Thursday 10 July 2014

ജ്ഞാനകർമ സംന്യാസയോഗം




ധർമ്മം വിദ്വാനാണ് ചൊല്ലേണ്ടത്  
എന്നാണ് മനീഷികൾ പറയുന്നത് , ധർമ്മം എന്തെന്ന് ചോദിച്ചിട്ട് അതിന് മറുപടി പറഞ്ഞു കൊടുക്കാത്തവന് പാപം ഉണ്ടാവുകയും ചെയ്യും.
                          -- കൃഷ്ണവാക്യം
                          ( മഹാഭാരതം -- ശാന്തിപർവം )


ശ്രീമദ്‌ ഭഗവദ്ഗീത 



നാലാം അദ്ധ്യായം
ജ്ഞാനകർമ സംന്യാസയോഗം




(കർമ്മയോഗത്തിന്റെ തത്വങ്ങൾ കൂടുതൽ വിശദീകരിക്കുകയും, അവതാരതത്വം, ചാതുർവർണ്ണ്യം, കർമ്മാകർമങ്ങളുടെ രഹസ്യം,യജ്ഞത്തിന്റെ പ്രയോജനം മുതലായവ വിവരിക്കുകയുമാണ്‌ ഈ അദ്ധ്യായത്തിൽ ചെയ്യുന്നത്‌ )

ശ്രീഭഗവാൻ ഉവാച:
ഇമം വിവസ്വതേ യോഗം
പ്രോക്തവാനഹമവ്യയം
വിവസ്വാൻ മനവേ പ്രാഹ
മനൂരിക്ഷ്വാകവേ ƒബ്രവീത്‌                                                (1)
ശ്രീ ഭഗവാൻ പറഞ്ഞു:
നാശരഹിതമായ ഈ യോഗത്തെ ഞാൻ ആദ്യം സൂര്യന്‌ ഉപദേശിച്ചു. സൂര്യൻ അത്‌ മനുവിന്‌ ഉപദേശിച്ചു. മനു തന്റെ പുത്രനായ ഇക്ഷ്വാകുവിനും അത്‌ ഉപദേശിച്ചു.

എവം പരമ്പരാ പ്രാപ്തം
ഇമം രാജർഷയോ വിദുഃ
സ കാലേനേഹ മഹതാ
യോഗോ നഷ്ടഃ പരംതപ                                                    (2)

ഇപ്രകാരം പരമ്പരാഗതമായ കർമ്മയോഗത്തെ രാജർഷികൾ അറിഞ്ഞിരുന്നു. ആ യോഗം ദീർഘകാലം കൊണ്ട്‌ ഈ ലോകത്തിൽ നിന്നും നഷ്ടമായിപ്പോയി.

സ ഏവായം മയാ തേƒദ്യ
യോഗഃ പ്രോക്തഃ പുരാതനഃ
ഭക്തോƒസി മേ സഖാ ചേതി
രഹസ്യം ഹ്യേതദുത്തമം                                                       (3)

അല്ലയോ അർജ്ജുന ! നീ എന്റെ ഭക്തനും സഖാവും ആണെന്നതുകൊണ്ട്‌ കർമ്മയോഗത്തെ ഇപ്പോൾ നിനക്കായി എന്നാൽ ഉപദേശിക്കപെട്ടു, എന്തുകൊണ്ടെന്നാൽ ഇത്‌ രഹസ്യവും ഉത്തമവുമാകുന്നു.

അർജ്ജുനൻ ഉവാച:

അപരം ഭവതോ ജന്മ
പരം ജന്മ വിവസ്വത:
കഥ മേതദ്‌ വിജ്ഞാനീയം
ത്വമാദൗ പ്രോക്തവാനീതി                                                  (4)

അർജ്ജുനൻ പറഞ്ഞു: 

അങ്ങയുടെ ജനനം ഇപ്പോൾ, സൂര്യന്റെ ജനനം വളരെ മുൻപും എന്നിരിക്കെ, ആദികാലത്ത്‌ അങ്ങിതു സൂര്യന്‌ ഉപദേശിച്ചു എന്നുപറയുന്നതിനെ എങ്ങനെ മനസ്സിലാക്കും?

ശ്രീഭഗവാൻ ഉവാചഃ:

ബഹൂനി മേ വ്യതീതാനി
ജ്ന്മാനി തവ ചാർജുന
താന്യഹം വേദ സർവാണി
നത്വം വേത്ഥ പരന്തപ                                                     (5)

ശ്രീഭഗവാൻ പറഞ്ഞു:

അല്ലയോ അർജ്ജുന!
എനിക്കും, നിനക്കും അനേകം ജന്മങ്ങൾ കഴിഞ്ഞുപോയിരിക്കുന്നു. അവയെല്ലാം ഞാനറിയുന്നു, എന്നാൽ നീ അതറിയുന്നില്ല.

 അജോƒപി സന്നവ്യയാത്മാ
ഭൂതാനാമീശ്വരോfപി സാൻ
പ്രകൃതിം സ്വാമധിഷ്ഠായ
സംഭവാമ്യാത്ഥമായയാ                                                      (6)

ജനിക്കാത്തവനും, നാശമില്ലാത്തവനുമാണെങ്കിലും, എല്ലാ ജീവജാലങ്ങളുടേയും ഈശ്വരനുമാണെങ്കിലും, സ്വപ്രകൃതിയെ ആശ്രയിച്ച്‌ സ്വന്തം മായാശക്തിയാൽ ഞാൻ ജന്മമെടുക്കുന്നു.( എല്ലാ ജീവജാലങ്ങളും സ്വന്തം കർമ്മഫലത്താൽ ബന്ധിതരായി അസ്വതന്ത്രരായി ജനിക്കുന്നു. എന്നാൽ ഭഗവാൻ സ്വന്തം ഇച്ഛക്കനുസരിച്ച്‌ തനിക്കധീനമായ ഉപാധികളെ സ്വീകരിച്ച്‌ സ്വതന്ത്രനായി അവതാരമെടുക്കുന്നു.)

യദാ യദാ ഹി ധർമസ്യ
ഗ്‌ളാനിർ ഭവതി ഭാരത!
അഭ്യുത്ഥാനമധർമസ്യ
തദാത്മാനം സൃജാമ്യഹം                                                    (7)

അല്ലയോ അർജ്ജുന! എപ്പോഴൊക്കെ ധർമത്തിനു തളർച്ചയും അധർമത്തിനു ഉയർച്ചയും സംഭവിക്കുന്നുവോ അപ്പോഴൊക്കെ ഞാൻ ജന്മമെടുക്കുന്നു.

പരിത്രാണായ സാധൂനാം
വിനാശായ ച ദുഷ്‌കൃതാം
ധർമസംസ്ഥാപനാർഥായ
സംഭവാമി യുഗേ യുഗേ                                                      (8)

സന്മാർഗ്ഗത്തിൽ സഞ്ചരിക്കുന്നവരെ സംരക്ഷിക്കാനും അധർമത്തിൽ ജീവിക്കുന്ന ദുർജനങ്ങളെ നശിപ്പിക്കാനും , ധർമത്തെ നിലനിർത്താനുമായി ഞാൻ യുഗങ്ങൾതോറും ജന്മമെടുക്കുന്നു.

ജന്മ കർമ്മ ച മേ ദിവ്യം
ഏവം യോ വേത്തി തത്ത്വതഃ
ത്യക്ത്വാ ദേഹം പുനർജന്മ
നൈതി മാമേതി സോfർജുന                                               (9)

അല്ലയോ അർജ്ജുന! എന്റെ ദിവ്യമായ ജന്മവും കർമ്മവും ഇപ്രകാരം താത്ത്വികമായി ആരറിയുന്നുവോ അവൻ ശരീരത്തെ ത്യജിച്ചിട്ട്‌ ( മരിച്ചിട്ട്‌ ) പിന്നെ പുനർജന്മത്തെ പ്രാപിക്കുന്നില്ല: എന്നെ പ്രാപിക്കുന്നു.

വീതരാഗഭയക്രോധാ
മന്മയാ മാമുപാശ്രിതാഃ
ബഹവോ ജ്ഞാനതപസാ
പൂതാ മദ്ഭാവമാഗതാഃ                                                         (10)

രാഗം, ഭയം, ക്രോധം എന്നിവ ഇല്ലാത്തവരായി എന്നിൽ ലീനമായ മനസ്സോടെ എന്നെത്തന്നെ ആശ്രയിച്ച്‌ അനേകം പേർ ജ്ഞാന തപസ്സിനാൽ ആത്മസാക്ഷാത്കാരത്തെ ( എന്റെ ഭാവത്തെ ) പ്രാപിച്ചിട്ടുണ്ട്‌. ( ആത്മസാക്ഷാത്കാരത്ത്നുള്ള മാർഗ്ഗം എന്താണെന്ന് ഇവിടെ വ്യക്തമാക്കുന്നു )

യേ യഥാമാം പ്രപദ്യന്തേ
താം സ്തഥൈവ ഭജാമ്യഹം
മമ വർത്‌മാനുവർത്തന്തേ
മനുഷ്യാഃ പാർത്ഥ, സർവ്വശഃ                                                  (11)

ഏവർ എപ്രകാരം എന്നെ ഭജിക്കുന്നുവോ അവരെ അപ്രകാരം തന്നെ ഞാൻ അനുഗ്രഹിക്കുന്നു. അല്ലയോ അർജ്ജുന! മനുഷ്യർ എല്ലാ വിധത്തിലും എന്റെ മാർഗത്തെത്തന്നെ അനുസരിക്കുന്നു.

കാംക്ഷന്തഃ കർമ്മണാം സിദ്ധിം
യജന്ത ഇഹദേവതാഃ
ക്ഷിപ്രം ഹി മാനുഷേ ലോകേ
സിദ്ധിർ ഭവതി കർമ്മജാ                                                       (12)

കർമ്മങ്ങളുടെ ഫലത്തെ ആഗ്രഹിക്കുന്നവർ ഈ ലോകത്തിൽ ദേവതകളെ ഉപാസിക്കുന്നു, എന്തെന്നാൽ മനുഷ്യ ലോകത്തിൽ കർമ്മത്തിൽ നിന്നുള്ള ഫലസിദ്ധി വേഗത്തിൽ ഉണ്ടാകുന്നു.


ചാതുർവർണ്ണ്യം മയാസൃഷ്ടം
ഗുണകർമ വിഭാഗശഃ
തസ്യ കർത്താരമപി മാം
വിദ്ധ്യകർത്താരമവ്യയം                                                           (13)

ഗുണങ്ങളുടേയും, കർമ്മങ്ങളുടേയും അടിസ്ഥാനത്തിൽ നാലു വർണ്ണങ്ങൾ എന്നാൽ സൃഷ്ടിക്കപ്പെട്ടു ( ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ ). അതിന്റെ കർത്താവാണ്‌ ഞാനെങ്കിലും നാശരഹിതനായ എന്നെ യഥാർത്ഥത്തിൽ അകർത്താവെന്ന് തന്നെ അറിഞ്ഞാലും.( സത്വം, രജസ്സ്‌, തമസ്സ്‌ എന്നീ ഗുണങ്ങളുടേയും, കർമ്മങ്ങളുടേയും വിഭാഗമനുസരിച്ച്‌ സൃഷ്ടിക്കപ്പെട്ട്‌ ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നീ വർണ്ണങ്ങൾക്ക്‌ പിൽക്കാലത്തുണ്ടായ ജാതിവ്യവസ്ഥയുമായി യാതൊരു ബന്ധവുമില്ല.)

ന മാം കർമാണി ലിംബന്തി
ന മേ കർമഫലേ സ്പൃഹാ
ഇതി മാം യോഭിജാനാതി
കർമഭിർ ന സ ബദ്ധ്യതേ                                                          (14)

കർമ്മങ്ങൾ എന്നെ സ്പർശിക്കുന്നില്ല. കർമഫലത്തിൽ എനിക്ക്‌ ആഗ്രഹവുമില്ല. ഇങ്ങനെ എന്നെ ആരറിയുന്നുവോ അവൻ കർമ്മങ്ങളാൽ ബന്ധിക്കപ്പെടുന്നില്ല.( കർമഫലത്തിൽ ആസക്തിയില്ലാതെ കർമങ്ങൾ ചെയ്യുന്നവർക്ക്‌ കർമ്മങ്ങൾ ബന്ധനങ്ങളാവില്ലെന്ന് ഓർക്കുക )

ഏവം ജ്ഞാത്വാ കൃതം കർമ
പൂർവൈരപി മുമുക്ഷുഭിഃ
കുരു കർമൈവ തസ്മാത്‌ ത്വം
പൂർവൈവഃ പൂർവതരം കൃതം                                                     (15)

ഇപ്രകാരം അറിഞ്ഞിട്ട്‌ പണ്ടത്തെ മുമുക്ഷുക്കൾ ( മോക്ഷമാഗ്രഹിക്കുന്നവർ) കർമ്മം ചെയ്തു. അതുകൊണ്ട്‌ പൂർവ്വികന്മാർ പണ്ടു പണ്ടേ ചെയ്ത പ്രകാരം തന്നെ നീയും കർമം ചെയ്താലും.

കിം കർമ കിമകർമേതി
കവയോƒപ്യത്ര മോഹിതാഃ
തത്‌ തേ കർമ പ്രവക്ഷ്യാമി
യത്‌ ജ്ഞാത്വാ മോക്ഷ്യസേƒശുഭാത്‌                                          (16)

കർമം എന്ത്‌ അകർമം എന്ത്‌ എന്നു നിശ്ചയിക്കുന്നതിൽ ജ്ഞാനികൾ പോലും വിഷമിക്കുന്നു. ഏതൊന്നിനെയറിഞ്ഞാൽ അശുഭമായതിൽ നിന്നു നീ മുക്തനാവുമോ ആ കർമത്തെ ഞാൻ നിനക്ക്‌ പറഞ്ഞു തരാം.

കർമണ‍ാ ഹ്യപി ബോദ്ധവ്യം
ബോദ്ധവ്യം ച വികർമണഃ
അകർമണശ്ച ബോദ്ധവ്യം
ഗഹനാ കർമണോ ഗതിഃ                                                         ( 17 )
  
കർമത്തിൽ അകർമത്തെയും അകർമത്തിൽ കർമത്തെയും ആര്‌ കാണുന്നുവോ അയാൾ മനുഷ്യരിൽ വച്ച്‌ ബുദ്ധിമാനാകുന്നു. അവൻ യോഗിയും കർമങ്ങൾ പൂർണമായി ചെയ്യുന്നവനുമാകുന്നു.

യസ്യ സർവേ സമാരംഭാഃ
കാമസങ്കൽപ വർജിതാഃ
ജ്ഞാനാഗ്നി ദഗ്ദ്ധകർമാണം
തമാഹുഃ പണ്ഡിതം ബുധാഃ                                                       (19)

ആരുടെ കർമങ്ങളെല്ലാം , ആഗ്രഹങ്ങളും സങ്കൽപങ്ങളും ഇല്ലാത്തതായിരിക്കുന്നുവോ , ജ്ഞാനാഗ്നിയിൽ കർമമെല്ലാം ദഹിപ്പിച്ച അയാളെ അറിവുള്ളവർ പണ്ഡിതൻ എന്നു വിളിക്കുന്നു.

ത്യക്ത്വാ കർമഫലാസംഗമം
നിത്യതൃപ്തോ നിരാശ്രയഃ
കർമാണ്യഭി പ്രവൃത്തോƒപി
നൈവ കിജ്ഞിത് കരോതി സഃ                                                (20)

കർമഫലത്തിലുള്ള ആസക്തി ഉപേക്ഷിച്ച്‌ എപ്പോഴും സംതൃപ്തനും, മറ്റൊന്നിനേയും ആശ്രയിക്കാത്തവനുമായ ആൾ കർമങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവനായാലും ഒന്നും ചെയ്യുന്നില്ല തന്നെ.

നിരാശീർ യതചിത്താത്മാ
ത്യക്തസർവപരിഗ്രഹഃ
ശാരീരം കേവലം കർമ
കുർവൻ നാപ്നോതി കിൽബിഷം                                             (21)

ഒന്നും ആശിക്കാത്തവനായി , മനസ്സും ഇന്ദ്രീയങ്ങളും അടക്കി തന്റെ എല്ലാ സമ്പാദ്യങ്ങളും ത്യജിച്ച്‌, ശാരീകാവശ്യത്തിന്‌ മാത്രമായി കർമം ചെയ്യുന്നവൻ പാപത്തെ പ്രാപിക്കുന്നില്ല.

യദൃച്ഛാ ലാഭസന്തുഷ്ടോ
ദ്വന്ദ്വാതീതോ വിമത്സരഃ
സമഃ സിദ്ധാവസിദ്ധൗ ച
കൃത്വാപി ന നിബധ്യതേ                                                           (22)

യാദൃശ്ചികമായി ലഭിക്കുന്നതു കൊണ്ടു തൃപ്തിപ്പെടുന്നവനും, സുഖദുഃഖാദി ദ്വന്ദങ്ങളെ അതിക്രമിച്ചവനും, മത്സരബുദ്ധിയില്ലാത്തവനും , കിട്ടിയതിലും കിട്ടാതെ പോയതിലും സമഭാവനയുള്ളവനുമായവൻ കർമം ചെയ്താലും ആ കർമം ബന്ധകാരണമായിത്തീരുന്നില്ല.

ഗതസംഗസ്യ മുക്തസ്യ
ജ്ഞാനാവസ്ഥിത ചേതസഃ
യജ്ഞായാചരതഃ കർമ
സമഗ്രം പ്രവിലീയതേ                                                               (23)

ആസക്തിയില്ലാത്തവനും, വിഷയ ബന്ധങ്ങളിൽ നിന്നും മുക്തനായി ജ്ഞാനത്തിൽ ഉറച്ച മനസ്സോടു കൂടിയവനായും, ലോകസേവനത്തിനായി(യജ്ഞത്തിനായി) കർമമാചരിക്കുന്ന ജ്ഞാനിയുടെ എല്ലാ കർമങ്ങളും ലയിച്ചുപോകുന്നു.
 ( നിസ്വാർത്ഥനായി ലോകസേവനത്തിനായി കർമങ്ങൾ അനുഷ്ഠിക്കുന്നത്‌ യജ്ഞമാണ്‌ അവ ബന്ധകാരണമായി തീരുന്നില്ല)

ബ്രഹ്മാർപ്പണം ബ്രഹ്മ ഹവിർ
ബ്രഹ്മാഗ്നൗ ബ്രഹ്മണാ ഹുതം
ബ്രഹ്മൈവ തേന ഗന്തവ്യം
ബ്രഹ്മകർമ സമാധിനാ                                                              (24)

ഹോമകർമം ബ്രഹ്മമാകുന്നു. ഹോമസാമഗ്രികളും ഹോമാഗ്നിയും , ഹോമക്രിയയും, ഹോതാവും ( ഹോമം ചെയ്യുന്നയാൾ ) ബ്രഹ്മം തന്നെയാകുന്നു. കർമത്തെ ബ്രഹ്മമായി കാണുന്ന ബ്രഹ്മരൂപിയായ യജ്ഞകർത്താവിന്റെ പ്രാപ്യസ്ഥാനവും ബ്രഹ്മം തന്നെ.

ദൈവമേവാപരേ യജ്ഞം
യോഗിനഃ പര്യുപാസതേ
ബ്രഹ്മാഗ്നാവപരേ യജ്ഞം
യജ്ഞേനൈവോപജുഹ്വതി                                                      ( 25 )

ചില യോഗികൾ ദേവന്മാരെ ഉദ്ദേശിച്ചുള്ള യജ്ഞം അനുഷ്ഠിക്കുന്നു. മറ്റുചിലർ സർവവും ബ്രഹ്മമെന്ന ഭാവത്തോടെ യജ്ഞത്തെ ( ആത്മാവിനെ) ബ്രഹ്മാഗ്നിയിൽ ആഹുതി ചെയ്യുന്നു.

ശ്രോത്രാദീനീന്ദ്രിയാണ്യന്യേ
സംയമാഗ്നിഷു ജുഹ്വതി
ശബ്ദാദീൻ വിഷയാനന്യ
ഇന്ദ്രിയാഗ്നിഷു ജുഹ്വതി                                                               (26)

മറ്റുചിലർ ശ്രോത്രം മുതലായ ഇന്ദ്രീയങ്ങളെ സംയമമാകുന്ന അഗ്നിയിൽ ഹോമിക്കുന്നു. വേറെ ചിലർ ശബ്ദം തുടങ്ങിയ വിഷയങ്ങളെ ഇന്ദ്രിയങ്ങളാകുന്ന അഗ്നിയിൽ ഹോമിക്കുന്നു.

സർവാണീന്ദ്രിയ കർമാണി
പ്രാണകർമാണി ചാപരേ
ആത്മസംയമ യോഗാഗ്നൗ
ജുഹ്വതി ജ്ഞാനദീപിതേ                                                            (27)

വേറെ ചിലർ എല്ലാ ഇന്ദ്രിയവ്യാപാരങ്ങളേയും , പ്രാണൻ തുടങ്ങിയ വായുക്കളുടെ വ്യാപാരങ്ങളേയും , വിവേക വിജ്ഞാനം കൊണ്ട്‌ ജ്വലിക്കുന്ന ആത്മസംയമമെന്ന യോഗാഗ്നിയിൽ ഹോമിക്കുന്നു.

ദ്രവ്യയജ്ഞാസ്തപോയജ്ഞാഃ
യോഗയജ്ഞാസ്തഥാപരേ
സ്വാദ്ധ്യായ ജ്ഞാനയജ്ഞാശ്ച
യതയഃ സംശിതവ്രതാഃ                                                               (28)

പിന്നെ ചിലർ ദ്രവ്യദാനം യജ്ഞമായി ചെയ്യുന്നവരും, തപശ്ചര്യകൾ യജ്ഞമായി അനുഷ്ഠിക്കുന്നവരും, യോഗസാധനകളെ യജ്ഞമായി ചെയ്യുന്നവരും വേദശാസ്ത്രാദി പാരായണം അർഥവിചാരം എന്നിവയെ യജ്ഞമായി സ്വീകരിച്ചിരിക്കുന്നവരുമായ ദൃഢവൃതന്മാരായ യജ്ഞശീലർ ആണ്‌.

അപാനേ ജുഹ്വതി പ്രാണം
പ്രാണേƒപാനം തഥാപരേ
പ്രാണാപാനഗതീ രുധ്വാ
പ്രാണായാമ പരായണാഃ                                                            (29)

പ്രാണായാമത്തിൽ തൽപരരായ വേറെ ചിലർ പ്രാണന്റേയും, വായുവിന്റേയും ഗതികളെ തടഞ്ഞിട്ട്‌ പ്രാണവായുവിനെ അപാനനിലും, അപാനനെ പ്രാണനിലും ഹോമിക്കുന്നു.
( ശ്വാസത്തെ ഉള്ളിലേക്ക്‌ എടുക്കുന്നത്‌ പൂരകം. പുറത്തേക്ക്‌ വിടുന്നത്‌ രേചകം. പ്രത്യേക ക്രമത്തിൽ ശീലിക്കുന്ന പൂരക-രേചകങ്ങൾക്കിടയിൽ ശ്വാസത്തെ അകത്തോ പുറത്തോ നിർത്തുന്നതിനെ കുംഭകമെന്നു പറയും. നിശ്ചിത ക്രമത്തിൽ പൂരക രേചക കുംഭകങ്ങൾ ചെയ്യുന്നതാണ്‌ പ്രാണായാമം )

അപരേ നിയതാഹാരാഃ
പ്രാണാൻ പ്രാണേഷു ജുഹ്വതി
സർവേƒപ്യേതേ യജ്ഞ വിദോ
യജ്ഞക്ഷപിത കൽമഷാഃ                                                         (30)

മറ്റുചിലർ പരിമിതമായ ആഹാരം കഴിക്കുന്നവരായിട്ട്‌ പ്രാണങ്ങളെ പ്രാണങ്ങളിൽ ഹോമിക്കുന്നു. ഇവർ എല്ലാവരും തന്നെ യജ്ഞത്തെ അറിയുന്നവരും യജ്ഞാത്താൽ പാപത്തെ നശിപ്പിക്കുന്നവരുമാകുന്നു.

യജ്ഞശിഷ്ടാമൃത ഭുജോ
യാന്തി ബ്രഹ്മ സനാതനം
നായം ലോകോƒസ്ത്യയജ്ഞസ്യ
കുതോƒന്യഃ കുരുസത്തമ                                                              (31)

യജ്ഞശിഷ്ടമായ അമൃതം ഭക്ഷിക്കുന്നവൻ ശാശ്വതമായ ബ്രഹ്മത്തെ പ്രാപിക്കുന്നു. അല്ലയോ അർജുന! യജ്ഞം ചെയ്യാത്തവന്‌ ഈ ലോകം തന്നെയില്ല, പിന്നെ പരലോകത്തിന്റെ കാര്യം പറയണോ?

ഏവം ബഹുവിധാ യജ്ഞാ
വിതതാ ബ്രഹ്മണോ മുഖേ
കർമജാൻ വിദ്ധിതാൻ സർവാൻ
ഏവം ജ്ഞാത്വാ വിമോക്ഷ്യസേ                                                   (32)

ഇങ്ങനെ പലവിധ യജ്ഞങ്ങൾ വേദത്തിൽ വിവരിക്കപ്പെട്ടിട്ടുണ്ട്‌. അവയെല്ലാം കർമങ്ങളിൽ നിന്ന് ഉണ്ടായവയാണെന്ന് അറിയുക. ഇങ്ങനെ അറിഞ്ഞ്‌ നീ മുക്തനാവുക.

ശ്രേയാൻ ദ്രവ്യമയാദ്യജ്ഞാത്‌
ജ്ഞാനയജ്ഞഃ പരംതപ
സർവം കർമാഖിലം പാർത്ഥ
ജ്ഞാനേ പരിസമാപ്യതേ                                                            (33)

അല്ലയോ പാർത്ഥ! ദ്രവ്യങ്ങളെക്കൊണ്ട്‌ ചെയ്യുന്ന യജ്ഞത്തേക്കാൾ ജ്ഞാന യജ്ഞം ശ്രേഷ്ഠമാകുന്നു. എന്തെന്നാൽ എല്ലാ കർമങ്ങളും സമ്പൂർണ്ണമായി ജ്ഞാനത്തിൽ സമാപിക്കുന്നു.

തദ്വിദ്ധി പ്രണിപാതേന
പരിപ്രശ്നേനസേവയാ
ഉപദേക്ഷ്യന്തി തേ ജ്ഞാനം
ജ്ഞാനിനസ്തത്ത്വദർശിനഃ                                                           (34)

ആ ജ്ഞാനം തത്ത്വദർശികളായ ജ്ഞാനികൾ നിനക്ക്‌ ഉപദേശിച്ച്‌ തരും. നമസ്കാരം കൊണ്ടും ചോദ്യങ്ങൾ കൊണ്ടും ശുശ്രൂഷകൊണ്ടും അവരിൽ നിന്ന് നീ ആ ജ്ഞാനം നേടുക.

യത്‌ ജ്ഞാത്വാ ന പുനർമോഹം
ഏവം യാസ്യസി പാണ്ഡവ!
യേന ഭൂതാന്യശേഷേണ
ദ്രക്ഷ്യസ്യാതമന്യഥോ മയി                                                            (35)

അല്ലയോ അർജുന! ആ ജ്ഞാനം ലഭിച്ചാൽ നീ വീണ്ടും ഈ വിധം മോഹത്തെ പ്രാപിക്കയില്ല. ആ ജ്ഞാനത്താൽ സകല ചരാചരങ്ങളെയും നീ സ്വാത്മാവിലും എന്നിലും നീ ദർശിക്കും.

അപി ചേദസി പാപേഭ്യഃ
സർവേഭ്യഃ പാപകൃത്തമഃ
സർവം ജ്ഞാന പ്‌ളവേനൈവ
വൃജിനം സന്തരിഷ്യസി                                                                (36)

സകല പാപികളിലും വച്ച്‌ അധികം പാപം ചെയ്യുന്നവനാണെങ്കിൽ പോലും ജ്ഞാനമാകുന്ന തോണികൊണ്ടുതന്നെ എല്ലാ പാപസമുദ്രത്തേയും നീ തരണം ചെയ്യും.

യഥൈധാംസി സമിദ്ധോƒഗ്നിർ
ഭസ്മസാൽ കുരുതേƒർജുന
ജ്ഞാനാഗ്നിഃ സർവ കർമാണി
ഭസ്മസാത്‌ കുരുതേ തഥാ                                                              (37)

അല്ലയോ പാർത്ഥ! നന്നായി ആളിക്കത്തുന്ന അഗ്നി വിറകുകൊള്ളികളെ എപ്രകാരം ഭസ്മമാക്കിത്തീർക്കുന്നുവോ അപ്രകാരം ജ്ഞാനമാകുന്ന അഗ്നി എല്ലാ കർമങ്ങളേയും ഭസ്മീകരിക്കുന്നു.

ന ഹി ജ്ഞാനേന സദൃശം
പവിത്ര മിഹ വിദ്യതേ
തത്സ്വയം യോഗസംസിദ്ധഃ
കാലേനാത്മനി വിന്ദതി                                                               (38)

ഈ ലോകത്തിൽ ജ്ഞാനത്തിനു തുല്യം ശുദ്ധികരമായി ഒന്നും തന്നെ അറിയപ്പെടുന്നില്ല. ആ ജ്ഞാനത്തെ യോഗസിദ്ധി നേടിയവൻ കാലക്രമേണ സ്വാത്മാവിൽ താനേ പ്രാപിക്കുന്നു.

ശ്രദ്ധാവാൻ ലഭതേ ജ്ഞാനം
തത്പരഃ സംയതേന്ദ്രിയഃ
ജ്ഞാനം ലബ്‌ധ്വാ പരാം ശാന്തി-
മചിരേണാധിഗച്‌ഛതി                                                                 (39)

പരമാത്മജ്ഞാന സമ്പാദനത്തിൽ തൽപരനും ഇന്ദ്രിയ സംയമനംശാധിച്ചവനുമായ ശ്രദ്ധാലുവിന്‌ ജ്ഞാനം ലഭിക്കുന്നു. ജ്ഞാനം ലഭിച്ചാൽ അധികം വൈകാതെ തന്നെ അവൻ പരമമായ ശാന്തിയെ പ്രാപിക്കുന്നു.

അജ്ഞശ്‌ചാശ്രദ്ദധാനശ്‌ച
സംശയാത്മാ വിനശ്യതി
നായം ലോകോƒസ്തി ന പരോ
ന സുഖം സംശയാത്മനഃ                                                               (40)

അജ്ഞനും, ശ്രദ്ധയില്ലാത്തവനും എല്ലായിപ്പോഴും സംശയിക്കുന്നവനും നശിച്ചുപോകുന്നു. സംശയാത്മാവായവന്‌ ഈ ലോകമോ, പരലോകമോ ഇല്ല; സുഖവുമില്ല.
( എല്ലായിപ്പോഴും സംശയിക്കുന്നവൻ, എപ്പോഴും അസ്വസ്ഥനും അതുകൊണ്ട്‌ തന്നെ സുഖമെന്തെന്ന് അറിയാത്തവനുമായിരിക്കും. )

യോഗസംന്യസ്ത കർമാണം
ജ്ഞാന സംച്‌ഛിന്ന സംശയം
ആത്മവന്തം ന കർമാണി
നിബദ്ധ്‌നന്തി ധനഞ്ജയ                                                                (41)

അല്ലയോ അർജുന! യോഗം കൊണ്ട്‌ കർമങ്ങളെ ത്യജിച്ചവനും, ജ്ഞാനം കൊണ്ട്‌ സംശയത്തെ നശിപ്പിച്ചവനുമായ ആത്മജ്ഞാനിയെ കർമങ്ങൾ ബന്ധിക്കുന്നില്ല.

തസ്‌മാദജ്ഞാനസംഭൂതം
ഹൃത്‌സ്ഥം ജ്ഞാനാസിനാത്മനഃ
ഛിത്വൈനം സംശയം യോഗം
ആതിഷ്ഠോത്തിഷ്ഠ ഭാരത                                                               (42)

അതിനാൽ അജ്ഞാനത്തിൽ നിന്നുണ്ടായതും നിന്റെ ഹൃദയത്തിൽ സ്ഥലം പിടിച്ചതുമായ ഈ സംശയത്തെ ജ്ഞാനമാകുന്ന ഖഡ്‌ഗം കൊണ്ട്‌ ഛേദിച്ചിട്ട്‌ കർമയോഗത്തെ അനുഷ്ഠിക്കുക. ഹേ അർജുന! എഴുന്നേൽക്കൂ.

ഇതി ശ്രീമദ്‌ ഭഗവദ്ഗീതാസു ഉപനിഷത്സു
ബ്രഹ്മവിദ്യായാം യോഗ ശാസ്ത്രേ
ശ്രീകൃഷ്ണാർജുന സംവാദേ
ജ്ഞാനകർമസംന്യാസ യോഗോ നാമ
ചതുർഥോƒധ്യായഃ


നാലാം അധ്യായമായ ജ്ഞാനകർമ സന്യാസയോഗം കഴിഞ്ഞു.

ഈ ശ്രമം നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ തീർച്ചയായും ലൈക്ക് ചെയ്യൂ, അതെനിക്ക് കൂടുതൽ പ്രചോദനമാകുമെന്നറിയിക്കട്ടെ.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ചുവടെ comments എന്ന ഭാഗത്ത് രേഖപ്പെടുത്തൂ.

ഭഗവത്ഗീത അഞ്ചാം  അദ്ധ്യായം സംന്യാസയോഗം  ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്‌.

ഗീതാരഹസ്യത്തിലെ മറ്റ് പ്രധാന പോസ്റ്റുകൾ ചുവടെ നല്കിയിരിക്കുന്ന ലിങ്കുകളിൽ ക്ളിക്ക് ചെയ്ത് വായിക്കുക.





9. ജ്ഞാനകർമ സംന്യാസയോഗം ( ശ്രീമദ്‌ ഭഗവദ്ഗീത നാലാം അദ്ധ്യായം )




No comments: