Friday 17 November 2023

ക്ഷേത്രങ്ങളിലെ ബലിക്കല്ലും അഷ്ടദിക്പാലകരും.

ക്ഷേത്രങ്ങളിലെ ബലിക്കല്ലും അഷ്ടദിക്പാലകരും.


ബലിക്കല്ല്
ക്ഷേത്രം എന്നുള്ളത് ദേവീദേവന്മാരുടെ വാസസ്ഥലമായി ആണ് കരുതി പോരുന്നത്. ക്ഷേത്രം ഒരു രാജകൊട്ടാരത്തിന്റെ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്. അതിൽ പ്രധാന ദേവീദേവന്മാർ ക്ഷേത്രം ആകുന്നു രാജകൊട്ടാരത്തിലെ രാജാവിൻറെ സ്ഥാനം അലങ്കരിക്കുന്നു.
ഈ രാജാവിന് ഒരുപാട് ദൃശ്യവും അദൃശ്യവുമായ [പ്രതിഷ്ഠ രൂപത്തിൽ] 
ദേവഗണങ്ങളുടെയും ഭൂതഗണങ്ങളുടെ അകമ്പടിയും പരിചരണവും കാവലും ഉണ്ട്. ഇവയ്ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള വരാണ് ബലിക്കല്ലിന്റെ രൂപത്തിൽ നാം കാണുന്നു ദേവതാസങ്കല്പങ്ങൾ.
ദേവഗണങ്ങൾക്ക് ശ്രീകോവിലിന്റെ ചുറ്റുമുള്ള അകത്തെ ബലിവട്ടത്തിലും ഭൂതഗണങ്ങൾക്ക് പുറത്തെ ബലിവട്ടത്തിലും, വലിയ ബലികല്ലിലും ആ വലിയ ബലിക്കല്ലിന്റെ അഷ്ടദിക്കുകളിൽ പ്രതിഷ്ഠിച്ചിട്ടുള്ള  ബലിക്കല്ലിലുമാണ് സ്ഥാനം. ഇവർ ഓരോരുത്തർക്കും ചുറ്റിലുമായി മറ്റനേകം ദേവ /ഭൂതഗണങ്ങളും വസിക്കുന്നുണ്ട്. 
പല ക്ഷേത്രങ്ങളിലും ദൃശ്യമായ  ബലിക്കല്ലുകൾ കാണണമെന്നില്ല  അതിനർത്ഥം അവിടെ അത്തരം ചൈതന്യങ്ങൾ ഇല്ല എന്നല്ല മറിച്ച് അവരുടെ അദൃശ്യസാന്നിദ്ധ്യം എപ്പോഴും  ആ ക്ഷേത്രത്തിൽ ചുറ്റിലും ഉണ്ടാവും.
ഈ ഒരു കാരണങ്ങൾ കൊണ്ടുതന്നെയാണ് ക്ഷേത്രത്തിനകത്ത് തുപ്പുകയോ ഉപയോഗിച്ച ശേഷം പ്രസാദങ്ങളും മറ്റും അലക്ഷ്യമായി വലിച്ചെറിയുകയോ ക്ഷേത്രവും പരിസരവും മലിനമാക്കുന്ന പ്രവർത്തികൾ ചെയ്യുകയോ അരുത് എന്നും പറയുന്നത്. 
ക്ഷേത്രത്തിനു ചുറ്റിലും അനേകായിരം ഭൂത /ദേവസങ്കൽപങ്ങൾ ഉള്ളതിനാലാകണം ക്ഷേത്ര പ്രദക്ഷിണത്തിനും ഒരു നിയമം നിശ്ചയിച്ചിരിക്കുന്നത്. നമ്മളിൽ പലരുടെയും ക്ഷേത്രദർശന സമയത്തെ ചവിട്ടി തേച്ചുള്ള പ്രദക്ഷിണം കണ്ടാൽ തന്നെ മനസ്സിലാക്കാം ഇതൊരു കടമ നിർവ്വഹിക്കൽ മാത്രമാണെന്ന്. മേൽപ്പറഞ്ഞ അനേകായിരം ഭൂത ദേവസങ്കൽപങ്ങളുടെ സ്വൈര്യവിഹാരം  തടസ്സപ്പെടുത്താത്ത വിധത്തിൽ ആയിരിക്കണം ക്ഷേത്ര പ്രദക്ഷിണം. 
ക്ഷേത്രത്തിലെ ബലിക്കല്ലുകൾ സൂചിപ്പിക്കുന്നത് അഷ്ടദിക്കുകളെയും അവയുടെ അധിപന്മാരായ അഷ്ടദിക്ക്പാലരേയുമാണ്. അതിനാൽ എട്ടുദിക്കുകളേയും അവയുടെ അധികാരികളേയും ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിക്കാറുണ്ട്. ശ്രീകോവിലിനു ചുറ്റും നാലമ്പലത്തിനകത്തായി അന്തർമണ്ഡപത്തിലാണ് ബലിക്കല്ലുകളുടെ സ്ഥാനം. ഓരോ ദിക്കിൻറെയും അധിപന്മാരെ ആ ദിക്കുകളിൽ സ്ഥാപിക്കുന്നു.
അഷ്ടദിക്പാലകർ
കിഴക്കിൻറെ ദേവനായ ഇന്ദ്രനാണ് കിഴക്കുവശത്ത്. തെക്ക് കിഴക്ക് അഗ്നിദേവൻറെ ബലിക്കല്ലാണ് വേണ്ടത്. യമദേവനാണ് തെക്ക്വശത്തിൻറെ അധിപൻ. തെക്കു പടിഞ്ഞാറ് ബലിക്കല്ലിൽ ആവേശിക്കേണ്ടത് ആ ദിക്കിൻറെ ദേവനായ നിരൃതിയെയാണ്. വരുണൻ പടിഞ്ഞാറുദിക്കിലും, വായുദേവൻ വടക്കുപടിഞ്ഞാറും സ്ഥാനം അലങ്കരിക്കും. വടക്ക്ദിശയുടെ അധിപൻ കുബേരനാണെങ്കിലും ക്ഷേത്രങ്ങളിൽ വടക്കുഭാഗത്ത് ബലിക്കല്ലിൻറെ അധിപൻ സോമനാണ്. അതിനാൽ വടക്കുദിക്കിലെ ബലിക്കല്ല് മാത്രം അഷ്ടദിക്പാലകരിൽ നിന്നും വേറിട്ട് സോമിനു കൊടുത്തിരിക്കുന്നു. വടക്ക് കിഴക്ക് ഈശാനനാണ്.
ഇതുകൂടാതെ മുകളിലും താഴെയുമായി ഒരോ ദിക്കുകൾ കൂടിയുണ്ട്. മുകളിലെ ദിക്കിൻറെ അധിപൻ ബ്രഹ്മാവാണ്. അതിനാൽ ബ്രഹ്മാവിന് വേണ്ടി ബലിക്കല്ല് കിഴക്കിനും-വടക്ക്കിഴക്കിനും ഇടയിൽ സ്ഥാപിക്കുന്നു. കീഴ്ഭാഗത്തുള്ള ദിക്കിൻറെ അധിപൻ അനന്തനാണ്. നിരൃതിയുടേയും (തെക്ക്-പടിഞ്ഞാറ്) വരുണന്റേയും (പടിഞ്ഞാറ്) ബലിക്കല്ലുകൾകിടയിലാണ് അനന്തൻറെ ബലിക്കല്ലിൻറെ സ്ഥാനം. ക്ഷേതങ്ങളിലെ ബലിക്കല്ലുകളിൽ ചവിട്ടാനോ മറികടക്കാനോ പാടില്ല എന്നാണ് വിശ്വാസം.
പ്രദക്ഷിണവും ബലിക്കല്ലും
ക്ഷേത്രത്തിനുളളിൽ പ്രവേശിച്ച് ദേവവാഹനത്തെ വണങ്ങി ഭഗവാനെ ദർശിച്ച ശേഷം പ്രദക്ഷിണം ആരംഭിക്കാം. പ്രദക്ഷിണം ചെയ്യുമ്പോൾ എപ്പോഴും ബലിക്കല്ലുകൾ പ്രദക്ഷിണം ചെയ്യുന്ന വ്യക്തിയുടെ വലതുഭാഗത്തായിരിക്കണം. ബലിക്കല്ലുകൾ അഷ്ടദിക്പാലകരെ പ്രതിനിധീകരിക്കുന്നു. നാലമ്പലത്തിനകത്ത് ശ്രീകോവിലിന് ചുറ്റുമായാണ് ബലിക്കല്ലുകളുടെ സ്ഥാനം. ദേവനു പ്രദക്ഷിണം വയ്ക്കുന്ന സമയത്ത് അറിയാതെ ബലിക്കല്ലുകളിൽ തട്ടുകയോ മറികടക്കുകയോ ചവിട്ടുകയോ ചെയ്താൽ ബലിക്കല്ലിൽ തൊട്ടു തൊഴരുത്. അറിയാതെ ചവിട്ടുന്നതിലും വലിയ തെറ്റാണ് തൊട്ടു തലയിൽ വയ്ക്കുന്നത്. ഒരു ബലിക്കല്ലിൽ നിന്നും മറ്റൊരു ബലിക്കല്ലിലേക്ക് നിരന്തരമായി ഊർജ പ്രവാഹമുണ്ടാകും. ഈ ഊർജ പ്രവാഹത്തിന് തടസ്സമുണ്ടാവാൻ പാടില്ല എന്നതാണു തത്വം.
തൊട്ടുതൊഴുമ്പോൾ നമ്മൾ വീണ്ടും ഈ ഊർജ പ്രവാഹത്തിനു തടസ്സം വരുത്തുന്നു. അതുപോലെ ശ്രീകോവിലിൽ നിന്നുള്ള നടയിലും ഓവിലും ദേവവാഹനത്തെയും തൊട്ടുതൊഴാൻ പാടില്ല. ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന പ്രസാദം ക്ഷേത്രമതിലിൽ തേച്ചു വയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യരുത്. പ്രസാദം പിന്നീട് തൊടുവാൻ പാകത്തിൽ വീട്ടിൽ സൂക്ഷിക്കുക. പൂജാപുഷ്പങ്ങൾ മറ്റുള്ളവർ ചവിട്ടാതെ മുറ്റത്തിൻറെ ഒരു ഭാഗത്തോ ചെടിച്ചുവട്ടിലോ മറ്റും ഇടുകയും ആവാം.
ബലിക്കല്ലിൽ അറിയാതെ തട്ടുകയോ ചവിട്ടുകയോ മറികടക്കുകയോ ചെയ്താൽ പ്രായശ്ചിത്തമായി മൂന്നു തവണ ക്ഷമാപണമന്ത്രം ജപിച്ചാൽ മതിയാവും.
‘‘ഓം കരചരണകൃതം വാ കായജം കർമജം വാ
ശ്രവണനയനജം വാ മാനസം വാപരാധം
വിഹിതമവിഹിതം വാ സർവമേതത് ക്ഷമസ്വ
ശിവശിവ കരുണാബ്ധേ ശ്രീമഹാദേവ ശംഭോ’’ എന്നതാണു ക്ഷമാപണമന്ത്രം.

ഉത്സവബലി
ഉത്സവബലിപൂജയിൽ
ക്ഷേത്ര നാലമ്പലത്തിനകത്തും പുറത്തുമുള്ള ബലിക്കല്ലുകളിലും, ദേവൻറെ പരിവാരങ്ങൾക്കും മറ്റു ഭൂതഗണങ്ങൾക്കും നിവേദ്യം അർപ്പിക്കുന്നതാണ് ഉത്സവബലി. തന്ത്രിക്കും, കഴകം, വാദ്യക്കാർ, കൈസ്ഥാനീയർ എന്നിവർക്കും വസ്ത്രവും ദക്ഷിണയും നൽകുന്നതാണ് ഉത്സവബലിയുടെ ആദ്യ ചടങ്ങ്. ബലി തൂകുന്നതിലുള്ള ചോറ് (ഹവിസ്സ്) തൂശനിലയിൽ നിരത്തിവയ്ക്കും. തുടർന്ന് ഇത് മൂന്നായി പകുത്ത്, ഓരോന്നിലും ഉണക്കലരി, എള്ള്, മഞ്ഞൾ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്സ് സത്വരജിസ്തമോഗുണങ്ങളുടെ സൂചകങ്ങളാണ്. പിന്നീട് ഹവിസ്സ് പൂജ നടത്തുന്നു, അതിന് മരം എന്ന വാദ്യവും ശംഖ്, ചേങ്ങില എന്നിവയും ചേർത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണർത്തും.
ക്ഷേത്രത്തിനുള്ളിലുള്ള ദ്വാസ്ഥന്മാർ, മണ്ഡപത്തിലെ ദേവവാഹനം, അഷ്ടദിക്പാലകർ, ബ്രഹ്മാവ്, അനന്തൻ, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ എന്നീ ദേവതകൾക്കും അനുചരന്മാർക്കും ആദ്യഘട്ടത്തിൽ ബലി തൂകും. രണ്ടാമത്തെ പ്രദക്ഷിണത്തിൽ ശ്രീകോവിലിൻറെ തെക്കുള്ള സപ്ത മാതൃക്കൾക്ക് ബലി തൂകുന്നു. വളരെ സമയമെടുത്താണ് രണ്ടാമത്തെ ഈ ബലിതൂവൽ. ഈ സമയത്തുമാത്രമാണ് ഭക്തർക്ക് ദർശനം നൽകാറുള്ളത്. കാണിക്ക അർപ്പിച്ച് ഉത്സവബലിപൂജ തൊഴുതാൽ അഷ്ടൈശ്വര്യങ്ങൾ സിദ്ധിക്കുമെന്നാണ് വിശ്വാസം. ഇതിനുശേഷം മാത്രമാണ് നാലമ്പലത്തിന് പുറത്തുള്ള ബലിപീഠങ്ങളിൽ ബലിതൂകുന്നത്. ക്ഷേത്രേശനെ എഴുന്നള്ളിച്ച് പുറത്തെ ബലി സമർപ്പണം വടക്കു ഭാഗത്ത് എത്തുമ്പോൾ ക്ഷേത്രപാലന് പാത്രത്തോടെ ബലി സമർപ്പിക്കുന്നതും വിചിത്രമായ കാഴ്ചയാണ്. തുടർന്ന് ദേവനെ അകത്ത് എഴുന്നള്ളിച്ച് പൂജ നടത്തുന്നതോടെയാണ് ഉത്സവബലി പൂർണമാകുന്നു.

No comments: