Friday 24 October 2014

ധ്യാനയോഗം ( ശ്രീമദ്‌ ഭഗവദ്ഗീത ആറാം അധ്യായം ) - Dhyanayogam

ശ്രീമദ്‌ ഭഗവദ്ഗീത
ആറാം അധ്യായം
ധ്യാനയോഗം

ഭഗവദ്ഗീത മലയാളവ്യാഖ്യാനത്തോടൊപ്പം അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ സപര്യയുടെ ഭാഗമായി അഞ്ച്  അദ്ധ്യായങ്ങൾ ഇതുവരെ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതാ ആറാം  അദ്ധ്യായവും എല്ലാ മലയാളികൾക്കുമായി സമർപ്പിക്കുന്നു.
മഹാഭാരതത്തിന്റെ ആത്മാവാണ് ഭീഷ്മപർവത്തിന്റെ ഭാഗമായ ഭഗവദ്ഗീത, അത് ഈ ഭാരത ഭൂവിന്റെ ആത്മാവുകൂടിയാണ്. 
 
(യോഗാരൂഢന്റെ വർണ്ണന, ധ്യാനയോഗസാധന, യോഗയുക്തന്റെ സർവാത്മൈക്യദർശനം, മനസ്സിനെ അടക്കൽ, ഭക്തിയുക്തനായ കർമയോഗിയുടെ ശ്രേഷ്ഠത, എന്നിവ ഈ അധ്യായത്തിൽ വിവരിക്കുന്നു)

ശ്രീഭഗവാൻ ഉവാചഃ:
അനാശ്രിതഃ കർമഫലം
കാര്യം കർമ കരോതി യഃ
സ സംന്യാസീ ച യോഗീ ച
ന നിരഗ്നിർ ന ചാക്രിയഃ                                                                    (1)

ശ്രീ ഭഗവാൻ പറഞ്ഞു:
കർമഫലത്തെ ആഗ്രഹിക്കാതെ കർത്തവ്യകർമത്തെ ആരു ചെയ്യുന്നുവോ അവൻ സംന്യാസിയും യോഗിയുമാകുന്നു. അഗ്നിഹോത്രാദികളും മറ്റുക്രിയകളും ഉപേക്ഷിച്ചതു കൊണ്ടുമാത്രം ഒരാൾ സംന്യാസിയോ യോഗിയോ ആവുകയില്ല. ( അഗ്നിഹോത്രാദികർമങ്ങൾ ഗൃഹസ്ഥന്മാർ അനുഷ്ഠിക്കുന്നതാണ്‌, അവ സംന്യാസിയും യോഗിയും അനുഷ്ഠിക്കേണ്ടതായിട്ടില്ല. )

യം സംന്യാസമിതി പ്രാഹുർ
യോഗം തം വിദ്ധി പാണ്ഡവ!
നഹ്യ സംന്യസ്തസങ്കൽപോ
യോഗീ ഭവതി കശ്ചന                                                                       (2)

അല്ലയോ അർജ്ജുന! യാതൊന്നിനെയാണോ സംന്യാസമെന്ന് പറയുന്നത്‌ അതുതന്നെയാണ്‌ യോഗം എന്നറിഞ്ഞാലും. എന്തെന്നാൽ സങ്കൽപങ്ങളെ ത്യജിക്കാത്ത ഒരുവനും യോഗിയായിത്തീരുന്നില്ല. ( ചപലമായ മനസ്സിന്റെ ആസക്തിയാണ്‌ സങ്കൽപങ്ങൾ അവയെ ഉപേക്ഷിക്കാത്ത ഒരാളും യോഗിയായിത്തീരുന്നില്ല.)

ആരുരുക്ഷോർമുനേർയോഗം
കർമകാരണമുച്യതേ
യോഗാരൂഢസ്യ തസ്യൈവ
ശമഃ കാരണമുച്യതേ                                                                        (3)

യോഗത്തെ ആരോഹണം ചെയ്യാനാഗ്രഹിക്കുന്ന മുനിക്ക്‌ കാരണം(ഉപായം) നിഷ്‌കാമകർമവും, യോഗത്തിൽ ആരൂഢനായ ആൾക്ക്‌ ഉപായം ശമവുമാണെന്ന് പറയപ്പെടുന്നു.( കാമക്രോധങ്ങളില്ലാത്ത നിലയാണ്‌ ശമം)

യദാ ഹി നേന്ദ്രിയാർഥേഷു
ന കർമസ്വനുഷജ്ജതേ
സർവസങ്കൽപ സംന്യാസീ
യോഗാരൂഢസ്തദോച്യതേ                                                               (4)

എപ്പോൾ ഇന്ദ്രിയവിഷയങ്ങളിലും, ആവക കർമങ്ങളിലും ആസക്തിയില്ലാതിരിക്കുന്നുവോ അപ്പോൾ സർവ സങ്കൽപങ്ങളേയും ഉപേക്ഷിച്ച അയാൾ യോഗാരൂഢനെന്ന് പറയപ്പെടുന്നു.( ധ്യാനനിഷ്ഠ കൈവരുമ്പോൾ ഇന്ദ്രിയവിഷയങ്ങളിലേക്ക്‌ മനസ്സ്‌ പോവുകയില്ല. ഈ അവസ്ഥയാണ്‌ ശമം. ഈ അവസ്ഥ കൈവരുമ്പോഴാണ്‌ ഒരാൾ യോഗാരൂഢനാകുന്നത്‌)

ഉദ്ധരേദാത്മനാത്മാനം
നാത്മാനമവസാദയേത്‌
ആത്മൈവ ഹ്യാത്മനോ ബന്ധു-
രാത്മൈവ രിപുരാത്മനഃ                                                                   (5)

ആത്മാവിനെ അത്മാവിനാൽ ഉയർത്തണം. അത്മാവിനെ അധഃപതിപ്പിക്കരുത്‌. എന്തെന്നാൽ തന്റെ ബന്ധു താൻ തന്നെയാണ്‌ , തന്റെ ശത്രുവും താൻ തന്നെ.( സ്വന്തം ആത്മോന്നതിക്ക്‌ വേണ്ടിയുള്ള കർമങ്ങൾ താൻ തന്നെ അനുഷ്ഠിക്കേണ്ടതാണ്‌. മാർഗനിർദ്ദേശങ്ങൾ മാത്രമേ ഗുരുവിൽ നിന്നും ലഭിക്കുകയുള്ളൂ. തന്റെ ബന്ധുവും ശത്രുവും താൻ തന്നെയാണ്‌ എന്ന ഓർമ ഓരോരുത്തർക്കും ഉണ്ടായിരിക്കണം.)

ബന്ധുരാത്മാത്മനസ്തസ്യ
യേനാത്മൈവാത്മനാ ജിതഃ
അനാത്മനസ്തു ശത്രുത്വേ
വർത്തത്താത്മൈവ ശത്രുവത്‌                                                         (6)

ഏതൊരുവൻ ആത്മനിയന്ത്രണത്താൽ ആത്മാവിന്റെ ജയം നേടിയിരിക്കുന്നുവോ അവന്‌ ആത്മാവ്‌ ബന്ധുവാകുന്നു. എന്നാൽ മനോനിയന്ത്രണമില്ലാത്തവന്‌ ശത്രുഭാവത്തിൽ നിലകൊള്ളുന്ന സ്വന്തം ആത്മാവ്‌ തന്നെയാണ്‌ ശത്രു.

ജിതാത്മനഃ പ്രശാന്തസ്യ
പരമാത്മാ സമാഹിതഃ
ശീതോഷ്ണ സുഖ ദുഃഖേഷു
തഥാ മാനാവമാനയോഃ                                                                   (7)

മനസ്സിനെ ജയിച്ച്‌ പ്രശാന്തി നേടിയവന്‌ (യോഗിക്ക്‌) സുഖം, ദുഃഖം, ചൂട്‌, തണുപ്പ്‌ എന്നിവയിലും, മാനം, അപമാനം എന്നിവയിലും സമഭാവത്തിൽ നിലകൊള്ളുന്ന അന്തരാത്മാവാണ്‌ ഉണ്ടായിരിക്കുക.

ജ്ഞാനവിജ്ഞാനതൃപ്താത്മാ
കൂടസ്ഥോ വിജിതേന്ദ്രിയഃ
യുക്ത ഇത്യുച്യുതേ യോഗീ
സമലോഷ്ടാശ്മകാഞ്ചനഃ                                                                   (8)

ജ്ഞാനം കൊണ്ടും, വിശിഷ്ടജ്ഞാനം കൊണ്ടും തൃപ്തനും ഇളക്കമറ്റവനും, ഇന്ദ്രിയജയം നേടിയവനും , മൺകട്ടയും, കല്ലും, സ്വർണ്ണവും ഒരുപോലെ കരുതുന്നവനുമായ യോഗി യോഗാരൂഢനാകുന്നു.

സുഹൃന്മിത്രാര്യുദാസീന-
മധ്യസ്ഥദ്വേഷ്യബന്ധുഷു
സാധുഷ്വപി ച പാപേഷു
സമബുദ്ധിർ വിശിഷ്യതേ                                                                 (9)

സുഹൃത്ത്‌, മിത്രം, ശത്രു, ഉദാസീനൻ, മധ്യസ്ഥൻ, ദ്വേഷത്തിന്‌ പാത്രമായവൻ, ബന്ധു എന്നിവരിലും പുണ്യവാന്മാരിലും പാപികളിലും സമബുദ്ധിയുള്ളവൻ വിശിഷ്ഠനാകുന്നു.( സഹജീവികളിലും സമഭാവന പുലർത്തുന്നവനാണ്‌ യോഗാരൂഢനെന്ന് സാരം)

യോഗീ യുഞ്ജീത സതത്തം
ആത്മാനം രഹസി സ്ഥിതഃ
ഏകാകീ യതചിത്താത്മാ
നിരാശീരപരിഗ്രഹഃ                                                                       (10)

യോഗാരൂഢൻ വിജനസ്ഥലത്ത്‌ തനിയെ ഇരുന്ന് അന്തഃകരണത്തെയും ഇന്ദ്രിയാദികളെയും അടക്കി ആഗ്രഹങ്ങളുപേക്ഷിച്ച്‌ തന്റേതായി ഒന്നും കരുതിവയ്ക്കാത്തവനായി എപ്പോഴും മനസ്സിനെ ആത്മാവിൽ യോജിപ്പിച്ചു നിർത്തണം.

ശുചൗ ദേശേ പ്രതിഷ്ഠാപ്യ
സ്ഥിരമാനസമാത്മനഃ
നാത്യുച്‌ഛ്റിതം നാതിനീചം
ചൈലാജിന കുശോത്തരം                                                            (11)

തത്രൈകാഗ്രം മനഃ കൃത്വാ
യതചിത്തേന്ദ്രിയ ക്രിയഃ
ഉപവിശ്യാസനേ യുഞ്ജ്യാത്‌
യോഗമാത്മവിശുദ്ധയേ                                                               (12)

ശുദ്ധമായ സ്ഥലത്ത്‌ അധികം ഉയർന്നോ അധികം താഴ്‌ന്നോ അല്ലാത്തവിധം ,വസ്ത്രവും അടിയിൽ മാന്തോലും അതിനടിയിലായി ദർഭപ്പുല്ലും വിരിച്ച്‌ ഇളക്കമില്ലാത്തവിധം തന്റെ ഇരിപ്പിടം ഉറപ്പിച്ചിട്ട്‌ ആ ആസനത്തിൽ ഇരുന്ന് മനസ്സിനെ ഏകാഗ്രമാക്കി മനസ്സിന്റെയും ഇന്ദ്രിയങ്ങളുടേയും പ്രവർത്തികളെ നിയന്ത്രിച്ചുകൊണ്ട്‌, ആത്മവിശുദ്ധിക്കായി ധ്യാനിക്കണം.

സമം കായശിരോഗ്രീവം
ധാരയന്നചലം സ്ഥിരഃ
സംപ്രേക്ഷ്യ നാസികാഗ്രം സ്വം
ദിശശ്ചാനവലോകയൻ                                                               (13)

പ്രശാന്താത്മാ വിഗതഭീഃ
ബ്രഹ്മചാരിവ്രതേസ്ഥിതഃ
മനഃ സംയമ്യ മച്ചിത്തോ
യുക്ത ആസീത മത്പരഃ                                                            (14)

ശരീരവും തലയും കഴുത്തും നേർവരയിൽ നിൽക്കത്തക്കവണ്ണം ഇളക്കമറ്റ്‌ നീണ്ട്നിവർന്ന് , മൂക്കിൻതുമ്പിൽ ദൃഷ്ടി പതിപ്പിച്ചും ചുറ്റുപാടും നോക്കാതെയും ശാന്തചിത്തനും നിർഭയനുമായി ബ്രഹ്മചര്യാനിഷ്ഠയോടുകൂടി മനസ്സ്‌ വിഷയങ്ങളിലേക്ക്‌ പായാതെ നിയന്ത്രിച്ച്‌ മനസ്സിനെ എന്നിൽത്തന്നെ ഉറപ്പിച്ച്‌ എന്നെത്തന്നെ പരമലക്ഷ്യമാക്കിക്കൊണ്ട്‌ യോഗയുക്തനായി ഇരിക്കണം.( യോഗി ധ്യാനിക്കേണ്ടത്‌ എങ്ങനെയാണെന്ന് ഇവിടെ വ്യക്തമാക്കിയിരിക്കുന്നു.)

യുഞ്ജന്നേവം സദാത്മാനം
യോഗീ നിയതമാനസഃ
ശാന്തിം നിർവാണപരമാം
മത്സംസ്ഥാമധിഗച്ഛതി                                                             (15)

ഇന്ദ്രിയ വിഷയങ്ങളിൽ അഭിരമിക്കാതെ മനസ്സിനെ അടക്കിയ യോഗി എപ്പോഴും ആത്മാവിൽ മനസ്സിനെ ഉറപ്പിച്ചുകൊണ്ട്‌ എന്നിൽ (ഭഗവാനിൽ) സ്ഥിതിചെയ്യുന്ന മോക്ഷദായകമായ ശാന്തിയെ പ്രാപിക്കുന്നു.

നാത്യശ്‌നതസ്‌തു യോഗോƒസ്തി
ന ചൈകാന്തമനശ്‌നതഃ
ന ചാതിസ്വപ്‌നശീലസ്യ
ജാഗ്രതോ നൈവ ചാർജുന                                                     (16)

അല്ലയോ അർജ്ജുന! അമിതമായി ഭക്ഷണം കഴിക്കുന്നവനും ഒട്ടും ഭക്ഷണം കഴിക്കാത്തവനും അധികം ഉറങ്ങുന്നവനും എപ്പോഴും ഉറക്കമൊഴിച്ചുകൊണ്ടിരിക്കുന്നവനും ഈ യോഗാനുഭൂതി സിദ്ധിക്കുന്നതല്ല.

യുക്താഹാരവിഹാരസ്യ
യുക്തചേഷ്ടസ്യ കർമസു
യുക്തസ്വപ്നാവബോധസ്യ
യോഗോ ഭവതി ദുഃഖഹാ                                                          (17)

ആഹാരത്തിലും, വിനോദങ്ങളിലും മിതത്വം പാലിക്കുന്നവനും കർമങ്ങളിൽ മിതത്വം പാലിച്ചുകൊണ്ട്‌ കർത്തവ്യകർമങ്ങൾ ചെയ്യുന്നവനും ഉറക്കത്തിലും ഉണർവ്വിലും നിഷ്ഠപാലിക്കുന്നവനുമായ സാധകന്‌ യോഗം(ധ്യാനയോഗം) ദുഃഖനാശകമായി ഭവിക്കുന്നു.

യദാ വിനിയതം ചിത്തം
ആത്മന്യേവാവതിഷ്ഠതേ
നിസ്പൃഹഃ സർവകാമേഭ്യഃ
യുക്തഃ ഇത്യുച്യതേ തദാ                                                          (18)

എപ്പോൾ നിയന്ത്രിത മനസ്സ്‌ സർവകാമനകളിൽ നിന്നും മോചിതമായി ആത്മാവിൽതന്നെ സ്ഥിതിചെയ്യുന്നുവോ അപ്പോൾ അയാൾ യോഗാരൂഢൻ എന്ന് പറയപ്പെടുന്നു.

യഥാ ദീപോ നിവാതസ്ഥോ
നേംഗതേ സോപമാ സ്‌മൃതാ
യോഗിനോ യതചിത്തസ്യ
യുഞ്ജതോ യോഗമാത്മനഃ                                                    (19)

കാറ്റില്ലാത്തിടത്തിരിക്കുന്ന വിളക്ക്‌ എപ്രകാരം ചലിക്കാതിരിക്കുന്നുവോ അത്‌ ആത്മധ്യാനത്തിൽ മുഴുകിയ മനസ്സോടുകൂടിയ യോഗിക്ക്‌ ഉപമയായി പറയപ്പെട്ടിരിക്കുന്നു.

യത്രോപരമതേ ചിത്തം
നിരുദ്ധം യോഗസേവയാ
യത്ര ചൈവാത്മനാത്മാനം
പശ്യന്നാത്മനി തുഷ്യതി                                                       (20)

യോഗസാധനകൊണ്ട്‌ വിഷയങ്ങളിൽ നിന്നും നിവൃത്തി നേടിയ മനസ്സ്‌ ഏതൊരവസ്ഥയിൽ പ്രശാന്തമാകുന്നുവോ, ഏതവസ്ഥയിൽ ആത്മാവുകൊണ്ട്‌ ആത്മാവിനെ ദർശിച്ച്‌ ആത്മാവിൽത്തന്നെ സന്തുഷ്ടനാകുന്നുവോ

സുഖമാത്യന്തികം യത്തത്‌
ബുദ്ധിഗ്രാഹ്യമതീന്ദ്രിയം
വേത്തി യത്ര ന ചൈവായം
സ്ഥിതശ്ചലതി തത്ത്വതഃ                                                   (21)

ഇന്ദ്രിയങ്ങൾക്ക്‌ അതീതവും ബുദ്ധിയാൽ മാത്രം ഗ്രഹിക്കത്തക്കതുമായ പരമാനന്ദത്തെ ഏതവസ്ഥയിൽ അറിയുന്നുവോ, ഏതവസ്ഥയിൽ സ്ഥിതിചെയ്യുന്നത്‌ മൂലം പരമാർത്ഥ തത്വത്തിൽ നിന്ന് വ്യതിചലിക്കുന്നില്ലയോ,

യം ലബ്‌ധ്വാ ചാപരം ലാഭം
മന്യതേ നാധികം തതഃ
യസ്മിൻ സ്ഥിതോ ന ദുഃഖേന
ഗുണാപി വിചാല്യതേ                                                        (22)

തം വിദ്യാദ്‌ ദുഃഖസംയോഗ-
വിയോഗം യോഗസംജ്ഞിതം
സ നിശ്ചയേന യോക്തവ്യോ
യോഗോƒനിർവിണ്ണചേതസാ                                          (23)

യാതൊന്ന് ലഭിച്ചാൽ അതിലും ഉപരിയായി മറ്റൊന്നിനെക്കുറിച്ച്‌ വിചാരിക്കുന്നില്ലയോ ഏതവസ്ഥയിലിരുന്നാൽ കഠിനദുഃഖത്താൽ പോലും ചലിപ്പിക്കപ്പെടുന്നില്ലയോ, ദുഃഖത്തോടുള്ള ബന്ധത്തെ വേർപെടുത്തുന്ന ആ അവസ്ഥയെ 'യോഗം' എന്ന് അറിയേണ്ടതാകുന്നു. ആ യോഗം ദൃഢനിശ്ചയത്തോടെയും, പ്രസന്നമായ മനസ്സോടെയും അഭ്യസിക്കേണ്ടതാകുന്നു.

സങ്കൽപപ്രഭവാൻ കാമാൻ
ത്യക്ത്വാ സർവാനശേഷതഃ
മനസൈവേന്ദ്രിയഗ്രാമം
വിനിയമ്യ സമന്തതഃ                                                        (24)

ശനൈ ശനൈരുപരമേത്‌
ബുദ്ധ്യാ ധൃതി ഗൃഹീതയാ
ആത്മസംസ്ഥം മനഃ കൃത്വാ
ന കിഞ്ചിദപി ചിന്തയേത്‌                                               (25)

സങ്കൽപങ്ങളിൽ നിന്നുമുണ്ടാകുന്ന സർവകാമങ്ങളേയും നിശ്ശേഷം ത്യജിച്ചിട്ട്‌ ചിറ്റുപാടുകളിൽ നിന്ന് ഇന്ദ്രിയങ്ങളെ മനസ്സുകൊണ്ട്‌ തന്നെ അടക്കി, ധൈര്യത്തോടുകൂടിയ ബുദ്ധിയാൽ മനസ്സിനെ ആത്മസ്വരൂപത്തിൽ ഉറപ്പിച്ചിട്ട്‌ പതിയെ പതിയെ നിവൃത്തനാകണം, മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കരുത്‌.

യതോയതോ നിശ്ചരതി
മനശ്ചഞ്ചലമസ്ഥിരം
തതസ്തതോ നിയമ്യൈതത്‌
ആത്മന്യേവ വശം നയേത്‌                                           (26)

ഇളകുന്നതും ഉറച്ച്‌ നിൽക്കാത്തതുമായ മനസ്സ്‌ ഏതെല്ലാം വിഷയങ്ങളിൽ സഞ്ചരിക്കുന്നുവോ അതിൽനിന്നെല്ലാം അതിനെ പിന്തിരിപ്പിച്ച്‌ ആത്മാവിൽ തന്നെ ഉറപ്പിച്ച്‌ നിർത്തണം.

പ്രശാന്തമനസം ഹ്യേനം
യോഗിനം സുഖമുത്തമം
ഉപൈതി ശാന്തരജസം
ബ്രഹ്മഭൂതകൽമഷം                                                       (27)

രജോഗുണം നീങ്ങി ശാന്തമായ മനസ്സോടുകൂടിയവനും പാപരഹിതനും ബ്രഹ്മത്വം പൂകിയവനുമായ യോഗിയെ ഉത്തമമായ സുഖം സ്വയമേവ പ്രാപിക്കുന്നു.

യുജ്ഞന്നേവൻ സദാത്മാനം
യോഗീ വിഗതകൽമഷഃ
സുഖേന ബ്രഹ്മസംസ്പർശം
അത്യന്തം സുഖമശ്‌നുതേ                                               (28)

ഇങ്ങനെ എപ്പോഴും മനസ്സിനെ പരമാത്മാവിലുറപ്പിക്കുന്നവനായ യോഗി പാപരഹിതനായി പ്രയാസം ഇല്ലാതെ ബ്രഹ്മാനുഭൂതിയാലുള്ള പരമാനന്ദത്തെ പ്രാപിക്കുന്നു.

സർവഭൂതസ്ഥമാത്മാനം
സർവഭൂതാനി ചാത്മനി
ഈക്ഷതേ യോഗയുക്താത്മാ
സർവത്ര സമദർശനഃ                                                     (29)

യോഗയുക്തമായ ആത്മാവോടുകൂടിയവൻ (യോഗി) എല്ലാ വസ്തുക്കളിലും ഒരേ ചൈതന്യഭാവത്തെത്തന്നെ കാണുന്നവനായിട്ട്‌ തന്റെ ആത്മാവിനെ സർവചരാചരങ്ങളിലും, സർവചരാചരങ്ങളേയും തന്റെ ആത്മാവിലും കാണുന്നു.( അതായത്‌ എല്ലാം ബ്രഹ്മമയം എന്നറിയുന്നു.)

യോമാം പശ്യതി സർവത്ര
സർവം ച മയി പശ്യതി
തസ്യാഹം ന പ്രണശ്യാമി
സ ച മേ ന പ്രണശ്യതി                                                  (30)

യാതൊരുവൻ എന്നെ സർവചരാചരങ്ങളിലും, സർവചരാചരങ്ങൾ എന്നിലും കാണുന്നുവോ അവന്‌ ഞാനും എനിക്ക്‌ അവനും ഒരിക്കലും നഷ്ടമാവുകയില്ല.( ആത്മാവും ബ്രഹ്മവും അല്ലെങ്കിൽ വൃഷ്ടിചൈതന്യവും, സമഷ്ടിചൈതന്യവും ഒന്നുതന്നെയെന്ന് ഭംഗ്യന്തരേണ ഇവിടെ വ്യക്തമാക്കുന്നു)

സർവഭൂതസ്ഥിതം യോ മാം
ഭജത്യേകത്വമാസ്ഥിതഃ
സർവഥാ വർത്തമാനോƒപി
സ യോഗീ മയി വർത്തതേ                                             (31)

യാതൊരുവൻ ഏകഭാവത്തെ ആശ്രയിച്ചവനായി സർവജീവികളിലുമിരിക്കുന്ന എന്നെ ഭജിക്കുന്നുവോ, ആ യോഗി ഏതുപ്രകാരത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്നാലും അവൻ എന്നിൽ തന്നെയാണ്‌ വർത്തിക്കുന്നത്‌

ആത്മൗപമ്യേന സർവത്ര
സമം പശ്യതി യോƒർജുന
സുഖം വാ യദി വാ ദുഃഖം
സ യോഗീ പരമോ മതഃ                                                   (32)

അല്ലയോ അർജ്ജുന! ആത്മസാദൃശ്യം കൊണ്ട്‌ സകല ജീവികളുടേയും സുഖദുഃഖങ്ങളെ ആരാണോ തന്റേതെന്നപോലെ തുല്യമായി കാണുന്നത്‌ ആ യോഗി ഉത്തമനാണെന്നാണ്‌ എന്റെ അഭിപ്രായം. ( തന്റെ ആത്മാവും സകല ചരാചരങ്ങളിലും കുടികൊള്ളുന്ന ജീവനും ഒന്നാണെന്ന് അറിയുന്ന യോഗി സർവ സുഖദുഃഖങ്ങളേയും തന്റേതായിട്ട്‌ കരുതുന്നു)

അർജ്ജുന ഉവാച:
യോfയം യോഗസ്ത്വയാ പ്രോക്തഃ
സാമ്യേന മധുസൂദന
ഏതസ്യാഹം ന പശ്യാമി
ചഞ്ചലത്വാത്‌ സ്ഥിതിം സ്ഥിരാം                                      (33)

അർജ്ജുനൻ പറഞ്ഞു:
അല്ലയോ കൃഷ്ണ! സമത്വബുദ്ധികൊണ്ട്‌ പ്രാപിക്കേണ്ടതായ യോഗമാണല്ലോ അങ്ങ്‌ ഉപദേശിച്ചത്‌( മനസ്സ്‌ ചഞ്ചലമായതിനാൽ). ഈ യോഗം സ്ഥിരമായി നിൽക്കുമോ എന്ന് മനസ്സിന്റെ ചാഞ്ചല്യം മൂലം ഞാൻ സംശയിക്കുന്നു.

ചഞ്ചലം ഹി മനഃ കൃഷ്ണ
പ്രമാഥി ബലവദ്‌ ദൃഢം
തസ്യാഹം നിഗ്രഹം മന്യേ
വായോരിവ സുദുഷ്കരം                                                      (34)

എന്തെന്നാൽ മനസ്സ്‌ ചഞ്ചലവും ഇന്ദ്രിയങ്ങളെ മഥിക്കുന്നതും ശക്തിയുള്ളതും ദൃഡവുമാണ്‌. അല്ലയോ കൃഷ്ണ! മനസ്സിനെ അടക്കിനിർത്തുക എന്നത്‌ കാറ്റിന്റെ ഗതിയെ തടയുന്നത്‌ പോലെ ദുഷ്കരമാണെന്ന് ഞാൻ കരുതുന്നു.

ശ്രീ ഭഗവാൻ ഉവാച:
അസംശയം മഹാബാഹോ
മനോ ദുർനിഗ്രഹം ചലം
അഭ്യാസേന തു കൗന്തേയ
വൈരാഗ്യേണ ച ഗൃഹ്യതേ                                            (35)

ശ്രീ ഭഗവാൻ പറഞ്ഞു;
മഹാവീരനായ അർജ്ജുന! മനസ്സ്‌ അടക്കാൻ പ്രയാസമുള്ളതും ചഞ്ചലവുമാണ്‌ സംശയമില്ല, എങ്കിലും അഭ്യാസം കൊണ്ടും വിഷയങ്ങളിലുള്ള അനാസക്തികൊണ്ടും ക്രമേണ മനസ്സിനെ നിയന്ത്രിക്കാൻ സാധിക്കുന്നതാണ്‌.

അസംയതാത്മനാ യോഗഃ
ദുഷ്പ്രാപ ഇതി മേ മതിഃ
വശ്യാത്മനാ തു യതതാ
ശക്യോƒവാപ്തുമുപായതഃ                                                 (36)

മനസ്സിനെ കീഴടക്കാത്തവന്‌ യോഗം പ്രാപ്യമല്ല എന്നുതന്നെയാണ്‌ എന്റെ അഭിപ്രായം. എന്നാൽ മുൻപു പറഞ്ഞ ഉപായങ്ങളാൽ ( അഭ്യാസം, വൈരാഗ്യം) പ്രയത്നിച്ച്‌ മനസ്സിനെ നിയന്ത്രിച്ച്‌ യോഗസിദ്ധി കൈവരിക്കാൻ കഴിയും.

അർജ്ജുനൻ ഉവാച:
അയതിഃ ശ്രദ്ധയോപേതോ
യോഗാച്ചലിത മാനസഃ
അപ്രാപ്യ യോഗസംസിദ്ധിം
കാ ഗതിം കൃഷ്ണ! ഗച്ഛതി                                                 (37)

അർജ്ജുനൻ പറഞ്ഞു:
അല്ലയോ കൃഷ്ണ! ശ്രദ്ധയോടുകൂടിയവനാണെങ്കിലും യോഗസിദ്ധിക്കായുള്ള പ്രയത്നം പൂർത്തിയാക്കാൻ കഴിയാതെ മനസ്സ്‌ വ്യതിചലിച്ചവനായിട്ട്‌ യോഗസിദ്ധിയെ പ്രാപിക്കാതെ വന്നാൽ അവന്റെ ഗതിയെന്താകും?

കച്ചിന്നോഭയവിഭ്രഷ്ടഃ
ഛിന്നാഭ്രമിവ നശ്യതി
അപ്രതിഷ്ഠോ മഹാബാഹോ
വിമൂഢോ ബ്രഹ്മണഃ പഥി                                             (38)

മഹാപുരുഷനായ ഭഗവാനേ, യോഗാനുഷ്ഠാനത്തിലൂടെ പരമപദം പ്രാപിക്കാനുള്ള യത്നം പൂർത്തിയാക്കാൻ കഴിയാത്ത മൂഢൻ, ബ്രഹ്മപ്രാപ്തിക്കുള്ള മാർഗ്ഗത്തിൽ നിലയുറയ്ക്കാതെ കർമമാർഗം, യോഗമാർഗം എന്നീ രണ്ടുമാർഗങ്ങളിൽ നിന്നും ഭ്രഷ്ടനായി ചിന്നിച്ചിതറിയ മേഘം പോലെ നശിച്ചുപോവില്ലേ?( ഏതെങ്കിലും കാരണത്താൽ യോഗമാർഗത്തിൽ നിന്നും വ്യതിചലിച്ചാൽ അയാളുടെ ഗത്തിയെന്താകും എന്നാണ്‌ അർജ്ജുനന്റെ ചോദ്യം. വിഷയം സുഖം ഉപേക്ഷിച്ച്‌ യോഗമാർഗത്തിൽ പ്രവേശിച്ചിട്ട്‌ അതുമില്ല ഇതുമില്ല എന്ന അവസ്ഥ ഉണ്ടാകുകയില്ലേ? )

ഏതന്മേ സംശയം കൃഷ്ണ
ഛേത്തുമർഹസ്യശേഷതഃ
ത്വദന്യഃ സംശയസ്യാസ്യ
ഛേത്താ ന ഹ്യുപപദ്യതേ                                             (39)

അല്ലയോ കൃഷ്ണ! എന്റെ ഈ സംശയം തീർത്തുതരാൻ അങ്ങയ്ക്ക്‌ കഴിയും. ഈ സംശയ നിവൃത്തി വരുത്തുന്നതിന്‌ അങ്ങല്ലാതെ മറ്റൊരാൾ ഇല്ല.

ശ്രീ ഭഗവാൻ ഉവാച:
പാർഥ നൈവേഹ നാമുത്ര
വിനാശസ്തസ്യ വിദ്യതേ
ന ഹി കല്യാണകൃത്‌ കശ്ചിത്‌
ദുർഗതിം താത ഗച്ഛതി                                                    (40)

ഹേ അർജ്ജുന! അവന്‌ ഈ ലോകത്തിൽ നാശമുണ്ടാകുന്നില്ല, പരലോകത്തിലുമില്ല. എന്തെന്നാൽ ശുഭകർമം ചെയ്യുന്ന ഒരാളും ദുർഗതി പ്രാപിക്കുകയില്ല.

പ്രാപ്യ പുണ്യകൃതാം ലോകാൻ
ഉഷിത്വാ ശാശ്വതീഃ സമാ:
ശുചീനാം ശ്രീമതാം ഗേഹേ
യോഗഭ്രഷ്ടോƒഭിജായതേ                                            (41)

യോഗസിദ്ധിക്കായി ശ്രമിച്ചിട്ട്‌ പൂർണ്ണഫലസിദ്ധി ലഭിക്കാതെ യോഗഭൃഷ്ഠനായവൻ പുണ്യലോകങ്ങളെ പ്രാപിച്ച്‌ ഏറെക്കാലം സുഖമായി കഴിഞ്ഞതിന്‌ ശേഷം സുകൃതികളും ഐശ്വര്യമുള്ളവരുമായവരുടെ ഗൃഹത്തിൽ വന്നു ജനിക്കുന്നു.

അഥവാ യോഗിനാമേവ
കുലേ ഭവതി ധീമതാം
ഏതദ്ധി ദുർലഭതരം
ലോകേ ജന്മ യദീദൃശം                                                   (42)

അല്ലെങ്കിൽ ജ്ഞാനികളായ യോഗനിഷ്ഠന്മാരുടെ കുലത്തിൽ തന്നെ അവൻ ജനിക്കുന്നു. ഇപ്രകാരമുള്ള ജന്മം ( മുൻപു പറഞ്ഞതിനെ അപേക്ഷിച്ച്‌) വളരെ ദുർലഭമാകുന്നു.

തത്ര തം ബുദ്ധിസംയോഗം
ലഭതേ പൗർവദേഹികം
യതതേ ച തതോ ഭൂയഃ
സംസിദ്ധൗ കുരുനന്ദന                                                  (43)

അല്ലയോ അർജ്ജുന! ആ ജന്മത്തിൽ , പൂർവജന്മത്തിലുണ്ടായ ബ്രഹ്മജ്ഞാന വിഷയകമായ ബുദ്ധിയോടു ചേർച്ച ലഭിക്കുന്നു. അനന്തരം അവൻ വീണ്ടും യോഗ സിദ്ധിക്കായുള്ള പ്രയത്നം തുടരുകയും ചെയ്യും.

പൂർവഭ്യാസേന തേനൈവ
ഹ്രിയതേ ഹ്യവശോƒപി സഃ
ജിജ്ഞാസുരപി യോഗസ്യ
ശബ്ദബ്രഹ്മാതിവർത്തതേ                                            (44)

ആ മുൻ ജന്മത്തിലെ അഭ്യാസത്താൽ തന്നെ അവൻ അവശനാണെങ്കിൽ കൂടി യോഗമാർഗത്തിലേക്ക്‌ അവൻ ആകർഷിക്കപ്പെടുന്നു. യോഗവൃത്തിയെക്കുറിച്ചറിയാൻ ആഗ്രഹിക്കുന്നവൻ പോലും വേദോക്ത കർമഫലമായ സ്വർഗാതി സുഖവിഷയങ്ങളെ അതിക്രമിക്കുന്നു.

പ്രയത്നാദ്യതമാനസ്തു
യോഗീ സംശുദ്ധകില്‌ബിഷഃ
അനേക ജന്മസംസിദ്ധ-
സ്തതോ യാതി പരാംഗതിം                                            (45)

തീവ്രമായി യത്നിക്കുന്ന ധ്യാനയോഗിയാകട്ടെ, പാപവാസനകളകന്ന് പരിശുദ്ധനായി  അനേകം  ജന്മങ്ങളിൽ കൈവരിച്ച സിദ്ധിയാൽ പിന്നെ മോക്ഷത്തെ പ്രാപിക്കുന്നു.

തപസ്വിഭ്യോƒധികോ യോഗീ
ജ്ഞാനിഭ്യോപി മതോfധികഃ
കർമിഭ്യശ്ചാധികോ യോഗീ
തസ്മാദ്യോഗീ ഭവാർജുന                                               (45)

ധ്യാനയോഗി തപസ്വികളെക്കാളും, ജ്ഞാനികളെക്കാളും, കർമികളെക്കാളും ശ്രേഷ്ഠനാണ്‌. അതുകൊണ്ട്‌ അല്ലയോ അർജ്ജുന! നീ യോഗിയായി ഭവിച്ചാലും.

യോഗിനാമപി സർവേഷാം
മദ്ഗതേനാന്തരാത്മനാ
ശ്രദ്ധാവാൻ ഭജതേ യോ മാം
സ മേ യുക്തതമോ മതഃ                                               (47)

തികഞ്ഞ വിശ്വാസത്തോടെ പരമാത്മാവിൽ മനസ്സുറപ്പിച്ചുകൊണ്ട്‌ യാതൊരുവൻ എന്നെ ഭജിക്കുന്നുവോ അവൻ എല്ലാ യോഗികളിലും വച്ച്‌ ഉത്തമനാണെന്നാണ്‌ എന്റെ അഭിപ്രായം. ( യോഗ സാധനകളിൽ ഭക്തിക്കുള്ള പ്രാധാന്യം കൂടി ഇവിടെ സൂചിപ്പിക്കുന്നു)

ഇതി ശ്രീമദ്‌ ഭഗവദ്ഗീതാസു ഉപനിഷത്സു
ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ
ശ്രീകൃഷ്ണാർജുന സംവാദേ
ധ്യാനയോഗോ നാമ
ഷഷ്ഠോƒധ്യായഃ









ആറാം അധ്യായം കഴിഞ്ഞു

 മറ്റ്  അദ്ധ്യായങ്ങൾക്കായി ചുവടെയുള്ള ലിങ്കുകൾ ഉപയോഗിക്കുക.

അർജ്ജുനവിഷാദയോഗം ( ഒന്നാം അദ്ധ്യായം )    

സാംഖ്യയോഗം ( രണ്ടാം അദ്ധ്യായം )

കർമയോഗം ( മൂന്നാം അധ്യായം)

ജ്ഞാനകർമ സംന്യാസയോഗം ( നാലാം അദ്ധ്യായം )

സംന്യാസയോഗം ( അഞ്ചാം അദ്ധ്യായം )

മറ്റ്  വിഷയങ്ങൾ 

1. ഭഗവദ്ഗീത ശ്ലോകങ്ങളും മലയാള വ്യാഖ്യാനവും  ( പൂമുഖം )

2. ഗീത അതിവിശിഷ്ടമായ പൂച്ചെണ്ട് (ആമുഖം)   

3. സാംഖ്യദർശനത്തിന്റെ പ്രാധാന്യം ( പഠനം)

4. ശ്രീ ശങ്കരാചാര്യർ (ലേഖനം )

5. ധ്യാനമന്ത്രങ്ങൾ (ഉപാസനാ  മന്ത്രങ്ങൾ )

     






No comments: