Wednesday 18 February 2015

അക്ഷരബ്രഹ്മയോഗം ( (ശ്രീമദ് ഭഗവദ്ഗീത എട്ടാം അദ്ധ്യായം) AKSHARABRAHMAYOGAM

ശ്രീമദ് ഭഗവദ്ഗീത (എട്ടാം അദ്ധ്യായം )
അക്ഷരബ്രഹ്മയോഗം (AKSHARABRAHMAYOGAM)



ഭഗവദ്ഗീത മലയാളവ്യാഖ്യാനത്തോടൊപ്പം അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ സപര്യയുടെ ഭാഗമായി ഏഴ്  അദ്ധ്യായങ്ങൾ ഇതുവരെ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതാ എട്ടാം അദ്ധ്യായവും എല്ലാ മലയാളികൾക്കുമായി സമർപ്പിക്കുന്നു.
മഹാഭാരതത്തിന്റെ ആത്മാവാണ് ഭീഷ്മപർവത്തിന്റെ ഭാഗമായ ഭഗവദ്ഗീത, അത് ഈ ഭാരത ഭൂവിന്റെ ആത്മാവുകൂടിയാണ്. 

ശ്രീമദ് ഭഗവദ്ഗീത
എട്ടാം അദ്ധ്യായം
അക്ഷരബ്രഹ്മയോഗം
SREEMAD BHAGAVAD GITA
                        (Chapter 8)
AKSHARABRAHMAYOGAM

(ഈ അദ്ധ്യായത്തിന്‌ ‘താരകബ്രഹ്മയോഗം’ എന്നും പേരുണ്ട്.ബ്രഹ്മം, അദ്ധ്യാത്മം, കർമം, അധിഭൂതം, അധിദൈവം, അധിയജ്ഞൻ എന്നിവയെക്കുറിച്ച് അർജ്ജുനൻ ഉന്നയിക്കുന്ന ചോദ്യങ്ങളോടെയാണ്‌ ഈ അദ്ധ്യായം ആരംഭിക്കുന്നത്)

അർജുന ഉവാച:
കിം തത് ബ്രഹ്മ കിമധ്യാത്മം
കിം കർമ പുരുഷോത്തമ
അധിഭൂതം ച കിം പ്രോക്തം
അധിദൈവം കിമുച്യതേ                                             (1)


അധിയജ്ഞ കഥം കോƒത്ര
ദേഹേസ്മിൻ മധുസൂദന
പ്രയാണകാലേ ച കഥം
ജ്ഞേയോƒസി നിയതാതമഭിഃ                                    (2)

അർജ്ജുനൻ ചോദിച്ചു:
ഹേ പുരുഷോത്തമ! ആ ബ്രഹ്മം എന്നു പറഞ്ഞത് എന്താണ്‌? അധ്യാത്മം എന്താണ്‌? കർമം എന്താണ്‌? അധിഭൂതം എന്നുപറയപ്പെട്ടതും എന്താണ്‌? അധിദൈവം എന്നു പറയുന്നത് എന്തിനെയാണ്‌? ഈ ദേഹത്തിൽ അധിയജ്ഞൻ ആരാണ്‌? എങ്ങനെ വർത്തിക്കുന്നു? അല്ലയോ മധുസൂദന! മനസ്സിനെ അടക്കിയവർ മരണസമയത്തും അങ്ങയെ എപ്രകാരം അറിയുന്നു?

ശ്രീ ഭഗവാൻ ഉവാച:
അക്ഷരം ബ്രഹ്മ പരമം
സ്വഭാവോƒധ്യാത്മമുച്യതേ
ഭൂതഭാവോദ്ഭവകരോ
വിസർഗഃ കർമസംജ്ഞിതഃ                                        (3) 

SREEMAD BHAGAVAD GITA

ഏറ്റവും ഉത്കൃഷ്ടവും നാശരഹിതവുമായത് ബ്രഹ്മം. ബ്രഹ്മത്തിന്റെ ജീവാത്മഭാവത്തെ അധ്യാത്മം എന്നു പറയുന്നു. സകല ജീവരാശികളുടേയും ഉല്പത്തിക്ക് കാരണമായ സൃഷ്ടിവ്യാപാരത്തിന്‌ കർമം എന്നു പറയുന്നു.

അധിഭൂതം ക്ഷരോ ഭാവഃ
പുരുഷശ്ചാധിദൈവതം
അധിയജ്ഞോƒഹമേവാത്ര
ദേഹേ ദേഹഭൃതാംവര                                                (4)

നാശമുള്ളതെല്ലാം (നശ്വരമായത്) അധിഭൂതമാകുന്നു. ശരീരമനോബുദ്ധികളിൽ വർത്തിക്കുന്ന ശക്തിവിശേഷമാണ്‌ അധിദൈവതം. ഈ ദേഹത്തിൽ ഞാൻ തന്നെ അധിയജ്ഞൻ.(ശരീരത്തിൽ അന്തര്യാമിയായി വർത്തിക്കുന്ന പരമാത്മാവ് തന്നെയാണ്‌ അധിയജ്ഞൻ)

അന്തകാലേ ച മാമേവ
സ്മരൻ മുക്ത്വാ കളേബരം
യഃ പ്രയാതി സ മദ്ഭാവം
യാതി നാസ്ത്യത്ര സംശയഃ                                       (5)  

യാതൊരാൾ മരണസമയത്തും എന്നെത്തന്നെ സ്മരിച്ച്കൊണ്ട് ശരീരം വിട്ടുപോകുന്നുവോ അയാൾ എന്നിൽ ലയിക്കുന്നു. ഇക്കാര്യത്തിൽ സംശയമില്ല.

യം യം വാപി സ്മരൻ ഭാവം
ത്യജത്യന്തേ കളേബരം
തം തമേവൈതി കൗന്തേയ
സദാ തദ്ഭാവ ഭാവിതം                                              (6)    

SREEMAD BHAGAVAD GITA

അല്ലയോ അർജ്ജുന! മരണസമയത്ത് ഏതേതു ഭാവത്തെ(രൂപത്തെ) സ്മരിച്ചുകൊണ്ടാണോ ശരീരത്തെ ത്യജിക്കുന്നത്, എപ്പോഴും ആ രൂപത്തെക്കുറിച്ചുള്ള ചിന്ത ഹേതുവായിട്ട് ജീവൻ അതാതു രൂപത്തെത്തന്നെ പ്രാപിക്കുന്നു.

തസ്മാത് സർവേഷു കാലേഷു
മാമനുസ്മര യുദ്ധ്യ ച
മയ്യർപ്പിതമനോബുദ്ധിർ
മമേവൈഷസ്യസംശയഃ                                           (7)

അതുകൊണ്ട് എല്ലാക്കാലത്തും എന്നെ സ്മരിക്കുക. യുദ്ധവും ചെയ്യുക (സ്വധർമം അനുഷ്ടിക്കുക). എന്നിൽ അർപ്പിതമായ മനസ്സും ബുദ്ധിയോടും കൂടിയവനാകയാൽ നീ എന്നെത്തന്നെ പ്രാപിക്കും. സംശയം വേണ്ട.

അഭ്യാസ യോഗ യുക്തേന
ചേതസാ നാന്യഗാമിനാ
പരമം പുരുഷം ദിവ്യം
യാതി പാർത്ഥാനുചിന്തയൻ                                     (8)

അല്ലയോ അർജ്ജുന! പരിശീലനത്താൽ നേടിയ ഏകാഗ്രതയോടെ മറ്റുവിഷയങ്ങളിലേക്ക് പോകാത്ത മനസ്സുകൊണ്ട് നിരന്തരമായി ധ്യാനിക്കുന്നവൻ പ്രകാശ സ്വരൂപനായ പരമപുരുഷനെ പ്രാപിക്കുന്നു.

കവിം പുരാണമനുശാസിതാരം
അണോരണീയാം സമനുസ്മരേദ്യഃ
സർവസ്യ ധാതാരമചിന്ത്യരൂപം
ആദിത്യവർണം തമസഃ പരസ്താത്                       (9)     

SREEMAD BHAGAVAD GITA

പ്രയാണകാലേ മനസാƒചലേന
ഭക്ത്യാ യുക്തോ യോഗബലേന ചൈവ
ഭ്രുവോർമധ്യേ പ്രാണമാവേശ്യ സമ്യക്
സ തം പരം പുരുഷമുപൈതി ദിവ്യം                       (10)

യോഗബലത്താൽ ഏകാഗ്രത കൈവരിച്ച മനസ്സോടെ ഭക്തിപൂർവം ഏതൊരാൾ മരണസമയത്ത് പ്രാണനെ ഭ്രൂമദ്ധ്യത്തിൽ (പുരികങ്ങളുടെ നടുവിൽ) നിർത്തിയിട്ട് സർവജ്ഞനും കാലാതീതതനും സകലത്തിന്റേയും നിയന്താവുമായി നിലകൊള്ളുന്നവനും, അണുവിനേക്കാൾ അതി സൂക്ഷ്മമായവനും സർവചരാചരങ്ങളുടേയും പരമാശ്രയമായവനും ചിന്തിച്ചറിയാനാവാത്ത രൂപത്തോടുകൂടിയവനും സൂര്യനെപ്പോലെ തേജസ്വിയും തമസ്സിന്‌ അതീതനുമായ പരാമാത്മാവിനെ ഇടവിടാതെ ധ്യാനിക്കുന്നുവോ അവൻ ആ പ്രകാശമായ പരമാത്മാവിനെത്തന്നെ പ്രാപിക്കുന്നു.

യദക്ഷരം വേദവിദോ വദന്തി
വിശന്തി യദ്യതയോ വീതരാഗാഃ
യദിച്ഛന്തോ ബ്രഹ്മചര്യം ചരന്തി
തത്തേ പദം സംഗ്രഹേണ പ്രവക്ഷ്യേ                    (11)

വേദജ്ഞന്മാർ ഏതൊന്നിനെയാണോ അക്ഷരമെന്ന് ( നാശമില്ലാത്തതെന്ന് ) പറയുന്നത്, എല്ലാ ആസക്തികളും ഉപേക്ഷിച്ച യോഗികൾ പ്രവേശിക്കുന്നതും, ബ്രഹ്മചര്യം അനുഷ്ഠിക്കുന്നവർ ഇച്ഛിക്കുന്നതുമായ ആ പദത്തെ (സ്ഥാനത്തെ) ഞാൻ നിനക്ക് ചുരുക്കമായി പറഞ്ഞുതരാം.

സർവദ്വാരാണി സംയമ്യ
മനോ ഹൃദി നിരുധ്യ ച
മൂർധ്ന്യാധായാത്മനഃ പ്രാണം
ആസ്ഥിതോ യോഗധാരണാം                                 (12)    

SREEMAD BHAGAVAD GITA

ഓമിത്യേകാക്ഷരം ബ്രഹ്മ
വ്യാഹരൻ മമനുസ്മരൻ
യഃ പ്രയാതി ത്യജൻ ദേഹം
സ യാതി പരമാം ഗതിം                                          (13)

യാതൊരുവൻ എല്ലാ ഇന്ദ്രിയങ്ങളേയും അടക്കിയിട്ട്, മനസിനെ ഹൃദയത്തിൽ അടക്കിനിർത്തി, പ്രാണനെ മൂർധാവിൽ ഉറപ്പിച്ച് യോഗനിലയെ പ്രാപിച്ച് ബ്രഹ്മവാചകമായ ഓം എന്ന ഏകാക്ഷരത്തെ ഉച്ചരിച്ചുകൊണ്ടും, എന്നെ ധ്യാനിച്ചുകൊണ്ടും ദേഹം വിട്ടുപോകുന്നുവോ അവൻ പരമപദത്തിൽ എത്തുന്നു.( ഓം കാരം ബ്രഹ്മവാചകവും, ഉപാസനയ്ക്കും ധ്യാനത്തിനുമുള്ള ബ്രഹ്മപ്രതീകവുമാകുന്നു.)

അനന്യചേതാഃ സതതം
യോ മാം സ്മരതി നിത്യശഃ
തസ്യാഹം സുലഭഃ പാർഥ
നിത്യയുക്തസ്യ യോഗിനഃ                                       (14)

ഹേ അർജുന! അന്യചിന്തയില്ലാതെ എന്നും എപ്പോഴും എന്നെ യാതൊരുവൻ സ്മരിക്കുന്നുവോ സ്ഥിരചിത്തനായ ആ യോഗിക്ക് ഞാൻ പ്രയാസം കൂടാതെ പ്രാപിക്കാൻ കഴിയുന്നവനാകുന്നു.( വല്ലപ്പോഴുമൊരിക്കൽ ഒരുചടങ്ങെന്ന നിലയിൽ പ്രദർശിപ്പിക്കേണ്ട ഒന്നല്ല ഈശ്വര സ്മരണ, എല്ലായ്പ്പോഴും ഈശ്വര സ്മരണയോടെ വർത്തിക്കുന്നവൻ യോഗിതന്നെയാണ്‌)

മാമുപേത്യ പുനർജന്മ
ദുഃഖാലയമശാശ്വതം
നാപ്നുവന്തി മഹാത്മാനഃ
സംസിദ്ധിം പരമാം ഗതാഃ                                       (15)     

SREEMAD BHAGAVAD GITA

എന്നെ പ്രാപിച്ചിട്ട് പരമമായ സിദ്ധിയെ നേടിയ പരമാത്മാക്കൾ പിന്നെ ദുഃഖങ്ങളുടെ ഇരിപ്പിടവും, നശ്വരവുമായ ജന്മത്തെ പ്രാപിക്കുന്നില്ല.

ആബ്രഹ്മ ഭുവനാല്ലോകഃ
പുനരാവർത്തിനോതർജുന
മാമുപേത്യ തു കൗന്തേയ
പുനർജന്മ ന വിദ്യതേ                                             (16)

ഹേ അർജുന! കുന്തീപുത്ര! ബ്രഹ്മലോകം വരെയുള്ള ലോകങ്ങൾ പുനർജന്മമുള്ളവയാണ്‌. എന്നെ പ്രാപിച്ചാലാകട്ടെ , പിന്നെ ജനിക്കുക എന്നത് ഉണ്ടാവുകയില്ല.

സഹസ്രയുഗപര്യന്തം
അഹർ യദ് ബ്രഹ്മണോ വിദുഃ
രാത്രിം യുഗ സഹസ്രാന്താം
തേƒഹോരാത്രവിദോ ജനാഃ                                     (17)

ആയിരം യുഗങ്ങൾ കൂടിയതാണ്‌ ബ്രഹ്മാവിന്റെ പകലെന്നും, അത്രയും കാലയളവുള്ളതാണ്‌ ബ്രഹ്മാവിന്റെ രാത്രിയെന്നും അറിയുന്ന ജനങ്ങൾ പകലും രാത്രിയും അറിയുന്നവരാകുന്നു.

അവ്യക്താദ് വ്യക്തയഃ സർവാഃ
പ്രഭവന്ത്യഹരാഗമേ
രാത്ര്യാഗമേ പ്രലീയന്തേ
തത്രൈവാവ്യക്ത സംജ്ഞകേ                                (18)     

SREEMAD BHAGAVAD GITA

ബ്രഹ്മാവിന്റെ പകൽ ആരംഭിക്കുമ്പോൾ അവ്യക്തത്തിൽ (മൂലപ്രകൃതിയിൽ) നിന്ന് സർവചരചരങ്ങളും വ്യക്തമായി ഭവിക്കുന്നു. ബ്രഹ്മാവിന്റെ രാത്രി തുടങ്ങുമ്പോൾ അവയെല്ലാം ആ അവ്യക്തത്തിൽ (മൂലപ്രകൃതിയിൽ) തന്നെ ലയിക്കുകയും ചെയ്യുന്നു.( അവ്യക്തം എന്നതിനെ പ്രകൃതി, പ്രധാനം, മുതലായ പേരുകളിലും വിവരിക്കാറുണ്ട്).

ഭൂതഗ്രാമഃ സ ഏവായം
ഭൂത്വാ ഭൂത്വാ പ്രലീയതേ
രാത്ര്യാഗമേƒവശഃ പാർഥ
പ്രഭവത്യഹരാഗമേ                                                  (19)

അല്ലയോ അർജുന! മുൻപുണ്ടായിരുന്ന അതേ പ്രാണിസമൂഹം തന്നെയാണ്‌ വീണ്ടും വീണ്ടും ജനിച്ച് ലയത്തെ പ്രാപിക്കുന്നത്. പകൽ തുടങ്ങുമ്പോൾ അവ പൂർവകർമവാസനകൾക്ക് വിധേയരായി ജനിക്കുകയും ചെയ്യുന്നു.

പരസ്തസ്മാത്തു ഭവോƒന്യോƒ-
വ്യക്തോƒവ്യക്താത് സനാതനഃ
യഃ സ സർവേഷു ഭൂതേഷു
നശ്യത്സു ന വിനശ്യതി                                            (20)

എന്നാൽ ആ അവ്യക്തത്തിൽ (മൂലപ്രകൃതിയിൽ) നിന്ന് അന്യമായി ശ്രേഷ്ഠവും ശാശ്വതവുമായി യാതൊന്ന് അവ്യക്തഭാവമായിട്ടുണ്ടോ അത് സർവഭൂതങ്ങളും നശിക്കുമ്പോഴും നശിക്കുന്നില്ല.( ആ അവ്യക്തം ബ്രഹ്മം തന്നെയാണ്‌. അത് ഒരിക്കലും നശിക്കുന്നില്ല)

അവ്യക്തോƒക്ഷര ഇത്യുക്ത-
സ്തമാഹുഃ പരമാം ഗതിം
യം പ്രാപ്യ ന നിവർത്തന്തേ
തദ്ധാമ പരമം മമ                                                    (21)     

SREEMAD BHAGAVAD GITA

അവ്യക്തമെന്നും അക്ഷരമെന്നും പറയപ്പെടുന്ന അതിനെ പരമലക്ഷ്യമെന്നും പറയുന്നു. യാതൊന്നിനെ പ്രാപിച്ചാൽ പിന്നെ ജനന മരണ രൂപമായ ജീവിതത്തിലേയ്ക്ക് വരുന്നില്ലയോ അതുതന്നെയാണ്‌ എന്റെ ഉത്തമമായ സ്ഥാനം.

പുരുഷഃ സ പരഃ പാർഥ
ഭക്ത്യാ ലഭ്യസ്ത്വനന്യയാ
യസ്യാന്തഃ സ്ഥാനി ഭൂതാനി
യേന സർവമിദം തതം                                           (22)

അല്ലയോ പാർഥ! സർവചരാചരങ്ങളും ആരുടെ ഉള്ളിൽ സ്ഥിതിചെയ്യുന്നുവോ, യാതൊരുവനാൽ ഈ പ്രപഞ്ചം മുഴുവൻ വ്യാപിക്കപ്പെട്ടിരിക്കുന്നുവോ, ആ പരമ പുരുഷൻ അനന്യഭക്തികൊണ്ട് പ്രാപിക്കപ്പെടാവുന്നവനാണ്‌.

യത്ര കാലേത്വനാവൃത്തിം
ആവൃത്തിം ചൈവ യോഗിനഃ
പ്രയാതാ യാന്തി തം കാലം
വക്ഷ്യാമി ഭരതർഷഭ                                                 (23)

അല്ലയോ അർജുന! ഏതു കാലത്തു പ്രയാണം ചെയ്യുന്ന ( ദേഹം ഉപേക്ഷിച്ച് പോകുന്ന) യോഗികൾ പുനർജന്മമില്ലാത്ത പരമപദം പ്രാപിക്കുന്നുവോ, ഏതുകാലത്ത് പോകുന്നവർ പുനർജന്മത്തെ പ്രാപിക്കുന്നുവോ ആ കാലത്തെ ഞാൻ പറഞ്ഞുതരാം.

അഗ്നിർ ജ്യോതിരഹഃ ശുക്ളഃ
ഷണ്മാസാ ഉത്തരായണം
തത്ര പ്രയാതാ ഗച്ഛന്തി
ബ്രഹ്മ ബ്രഹ്മവിദോ ജനാഃ                                         (24)

അഗ്നി ജ്വലിക്കുമ്പോഴും, പ്രകാശം വ്യാപിച്ചിരിക്കുമ്പോഴും, പകൽ സമയത്തും, വെളുത്ത പക്ഷത്തിലും, ഉത്തരായണകാലത്തും ശരീരം വിട്ടുപോകുന്ന ബ്രഹ്മജ്ഞാനികൾ ബ്രഹ്മത്തെത്തന്നെ പ്രാപിക്കുന്നു.

ധൂമോ രാത്രിസ്തഥാ കൃഷ്ണഃ
ഷണ്മാസാ ദക്ഷിണായനം
തത്ര ചാന്ദ്രമസം ജ്യോതിഃ
യോഗീ പ്രാപ്യ നിവർത്തതേ                                    (25)      

SREEMAD BHAGAVAD GITA

പുക പരക്കുമ്പോഴും, രാത്രിയിലും, കറുത്ത പക്ഷത്തിലും, ദക്ഷിണായനത്തിലും, ദേഹം വിട്ടുപോകുന്ന യോഗി ചന്ദ്ര ജ്യോതിസിനെ അഥവാ ചന്ദ്രലോകത്തെ പ്രാപിച്ചിട്ട് പുനർജന്മമെടുത്ത് തിരിച്ചുവരുന്നു.
(പരമപദം പ്രാപിക്കുന്ന ഈ രണ്ടു രീതികളിൽ ആദ്യത്തേത് ദേവയാനം അഥവാ അർച്ചിരാദി എന്നും രണ്ടാമത്തേത് പിതൃയാനം അഥവാ ധൂമാദിമാർഗം എന്നും പറയപ്പെടുന്നു).

ശുക്ലകൃഷ്ണേ ഗതീ ഹ്യേതേ
ജഗതഃ ശാശ്വതേ മതേ
ഏകയാ യാത്യനാവൃത്തിം
അന്യയാƒവർത്തതേ പുനഃ                                     (26)

ശുക്ലം കൃഷ്ണം (ശുക്ലഗതി - കൃഷ്ണഗതി ) എന്നീ രണ്ട് മാർഗങ്ങൾ ലോകത്തിൽ എല്ലാക്കാലത്തും നിലവിലുള്ളതായി കണക്കാക്കപ്പെടുന്നു. ആദ്യത്തെ മാർഗത്തിൽ കൂടി പുനരാവൃത്തിയില്ലാത്ത (പുനർജന്മം) പരമപദത്തെ പ്രാപിക്കുന്നു. രണ്ടാമത്തേതിൽ കൂടി പോകുന്നവർ വീണ്ടും ജന്മമെടുത്ത് സംസാരലോകത്തിലേയ്ക്ക് തിരിച്ചുവരികയും ചെയ്യുന്നു.

നൈതേ സൃതീ പാർഥ ജാനൻ
യോഗീ മുഹ്യതി കശ്ചന
തസ്മാത് സർവേഷു കാലേഷു
യോഗയുക്തോ ഭവാർജുന                                         (27)

അല്ലയോ അർജുന! ഈ രണ്ടുമാർഗങ്ങളും (ശുക്ലഗതി - കൃഷ്ണഗതി ) അരിയുന്ന ഒരു യോഗിയും മോഹവശഗനായിത്തീരുന്നില്ല. അതുകൊണ്ട് എല്ലാ കാലങ്ങളിലും (സദാസമയവും) നീ യോഗത്തോറ്റുകൂടിയവനായിരിക്കുക.

വേദേഷു യജ്ഞേഷു തപസ്സു ചൈവ
ദാനേഷു യത് പുണ്യഫലം പ്രദിഷ്ടം
അത്യേതി തത് സർവമിദം വിദിത്വാ
യോഗീ പരം സ്ഥാനമുപൈതി ചാദ്യം                        (28)     

SREEMAD BHAGAVAD GITA

ഈ രണ്ടു മാർഗങ്ങളും അറിഞ്ഞിട്ട് യോഗിയായവൻ വേദങ്ങളിലും യജ്ഞങ്ങളിലും തപസ്സുകളിലും ദാനങ്ങളിലും പറയപ്പെട്ടിട്ടുള്ള പുണ്യഫലങ്ങളെ എല്ലാം അതിക്രമിക്കുകയും ആദികാരണമായ പരമപദത്തെ (മോക്ഷത്തെ) പ്രാപിക്കുകയും ചെയ്യുന്നു.

ഇതി ശ്രീമദ് ഭഗവദ്ഗീതാസു ഉപനിഷത്സു
ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ
ശ്രീകൃഷ്ണാർജുന സംവാദേ
അക്ഷര ബ്രഹ്മ യോഗോനാമ
അഷ്ടമോƒധ്യായഃ

എട്ടാം അദ്ധ്യായം കഴിഞ്ഞു.


ഈ ബ്ലോഗിനെക്കുറിച്ച് നിങ്ങളുടെ സുഹൃത്തുക്കളോട് പറയൂ, ഓരോ മലയാളിയുടേയും ആത്മാവിലേയ്ക്ക് എത്തട്ടെ ഭാരതത്തിന്റെ ഈ പുണ്യഗ്രന്ഥം , കാരണം സാർവലൗകികമായ സത്യങ്ങളുടെ കാതലാണ് ഭഗവദ്ഗീത.
ഇത് നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ദയവായി ലൈക്ക് ചെയ്യൂ, ഒപ്പം ഷെയർ ചെയ്യൂ. എത്തട്ടെ അത് ലോകം മുഴുവനും.

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ചുവടെയുള്ള Comments എന്ന ഭാഗത്ത് ക്ലിക്ക് ചെയ്താൽ തുറന്ന് വരുന്ന ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഈ സപര്യയയ്ക്ക് ഒരു പ്രചോദനമായിരിക്കും.

മറ്റ്  അദ്ധ്യായങ്ങൾക്കായി ചുവടെയുള്ള ലിങ്കുകൾ ഉപയോഗിക്കുക.

SREEMAD BHAGAVAD GITA

അർജ്ജുനവിഷാദയോഗം ( ഒന്നാം അദ്ധ്യായം )    

സാംഖ്യയോഗം ( രണ്ടാം അദ്ധ്യായം )

കർമയോഗം ( മൂന്നാം അധ്യായം)

ജ്ഞാനകർമ സംന്യാസയോഗം ( നാലാം അദ്ധ്യായം )

സംന്യാസയോഗം ( അഞ്ചാം അദ്ധ്യായം )

ധ്യാനയോഗം (  ആറാം അധ്യായം )

ജ്ഞാനവിജ്ഞാന യോഗം (ശ്രീമദ് ഭഗവദ്ഗീത ഏഴാം അദ്ധ്യായം)

അക്ഷരബ്രഹ്മയോഗം ( (ശ്രീമദ് ഭഗവദ്ഗീത  എട്ടാം അദ്ധ്യായം) 

മറ്റ്  വിഷയങ്ങൾ 

1. ഭഗവദ്ഗീത ശ്ലോകങ്ങളും മലയാള വ്യാഖ്യാനവും  ( പൂമുഖം )

2. ഗീത അതിവിശിഷ്ടമായ പൂച്ചെണ്ട് (ആമുഖം)   

3. സാംഖ്യദർശനത്തിന്റെ പ്രാധാന്യം ( പഠനം)

4. ശ്രീ ശങ്കരാചാര്യർ (ലേഖനം )

5. ധ്യാനമന്ത്രങ്ങൾ (ഉപാസനാ  മന്ത്രങ്ങൾ )

 SREEMAD BHAGAVAD GITA

ഭക്തി വീഡിയോകൾ 
1. പഴനിമല മുരുകൻ 
2. തൈപ്പൂയകാഴ്ചകൾ 

No comments: