങ്ങളും നശിക്കുന്നു. എന്തെന്നാൽ മനഃശാന്തിയുള്ളവന്റെ ബുദ്ധി വേഗം നിശ്ചലമായിത്തീരുന്നു.

നാസ്തി ബുദ്ധിരയുക്തസ്യ
ന ചായുക്തസ്യ ഭാവനാ
ന ചാ ഭാവയതഃ ശാന്തിഃ
അശാന്തസ്യ കുതഃ സുഖം                                                            (66)

ഇന്ദ്രിയങ്ങളെ കീഴ്പ്പെടുത്താൻ കഴിയാത്തവന്‌ ആത്മവിഷയകമായ അറിവ്‌ ഉണ്ടാവുകയില്ല. അയാൾക്ക്‌ ആത്മാധ്യാനവും ഉണ്ടാവുകയില്ല. ആത്മധ്യാനമില്ലാത്തവന്‌ ശാന്തിയുണ്ടാവുകയില്ല. ശാന്തിലഭിക്കാത്തവന്‌ സുഖം എങ്ങനെയുണ്ടാവും?

ഇന്ദ്രിയാണാം ഹി ചരതാം
യന്മനോfനു വിധീയതേ
തദസ്യ ഹരതി പ്രജ്ഞാം
വായുർന്നാവാംഭസി                                                                    (67)

വിഷയാസക്തമായ ഇന്ദ്രീയങ്ങളെ ഏതൊരുവന്റെ മനസ്സ്‌ പിൻതുടരുന്നുവോ, ആ മനസ്സ്‌ ജലത്തിൽ തോണിയെ കാറ്റെന്നപോലെ അവന്റെ വിവേകത്തെ വലിച്ചുകൊണ്ടുപോകുന്നു.

തസ്മാദ്‌ യസ്യ മഹാബാഹോ
നിഗൃഹീതാനി സർവശഃ
ഇന്ദ്രിയാണീന്ദ്രിയാർഥേഭ്യഃ
തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ                                                           (68)

മഹാബാഹുവായ അർജ്ജുന! അതുകൊണ്ട്‌ ആരുടെ ഇന്ദ്രിയങ്ങൾ വിഷയങ്ങളിൽ നിന്ന് പൂർണ്ണമായും മുക്തമാണോ അവന്റെ ബുദ്ധി ഉറച്ചതാകുന്നു.

യാ നിശാ സർവഭൂതാനാം
തസ്യാം ജാഗർത്തി സംയമീ
യസ്യാം ജാഗ്രതി ഭൂതാനി
സാ നിശാ പശ്യതോ മുനേഃ                                                           (69)

എല്ലാ ജീവികൾക്കും രാത്രിയായി തോന്നുന്നതെന്താണോ അതിൽ ജിതേന്ദ്രിയനായ യോഗി ഉണർന്നിരിക്കുന്നു. യാതൊന്നിൽ ജീവികൾ ഉണർന്ന് പ്രവർത്തിക്കുന്നുവോ , അതിനെ യോഗി രാത്രിപോലെ കാണുന്നു.

ആപുര്യമാണമചല പ്രതിഷ്ഠം
സമുദ്രമാപഃ പ്രവിശന്തി യദ്വത്‌
തദ്വത്‌ കാമാ യം പ്രവിശന്തി സർവേ
സ ശാന്തിമാപ്നോതി ന കാമകാമീ                                             (70)

വിവിധ നദികളിലെ ജലം എങ്ങനെയാണോ സമുദ്രത്തിൽ എത്തിച്ചേരുന്നത്‌ അപ്രകാരം, എല്ലാ കാമനകളും ആരിൽ പ്രവേശിക്കുന്നുവോ അവൻ ശാന്തിയെ പ്രാപിക്കുന്നു. കാമങ്ങളെ കാമിക്കുന്നവൻ ശാന്തിയെ പ്രാപിക്കുന്നില്ല. ( എത്ര നദികൾ സമുദ്രത്തിൽ ലയിച്ചാലും സമുദ്രത്തിന്‌ മാറ്റമൊന്നും സംഭവിക്കുന്നില്ല, അതുപോലെ സകലകാമനകളും ബ്രഹ്മജ്ഞാനിയായ യോഗിയിൽ എത്തുന്നതോടെ ആ ബ്രഹ്മനിഷ്ഠയിൽ ലയിക്കുന്നു, അവ യോഗിയിൽ യാതൊരു മാറ്റവും വരുത്തുന്നില്ല).

വിഹായ കാമാൻ യഃ സർവാൻ
പുമാംശ്ചരതി നിസ്പൃഹഃ
നിർമമോ നിരഹങ്കാരഃ
സ ശാന്തിമധിഗച്‌ഛതി                                                             (71)

ഏതൊരാൾ സകലകാമങ്ങളും വെടിഞ്ഞ്‌ ആശയും മമതയും അഹങ്കാരവുമില്ലാതെ വർത്തിക്കുന്നുവോ അയാൾ ശാന്തിയെ പ്രാപിക്കുന്നു.

ഏഷാ ബ്രാഹ്മീസ്ഥിതിഃ പാർത്ഥ!
നൈനാം പ്രാപ്യ വിമുഹ്യതി
സ്ഥിത്വാസ്യാമന്തകാലേfപി
ബ്രഹ്മ നിർവാണമ്യച്‌ഛതി                                                        (72)

അല്ലയോ അർജ്ജുന! ഇതാണ്‌ ബ്രഹ്മനിഷ്ഠ, ഇതിനെ പ്രാപിച്ചാൽ പിന്നെ ആരും മോഹവശരാകുകയില്ല (സംസാര ദുഃഖങ്ങളിൽ അകപ്പെടുകയില്ല). ജീവിതാവസാനകാലത്തെങ്കിലും ബ്രഹ്മനിഷ്ഠ കൈവന്നാൽ അവൻ ബ്രഹ്മനിർവാണം പ്രാപിക്കുന്നു.


ഇതി ശ്രീമദ്‌ ഭഗവദ്ഗീതാസു ഉപനിഷത്സു
ബ്രഹ്മവിദ്യായാം യോഗാശാസ്ത്രേ
ശ്രീകൃഷ്ണാർജ്ജുന സംവാദേ
സാംഖ്യയോഗോ നാമ
ദ്വിതിയോfദ്ധ്യായഃ


രണ്ടാം അധ്യായം കഴിഞ്ഞു.
                  (  തുടരും )
  
ഇതിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

ലൈക്ക്‌ ചെയ്ത്കൊണ്ട്‌ നിങ്ങളും ചേരൂ ഭഗവദ്ഗീതയ്ക്കൊപ്പം.

മുൻ അധ്യായങ്ങൾ കാണാൻ ചുവടെയുള്ള ലിങ്കുകളിൽ ക്ലിക്ക്‌ ചെയ്യൂ. 


3. അർജ്ജുന വിഷാദയോഗം (ഒന്നാം അദ്‌ധ്യായം)                                                        
               
ഈ പേജിന്റെ ഏറ്റവും മുകളിലേക്ക് പോകാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

No comments: