Saturday 23 August 2014

സംന്യാസയോഗം ( sanyasayogam )

അഞ്ചാം അദ്ധ്യായം



ഭഗവദ്ഗീത മലയാളവ്യാഖ്യാനത്തോടൊപ്പം അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ സപര്യയുടെ ഭാഗമായി നാല് അദ്ധ്യായങ്ങൾ ഇതുവരെ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതാ അഞ്ചാം അദ്ധ്യായവും എല്ലാ മലയാളികൾക്കുമായി സമർപ്പിക്കുന്നു.

സംന്യാസയോഗം





അർജ്ജുനൻ ഉവാച:

സംന്യാസം കർമണാം കൃഷ്ണ
പുനര്യോഗം ച ശംശസി
യത്‌ ശ്രേയ ഏതയോരേകം
തന്മേ ബ്രൂഹീ സുനിശ്ചിതം                                              (1)

അർജ്ജുനൻ പറഞ്ഞു:
അല്ലയോ കൃഷ്ണ! കർമങ്ങളുടെ പരിത്യാഗത്തേയും പിന്നീട്‌ കർമയോഗത്തേയും അങ്ങ്‌ പ്രശംസിച്ചുവല്ലോ, ഇതിൽ ഏതാണ്‌ കൂടുതൽ ശ്രേയസ്‌കരം. ആ ഒന്ന് അങ്ങെനിക്ക്‌ പറഞ്ഞു തന്നാലും.

ശ്രീ ഭഗവാൻ ഉവാച:

സംന്യാസഃ കർമ യോഗശ്ച
നിഃശ്രേയസകരാവുഭൗ
തയോസ്തു കർമസന്യാസാത്‌
കർമയോഗോ വിശിഷ്യതേ                                              (2)

ശ്രീ ഭഗവാൻ പറഞ്ഞു:
സംന്യാസവും കർമയോഗവും രണ്ടും മോക്ഷപ്രദമാകുന്നു. എന്നാൽ അവയിൽ കർമസന്യാസത്തേക്കാൾ വിശിഷ്ടം കർമയോഗമാണ്‌.

ജ്ഞേയഃ സ നിത്യസംന്യാസീ
യോ ന ദ്വേഷ്ടി ന കാംക്ഷതി
നിർദ്വന്ദ്വോ ഹി മഹാബാഹോ
സുഖം ബന്ധാത്‌ പ്രമുച്യതേ                                             (3)

മഹാബാഹുവായ അർജ്ജുന, യാതൊരാൾ ദ്വേഷിക്കുകയും, ആഗ്രഹിക്കുകയും ചെയ്യുന്നില്ലയോ അവൻ നിത്യസന്യാസിയാണെന്ന് അറിഞ്ഞുകൊള്ളണം. സുഖം, ദുഃഖം, രാഗം, ദ്വേഷം മുതലായ ദ്വന്ദ്വങ്ങളില്ലാത്തവൻ ബന്ധങ്ങളിൽ നിന്നും എളുപ്പം മുക്തനാവുന്നു.( സംന്യാസത്തിന്റെ മാനദണ്ഡം ഈ നിർദ്വന്ദ്വാവസ്ഥയാണ്‌ )

സാംഖ്യയോഗൗ പൃഥക്‌ ബാലാഃ
പ്രവദന്തി ന പണ്ഡിതാഃ
ഏകമപ്യാസ്ഥിതഃ സമ്യക്‌
ഉഭയോർവ്വിന്ദതേ ഫലം                                                   (4)

സാംഖ്യവും, കർമയോഗവും വേറെയാണെന്ന് ബാലന്മാർ (അറിവു കുറഞ്ഞവർ) മാത്രമേ പറയൂ. പണ്ഡിതന്മാർ അങ്ങനെ പറയില്ല. ഇവയിൽ ഏതെങ്കിലും ഒന്ന് വേണ്ടവിധം അനുഷ്ടിക്കുന്നവൻ രണ്ടിന്റേയും ഫലത്തെ പ്രാപിക്കുന്നു. ( രണ്ടിന്റേയും ഫലം ഒന്നുതന്നെ എന്ന് അടുത്ത ശ്ലോകം വ്യക്തമാക്കുന്നു)

യത്‌ സാംഖ്യൈഃ പ്രാപ്യതേ സ്ഥാനം
തദ്യോഗൈരപി ഗമ്യതേ
ഏകം സാംഖ്യം ച യോഗം ച
യഃ പശ്യതി സ പശ്യതി                                                    (5)

സാംഖ്യന്മാർ ( ജ്ഞാന നിഷ്ഠന്മാരായ സന്യാസിമാർ) ഏതു സ്ഥാനത്തെ പ്രാപിക്കുന്നുവോ ആ സ്ഥാനം തന്നെ കർമയോഗികളും പ്രാപിക്കുന്നു. ആര്‌ ജ്ഞാനയോഗത്തേയും ( സാംഖ്യം) കർമയോഗത്തേയും ഒന്നായികാണുന്നുവോ അവൻ തത്ത്വത്തെ അറിയുന്നവനാണ്‌.

സംന്യാസസ്തു മഹാബാഹോ
ദുഃഖമാപ്തുമയോഗതഃ
യോഗയുക്തോ മുനിർബ്രഹ്മ
ന ചിരേണാധിഗച്ഛതി                                                      (6)

മഹാബാഹുവായ അർജ്ജുന, സംന്യാസമാകട്ടെ, കർമയോഗമനുഷ്ഠിക്കാതെ പ്രാപിക്കാൻ പ്രയാസമാണ്‌. കർമയോഗയുക്തനായ മുനി വേഗത്തിൽ ബ്രഹ്മപദം പ്രാപിക്കുന്നു.

യോഗയുക്തോ വിശുദ്ധാത്മാ
വിജിതാത്മാ ജിതേന്ദ്രിയഃ
സർവഭൂതാത്മഭൂതാത്മാ
കൂർവന്നപി ന ലിപ്യതേ                                                 (7)

ഇന്ദ്രീയങ്ങളെ ജയിച്ചവനും മനോമാലിന്യമില്ലാത്തവനും മനസ്സിലെ വിക്ഷോഭങ്ങളെ അടക്കിയവനും സകല ജീവരാശികളുടേയും ആത്മാവും തന്റെ ആത്മാവും ഒന്നുതന്നെയെന്ന് സാക്ഷാത്കരിച്ചവനുമായ കർമയോഗി കർമം ചെയ്താലും അതു ബന്ധകാരണമാകുന്നില്ല.

നൈവ കിഞ്ചിത്‌ കരോമീതി
യുക്തോ മന്യേത തത്ത്വവിത്‌
പശ്യൻ ശൃണ്വൻ സ്പൃശൻ ജിഘ്രൻ
അശ്നൻ ഗച്ഛൻ സ്വപൻ ശ്വസൻ                                     (8)

പ്രലപൻ വിസ്യജൻ ഗൃഹ്ണൻ
ഉന്മിഷൻ നിമിഷന്നപി
ഇന്ദിയാണീന്ദ്രിയാർഥേഷു
വർത്തന്ത ഇതിധാരയൻ                                                 (9)

ആത്മ തത്ത്വത്തെ അറിഞ്ഞ യോഗി കാണുന്നവനും കേൾക്കുന്നവനും തൊടുന്നവനും ഘ്രാണിക്കുന്നവനും ഭക്ഷിക്കുന്നവനും നടക്കുന്നവനും ഉറങ്ങുന്നവനും ശ്വസിക്കുന്നവനും സംസാരിക്കുന്നവനും വിസർജ്ജിക്കുന്നവനും എടുക്കുന്നവനും കൺമിഴിക്കുകയും കണ്ണടയ്ക്കുകയുമൊക്കെ ചെയ്യുന്നുവെങ്കിലും 'ഇന്ദ്രിയങ്ങൾ അവയുടെ വിഷയങ്ങളിൽ പ്രവർത്തിക്കുകയാണ്‌ ' എന്നു ധരിച്ചിട്ട്‌ 'ഞാൻ ഒന്നും ചെയ്യുന്നില്ല ' എന്നു വിചാരിക്കുന്നു.

ബ്രഹ്മണ്യാധായ കർമാണി
സംഗം ത്യക്ത്വാ കരോതി യഃ
ലിപ്യതേ ന സ പാപേന
പദ്മപത്രമിവാംഭസാ                                                      (10)

യാതൊരാൾ ഫലാസക്തി ഉപേക്ഷിച്ച്‌ കർമങ്ങളെല്ലാം ബ്രഹ്മാർപ്പണമായി ചെയ്യുന്നുവോ അയാൾ, വെള്ളത്താൽ താമരയില നനയ്ക്കപ്പെടാത്തതുപോലെ പാപത്താൽ ലേപനം ചെയ്യപ്പെടുന്നില്ല.

കായേന മനസാ ബുദ്ധ്യാ
കേവലൈരിന്ദ്രിയൈരപി
യോഗിനഃ കർമ കുർവന്തി
സംഗം ത്യക്ത്വാത്മശുദ്ധയേ                                            (11)

കർമയോഗികൾ ആസക്തി ഇല്ലാതെ ആത്മശുദ്ധിക്കായി ശരീരം കൊണ്ടും മനസ്സുകൊണ്ടും ബുദ്ധികൊണ്ടും കേവലം ഇന്ദ്രിയങ്ങളെക്കൊണ്ടും കർമം ചെയ്യുന്നു.

യുക്തഃ കർമഫലം ത്യക്ത്വാ
ശാന്തിമാപ്നോതി നൈഷ്ഠികീം
അയുക്തഃ കാമകാരേണ
ഫലേ സക്തോ നിബദ്ധ്യതേ                                           (12)

കർമയോഗി കർമഫലത്തെ ഉപേക്ഷിച്ചിട്ട്‌ പരമമായ ശാന്തിയെ പ്രാപിക്കുന്നു. യോഗബുദ്ധിയില്ലാത്തവനാകട്ടെ കാമനകളുടെ പ്രേരണയാൽ ഫലത്തിൽ ആസക്തിയുള്ളവനായി കർമത്താൽ ബദ്ധനായിത്തീരുന്നു.

സർവകർമാണി മനസാ
സംന്യസ്യാസ്തേ സുഖം വശീ
നവദ്വാരേ പുരേ ദേഹീ
നൈവകുർവൻ ന കാരയൻ                                              (13)

ഇന്ദ്രിയ മനോബുദ്ധികളെ സ്വാധീനമാക്കിയിട്ടുള്ള ദേഹി (ജിതേന്ദ്രിയൻ) സകല കർമങ്ങളേയും മനസ്സുകൊണ്ടു പരിത്യജിച്ചിട്ട്‌ ഒൻപത്‌ ദ്വാരങ്ങളുള്ള പുരത്തിൽ ഒന്നും ചെയ്യാതെയും ചെയ്യിക്കാതെയും സുഖമായിരിക്കുന്നു.
( പുരത്തിന്‌ പട്ടണമെന്നും ശരീരമെന്നും അർത്ഥമുണ്ട്‌. ശരീരത്തിലെ ഒൻപത്‌ ദ്വാരങ്ങൾ- കണ്ണ്‌ 2, ചെവി 2, നാസാദ്വാരങ്ങൾ 2, വായ 1, വിസർജ്ജനേന്ദ്രിയങ്ങൾ 2 എന്നിവയാണ്‌ )

ന കർത്തൃത്വം ന കർമാണി
ലോകസ്യ സൃജതി പ്രഭുഃ
ന കർമഫലസംയോഗം
സ്വഭാവസ്തു പ്രവർത്തതേ                                                  (14)

ഈശ്വരൻ കർത്തൃത്വത്തെയോ, കർമങ്ങളേയോ സൃഷ്ടിക്കുന്നില്ല. കർമഫലത്തോട്‌ അവയെ ബന്ധിപ്പിക്കുന്നുമില്ല. എന്നാൽ പ്രകൃതിയാവട്ടെ ഇതെല്ലാം പ്രവർത്തിക്കുന്നു.

നാദത്തെ കസ്യചിത്‌ പാപം
ന ചൈവ സുകൃതം വിഭുഃ
അജ്ഞാനേനാവൃതം ജ്ഞാനം
തേന മുഹ്യന്തി ജന്തവഃ                                                       (15)

ഈശ്വരൻ ആരുടേയും പാപത്തെ ഏറ്റെടുക്കുന്നില്ല, ആരുടേയും പുണ്യത്തേയും സ്വീകരിക്കുന്നില്ല. അജ്ഞാനത്താൽ ജ്ഞാനം മറയ്ക്കപ്പെട്ടിരിക്കുന്നു, അതുകൊണ്ട്‌ ജീവികൾ മോഹിതരാകുന്നു.

ജ്ഞാനേന തു തദജ്ഞാനം
യേഷാം നാശിതമാത്മനഃ
തേഷാമാദിത്യ വത്‌ ജ്ഞാനം
പ്രകാശയതി തത്പരം                                                        (16)

എന്നാൽ ആരുടെ അജ്ഞാനമാണോ ആത്മജ്ഞാനത്താൽ നശിപ്പിക്കപ്പെടുന്നത്‌, അവരുടെ ആ ജ്ഞാനം സൂര്യനെപ്പോലെ പരമാത്മ ചൈതന്യത്തെ പ്രകാശിപ്പിക്കുന്നു.

തദ്ബുദ്ധയസ്തദാത്മാനഃ
തന്നിഷ്ഠാസ്തത്‌ പരായണാഃ
ഗച്ഛന്ത്യപുനരാവൃത്തിം
ജ്ഞാനനിർദ്ധൂത കല്‌മഷാഃ                                                (17)

പരമാത്മാവിനെ അറിഞ്ഞവരും അതു തന്നെ താനെന്നറിഞ്ഞവരും അതിൽത്തന്നെ നിഷ്ഠയുള്ളവരും, അതിനെത്തന്നെ അപ്പോഴും ആശ്രയിക്കുന്നവരുമായ യോഗികൾ ജ്ഞാനത്താൽ പാപം അകന്നവരായിട്ട്‌ പുനർജ്ജന്മമില്ലാത്ത പരമപദത്തെ പ്രാപിക്കുന്നു.

വിദ്യാവിനയസമ്പന്നേ
ബ്രാഹ്മണ ഗവി ഹസ്തിനി
ശുനി ചൈവ ശ്വപാകേ ച
പണ്ഡിതാഃ സമദർശിനഃ                                                     (18)

വിദ്യയും വിനയവുമുള്ള ബ്രാഹ്മണനിലും പശുവിലും ആനയിലും ശ്വാവിലും, ശ്വാവിനെ തിന്നുന്നവനിലും ആത്മജ്ഞാനികൾ സമദർശികളായിരിക്കുന്നു.

ഇഹൈവ തൈർജ്ജിതഃ സർഗോ
യേഷാം സാമ്യേ സ്ഥിതം മനഃ
നിർദോഷം ഹി സമം ബ്രഹ്മ
തസ്മാത്‌ ബ്രഹ്മണി തേ സ്തിതാഃ                                            (19)

ആരുടെ മനസ്സ്‌ സർവവും സമമാണെന്ന ബോധത്തിൽ സ്ഥിതിചെയ്യുന്നുവോ, അവർ ഈ ജന്മത്തിൽതന്നെ സംശാരത്തെ ജയിച്ചിരിക്കുന്നു. എന്തെന്നാൽ ബ്രഹ്മം ദോഷരഹിതവും സമവുമാണ്‌. അതുകൊണ്ട്‌ അവർ ബ്രഹ്മത്തിൽതന്നെ സ്ഥിതിചെയ്യുന്നു.

ന പ്രഹൃഷ്യേത്‌ പ്രിയം പ്രാപ്യ
നോദ്വിജേത്‌ പ്രാപ്യചാപ്രിയം
സ്ഥിരബുദ്ധിരസമ്മൂഢോ
ബ്രഹ്മവിദ്‌ ബ്രഹ്മണി സ്ഥിതഃ                                              (20)

സ്ഥിരബുദ്ധിയും മോഹത്തിൽ നിന്നും മോചിതനും, ബ്രഹ്മനിഷ്ഠനുമായ ബ്രഹ്മജ്ഞാനി ഇഷ്ടമായത്‌ കിട്ടുമ്പോൾ സന്തോഷിക്കുകയോ അനിഷ്ടകരമായത്‌ ലഭിക്കുമ്പോൾ വ്യാകുലപ്പെടുകയോ ചെയ്യുന്നില്ല.

ബാഹ്യസ്പർശേഷ്വസക്താത്മാ
വിന്ദത്യാത്മനി യത്‌ സുഖം
സ ബ്രഹ്മയോഗയുക്താത്മാ
സുഖമക്ഷയ്യമശ്‌നുതേ                                                            (21)

ബാഹ്യേന്ദ്രിയവിഷയങ്ങളിൽ ആസക്തിയില്ലാത്തവൻ ആത്മാവിൽ തന്നെ സുഖം കണ്ടെത്തുന്നു. ബ്രഹ്മത്തിൽ ഐക്യം പ്രാപിച്ച ആത്മാവോടുകൂടിയ അവൻ ഒരിക്കലും നശിക്കാത്ത സുഖം അനുഭവിക്കുന്നു.

യേഹി സംസ്പർശജാ ഭോഗാഃ
ദുഃഖയോനയ ഏവ തേ
ആദ്യന്തവന്തഃ കൗന്തേയ
നതേഷു രമതേ ബുധഃ                                                            (22)

വിഷയസമ്പർക്കത്തിൽ നിന്നുമുണ്ടാകുന്ന സുഖാനുഭവങ്ങൾ ഏതൊക്കെയാണോ അവയെല്ലാം ദുഃഖകാരണങ്ങൾ തന്നെയാണ്‌. എന്തെന്നാൽ അവയ്ക്ക്‌ ആദിയും അവസാനവുമുണ്ട്‌. അതിനാൽ അല്ലയോ അർജ്ജുന! ജ്ഞാനികൾ അവയിൽ രമിക്കുന്നില്ല.

ശക്നോതീഹൈവ യഃ സോഢും
പ്രാക്ശരീരവിമോക്ഷണാത്‌
കാമക്രോധോത്ഭവം വേഗം
സ യുക്തഃ സ സുഖീ നരഃ                                                      (23)

ഏതൊരുവൻ ശരീരം ഉപേക്ഷിക്കുന്നതിന്‌ മുൻപ്‌ ഈ ലോകത്തിൽ വച്ചുതന്നെ കാമക്രോധങ്ങളിൽ നിന്നുണ്ടാകുന്ന ക്ഷോഭത്തെ ജയിക്കാൻ ശക്തനാകുന്നുവോ ആ മനുഷ്യൻ യോഗിയാകുന്നു. അയാൾ ശാശ്വതമായ സുഖവും അനുഭവിക്കുന്നു.

യോfന്തഃ സുഖോƒന്തരാരാമഃ
തഥാന്തർജ്യോതിരേവ യഃ
സ യോഗീ ബ്രഹ്മനിർവാണം
ബ്രഹ്മഭൂതോƒധിഗച്ഛതി                                                          (24)

യാതൊരുവൻ ആത്മാവിൽ തന്നെ സുഖം കണ്ടെത്തുകയും അതിൽ തന്നെ വിഹരിക്കുകയും ആത്മപ്രകാശത്തെ  കാണുകയും ചെയ്യുന്നുവോ ആ യോഗി ബ്രഹ്മമായി ഭവിച്ചിട്ട്‌ ബ്രഹ്മനിർവാണത്തെ (മോക്ഷത്തെ) പ്രാപിക്കുന്നു.

ലഭന്തേ ബ്രഹ്മനിർവാണം
ഋഷയഃ ക്ഷീണകല്‌മഷാഃ
ഛിന്നദ്വൈധാ യതാത്മാനഃ
സർവഭൂതഹിതേ രതാഃ                                                           (25)

പാപം നശിച്ചവരും സംശയങ്ങളെല്ലാം നീങ്ങിയവരും ആത്മനിയന്ത്രണം സാധിച്ചവരും സർവജീവികളുടേയും നന്മയിൽ തൽപരരുമായ ഋഷികൾ മോക്ഷത്തെ പ്രാപിക്കുന്നു.

കാമക്രോധവിയുക്താനാം
യതീനാം യതചേതസാം
അഭിതോ ബ്രഹ്മനിർവാണം
വർത്തതേ വിദിതാത്മനാം                                                     (26)

കാമക്രോധങ്ങളിൽ നിന്ന് മുക്തരായവരും മനസ്സിനെ നിയന്ത്രിച്ചവരും ആത്മജ്ഞാനം നേടിയവരുമായ യതികൾക്ക്‌ ബ്രഹ്മാനന്ദം എങ്ങും നിറഞ്ഞിരിക്കുന്നു.

സ്പർശാൻ കൃത്വാ ബഹിർ ബാഹ്യാൻ
ചക്ഷുശ്ചൈവാന്തരേ ഭ്രുവോഃ
പ്രാണാപാനൗ സമൗ കൃത്വാ
നാസാഭ്യന്തരചാരിണൗ                                                          (27)

യതേന്ദ്രിയ മനോബുദ്ധിർ
മുനിർ മോക്ഷപരായണഃ
വിഗതേച്ഛാഭയക്രോധഃ
യഃ സദാ മുക്ത ഏവസഃ                                                          (28)

ഏതൊരു മുനി മോക്ഷത്തെ മാത്രം ലക്ഷ്യമാക്കി ബാഹ്യവിഷയങ്ങളെ ഉള്ളിൽ പ്രവേശിക്കാനനുവദിക്കാതെ പുറത്തു നിർത്തിയിട്ട്‌ ദൃഷ്ടിയെ ഭ്രൂമധ്യത്തിൽ ഉറപ്പിച്ച്‌ നാസാദ്വാരങ്ങളിലൂടെ അകത്തേക്കും പുറത്തേക്കും സഞ്ചരിക്കുന്ന പ്രാണവായുവിനെയും, അപാനവായുവിനേയും സമമാക്കി ഇന്ദ്രിയങ്ങൾ , മനസ്സ്‌, ബുദ്ധി ഇവയെ അടക്കികൊണ്ട്‌ ഇച്ഛ, ഭയം, ക്രോധം ഇവ ഇല്ലാത്തവനായി ഭവിക്കുന്നുവോ അവൻ എപ്പോഴും മുക്തൻ തന്നെയാകുന്നു.

ഭോക്താരം യജ്ഞതപസാം
സർവലോക മഹേശ്വരം
സുഹൃദം സർവ ഭൂതാനാം
ജ്ഞാത്വാ മാം ശാന്തിമൃച്ഛതി                                                   (29)

യജ്ഞങ്ങളുടേയും തപസ്സുകളുടേയും ഫലം അനുഭവിക്കുന്നവനായും സകല ലോകങ്ങൾക്കും മഹേശ്വരനായും എല്ലാ ജീവികളുടേയും സുഹൃത്തായും എന്നെ അറിയുന്ന യോഗി ശാന്തിയെ പ്രാപിക്കുന്നു.

ഇതി ശ്രീമദ്‌ ഭഗവദ്ഗീതാസു ഉപനിഷത്സു
ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ
ശ്രീകൃഷ്ണാർജുന സംവാദേ
കർമസംന്യാസയോഗോ നാമ
പഞ്ചമോfധ്യായഃ

അഞ്ചാം അധ്യായം കഴിഞ്ഞു.










മറ്റ്  അദ്ധ്യായങ്ങൾക്കായി ചുവടെയുള്ള ലിങ്കുകൾ ഉപയോഗിക്കുക.

അർജ്ജുനവിഷാദയോഗം ( ഒന്നാം അദ്ധ്യായം )    

സാംഖ്യയോഗം ( രണ്ടാം അദ്ധ്യായം )

കർമയോഗം ( മൂന്നാം അധ്യായം)

ജ്ഞാനകർമ സംന്യാസയോഗം ( നാലാം അദ്ധ്യായം )


മറ്റ്  വിഷയങ്ങൾ 

1. ഭഗവദ്ഗീത ശ്ലോകങ്ങളും മലയാള വ്യാഖ്യാനവും  ( പൂമുഖം )

2. ഗീത അതിവിശിഷ്ടമായ പൂച്ചെണ്ട് (ആമുഖം)   

3. സാംഖ്യദർശനത്തിന്റെ പ്രാധാന്യം ( പഠനം)

4. ശ്രീ ശങ്കരാചാര്യർ (ലേഖനം )

5. ധ്യാനമന്ത്രങ്ങൾ (ഉപാസനാ  മന്ത്രങ്ങൾ )















       





No comments: