Monday 4 May 2015

ശ്രീമദ് ഭഗവദ്ഗീത- ഒൻപതാം അദ്ധ്യായം - രാജവിദ്യാരാജഗുഹ്യയോഗം ( RAJAVIDYARAJAGUHYAYOGAM)


ഭഗവദ്ഗീത മലയാളവ്യാഖ്യാനത്തോടൊപ്പം അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ സപര്യയുടെ ഭാഗമായി എട്ട്  അദ്ധ്യായങ്ങൾ ഇതുവരെ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതാ ഒൻപതാം  അദ്ധ്യായവും എല്ലാ മലയാളികൾക്കുമായി സമർപ്പിക്കുന്നു.


മഹാഭാരതത്തിന്റെ ആത്മാവാണ് ഭീഷ്മപർവത്തിന്റെ ഭാഗമായ ഭഗവദ്ഗീത, അത് ഈ ഭാരത ഭൂവിന്റെ ആത്മാവുകൂടിയാണ്. 

ശ്രീമദ് ഭഗവദ്ഗീത
(ഒൻപതാം അദ്ധ്യായം)
രാജവിദ്യാരാജഗുഹ്യയോഗം 
SREEMAD BHAGAVAD GITA
                        (Chapter 9)
(RAJAVIDYARAJAGUHYAYOGAM)

(വിദ്യകളിൽ വച്ച് രാജാവും രഹസ്യങ്ങളിൽവച്ച് രാജാവുമായ അതായത് അത്യുൽക്കൃഷ്ടവും അതിരഹസ്യവുമായ , ജ്ഞാനത്തെ വിജ്ഞാനത്തോടുകൂടി പറഞ്ഞുതരാമെന്ന വാക്കുകളോടെയാണ്‌ ഭഗവാൻ ആരംഭിക്കുന്നത്)

ശ്രീ ഭഗവാൻ ഉവാച:
ഇദം തു തേ ഗുഹ്യതമം
പ്രവഖ്യാമ്യനസൂയവേ
ജ്ഞാനം വിജ്ഞാനസഹിതം
യജ്ഞാത്വാ മോക്ഷ്യസേƒശുഭാത്                         (1)

യാതൊന്നിനെ അറിഞ്ഞാലാണോ നീ അശുഭത്തിൽ നിന്ന് - സംസാര ദുഃഖത്തിൽ നിന്ന്- മുക്തനാകുന്നത്, ആ ജ്ഞാനത്തെ വിജ്ഞാനസഹിതമായി അസൂയാരഹിതനായ നിനക്ക് പറഞ്ഞുതരാം.

രാജവിദ്യാരാജഗുഹ്യം
പവിത്രമിദമുത്തമം
പ്രത്യക്ഷാവഗമം ധർമ്യം
സുസുഖം കർത്തുമവ്യയം                                       (2)

വിദ്യകളിൽ വച്ച് ശ്രേഷ്ഠമായതിനാൽ രാജവിദ്യയായ ഈ ജ്ഞാനം അതിരഹസ്യവും, പരിശുദ്ധവും, ഉത്തമവും, സ്പഷ്ടമായി അറിയാവുന്നതും, ധർമാനുസാരമായിട്ടുള്ളതും അനുഷ്ടിക്കാൻ സുഖമുള്ളതും നശിക്കാത്ത ഫലമുളവാക്കുന്നതുമാകുന്നു,

അശ്രദ്ദധാനാഃ പുരുഷാ
ധർമസ്യാസ്യ പരന്തപ
അപ്രാപ്യമാം നിവർത്തന്തേ
മൃത്യുസംസാരവർത്മനി                                           (3)

അല്ലയോ അർജുന! ഈ ധർമമാർഗത്തെ ശ്രദ്ധിക്കാത്ത ജനങ്ങൾ എന്നെ പ്രാപിക്കാനിടയാകാതെ ജനനമരണ രൂപമായ സംസാരത്തിൽ തന്നെ വർത്തിക്കുന്നു. ( അവർക്ക് സംസാരദുഃഖങ്ങളിൽ നിന്ന് മോചനം സാദ്ധ്യമാകുന്നില്ല)

മയാ തതമിദം സർവം
ജഗദവ്യക്ത മൂർത്തിനാ
മത് സ്ഥാനി സർവഭൂതാനി 
ന ചാഹം തേഷ്വവസ്ഥിതഃ                                    (4)

വ്യക്തമല്ലാത്ത സ്വരൂപത്തോടുകൂടിയ, എന്നാൽ ഈ സർവലോകവും വ്യാപിക്കപ്പെട്ടിരിക്കുന്നു. സകലചരാചരങ്ങളും എന്നിൽ സ്ഥിതിചെയ്യുന്നു. എന്നാൽ ഞാൻ അവയിൽ സ്ഥിതി ചെയ്യുന്നില്ല. ( താൻ സകല ചരാചരങ്ങൾക്കും ആധാരമാണെന്നും അതേസമയം തന്നെ -പരമാത്മാവ്- പരിപൂർണമായും നിസംഗനുമാണെന്ന് ഇവിടെ വ്യക്തമാക്കുന്നു.) 

ന ച മത്സ്ഥാനി ഭൂതാനി 
പശ്യ മേ യോഗമൈശ്വരം
ഭൂതഭ്യന്ന ച ഭൂതസ്ഥോ
മമാത്മാ ഭൂതഭാവനഃ                                                (5)
SREEMAD BHAGAVAD GITA

എന്നാൽ ഭൂതങ്ങൾ യഥാർത്ഥത്തിൽ എന്നിൽ ഇരിക്കുന്നുമില്ല. എന്റെ ഈശ്വരീയമായ യോഗശക്തിയെ കണ്ടാലും. എന്റെ പരമമായ സ്വരൂപം (പരമാത്മാവ്) ഭൂതങ്ങളെ ഉണ്ടാക്കുന്നതും പാലിക്കുന്നതുമാണ്‌. എന്നാൽ ഞാൻ ഭൂതങ്ങളിൽ സ്ഥിതി ചെയ്യുന്നുമില്ല.

യഥാകാശസ്ഥിതോ നിത്യം
വായുഃ സർവത്രഗോ മഹാൻ
തഥാ സർവാണി ഭൂതാനി
മത്സ്ഥാനീത്യുപധാരയ                                            (6)

എല്ലായിടത്തും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മഹത്തായ വായു ആകാശത്തിൽ സ്ഥിതിചെയ്യുന്നത് എപ്രകാരമാണോ അപ്രകാരം തന്നെയാണ്‌ എല്ലാ ചരാചരങ്ങളും(ഭൂതങ്ങളും) എന്നിൽ സ്ഥിതി ചെയ്യുന്നതെന്ന് അറിഞ്ഞാലും.
( ആകാശത്തിൽ സദാ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വായു മൂലം ആകാശത്തിന്‌ യാതൊരു മാറ്റവും സംഭവിക്കുന്നില്ല. അതുപോലെ സകലചരാചരങ്ങളും പരമാത്മാവിൽ സ്ഥിതിചെയ്യുമ്പോഴും പരമാത്മാവ് നിസ്സംഗമായിത്തന്നെ ഇരിക്കുന്നു.)

സർവഭൂതാനി കൗന്തേയ 
പ്രകൃതിം യാന്തി മാമികാം
കല്പക്ഷയേ പുനസ്താനി
കല്പാദൗ വിസ്യജാമ്യഹം                                         (7)

അല്ലയോ അർജുന! കല്പാവസാനത്തിൽ -മഹാപ്രളയകാലത്തിൽ- എല്ലാ ചരാചരങ്ങളും എന്റെ പ്രകൃതിയിൽ ലയിക്കുന്നു. വീണ്ടും കല്പാരംഭത്തിൽ അവയെ ഞാൻ പുനഃസൃഷ്ടിക്കുന്നു.

പ്രകൃതിം സ്വാമവഷ്ടഭ്യ
വിസ്യജാമി പുനഃ പുനഃ
ഭൂതഗ്രാമമിമം കൃത്സ്നം
അവശം പ്രകൃതേർവശാത്                                      (8)

സ്വന്തമായ പ്രകൃതിയെ സ്വീകരിച്ചുകൊണ്ട് സ്വഭാവമനുസരിച്ച് അസ്വതന്ത്രമായ ഈ മുഴുവൻ ഭൂതസമൂഹത്തേയും വീണ്ടും വീണ്ടും ഞാൻ സൃഷ്ടിക്കുന്നു.

ന ച മാം താനി കർമാണി
നിബദ്ധ്നന്തി ധനജ്ഞയ!
ഉദാസീനവദാസീന-
മസക്തം തേഷു കർമസു                                         (9)

അല്ലയോ പാർഥ! ആ കർമങ്ങളിൽ ആസക്തിയില്ലാത്തവനായി, ഉദാസീനനായി വർത്തിക്കുന്ന എന്നെ  ആ കർമങ്ങൾ ബന്ധിക്കുന്നില്ല.

മയാധ്യക്ഷേണ പ്രകൃതിഃ
സൂയതേ സചരാചരം
ഹേതുനാനേന കൗന്തേയ
ജഗദ്വിപരിവർത്തതേ                                             (10)
SREEMAD BHAGAVAD GITA

അല്ലയോ അർജുന! എന്റെ സാനിധ്യമാത്രത്താൽ മൂലപ്രകൃതി ചരാചരത്മകമായ പ്രപഞ്ചത്തെ സൃഷ്ടിക്കുന്നു. അതു ഹേതുവായിട്ട് പ്രപഞ്ചം ഉണ്ടാവുകയും നശിക്കുകയും വീണ്ടും ഉണ്ടാവുകയും ചെയ്തുകൊണ്ട് പരിവർത്തനം ചെയ്യുന്നു.

അവജാനന്തി മാം മൂഢാഃ
മാനുഷിം തനുമാശ്രിതം
പരം ഭാവമജാനന്തോ
മമ ഭൂതമഹേശ്വരം                                                    (11)

സകലഭൂതങ്ങളുടേയും (ചരാചരങ്ങളുടേയും) മഹേശ്വരനായ എന്റെ യഥാർഥ സ്വരൂപം മനസ്സിലാക്കാൻ കഴിയാത്ത മൂഢന്മാർ മനുഷ്യദേഹത്തെ ആശ്രയിച്ചിരിക്കുന്നവനാണ്‌ ഞാനെന്ന് കരുതി എന്നെ നിന്ദിക്കുന്നു.

മോഘാശാ മോഘകർമാണോ
മോഘജ്ഞാനാ വിചേതസഃ
രാക്ഷസീമാസുരീം ചൈ വ
പ്രകൃതിം മോഹിനീം ശ്രിതാഃ                                       (12)

വ്യർഥമായ ആശയുള്ളവരും പാഴ്വേല ചെയ്യുന്നവരും നിഷ്ഫലമായ അറിവുള്ളവള്ളവരുമായ അവിവേകികൾ രാക്ഷസർക്കും അസുരർക്കും ചേരുന്നതും മോഹകരവുമായ സ്വഭാവത്തെത്തന്നെ ആശ്രയിച്ചവരത്രേ.

മഹാത്മാനസ്തു മാം പാർഥ
ദൈവീം പ്രകൃതിമാശ്രിതാഃ
ഭജന്ത്യനന്യമനസോ
ജ്ഞാത്വാ ഭൂതാദിമവ്യയം                                             (13)

അല്ലയോ അർജുന! രാഗദ്വേഷാദികൾ വെടിഞ്ഞ് അന്തഃകരണശുദ്ധി നേടീയിട്ടുള്ള മഹാത്മാക്കൾ, ദൈവികമായ സ്വഭാവത്തെ ആശ്രയിച്ച് സർവഭൂതങ്ങൾക്കും ആദികാരണമാണ്‌ ഞാനെന്നറിഞ്ഞിട്ട് എന്നെ അന്യചിന്തകൂടാതെ (ഏകാഗ്രതയോടെ) ഭജിക്കുന്നു.

സതതം കീർത്തയന്തോ മാം
യതന്തശ്ച ദൃഢവ്രതാഃ
നമസ്യന്തശ്ച മാം ഭക്ത്യാ
നിത്യയുക്താ ഉപാസതേ                                                (14)

(മുൻ പറഞ്ഞ മഹാത്മാക്കൾ) എപ്പോഴും എന്നെ കീർത്തിക്കുന്നവരായും ഉറച്ച നിഷ്ഠയുള്ളവരായും പ്രയത്നശാലികളായും നമസ്കരിക്കുന്നവരായും സദാ പരമാത്മചിന്തയുള്ളവരായും  എന്നെ ഭക്തിയോടെ ഉപാസിക്കുന്നു.

ജ്ഞാനയജ്ഞേന ചാപ്യന്യേ
യജന്തോ മാമുപാസതേ
ഏകത്വേന പൃഥക്ത്വേന
ബഹുധാ വിശ്വതോമുഖം                                                (15)
SREEMAD BHAGAVAD GITA

മാത്രമല്ല, മറ്റുചിലർ ഏകഭാവത്തിലും ഭേദഭാവനയോടെ അനേക ഭാവത്തിലും ജ്ഞാനയജ്ഞത്താൽ പൂജിക്കുന്നവരായിട്ട് സർവാത്മകനായിരിക്കുന്ന എന്നെ ഉപാസിക്കുന്നു.

അഹം ക്രതുരഹം യജ്ഞഃ
സ്വധാഹമഹമൗഷധം
മന്ത്രോƒഹമഹമേവാജ്യ-
മഹമഗ്നിരഹം ഹുതം                                                       (16)

വേദോക്തമായ യാഗം ഞാനാകുന്നു. സ്മൃതിപ്രോക്തമായ യജ്ഞവും പിതൃക്കൾക്കായുള്ള (അന്നവും) ശ്രാദ്ധാദി കർമങ്ങളും ഞാനാകുന്നു. ഔഷധവും, മന്ത്രങ്ങളും, ഹോമദ്രവ്യങ്ങളും, അഗ്നിയും, ആഹുതിയും(ഹോമക്രിയ) ഞാനാകുന്നു.

പിതാമഹസ്യ ജഗതഃ
മാതാ ധാതാ പിതാമഹഃ
വേദ്യം പവിത്രമോങ്കാര
ഋക് സാമ യജുരേവ ച                                                     (17)

ഈ ജഗത്തിന്റെ പിതാവും, മാതാവും, പിതാമഹനും കർമഫലദാതാവും ഞാനാകുന്നു. അറിയപ്പെടേണ്ടതും പരിശുദ്ധവുമായ വസ്തുവും, ഓംകാരവും ഋക് സാമ യജുസ്സ് എന്നീ വേദങ്ങളും ഞാൻ തന്നെയാകുന്നു.( ‘ച’ ശബ്ദം കൊണ്ട് അഥർവവേദത്തേയും ഗ്രഹിക്കേണ്ടതാണെന്ന് ശങ്കരാചാര്യർ)

ഗതിർഭർത്താ പ്രഭുഃ സാക്ഷീ
നിവാസഃ ശരണം സുഹൃത്
പ്രഭവഃ പ്രലയഃ സ്ഥാനം
നിധാനം ബീജമവ്യയം                                                      (18)

പ്രാപ്യസ്ഥാനവും, ഭരിക്കുന്നവനും, സർവത്തേയും നിയന്ത്രിക്കുന്നവനും, സകലതിനും സാക്ഷിയായി വർത്തിക്കുന്നവനും, എല്ലാറ്റിന്റേയും ഇരിപ്പിടവും ആശ്രയവും ഹിതത്തെ ചെയ്യുന്നവനും, ഉത്ഭവസ്ഥാനവും ലയസ്ഥാനവും ആധാരവും സകലജഗത്തിന്റേയും നിക്ഷേപ സ്ഥാനവും, ഒരിക്കലും നശിക്കാത്ത ബീജവും(കാരണവസ്തു) ഞാൻ തന്നെയാകുന്നു.

തപാമ്യഹമഹം വർഷം
നിഗൃഹ്ണാമ്യുത്സ്യജാമി ച
അമൃതം ചൈവ മൃത്യുശ്ച
സദസച്ചാഹമർജുന                                                          (19)

അല്ലയോ അർജുന! ഞാൻ ഈ ലോകത്തിന്‌ ചൂടു നല്കുന്നു, മഴയെ തടഞ്ഞു നിർത്തുകയും പെയ്യിക്കുകയും ചെയ്യുന്നു. മരണമില്ലായ്മയും മരണവും (അനശ്വരതയും നശ്വരതയും) സത്തും അസത്തും ( ഉണ്മയും ഇല്ലായ്മയും) ഞാൻ തന്നെയാകുന്നു.

ത്രൈവിദ്യാ മാം സോമപാഃ പൂതപാപാ
യജ്ഞൈരിഷ്ട്വാ സ്വർഗതിം പ്രാർഥയന്തേ
തേ പുണ്യമാസാദ്യ സുരേന്ദ്രലോക-
മശ്നന്തി ദിവ്യാൻ ദിവി ദേവഭോഗാൻ                                    (20)
SREEMAD BHAGAVAD GITA

ഋക്, യജുസ്സ്, സാമം എന്നീ മൂന്നു വേദങ്ങളിൽ പറയുന്ന കർമങ്ങൾ അനുശ്ഷ്ഠിക്കുന്നവർ യാഗങ്ങളെക്കൊണ്ട് എന്നെ പൂജിച്ചിട്ട് (യജ്ഞശിഷ്ടമായ) സോമപാനം ചെയ്ത് പാപരഹിതരായി സ്വർഗപ്രാപ്തിക്കായി പ്രാർഥിക്കുന്നു. അവർ പുണ്യഫലമായ സ്വർഗത്തെ പ്രാപിച്ചിട്ട് അവിടെ ദിവ്യങ്ങളായ ദേവഭോഗങ്ങളെ അനുഭവിക്കുന്നു.

തേ തം ഭുക്ത്വാ സ്വർഗലോകം വിശാലം
ക്ഷീണേ പുണ്യേ മർത്ത്യലോകം വിശന്തി
ഏവം ത്രയീധർമമനുപ്രപന്നാഃ
ഗതാഗതം കാമകാമാ ലഭന്തേ                                             (21)

അവർ വിശാലമായ ആ സ്വർലോകത്തിലെ സുഖങ്ങൾ അനുഭവിച്ചിട്ട് പുണ്യം ക്ഷയിക്കുമ്പോൾ മനുഷ്യലോകത്തിലേക്ക് തിരിച്ചുവരുന്നു. ഇപ്രകാരം വേദധർമത്തെ സ്വീകരിക്കുന്ന വിഷയേച്ഛുക്കൾ(ജനനമരണരൂപമായവർ) വരവും പോക്കുമായി കഴിയുന്നു.

അനന്യാശ്ചിന്തയന്തോ മാം
യേ ജനാഃ പര്യുപാസയതേ
തേഷാം നിത്യാഭിയുക്താനാം
യോഗക്ഷേമം വഹാമ്യഹം                                                  (22)

യാതൊരു ജനങ്ങൾ അന്യചിന്തയില്ലാതെ എന്നെ ധ്യാനിച്ച് എന്നെത്തന്നെ ഉപാസിക്കുന്നുവോ സദാ മനസ്സ് എന്നിലുറപ്പിച്ചവരായ അവരുടെ യോഗക്ഷേമങ്ങളെ ഞാൻ വഹിക്കുന്നു.

യേƒപ്യന്യ ദേവതാ ഭക്താ
യജന്തേ ശ്രദ്ധയാന്വിതാഃ
തേƒപി മാമേവ കൗന്തേയ
യജന്ത്യ വിധിപൂർവകം                                                           (23)

അല്ലയോ അർജുന! യാതൊരു ഭക്തന്മാർ ശ്രദ്ധയോടുകൂടി അന്യദേവതകളെ ഉപാസിക്കുന്നുവോ അവരും വിധിപ്രകാരമല്ലാതെയാണെങ്കിലും എന്നെത്തന്നെയാണ്‌ പൂജിക്കുന്നത്.

അഹം ഹി സർവ യജ്ഞാനാം
ഭോക്താ ച പ്രഭുരേവ ച 
ന തു മാമഭിജാനന്തി
തത്ത്വേനാതശ്ച്യവന്തിതേ                                                       (24)

എന്തെന്നാൽ ഞാൻ തന്നെയാണ്‌ സകലയജ്ഞങ്ങളുടേയും ഭോക്താവും പ്രഭുവും(ഭുജിക്കുന്നവനും ഫലദാതാവും). എന്നാൽ അവർ എന്നെ അപ്രകാരം പരമാർഥമായി അറിയുന്നില്ല. അതിനാൽ അവർ (ഫലേച്ഛുക്കളും ക്ഷണിക സുഖാന്വേഷികളുമായി) വഴുതിപ്പോകുന്നു. ( അതായത് വീണ്ടും വീണ്ടും ജനനമരണരൂപമായ പുനരാവൃത്തിയെ പ്രാപിക്കുന്നു).

യാന്തി ദേവവ്രതാ ദേവാൻ
പിത്യൂൻ യാന്തി പിതൃവ്രതാഃ
ഭൂതാനി യാന്തി ഭൂതേജ്യാ
യാന്തി മദ്യാജിനോƒപി മാം                                                     (25)
SREEMAD BHAGAVAD GITA

ദേവാരാധകന്മാർ ദേവകളേയും, പിതൃക്കളെ ആരാധിക്കുന്നവർ പിതൃക്കളേയും, ഭൂതങ്ങളെ ആരാധിക്കുന്നവർ ഭൂതങ്ങളേയും പ്രാപിക്കുന്നു. എന്നെ ആരാധിക്കുന്നവർ എന്നേയും പ്രാപിക്കുന്നു.( ഭഗവാനെ ഏകാഗ്രതയോടെ ഭജിക്കുന്നവർ ഭഗവാനെ പ്രാപിക്കുന്നു. ഡെവന്മാർ ഇന്ദ്രിയാനുഭവങ്ങളേയും പിതൃക്കൾ പൂർവിക സംസ്കാരാചാരങ്ങളുടേയും ഭൂതങ്ങൾ ഭൗതിക നേട്ടങ്ങളൂടേയും പ്രതീകങ്ങളാണ്‌).

പത്രം പുഷ്പം ഫലം തോയം
യോ മേ ഭക്ത്യാ പ്രയച്ഛതി
തദഹം ഭക്ത്യുപഹൃത-
മശ്നാമി പ്രയതാത്മനഃ                                                           (26)

യാതൊരാൾ ഇലയോ പഴമോ പൂവോ ജലമോ എനിക്ക് ഭക്തിയോടെ സമർപ്പിക്കുന്നുവോ, ശുദ്ധാത്മാവായ അവന്റെ ആ ഭക്തിപൂർവമുള്ള സമർപ്പണത്തെ ഞാൻ സ്വീകരിക്കുന്നു. ( ശുദ്ധാത്മായ ഭക്തൻ എന്തു നല്കിയാലും അതു ഭഗവാനു സ്വീകാര്യമാണ്‌, അയാൾ ശുദ്ധാത്മാവായിരിക്കണമെന്നതും, സമർപ്പണം ഭക്തിയോടെ ആയിരിക്കണമെന്നതും പ്രധാനമാണ്‌).

യത്കരോഷി യദശ്നാസി
യജ്ജുഹോഷി ദദാസിയത്
യത് തപസ്യസി കൗന്തേയ
തത് കുരുഷ്വ മദർപ്പണം                                                      (27)

അല്ലയോ അർജുന! നീ എന്തു ചെയ്താലും എന്തു ഭുജിച്ചാലും എന്തു ഹോമിച്ചാലും എന്തു ദാനം ചെയ്താലും എന്തു തപസ്സു ചെയ്താലും അതെല്ലാം എനിക്കുള്ള അർപ്പണമായി ചെയ്യുക.

ശുഭാശുഭഫലൈരേവം
മോക്ഷ്യസേ കർമബന്ധനൈഃ
സംന്യാസ യോഗയുക്താത്മാ
വിമുക്തോ മാമുപൈഷ്യസി                                                 (28)

ഇപ്രകാരം (സകല കർമങ്ങളും എനിക്കുള്ള അർപ്പണമായി ചെയ്താൽ) ശുഭവും അശുഭവുമായ ഫലങ്ങൾക്കു കാരണമായ കർമങ്ങളുടെ ബന്ധനങ്ങളിൽ നിന്ന് നീ മുക്തനായിത്തീരും. ഇങ്ങനെ സംന്യാസയോഗത്തോടുകൂടിയ അന്തഃകരണമുള്ളവനാകുകയും തല്ഫലമായി നീ എന്നെ പ്രാപിക്കുകയും ചെയ്യും.

സമോഹം സർവഭൂതേഷു
ന മേ ദ്വേഷ്യോƒസ്തി ന പ്രിയഃ
യേ ഭജന്തി തു മാം ഭക്ത്യാ
മയി തേ തേഷു ചാപ്യഹം                                                    (29)

ഞാൻ സകല ജീവരാശികളിലും തുല്യനാകുന്നു. എനിക്ക് ശത്രുവില്ല; മിത്രവുമില്ല. എന്നാൽ യാതൊരുവർ ഭക്തിപൂർവം എന്നെ ഭജിക്കുന്നുവോ, അവർ എന്നിലും ഞാൻ അവരിലും സ്ഥിതിചെയ്യുന്നു.

അപി ചേത് സുദുരാചാരോ
ഭജതേ മാമനന്യഭാക്
സാധുരേവ സ മന്തവ്യഃ
സംമ്യഗ് വ്യവസിതോ ഹി സഃ                                              (30)
SREEMAD BHAGAVAD GITA

അത്യന്തം ദുരാചാരിയാണെങ്കിൽ പോലും അന്യശരണമില്ലെന്നുറപ്പിച്ച് എന്നെ ഭജിക്കുന്നുവെങ്കിൽ അവൻ നല്ലവനെന്നു കരുതപ്പെടേണ്ടവനാണ്‌. എന്തെന്നാൽ സാധുവായ(ശരിയായ) നിശ്ചയം അവൻ ചെയ്തുകഴിഞ്ഞിരിക്കുന്നു.

ക്ഷിപ്രം ഭവതി ധർമാത്മാ
ശശ്വച്ഛാന്തിം നിഗച്ഛതി
കൗന്തേയ പ്രതിജാനീഹി
ന മേ ഭക്തഃ പ്രണശ്യതി                                                       (31)

അവൻ വേഗം തന്നെ ധർമാത്മാവായി ഭവിക്കുന്നു. ശാശ്വത ശാന്തിയെ അവൻ പ്രാപിക്കുകയും ചെയ്യുന്നു. അല്ലയോ  അർജുന! എന്റെ ഭക്തൻ നശിക്കില്ല എന്ന് തീർച്ചപ്പെടുത്തിക്കൊള്ളുക.

മാം ഹി പാർഥ വ്യപാശ്രിത്യ
യേƒപി സ്യുഃ പാപയോനയഃ
സ്ത്രിയോ വൈശ്യാസ്തഥാ ശൂദ്രാ-
സ്തേƒപി യാന്തി പരാംഗതിം                                             (32)

അല്ലയോ അർജുന! സ്ത്രീകളായും വൈശ്യരായും ശൂദ്രരായും ഉള്ളവരും അപ്രകാരം തന്നെ പാപിയോനികളിൽ ജനിച്ചവരും കൂടി എന്നെ ആശ്രയിച്ച് പരമഗതിയെ പ്രാപിക്കുന്നു.( ഗീത ഒരു തരത്തില്പ്പെട്ടവരേയും അകറ്റിനിർത്തുന്നില്ല. ഏതുതരത്തില്പ്പെട്ടവരായാലും അവർക്കെല്ലാം അധ്യാത്മികമായ പുരോഗതിക്കും ആത്യന്തികമായ പരമഗതിപ്രാപ്തിക്കും അർഹതയുണ്ടെന്ന് വെളിപ്പെടുത്തുന്നു.)

കിം പുനർ ബ്രാഹ്മണാഹ് പുണ്യാ
ഭക്താ രാജർഷയസ്തഥാ
അനിത്യമസുഖം ലോകം
ഇമം പ്രാപ്യ ഭജസ്വ മാം                                                       (33)

പുണ്യമുള്ള ബ്രാഹ്മണരും അതുപോലെ ഭക്തരായ രാജർഷികളും പരമഗതി പ്രാപിക്കുമെന്ന് പ്രത്യേകം പറയണമെന്നില്ലല്ലോ. നശ്വരവും ദുഃഖകരവുമായ ഈ ലോകത്തിൽ വന്നുകൂടിയ സ്ഥിതിക്ക് എന്നെ ഭജിച്ചു കൊള്ളുക.

മന്മനാ ഭവ മദ്ഭക്തോ
മദ്യാജീ മാം നമസ്കുരു
മാമേവൈഷ്യസി യുക്ത്വൈവം
ആത്മാനം മത്പരായണഃ                                                    (34)

എന്നിൽ മനസ്സുറപ്പിച്ചവനും എന്റെ ഭക്തനും എനിക്കു വേണ്ടി സർവവും സമർപ്പിക്കുന്നവനുമായി നീ ഭവൈക്കുക. എന്നെ നമസ്കരിക്കുക. ഇപ്രകാരം എന്നെ പരമാശ്രയമായി കരുതി മനസ്സിനെ എന്നിൽ യോജിപ്പിച്ചാൽ എന്നെത്തന്നെ നീ പ്രാപിക്കും.

ഇതി ശ്രീമദ് ഭഗവദ്ഗീതാസു ഉപനിഷത്സു
ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ
ശ്രീകൃഷ്ണാർജുന സംവാദേ
രാജവിദ്യാരാജഗുഹ്യോനാമ
നവമോƒധ്യായഃ

ഒൻപതാം അധ്യായം കഴിഞ്ഞു.



ഈ ബ്ലോഗിനെക്കുറിച്ച് നിങ്ങളുടെ സുഹൃത്തുക്കളോട് പറയൂ, ഓരോ മലയാളിയുടേയും ആത്മാവിലേയ്ക്ക് എത്തട്ടെ ഭാരതത്തിന്റെ ഈ പുണ്യഗ്രന്ഥം , കാരണം സാർവലൗകികമായ സത്യങ്ങളുടെ കാതലാണ് ഭഗവദ്ഗീത.
ഇത് നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ദയവായി ലൈക്ക് ചെയ്യൂ, ഒപ്പം ഷെയർ ചെയ്യൂ. എത്തട്ടെ അത് ലോകം മുഴുവനും.

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ചുവടെയുള്ള Comments എന്ന ഭാഗത്ത് ക്ലിക്ക് ചെയ്താൽ തുറന്ന് വരുന്ന ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഈ സപര്യയയ്ക്ക് ഒരു പ്രചോദനമായിരിക്കും.

മറ്റ്  അദ്ധ്യായങ്ങൾക്കായി ചുവടെയുള്ള ലിങ്കുകൾ ഉപയോഗിക്കുക.
SREEMAD BHAGAVAD GITA

അർജ്ജുനവിഷാദയോഗം ( ഒന്നാം അദ്ധ്യായം )    

സാംഖ്യയോഗം ( രണ്ടാം അദ്ധ്യായം )

കർമയോഗം ( മൂന്നാം അധ്യായം)

ജ്ഞാനകർമ സംന്യാസയോഗം ( നാലാം അദ്ധ്യായം )

സംന്യാസയോഗം ( അഞ്ചാം അദ്ധ്യായം )

ധ്യാനയോഗം (  ആറാം അധ്യായം )

ജ്ഞാനവിജ്ഞാന യോഗം (ശ്രീമദ് ഭഗവദ്ഗീത ഏഴാം അദ്ധ്യായം)

അക്ഷരബ്രഹ്മയോഗം ( (ശ്രീമദ് ഭഗവദ്ഗീത  എട്ടാം അദ്ധ്യായം) 

രാജവിദ്യാരാജഗുഹ്യയോഗം (ശ്രീമദ് ഭഗവദ്ഗീത- ഒൻപതാം അദ്ധ്യായം)


മറ്റ്  വിഷയങ്ങൾ 

1. ഭഗവദ്ഗീത ശ്ലോകങ്ങളും മലയാള വ്യാഖ്യാനവും  ( പൂമുഖം )

2. ഗീത അതിവിശിഷ്ടമായ പൂച്ചെണ്ട് (ആമുഖം)   

3. സാംഖ്യദർശനത്തിന്റെ പ്രാധാന്യം ( പഠനം)

4. ശ്രീ ശങ്കരാചാര്യർ (ലേഖനം )

5. ധ്യാനമന്ത്രങ്ങൾ (ഉപാസനാ  മന്ത്രങ്ങൾ )

 SREEMAD BHAGAVAD GITA

ഭക്തി വീഡിയോകൾ 
1. പഴനിമല മുരുകൻ 
2. തൈപ്പൂയകാഴ്ചകൾ 


പത്താം അദ്ധ്യായം വിഭൂതിയോഗം ഉടൻ പ്രസിദ്ധീകരിക്കുന്നു 




No comments: