Friday 2 January 2015

ജ്ഞാനവിജ്ഞാന യോഗം (ശ്രീമദ് ഭഗവദ്ഗീത ഏഴാം അദ്ധ്യായം) njaana vijnjaana yogam

ശ്രീമദ് ഭഗവദ്ഗീത 
ഏഴാം അദ്ധ്യായം
ജ്ഞാനവിജ്ഞാന യോഗം



ഭഗവദ്ഗീത മലയാളവ്യാഖ്യാനത്തോടൊപ്പം അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ സപര്യയുടെ ഭാഗമായി ആറ്  അദ്ധ്യായങ്ങൾ ഇതുവരെ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതാ ഏഴാം  അദ്ധ്യായവും എല്ലാ മലയാളികൾക്കുമായി സമർപ്പിക്കുന്നു.
മഹാഭാരതത്തിന്റെ ആത്മാവാണ് ഭീഷ്മപർവത്തിന്റെ ഭാഗമായ ഭഗവദ്ഗീത, അത് ഈ ഭാരത ഭൂവിന്റെ ആത്മാവുകൂടിയാണ്. 

ശ്രീ ഭഗവാൻ ഉവാചഃ
മയ്യാസക്തമനാഃ പാർഥ
യോഗം യുഞ്ജൻ മദാശ്രയഃ
അസംശയം സമഗ്രം മാം
യഥാ ജ്ഞാസ്യസി തത്ശൃണു                                 (1)

ശ്രീ ഭഗവാൻ പറഞ്ഞു:
അല്ലയോ അർജുന! എന്നിൽ ആസക്തമായ മനസ്സോടെ എന്നെത്തന്നെ ശരണം പ്രാപിച്ച് യോഗം ശീലിക്കുന്നവൻ ഏതുപ്രകാരം എന്നെ പൂർണമായും, സംശയരഹിതമായും അറിയുമോ, അപ്രകാരം നീ കേട്ടാലും.

ജ്ഞാനം തേƒഹം സവിജ്ഞാനം
ഇദം വക്ഷ്യാമ്യശേഷതഃ
യത് ജ്ഞാത്വാ നേഹഭൂയോfന്യത്
ജ്ഞാതവ്യമവശിഷ്യതേ                                          (2)

യാതൊന്നിനെ അറിഞ്ഞാൽ പിന്നെ ഇവിടെ മറ്റൊന്നും അറിയേണ്ടതായി ശേഷിക്കുന്നില്ലയോ, ആ ജ്ഞാനത്തെ വിജ്ഞാനത്തോടുകൂടി പൂർണമായി ഞാൻ നിനക്ക് പറഞ്ഞുതരാം.
( ശാസ്ത്രോക്തപദാർഥങ്ങളെക്കുറിച്ചുള്ള അറിവ് ജ്ഞാനവും, ശാസ്ത്രജ്ഞാനം കൊണ്ടുള്ള അനുഭവജ്ഞാനത്തെ വിജ്ഞാനവുമെന്ന് ശങ്കരാചാര്യർ)

മനുഷ്യാണാം സഹസ്രേഷു
കശ്ചിദ് യതതി സിദ്ധയേ
യതതാമപി സിദ്ധാനാം
കശ്ചിന്മാം വേത്തി തത്ത്വതഃ                                   (3)

അനേകായിരം മനുഷ്യർക്കിടയിൽ ഒരാൾ, സിദ്ധിക്കുവേണ്ടി പ്രയന്തിക്കുന്നവനായി ഉണ്ടാകാം. അങ്ങനെ പ്രയന്തിക്കുന്നവരിൽത്തന്നെ ഏതെങ്കിലും ഒരാൾക്ക് മാത്രമാവും എന്നെ ശരിക്കും അറിയാൻ കഴിയുക.

ഭൂമിരാപോƒനലോ വായുഃ
ഖം മനോബുദ്ധിരേവ ച
അഹങ്കാരമിതീയം മേ
ഭിന്നാ പ്രകൃതിരഷ്ടധാ                                              (4)

എന്റെ ഈ പ്രകൃതി, ഭൂമി, ജലം, അഗ്നി, വായു, ആകാശം, മനസ്സ്, ബുദ്ധി, അഹങ്കാരം, ഇങ്ങനെ എട്ടുവിധമായി വിഭജിക്കപ്പെട്ടിരിക്കുന്നു. ( ഭൂമി, ജലം, അഗ്നി, വായു, ആകാശം, എന്നിവ പഞ്ചഭൂതങ്ങളും മനസ്സ്, ബുദ്ധി, അഹങ്കാരം എന്നിവ സമഷ്ടിതത്വങ്ങളും)

അപരയേമിതസ്ത്വന്യാം
പ്രകൃതിം വിദ്ധി മേ പരാം
ജീവഭൂതാം മഹാബാഹോ
യയേദം ധാര്യതേ ജഗത്                                            (5)

അല്ലയോ പാര്‍ഥ! ഇത് ( ഈ എട്ടായി വിഭജിക്കപ്പെട്ടിരിക്കുന്നത്) എന്റെ അപരാ പ്രകൃതിയാകുന്നു. എന്നാൽ ഇതിൽ നിന്ന് ഭിന്നമായും ജീവസ്വരൂപമായുമുള്ളതും, ഈ ജഗത്തിനാധാരമായുള്ളതുമായ പ്രകൃതി എന്റെ പരാ പ്രകൃതിയുമാകുന്നു.
 ( എട്ടും ജഡങ്ങളാകയാൽ അവയെ അപരാ(നികൃഷ്ടം) എന്നും, അവയിലെ ജീവചൈതന്യത്തെ പരാ(ഉത്കൃഷ്ടം) എന്നും പറയുന്നു. ജഡങ്ങളെ ചലനാത്മകമാക്കുന്നത് അവയിലെ ജീവചൈതന്യമാണല്ലോ).

ഏതദ്യോനീനി ഭൂതാനി
സർവാണീത്യുപധാരയ
അഹം കൃത്സ്നസ്യ ജഗതഃ
പ്രഭവഃ പ്രളയസ്തഥാ                                                (6)

സർവചരാചരങ്ങളും ഈ രണ്ടു വിധം പ്രകൃതികളിൽ( പരാ, അപരാ) നിന്നും ഉണ്ടായവയാണെന്ന് അറിഞ്ഞാലും. അതിനാൽ സർവ ജഗത്തിന്റേയും ഉത്ഭവസ്ഥാനവും ലയനസ്ഥാനവും ഞാൻ തന്നെയാകുന്നു.

മത്തഃ പരതരം നാന്യത്
കിഞ്ചിദസ്തി ധനഞ്ജയ
മയി സർവമിദം പ്രോതം
സൂത്രേ മണിഗണാ ഇവ                                              (7)

അല്ലയോ അർജ്ജുന! എന്നിൽ നിന്ന് അപ്പുറമായി വേറെ ഒന്നുമില്ല ( എന്നേക്കാൾ ശ്രേഷ്ഠമായി യാതൊന്നുമില്ല). ചരടിൽ മണികൾ എന്നപോലെ സർവചരാചരങ്ങളും എന്നിൽ കോർക്കപ്പെട്ടിരിക്കുന്നു.

രസോƒഹമപ്സു കൗന്തേയ
പ്രഭാസ്മി ശശിസൂര്യയോഃ
പ്രണവഃ സർവവേദേഷു
ശബ്ദഃ ഖേ പൗരുഷം നൃഷു                                       (8)

അല്ലയോ കുന്തീപുത്ര! ജലങ്ങളിൽ രസം ഞാനാകുന്നു, സൂര്യചന്ദ്രന്മാരിലെ പ്രഭയും ഞാനാകുന്നു.എല്ലാ വേദങ്ങളിലേയും ഓംകാരവും ആകാശത്തിലെ ശബ്ദവും പുരുഷന്മാരിലെ പൗരുഷവും ഞാനാകുന്നു. ( ഞാൻ സർവവ്യാപിയാകുന്നു)

പുണ്യോ ഗന്ധഃ പൃഥിവ്യാം ച
തേജശ്ചാസ്മി വിഭാവസൗ
ജീവനം സർവഭൂതേഷു
തപശ്ചാസ്മി തപസ്വിഷു                                            (9)

ഭൂമിയിൽ സുഗന്ധവും, അഗ്നിയിൽ പ്രകാശവും ഞാൻ തന്നെയാകുന്നു. സർവജീവികളിലും ജീവനവും, തപസ്വികളിൽ തപസ്സും ഞാനാകുന്നു.
( ഓരോ ജീവരൂപങ്ങളുടേയും പ്രാണനാധാരമായിട്ടുളതാണ്‌ ജീവനം. “ അമൃതാഖ്യമായ ഏതൊരു അന്ന രസത്താലാണോ സകല പ്രാണികളും ജീവിക്കുന്നത് ആ ജീവനവും ഞാനാകുന്നു ” എന്ന് ശങ്കരാചാര്യർ).

ബീജം മാം സർവ ഭൂതാനാം
വിദ്ധി പാർഥ സനാതനം
ബുദ്ധിർ ബുദ്ധിമതാമസ്മി
തേജസ്തേജസ്വിനാമഹം                                           (10)

അല്ലയോ അർജുന! എന്നെ സർവചരാചരങ്ങളുടേയും നിത്യമായ ബീജം തന്നെയെന്ന് അറിഞ്ഞാലും.ബുദ്ധിമാന്മാരുടെ ബുദ്ധിയും തേജസ്വികളുടെ തേജസ്സും ഞാനാകുന്നു.

ബലം ബലവതാമസ്മി
കാമരാഗവിവർജിതം
ധർമാവിരുദ്ധോ ഭൂതേഷു
കാമോസ്മി ഭരതർഷഭാ!                                              (11)

അല്ലയോ ഭരതശ്രേഷ്ഠാ! ബലവാന്മാരുടെ കാമവും രാഗവും ഇല്ലാത്തതായ ബലം ഞാനാകുന്നു. ജീവികളിൽ ധർമവിരുദ്ധമല്ലാതുള്ള കാമവും ഞാനാകുന്നു.

യേ ചൈവ സാത്ത്വികാ ഭാവാ
രാജസാസ്താമസാശ്ച യേ
മത്ത ഏവേതി താൻ വിദ്ധി
ന ത്വഹം തേഷു തേ മയി                                              (12)

സാത്വികവും, രാജസവും, താമസമായും ഉള്ള ഭാവങ്ങളെല്ലാം എന്നിൽ നിന്നുതന്നെ ഉണ്ടായതാണ്‌: എങ്കിലും ഞാൻ അവയിലില്ല ; അവ എന്നിലാകുന്നു.( സകലതിന്റേയും സൃഷ്ടിസ്ഥിതിലയങ്ങൾക്ക് കാരണം ഈശ്വരൻ അല്ലെങ്കിൽ പരമാത്മാവ് ആണെങ്കിലും ഒരു സൃഷ്ടിയിലുമുണ്ടാകുന്ന  മാറ്റങ്ങൾ പരമാത്മാവിനെ ബാധിക്കുന്നില്ല. പരമാത്മാവ് നിരപേക്ഷമായിരിക്കും. അതായത് പ്രകൃതി പുരുഷനെ ആശ്രയിക്കുന്നു; എന്നാൽ പുരുഷൻ പ്രകൃതിയെ ആശ്രയിക്കുന്നില്ല).

ത്രിഭിർ ഗുണമയൈർ ഭാവൈ-
രേഭിഃ സർവമിദം ജഗത്
മോഹിതം നാഭിജാനാതി
മാമേഭ്യഃ പരമവ്യയം                                                       (13)

സത്വം രജസ്സ് തമസ്സ് എന്നീ മൂന്നു ഗുണമയങ്ങളായ ഭാവങ്ങളാൽ എല്ലാജീവികളും മോഹിതരായിരിക്കുന്നു. ഈ ഗുണങ്ങൾക്കെല്ലാം അതീതനായും നാശരഹിതനായും ഇരിക്കുന്ന എന്നെ അറിയുന്നില്ല.

ദൈവീ ഹ്യേഷാ ഗുണമയീ
മമ മായാ ദുരത്യയാ
മാമേവ യേ പ്രപദ്യന്തേ
മായാമേതാം തരന്തി തേ                                                 (14)

ദിവ്യയും ഗുണമയിയുമായ എന്റെ ഈ മായയെ അതീജീവിക്കൽ പ്രയാസകരം തന്നെ, എന്നാൽ ഏതൊരുവൻ എന്നെത്തന്നെ ശരണം പ്രാപിക്കുന്നുവോ അവന്‌ ഈ മായയെ ശരണം ചെയ്യാൻ കഴിയും. ( എന്നെത്തന്നെ ശരണം പ്രാപിച്ചല്ലാതെ മായയെ തരണം ചെയ്യാനാവില്ലെന്ന് ഇവിടെ ഭഗവാൻ വ്യക്തമാക്കുന്നു).

ന മാം ദുഷ്കൃതിനോ മൂഢാഃ
പ്രപദ്യന്തേ നരാധമാഃ
മായയാപഹൃതജ്ഞാനാഃ
ആസുരം ഭാവമാശ്രിതാഃ                                                   (15)

ദുരാചാരികളും, മൂഢന്മാരും, പാപികളും, മായയാൽ ജ്ഞാനം നഷ്ടമായവരും ആസുരപ്രവൃത്തികളോടുകൂടിയവരുമായ മനുഷ്യാധമന്മാർ എന്നെ ശരണം പ്രാപിക്കുന്നില്ല.

ചതുർവിധാ ഭജന്തേ മാം
ജനാഃ സുകൃതിനോƒർജുന
ആർത്തോ ജിജ്ജ്ഞാസുരർഥാർഥീ
ജ്ഞാനീ ച ഭരതർഷഭ!                                                     (16)

അല്ലയോ ഭരതവംശജനായ അർജുന! ദുഃഖിതൻ, പരമാർഥതത്ത്വമറിയാൻ ആഗ്രഹിക്കുന്നവൻ, ധനമോഹി, ആത്മജ്ഞാനി ഇങ്ങനെ നാലുതരത്തിലുള്ളവർ എന്നെ ഭജിക്കുന്നു.

തേഷാം ജ്ഞാനീ നിത്യയുക്തഃ
ഏക ഭക്തിർ വിശിഷ്യതേ
പ്രിയോ ഹി ജ്ഞാനിനോƒത്യർഥം
അഹം സ ച മമ പ്രിയഃ                                                     (17)

നാലുതരക്കാരിൽ സദാ സമഭാവം പുലർത്തുന്നവനും, താനും ഈശ്വരനും ഒന്നാണെന്ന നിലയിൽ ഭക്തിയുള്ളവനുമായ ആത്മജ്ഞാനിയാണ്‌ ശ്രേഷ്ഠൻ. ഞാൻ ആത്മജ്ഞാനിക്ക് പ്രിയപ്പെട്ടവനാണ്‌, അവൻ എനിക്കും പ്രിയപ്പെട്ടവനെത്രേ.

ഉദാരാഃ സർവ ഏവൈതേ
ജ്ഞാനീത്വാതൈ്മവ മേ മതം
ആസ്ഥിതഃ സഹി യുക്താത്മാ
മാമേവാനുത്തമാം ഗതിം                                                    (18)

എന്നെ ഭജിക്കുന്ന ഈ നാലുതരക്കാരും ഉത്കൃഷ്ടന്മാർ തന്നെയാണ്‌; എന്നാൽ ജ്ഞാനി കൂടുതൽ ഉത്കൃഷ്ടനാണ്‌. അവൻ ഞാൻ തന്നെയെന്നു ഞാങ്കരുതുന്നു. എന്തെന്നാൽ അവൻ എന്നിൽ മനസ്സുറപ്പിച്ചവനും പരമഗതിയായി എന്നെത്തന്നെ ആശ്രയിച്ചവനുമാകുന്നു.

ബഹുനാം ജന്മനാമന്തേ
ജ്ഞാനവാൻ മാം പ്രപദ്യതേ
വാസുദേവഃ സർവമിതി
സ മഹാത്മാ സുദുർലഭഃ                                                     (19)

അനേകം ജന്മങ്ങൾക്ക് കഴിഞ്ഞ് സർവവും വാസുദേവനാണെന്ന് ബോധം തെളിഞ്ഞ ബ്രഹ്മജ്ഞാനി എന്നെ പ്രാപിക്കുന്നു. എന്നാൽ അപ്രകാരമുള്ള മഹാത്മാക്കൾ വളരെ ചുരുക്കമാണ്‌.

കാമൈസ്തൈർ ഹൃതജ്ഞാനാഃ
പ്രപദ്യന്തേƒന്യദേവതാഃ
തം തം നിയമമാസ്ഥായ
പ്രകൃത്യാ നിയതാഃ സ്വയാ                                                 (20)

അവവരവരുടെ കർമവാസനയാൽ പ്രേരിതരായി പലതരം കാമനകളാൽ ജ്ഞാനം നഷ്ടപ്പെട്ടവർ അതാതു നിയമത്തെ ആശ്രയിച്ച് അന്യദേവതകളെ ഉപാസിക്കുന്നു.

യോയോ യാം യാം തനും ഭക്തഃ
ശ്രദ്ധയാർച്ചിതുമിച്ഛതി
തസ്യതസ്യാചലാം ശ്രദ്ധാം
താമേവ വിദധാമ്യഹം                                                         (21)

ഏതേതു ഭക്തൻ ഏതേതു ദേവതയെ ശ്രദ്ധയോടെ ഭജിക്കാനിച്ഛിക്കുന്നുവോ അതാതു ഭക്തന്റെ ആ ശ്രദ്ധയെത്തന്നെ ഞാൻ ഉറപ്പുള്ളതാക്കുന്നു.

സ തയാ ശ്രദ്ധയാ യുക്തഃ
തസ്യാരാധനമീഹതേ
ലഭതേ ച തതഃ കാമാൻ
മയൈവ വിഹിതാൻ ഹിതാൻ                                           (22)

അന്യദേവതകളെ ഭജിക്കുന്നവൻ അപ്രകാരമുള്ള ശ്രദ്ധയോടുകൂടി ആ ദേവതയെ ആരാധിക്കുന്നു. അവന്‌ ഞാൻ തന്നെ നിശ്ചയിച്ച ഇഷ്ടഫലങ്ങളെ ആ ദേവതയിൽ നിന്നും ലഭിക്കുകയും ചെയ്യുന്നു. ( ഏതു ദേവതയെ ഉപാസിച്ചാലും അഭീഷ്ടസിദ്ധിയും ശ്രദ്ധയും പരമാത്മാവിൽ നിന്നുമാത്രമാണ്‌ ലഭിക്കുന്നതെന്ന് ഇവിടെ വ്യക്തമാക്കുന്നു.)

അന്തവത്തു ഫലം തേഷാം
തദ് ഭവത്യല്പമേധസാം
ദേവാൻ ദേവയജോ യാന്തി
മദ്ഭക്താ യാന്തി മാമപി                                                    (23)

എന്നാൽ അന്യദേവതകളെ ഭജിക്കുന്ന അല്പബുദ്ധികളായ അവർക്ക് ലഭിക്കുന്ന ഫലം നാശമുള്ളതാകുന്നു. ദേവന്മാരെ ആരാധിക്കുന്നവൻ ദേവന്മാരെ പ്രാപിക്കുന്നു. എന്റെ ഭക്തന്മാർ എന്നെയും പ്രാപിക്കുന്നു.

അവ്യക്തം വ്യക്തിമാപന്നം
മന്യന്തേ മാമബുദ്ധയഃ
പരം ഭാവമജാനന്തഃ
മമാവ്യയമനുത്തമം                                                          (24)

നാശമില്ലാത്തതും സർവോത്തമവും എല്ലാറ്റിനും അതീതവുമായ എന്റെ സ്വരൂപത്തെ അറിയാത്ത ബുദ്ധിശൂന്യർ ഇന്ദ്രിയമനോബുദ്ധികൾക്ക് വ്യക്തമാവാത്ത എന്നെ വ്യക്തിഭാവത്തെ കൈക്കൊണ്ടവനായി (ശരീരമെടുത്തവനായി) വിചാരിക്കുന്നു.

നാഹം പ്രകാശഃ സർവസ്യ
യോഗമായാസമാവൃതഃ
മൂഢോƒയം നാഭിജാനാതി
ലോകോ മാമജമവ്യയം                                                    (25)

യോഗമായയാൽ മറയ്ക്കപ്പെട്ടിരിക്കുന്ന ഞാൻ എല്ലാവർക്കും പ്രത്യക്ഷനായിത്തീരുന്നില്ല. മായയാൽ മോഹിതരായ ജനങ്ങൾ എന്നെ ജനനമില്ലാത്തവനും നാശമില്ലാത്തവനുമായി അറിയുന്നില്ല.

വേദാഹം സമതീതാനി
വർത്തമാനാനി ചാർജുന
ഭവിഷ്യാണി ച ഭൂതാനി
മാം തു വേദ ന കശ്ചന                                                     (26)

ഹേ അർജുന! കഴിഞ്ഞുപോയവയും ഇപ്പോഴുള്ളവയും വരാനിരിക്കുന്നവയുമായ ജീവികളെ ഞാൻ അറിയുന്നു; എന്നെയാകട്ടെ ആരും അറിയുന്നുമില്ല.

ഇച്ഛാദ്വേഷ സമുത്ഥേന
ദ്വന്ദ്വ മോഹേന ഭാരത
സർവഭൂതാനി സംമോഹം
സർഗേ യാന്തി പരന്തപ!                                                 (27)

അല്ലയോ അർജുന! ജനിക്കുമ്പോൾ തന്നെ രാഗദ്വേഷങ്ങളിൽ നിന്ന് ഉണ്ടാകുന്ന സുഖദുഃഖാദി ദ്വന്ദങ്ങളാലുണ്ടാകുന്ന മോഹത്താൽ എല്ലാ ജീവികളും മൂഢതയെ പ്രാപിക്കുന്നു.

യേഷാം ത്വന്തഗതം പാപം
ജനാനാം പുണ്യകർമണാം
തേ ദ്വന്ദ്വമോഹനിർമുക്താ
ഭജന്തേ മാം ദൃഢവ്രതാഃ                                                    (29)

എന്നാൽ പുണ്യകർമങ്ങൾ അനുഷ്ടിച്ചവരായ ഏതു ജനങ്ങളുടെ പാപം നശിച്ചിരിക്കുന്നുവോ അവർ സുഖദുഃഖാദി ദ്വന്ദ്വങ്ങൾ ഉണ്ടാക്കുന്ന മോഹത്തിൽ നിന്ന് മുക്തരായി നിശ്ചയദാർഢ്യത്തോടെ എന്നെ ഭജിക്കുന്നു.

ജരാമരണമോക്ഷായ
മാമാശ്രിത്യ യതന്തി യേ
തേ ബ്രഹ്മ തദ്വിദുഃ കൃത്സ്ന-
മധ്യാത്മം കർമ ചാഖിലം                                                (29)

ഏതൊരാൾ ജരാമരണങ്ങളിൽ നിന്നുള്ള മോചനത്തിനായി എന്നെ ആശ്രയിച്ച് പ്രയത്നിക്കുന്നുവോ അവർ പരബ്രഹ്മത്തേയും പൂർണമായ അദ്ധ്യാത്മരഹസ്യത്തേയും മുഴുവൻ കർമത്തെയും അറിയുന്നു.

സാധിഭൂതാധിദൈവം മാം
സാധിയജ്ഞം ച യേ വിദുഃ
പ്രയാണകാലേƒപി ച മാം
തേ വിദുർയുക്തചേതസഃ                                                  (30)

എന്നെ അധിഭൂതം, അധിദൈവം, അധിയജ്ഞം എന്നിവയോടുകൂടി ആരറിയുന്നുവോ എന്നിൽ മനസ്സുറച്ച അവർ മരണസമയത്തു കൂടി എന്നെ അറിയുന്നു.
(അധിഭൂതം നാമരൂപാത്മകമായ ജഗത്തുതന്നെയാകുന്നു. അധിദൈവതം ദേവന്മാരെ അതായത് ഇന്ദ്രിയമനോബുദ്ധികളെ സംബന്ധിച്ചത്. അധിഭൂതം നാശമുള്ളത്. എല്ലാത്തിലുമുള്ള ജീവാത്മഭാവം അധിദൈവതം. എല്ലാ കർമങ്ങൾക്കും കാരണഭൂതനായ പരമാത്മാവ് തന്നെയാകുന്നു അധിജ്ഞൻ)

ഇതി ശ്രീമദ്ഭഗവദ്ഗീതാസു ഉപനിഷത്സു
ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ
ശ്രീകൃഷ്ണാർജുന സംവാദേ
ജ്ഞാനവിജ്ഞാന യോഗോനാമ
സപ്തമോƒധ്യായഃ

ഏഴാം അധ്യായം കഴിഞ്ഞു.

ഇത് നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ദയവായി ലൈക്ക് ചെയ്യൂ, ഒപ്പം ഷെയർ ചെയ്യൂ. എത്തട്ടെ അത് ലോകം മുഴുവനും.

മറ്റ്  അദ്ധ്യായങ്ങൾക്കായി ചുവടെയുള്ള ലിങ്കുകൾ ഉപയോഗിക്കുക.

അർജ്ജുനവിഷാദയോഗം ( ഒന്നാം അദ്ധ്യായം )    

സാംഖ്യയോഗം ( രണ്ടാം അദ്ധ്യായം )

കർമയോഗം ( മൂന്നാം അധ്യായം)

ജ്ഞാനകർമ സംന്യാസയോഗം ( നാലാം അദ്ധ്യായം )

സംന്യാസയോഗം ( അഞ്ചാം അദ്ധ്യായം )

ധ്യാനയോഗം (  ആറാം അധ്യായം )

മറ്റ്  വിഷയങ്ങൾ 

1. ഭഗവദ്ഗീത ശ്ലോകങ്ങളും മലയാള വ്യാഖ്യാനവും  ( പൂമുഖം )

2. ഗീത അതിവിശിഷ്ടമായ പൂച്ചെണ്ട് (ആമുഖം)   

3. സാംഖ്യദർശനത്തിന്റെ പ്രാധാന്യം ( പഠനം)

4. ശ്രീ ശങ്കരാചാര്യർ (ലേഖനം )

5. ധ്യാനമന്ത്രങ്ങൾ (ഉപാസനാ  മന്ത്രങ്ങൾ )

   
ഭക്തി വീഡിയോകൾ 
1. പഴനിമല മുരുകൻ 
2. തൈപ്പൂയകാഴ്ചകൾ 


















1 comment:

Unknown said...

നന്നായിട്ടുണ്ട്